Image

ഉമ്മന്‍ചാണ്ടിയോട് നാം എല്ലാവരും ചെയ്തത്... : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 08 June, 2023
ഉമ്മന്‍ചാണ്ടിയോട് നാം എല്ലാവരും ചെയ്തത്... : (കെ.എ ഫ്രാന്‍സിസ്)

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ സി.പി.ഐ നേതാവ് സി ദിവാകരന്റെ ആത്മകഥയിലെ പരാമര്‍ശം വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ അന്ന് പറ്റിയില്ലെന്നു കരുതുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇതാ വീണ്ടും ഒരു സുവര്‍ണാവസരം കൂടി. അക്കാലത്ത് പോലീസ് തലപ്പത്തുണ്ടായിരുന്ന ഹേമചന്ദ്രന്‍ ഐ.പി.എസ് ജസ്റ്റിസ് ശിവരാജനെ തന്റെ ആത്മകഥയില്‍  തൊലി പൊളിച്ച് വെയിലത്ത് ഉണക്കാനിട്ടിരിക്കുകയാണ്. പണക്കൊതി കൊണ്ട് ശിവരാജന്‍ 'കണാക്കുണ' എഴുതിയെന്ന് സി.ദിവാകരന്‍ സൂചിപ്പിക്കുമ്പോള്‍, ഹേമചന്ദ്രന്‍ പറയുന്നത് ആണും പെണ്ണും ചേര്‍ന്നുള്ള മസാലകഥകള്‍ എത്ര കേട്ടാലും മതിവരാത്തവനാണ് ശിവരാജനെന്നാണ്. അറപ്പ് തോന്നുന്ന കഥകളില്‍ ശിവരാജന്‍ രമിച്ചിരിക്കും പോലും. ഇയാളുടെ റിപ്പോര്‍ട്ട് വെച്ചാണ് സി.പി.എം സരിതയെ മുഖ്യ 'ക്യാംപെയിനറാ'ക്കി ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് എല്ലാവിധ .തറപ്പണികളും. ചെയ്തത് എന്ന് ആര്‍ക്കാണറിയാത്തത് ? ഇപ്പോഴത്  തുറന്നുകാട്ടാനുള്ള  അവസരം ഒത്തു വന്നപ്പോള്‍ സുധാകരനും സതീശനും വായില്‍പുണ്ണോ ? നിത്യേനയുള്ള പതിവ് പ്രസ്താവനകള്‍ക്കിടയിലെ ഒരു കൊച്ചു വിഷയമായി സതീശനത്  ഒതുക്കി കളഞ്ഞത് കണ്ടില്ലേ ? ഇതൊക്കെ ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും സ്‌നേഹിക്കുന്നവര്‍ക്ക് നൊന്തു കാണില്ലേ ? 

നീതി എവിടെ ? : 

ഡി.ജി.പി ആയിരുന്ന ഹേമചന്ദ്രന്‍ ആത്മകഥയ്ക്കിട്ട  പേര് തന്നെ 'നീതി എവിടെ?' എന്നാണെന്ന് കൂടി അറിയുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചികിത്സക്ക്  വിദേശത്തായിരിക്കെ  ഓഫീസിലെ ജോപ്പനെ അറസ്റ്റ് ചെയ്തത് തിരുവഞ്ചൂരിന്റെ  അറിവോടെ അല്ലായിരുന്നുവെന്ന വെളിപ്പെടുത്തലും ആത്മകഥയില്‍ ഉണ്ട്. മാത്രമല്ല, ശിവരാജനെ കമ്മീഷന്‍ ആക്കി വെക്കരുതെന്ന് തിരുവഞ്ചൂര്‍ എഴുതി കൊടുത്ത കാര്യവും അതിലുണ്ട്.

റിയാസിന്റെ വെടി : 

ഏഷ്യാനെറ്റ് ടിവി ചാനലിന്റെ  പോയിന്റ് ബ്ളാങ്കില്‍ റിയാസ് വെച്ച വെടിയുടെ മുഴക്കം പലതരത്തിലും നമ്മുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമെതിരെ നിത്യേന ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങള്‍ക്ക് കാര്യമായി പ്രതിരോധം തീര്‍ക്കാന്‍ ബാധ്യസ്ഥരായ മന്ത്രിമാര്‍ പിണറായിയുടെ ഫാന്‍സ് അസോസിയേഷന്‍കാരാകുമെന്ന ഭയത്താല്‍ മിണ്ടാതിരിക്കുന്നു  എന്നായിരുന്നു റിയാസിന്റെ ആരോപണം. തങ്ങളുടെ പ്രതിച്ഛായയാണ് മറ്റ് മന്ത്രിമാര്‍ നോക്കിയതെന്ന  അത്യന്തം ഗുരുതരമായ പ്രശ്‌നമാണ് റിയാസ് മന്ത്രി പൊതുജനമദ്ധ്യേ തുറന്നടിച്ചത്. ക്ലിഫ് ഹൗസിലെ സായാഹ്ന ചര്‍ച്ചകളില്‍ ഇക്കാര്യം ഉയര്‍ന്നുവന്നത് കൊണ്ട് തന്നെയാണ് കുടുംബക്കാരനായ റിയാസ് തന്നെ കോഴിക്കോട് വന്ന് അത് അവതരിപ്പിച്ചത്. ഇത് ഗോവിന്ദന്‍ മാഷിനോ, ഇ.പി ജയരാജനോ അറിയാത്ത കാര്യമാണോ ?

സുധാകരനും ഫാനോ ? :

'റിയാസിന് ഇങ്ങനെയൊക്കെ പറയാം' എന്ന നിലപാടാണ് മാഷും ഇ.പിയും തുറന്നു സമ്മതിക്കുന്നത്. അതിനു 'റിയാസിന് കൊമ്പുണ്ടോ' എന്ന് ചോദിച്ചാല്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നും നേതാക്കളുടെ ഭാഗത്തു നിന്നും പ്രതിരോധം പോരെന്ന  സി.പി.എം തീരുമാനം ഉണ്ടെന്നത്  കൊണ്ട് തന്നെ റിയാസിന്റെ ഇടപെടല്‍ നിയമാനുസരണം ശരിയാണ്. മാത്രമല്ല കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരിക്കെ  കേട്ടത് പാതി കേള്‍ക്കാത്തത്  പാതി പിണറായിക്ക് വേണ്ടി അദ്ദേഹം ന്യായീകരിക്കുമായിരുന്നു. ഗോവിന്ദന്‍ മാഷ് ആകട്ടെ 'പരിശോധിക്കാം' എന്ന ഒറ്റവാക്കില്‍ ഒഴിഞ്ഞുമാറും. ഇ.പിയാകട്ടെ കേരളം മുഴുവന്‍ പിണറായി ഫാനാണെന്ന് കരുതുന്നവനാണ്. സുധാകരനും സതീശനും അതിലുള്‍പ്പെടുമോ  എന്ന് പത്രക്കാര്‍ ചോദിച്ചില്ല ഇ.പി  പറഞ്ഞുമില്ല. 

എന്നിട്ടും വിദ്യയെ പേടി : 

മൂന്നു ദിവസം കഴിഞ്ഞിട്ടും വിദ്യ എന്ന ജോലി തട്ടിപ്പുകാരിയെ  പോലീസിന് മഷിയിട്ടു നോക്കിയിട്ടും പോലും എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ഏഴു വര്‍ഷം വരെ തടവു കിട്ടാവുന്ന ഒരു കുറ്റം  ചെയ്തിട്ടും ഇങ്ങനെ മുങ്ങി നടക്കാന്‍ വിദ്യക്കെ  കഴിയൂ. എസ്എഫ്‌ഐ ടിക്കറ്റില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് എസ്എഫ്‌ഐ അംഗമാകണമെന്നില്ലെന്നും ഇ.പിയും, കോടിക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരാണെങ്കിലും അവരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ലെന്ന് മന്ത്രി രാജേഷും അറിയിച്ചു കഴിഞ്ഞു. എന്നിട്ടും പോലീസിന് വിദ്യ ഇപ്പോഴും സി.പി.എം ആണെന്നാണ് പേടി. നമ്മുടെ പോലീസിന്റെ ഒരു കാര്യം ! 

അടിക്കുറിപ്പ് : സിനിമാക്കാരെ രാസലഹരിയുടെ പേരില്‍ പോലീസ് വേട്ടയാടുന്നതിനെതിരെ  ഫെഫ്കയുടെ ഉണ്ണികൃഷ്ണന്‍ പൊട്ടിത്തെറിച്ചു. മയക്കുമരുന്നു കഴിച്ച് പല്ലുപോയ ഏതു സിനിമക്കാരനാരാണെന്ന് ടിനി ടോമിനെ വിളിച്ചു പോലീസ് ചോദിക്കാത്തത് എന്താണെന്നും ഉണ്ണികൃഷ്ണന്‍ ആരാഞ്ഞു. ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. പക്ഷേ, ഉത്തരം പ്രതീക്ഷിക്കരുത്. ഈ മലയാള മഹാരാജ്യത്ത് ആര്‍ക്ക് എന്തു ചോദ്യങ്ങള്‍ എത്ര വീതമെങ്കിലും തലയുയര്‍ത്തി നിന്നു തന്നെ ചോദിക്കാം. ഒരു ഉത്തരവും ആരും പ്രതീക്ഷിക്കരുത്. ചോദ്യം ചോദിക്കാന്‍ മാത്രമല്ല ഉത്തരം പറയാതിരിക്കാനും നവീന കേരളത്തില്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്!

കെ.എ ഫ്രാന്‍സിസ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക