Image

ലോകകേരള സഭ സമ്മേളനം  പ്രഹസനമാകുമ്പോൾ: ജോർജ്ജ് എബ്രഹാം 

Published on 08 June, 2023
ലോകകേരള സഭ സമ്മേളനം  പ്രഹസനമാകുമ്പോൾ: ജോർജ്ജ് എബ്രഹാം 

ലോക കേരള സഭാ സമ്മേളനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്ന ഈ അവസരത്തിൽ,  അത് സംബന്ധിച്ച പ്രസക്തമായ ചില  കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള മന്ത്രിമാരോ ഉദ്യോഗസ്ഥരോ ലോകത്തെവിടെ പോയും അവിടത്തെ പ്രവാസി മലയാളികളുമായി സംവദിക്കുന്നതിൽ യാതൊരുവിധ തെറ്റും ഞാൻ കാണുന്നില്ല. അത്തരം ചർച്ചകൾ ഗുണകരമാണ് താനും. എന്നാൽ, ന്യൂയോർക്കിൽ   ഈ മേഖലാസമ്മേളനം ചോദ്യംചെയ്യപ്പെടുന്നത് അതിന്റെ ധൂർത്തിന്റെ പേരിലാണ്. നിലവിലെ സർക്കാരുമായി  ബിസിനസ്സ് ബന്ധമുള്ള ചിലരുടെ നിയന്ത്രണത്തിൽ അത്യാഡംബരപൂർവം ദൈർഘ്യമേറിയ സമ്മേളനം നടത്തുന്നതുകൊണ്ട് എന്ത് പ്രയോജനം ലഭിക്കും എന്നാണ് അറിയേണ്ടത്.

2022-ൽ തിരുവനന്തപുരത്ത് നടന്ന മുൻ ലോകകേരളസഭയിൽ പങ്കെടുത്ത വ്യക്തി എന്ന നിലയിൽ,   ന്യൂയോർക്ക് സമ്മേളനത്തെക്കുറിച്ച്  ചർച്ച ചെയ്യുന്നതിനുള്ള ആദ്യ തയ്യാറെടുപ്പ് യോഗത്തിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. ഒരു പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലാണ് മുഴുവൻ കാര്യങ്ങളും നടക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമായി. വിവിധ സാംസ്കാരിക സംഘടനകളിൽ നിന്നോ പ്രൊഫഷണൽ ഓർഗനൈസേഷനുകളിൽ നിന്നോ ഒരു പ്രതിനിധി സംഘത്തെ രൂപപ്പെടുത്തുന്നതിന് പകരം, ഇന്ന ആളുകളെ ഈ ഉത്തരവാദിത്തങ്ങൾ ഏല്പിച്ചിരിക്കുന്നു എന്നുള്ള ലിസ്റ്റ് അവിടെവച്ച് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ന്യൂയോർക്കിലെ പ്രമുഖ വ്യവസായികളിലൊരാൾ, തന്നെ ബിസിനസ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ പലതവണ അഭ്യർത്ഥിച്ചെങ്കിലും  പരസ്യമായി നിരാകരിക്കപ്പെട്ടു. ആ ഘട്ടത്തിൽ, ഞാൻ ഇടപെടുകയും നിർദിഷ്ട കമ്മിറ്റിയിലെ പ്രതിനിധി സംഘത്തിന്റെ കുറവുകൾ  ചൂണ്ടിക്കാണിച്ചുകൊണ്ട്  പ്രൊഫഷണൽ ഓർഗനൈസേഷനുകളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്താൻ യോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തു. അതും പാടെ നിരസിക്കപ്പെട്ടു. 

അതിൽ നിന്നുതന്നെ ഒരു കാര്യം ഉറപ്പായിരുന്നു. അവിടത്തെ പ്രവർത്തനങ്ങൾ ഒട്ടും സുതാര്യമായിരുന്നില്ല. യോഗത്തിൽ പങ്കെടുക്കുന്ന  രാഷ്ട്രീയക്കാരോ സർക്കാർ ഉദ്യോഗസ്ഥരോ  പ്രാതിനിധ്യ പ്രക്രിയയെക്കുറിച്ച് കാര്യമായി ഗൗനിച്ചില്ല.

കേരളത്തിൽ നടന്ന മീറ്റിംഗിൽ നിന്നുള്ള  അനുഭവത്തിൽ നിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്. ഈ ഒത്തുചേരലുകൾക്ക് പിന്നിൽ പ്രവർത്തിച്ചതായി പറയപ്പെടുന്ന നോർക്ക റൂട്ട്സിനെ സ്ഥിരം നിയന്ത്രിക്കുന്നത്, കേരളത്തിലെ  രാഷ്ട്രീയക്കാരുമായി ബന്ധമുള്ള  ശക്തരായ  ഒരു കൂട്ടം വ്യവസായികളാണ്. നോർക്ക ആരംഭിച്ച സമയത്ത് ആദ്യ പ്രവാസിമന്ത്രി എം.എം.ഹസന്റെ കീഴിൽ ഞാനും അതിൽ പ്രവർത്തിച്ചിരുന്നു.  നിലവിലെ സംവിധാനങ്ങൾ,ആരുടെയൊക്കെയോ താളത്തിന് തുള്ളുന്നതല്ലാതെ പ്രവാസികൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ എന്ന കാര്യം സംശയമാണ്. 

