Image

അഭിവാദനങ്ങൾ ! (കവിത: ജയൻ വർഗീസ്)

Published on 08 June, 2023
അഭിവാദനങ്ങൾ ! (കവിത: ജയൻ വർഗീസ്)

(അഴിമതിയോ അഴിമതി ആരോപണങ്ങളോ ഒഴിച്ച് നിർത്തിയാൽ ഏഷ്യാ വൻകരയുടെ തെക്കു പടിഞ്ഞാറേകോണിലെ ആ കൊച്ചു നാടും, അവിടെ കിനിയുന്ന  മുലപ്പാൽ മണക്കുന്ന നമ്മുടെ മലയാളവും ലോകതലസ്ഥാനത്ത് എത്തുന്നു എന്നത് അഭിമാനകരമാണ്, ആയതിന്  അഭിവാദനങ്ങൾ! )


തൂവാനത്തുമ്പികളേ 

തുയിലുണരൂ, തുയിലുണരൂ, 

വരവായീ, വരവായീ, 

മലയാളപ്പെരുമ, 

വരവായീ, വരവായീ, 

മലയാളത്തനിമ ! 


കേരക്കുട, യോലക്കുട 

ചൂടും നാട് എന്റെ 

പേരാറും പെരിയാറും 

പാടും നാട് ! 

വരിനെല്ലിൻ മണി കൊത്തി 

കുരുവികളീ ഗഗനത്തിൽ 

വരയായി ത്തിരയായി- 

ട്ടൊഴുകും നാട് - എന്റെ 

കരളിന്റെ കുളിരായ 

തിരു മലയാളം ! 


അടിമകളായ്, കഴുതകളായ് 

അവകാശക്കനലുകളിൽ 

അടി പതറി തലമുറ വീ - 

ണടിയും നാട് - എന്റെ 

ചുടു കണ്ണീരതിൽ വീണി - 

ട്ടെരിയും നാട് ! 


ഈ മണ്ണിൽ, ഈ വിണ്ണിൽ 

ഇനിയുണരും പകലുകളിൽ

ഒരു ചെറുതിരി യുഗ നാള - 

ക്കതിരായ് വായോ - എന്റെ 

കരളിന്റെ കനവിന്റെ 

കുളിരായ് വായോ ? 


തൂവാനത്തുമ്പികളേ 

തുയിലുണരൂ, തുയിലുണരൂ, 

വരവായീ, വരവായീ, 

മലയാളപ്പെരുമ, 

വരവായീ, വരവായീ, 

മലയാളത്തനിമ ! 

Join WhatsApp News
Krishnan Nair 2023-06-08 18:58:43
കവിതയും, ഗാനവും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ജയൻ സാർ എന്തെഴുതിയാലും അതിനെ കവിത എന്ന് പേരിട്ടു വിളിക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക