കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക കൊണ്ടു നിറഞ്ഞ ന്യൂ യോർക്ക് നഗരത്തിൽ അന്തരീക്ഷ മലിനീകരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. "ഇതൊരു അടിയന്തരാവസ്ഥയാണ്," ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു.
ബുധനാഴ്ച വൈകിട്ടു ഏഴു മണിക്കു ലോകത്തെ തന്നെ ഏറ്റവും വഷളായ സ്ഥിതിയിൽ ആയിരുന്നു നഗരം. വായുവിന്റെ ഗുണനിലവാര തോത് 241ൽ എത്തി. ലഹോർ നഗരം ആ സമയത്തു 179ൽ രണ്ടാം സ്ഥാനത്തു ആയിരുന്നു.
വ്യാഴാഴ്ച രാവിലെയും ന്യൂ യോർക്ക് മോശപ്പെട്ട നിലയിൽ 182ൽ എത്തി.
"നമ്മൾ ഇപ്പോൾ കാണുന്ന വായു ഗുണനിലവാരത്തിൽ ഏറെ താഴെയാണ്. അപകടകരമാണിത്," ഹോക്കൽ പറഞ്ഞു. "വീട്ടിനുള്ളിൽ ഇരുന്നാലും പുകയുടെ സാന്നിധ്യം നമുക്കറിയാം. നമ്മുടെ വായു മലിനമായി. സൂര്യാസ്തമയമോ ആകാശം തന്നെയുമോ കാണാൻ കഴിയുന്നില്ല."
കാനഡ ബുധനാഴ്ച 'ശുദ്ധവായു ദിനം' ആചരിച്ചപ്പോൾ അവിടന്നുള്ള വിഷവായു തെക്കോട്ടു സഞ്ചരിച്ചു കൊണ്ടിരുന്നു.
നാഷനൽ വെതർ സർവീസ് പറഞ്ഞു: "വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൂടുതൽ പുകയുണ്ടാവും. പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് നല്ലത്. ശ്വാസകോശ രോഗങ്ങൾ ഉള്ളവർ മാസ്ക് ധരിക്കുന്നതു നല്ലതാണ്."
ആകാശത്തെ പുകയുടെ ഓറഞ്ച് നിറം കണ്ടു അവർ പറഞ്ഞു: "ഇത് ചൊവ്വാ ഗ്രഹമല്ല. സൂര്യനെ കാണാൻ കഴിയുന്നില്ല. എവിടെയും ഓറഞ്ച് തന്നെ."
ന്യൂ യോർക്ക് മൃഗശാലകൾ വരെ അടച്ചിട്ടു. സ്കൂളുകൾ നേരത്തെ അടച്ചിരുന്നു.
കാഴ്ച വ്യക്തമല്ലാത്തതിനാൽ വിമാനങ്ങൾ വരാനും പോകാനും താമസം നേരിട്ടു. റോഡുകളിലും ഗതാഗതം മെല്ലെയായി.
New York sets record for air pollution