പ്രവാസികളുടെ പ്രശ്നങ്ങൾ സങ്കീർണമാണ്, ഓരോ സ്ഥലത്തും ഉള്ളവർ നേരിടുന്നത് ഓരോ തരം പ്രശ്നങ്ങളാണ്. കേരളത്തിൽ അന്യാധീനപ്പെട്ടുപോയ  വീടും സ്വത്തുക്കളും ഉടനടി സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് അമേരിക്കൻ മലയാളികളുടെ പ്രാഥമിക ആശങ്ക. അവർ ദീർഘകാലമായി അതിനുള്ള മുറവിളി കൂട്ടുന്നുമുണ്ട്. ഒരിക്കൽ ഞാൻ ഒരു പ്രതിനിധി സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് കൊണ്ടുപോകുകയും പ്രവാസികളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് വകുപ്പിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു പ്രോപ്പർട്ടി പ്രൊട്ടക്ഷൻ ബോർഡും, പ്രശ്‌നം കൈകാര്യം ചെയ്യാൻ ദ്രുത പ്രതികരണ യൂണിറ്റ് നിർദ്ദേശിക്കുകയും ചെയ്തതാണ്. നിയമപരമായ ചില കാരണങ്ങളാൽ അത് നിരസിക്കപ്പെട്ടു. 

ഭരണവർഗ്ഗത്തെക്കൊണ്ട് നമ്മുടെ നാട്ടിൽ എന്തെങ്കിലും സാധിപ്പിച്ചെടുക്കുന്നത് ക്ലേശകരമാണെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു. ഇതുതന്നെയാണ് ലോക കേരള സഭയുടെ പേരിൽ ഉയരുന്ന പ്രധാന വിമർശനവും. പ്രശ്‌നങ്ങൾ പരിഹരിക്കാനെന്ന പേരിലാണ് സാഹോദര്യത്തോടെ പ്രവാസി സമൂഹം ഒരുമിച്ചു കൂടുന്നതെങ്കിലും,ഓരോവർഷം കഴിയുംതോറും  നികുതി അടയ്ക്കുന്ന പൊതുജനങ്ങൾക്ക് വലിയ ചിലവുകൾ വരുത്തുന്നതല്ലാതെ ഇതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഉണ്ടാകുന്നില്ല. 

നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന ലക്ഷ്യത്തിനുവേണ്ടി ഈ സമ്മേളനങ്ങളിൽ വളരെയധികം ഊർജവും സമയവും ചെലവഴിക്കുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. അതൊന്നും ഫലവത്താകില്ലെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും ഊഹിക്കാവുന്നതേയുള്ളു. ബിസിനസ് സംരംഭങ്ങൾക്ക് സൗഹൃദപരമായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളമെന്നാണ് പണ്ടേ അറിയപ്പെട്ടിരുന്നത്. ആ പ്രതിച്ഛായ ഉണ്ടാക്കിയതിന്റെ പ്രധാന ഉത്തരവാദികൾ ഇന്ന് അധികാരത്തിലിരിക്കുന്നവർ തന്നെയാണ്. വർഷങ്ങളായുള്ള സമരങ്ങളും ഹർത്താലുകളും കർശനമായ യൂണിയൻ നിയമങ്ങളും കൊണ്ട് അവർ തന്നെയാണ് ബഹുരാഷ്ട്ര കമ്പനികളെയും സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പുകളെയും കേരളത്തിൽ നിക്ഷേപിക്കുന്നതിൽ നിന്ന് അകറ്റി നിർത്തിയത്. നോർക്ക റൂട്ട്‌സിലെ ചില ആളുകൾ വിദേശത്ത് പ്രവാസികൾ ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ പണം ഊറ്റിപ്പിഴിയുന്നതിന് ഉപഭോക്തൃ ഔട്ട്‌ലെറ്റുകൾ തുറന്നേക്കാം. എന്നാൽ , കേരളത്തിൽ ഒരു നിർമ്മാണ പ്ലാന്റോ ഇന്നൊവേഷൻ ലാബോ തുറക്കാൻ അവർ ധൈര്യപ്പെടില്ല. 

ഇനി പ്രവാസികളോടുള്ള ഈ സർക്കാരിന്റെ മനോഭാവം എങ്ങനെയെന്ന് വിശകലനം ചെയ്യാം. കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ അത് നേരിട്ട് അനുഭവിച്ചതാണ്. ഇടുങ്ങിയ ക്യാമ്പുകളിലും മറ്റും കൂട്ടമായി കഴിയുന്ന എത്രയോ തൊഴിലാളികൾ മഹാമാരിയുടെ പ്രഹരത്തിന് ഇരയായി? അമേരിക്ക പോലുള്ള രാജ്യങ്ങൾ തങ്ങളുടെ എല്ലാ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും അവരുടെ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ചെയ്തുകൊടുത്തപ്പോൾ, പ്രവാസിമലയാളികൾ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യാനാണ് കേരളസർക്കാർ ശ്രമിച്ചത്.അവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന നിയമങ്ങളിൽ കേന്ദ്ര സർക്കാർ നേരിയ ഇളവ് വരുത്തിയതിനു പോലും നമ്മുടെ സംസ്ഥാന സർക്കാർ ശക്തമായി പ്രതിഷേധിച്ചു. തിരിച്ചുവന്നവരെ ആകട്ടെ, കുഷ്ഠരോഗികളെപ്പോലെയാണ്  അവഗണിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു ഇടപെടലും ഉണ്ടാകാതെ എങ്ങനെയൊക്കെയോ  എത്തിച്ചേർന്ന അവരെ  പിന്തുടരുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. പ്രവാസികളെ വിലമതിക്കുന്നു എന്ന് പറയുന്ന സർക്കാർ യഥാർത്ഥത്തിൽ വിലമതിക്കുന്നത് വിദേശത്തുനിന്ന് അവർ അയയ്ക്കുന്ന പണത്തെ മാത്രമാണ്. 

അധികാരത്തിലിരുന്ന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടുണ്ടായ  മനുഷ്യനിർമ്മിത ദുരന്തമാണ്  2018ൽ കേരളത്തെ നടുക്കിയ  പ്രളയം. അതിൽ നിരവധി പ്രവാസികളുടെ വീടുകൾക്കും സ്വത്തുവകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുകൂടി,അവർ സർക്കാരിനെ സഹായിക്കാൻ തയ്യാറായി. കോടിക്കണക്കിന് രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഷിക്കാഗോയിൽ നിന്ന്, കുറച്ച് ചെറുപ്പക്കാർ ഓൺലൈനിൽ ക്രൗഡ് ഫണ്ടിംഗ് നടത്തി,   മില്യനുകൾ  സമാഹരിച്ച് ആ ചെക്ക് നേരിട്ട് നിലവിലെ മുഖ്യമന്ത്രിക്ക് കൈമാറി. ഈ ഫണ്ട് മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാഹരിച്ച ഫണ്ടുകൾ എന്തുചെയ്തെന്നുള്ള  കണക്കുകൾ നൽകിക്കൊണ്ട് സർക്കാരിന്റെ സംശുദ്ധി വെളിപ്പെടുത്തേണ്ട സമയമാണിത്. ഇതാണ് സ്ഥിതിയെങ്കിൽ, ഭാവിയിൽ സംഭാവന നൽകാൻ ആളുകൾ വിമുഖത കാണിക്കും.

യുവാക്കളെ പഠിപ്പിച്ച് വിദേശത്തേക്ക് അയച്ച് അവർ അയയ്ക്കുന്ന പണംകൊണ്ട് വളരുന്നതാണ്  നിലവിലെ കേരള മോഡൽ സമ്പദ്വ്യവസ്ഥ.  കേരളത്തിന്റെ പ്രതിച്ഛായ കർണാടകയുടെയും തമിഴ്‌നാടിന്റെയും നിലവാരത്തിലേക്ക് മാറണമെങ്കിൽ ഇനിയും  ഒരുപാട് സമയമെടുക്കും. നമ്മുടെ കുട്ടികൾക്ക് വിദേശത്ത് പോയി മികച്ച രീതിയിൽ സമ്പാദിക്കാനും അതുവഴി സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനും കഴിയുന്ന തരത്തിൽ ഇവിടുത്തെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പ്രശസ്തമായ വിദേശ അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് അതിൽ ഒന്ന്. വിരമിച്ച പ്രൊഫസർമാർ/അധ്യാപകർ എന്നിവരുമായി ബന്ധപ്പെടുന്നതിലൂടെയും നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളെ നവീകരണത്തിനുള്ള ലബോറട്ടറികളാക്കി മാറ്റുന്നതിലൂടെയും അമേരിക്കൻ മോഡൽ നവീകരണത്തെ അവലംബിച്ചുകൊണ്ട് മാനവ വിഭവശേഷി കൂട്ടാനാകും. അവിടെയാണ് ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ, തങ്ങളുടെ കുറ്റങ്ങൾ മറച്ചുവയ്ക്കാൻ  കപട ‘നിക്ഷേപക സംഗമങ്ങൾ ' സംഘടിപ്പിച്ചുകൊണ്ടല്ല.

ഇപ്പോഴത്തെ സർക്കാർ, വീടില്ലാതെ തെരുവിൽ കഴിയുന്ന സാധാരണക്കാർക്ക് അഭയം നൽകുന്നതിനോ  തൊഴിൽരഹിതരായ യുവാക്കൾക്ക് ജോലി ചെയ്യാൻ അവസരം ഒരുക്കുന്നതിനോ  താൽപര്യം കാണിക്കുന്നില്ല എന്നതാണ് വാസ്തവം. മറ്റ് രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട  നേതാക്കൾ തങ്ങളുടെ അധികാരം സ്വന്തം  വളർച്ചയ്ക്കും അവരുടെ സന്തതിപരമ്പരയ്ക്ക് സാമ്പത്തിക ഭദ്രത ഉണ്ടാക്കുന്നതിനും വേണ്ടി  ഉപയോഗിക്കുകയും അധികാരവും സമ്പാദ്യവും നിലനിൽക്കുന്നതിന് അടുത്ത തലമുറയെക്കൂടി രാഷ്ട്രീയരംഗത്തേക്ക് കൈപിടിച്ചു കയറ്റുകയും ചെയ്തു. 

ഇക്കാര്യത്തിൽ ശോഭിക്കാതെ പോയതിന്റെ പശ്ചാത്താപംകൊണ്ടാകാം ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ, തങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും സംരംഭകരാക്കുന്നതിലും  സമ്പന്നരാക്കുന്നതിലും ശ്രദ്ധിക്കുന്നത്. നൂതനവും സ്വതന്ത്രവുമായ ആശയങ്ങൾ പിൻപറ്റി മുന്നേറുന്നതിനുപകരം അവർ ബിസിനസ് ലക്ഷ്യങ്ങൾവച്ച് അവിശുദ്ധ കൂട്ടുകെട്ടുമായി ഒത്തുചേർന്ന്  സർക്കാർ സംവിധാനത്തെ ദുരുപയോഗിക്കുന്നു എന്നതാണ് പ്രശ്നം. 

നാളെ  ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ ആരംഭിക്കുന്ന സമ്മേളനം ബഹിഷ്‌കരിക്കാൻ പാർട്ടിയുമായി യോജിച്ച് നിൽക്കുന്ന പ്രവാസി സംഘടനകളോട് കേരളത്തിലെ കോൺഗ്രസ് പാർട്ടി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം യു.ഡി.എഫിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

കെഎസ്ആർടിസി തൊഴിലാളികളുടെ പെൻഷൻ കൊടുക്കാൻ പോലും കഴിയാതെ സംസ്ഥാനം കടക്കെണിയിൽ മുങ്ങുമ്പോൾ, അമേരിക്കയിലെ മലയാളി സമൂഹത്തിന് ഇത്തരമൊരു ചെലവേറിയ സമ്മേളനം നടത്തുന്നതിനോട് യാതൊരു യോജിപ്പും ഇല്ലെന്നാണ് പലരുടെയും 
പ്രതികരണങ്ങളിൽ നിന്ന്  മനസ്സിലാകുന്നത്.

അടുത്ത കുറച്ച് ദിവസങ്ങളിൽ ടൈംസ് സ്ക്വയർ സാക്ഷ്യം വഹിക്കാൻ പോകുന്നത് ആഘോഷമാമാങ്കങ്ങൾക്കല്ല, അർഹിക്കുന്നവർക്ക് പരിഗണന കൊടുക്കാതെ ഊർജവും വിഭവങ്ങളും പാഴാക്കുന്ന പരിഹാസ്യമായ കാഴ്ചയ്ക്കാണ്.

Philip 2023-06-08 16:55:34
ഫോട്ടോ എടുക്കുവാൻ പ്രാഞ്ചിയേട്ടൻ മാർ റെഡി ആണ്
Jojo Thomas 2023-06-08 16:57:19
പ്രിയ ജോർജ് എബ്രഹാം വളരെ വസ്തു നിഷ്ടമായി കാര്യ കാരണങ്ങളോടെ പറഞ്ഞ യാഥാർഥ്യങ്ങൾക്ക്‌ നേരെ മുഖം തിരിക്കുവാനെ കേരളം ഇന്ന് കുട്ടിച്ചോറാക്കി മാറ്റികൊണ്ടിരിക്കുന്ന ഭരണ നേതാക്കൾക്ക് കഴിയു! ഇവരെ ചുമ്മുന്ന ലോക കേരള സംഘടകരെ ഹാ കഷ്ടം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക