Image

ആത്മാവേ... പോ....അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് ക്ലാസ്മുറികള്‍ പൊളിച്ചുമാറ്റി ഒരു സ്‌ക്കൂള്‍( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 09 June, 2023
ആത്മാവേ... പോ....അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് ക്ലാസ്മുറികള്‍ പൊളിച്ചുമാറ്റി ഒരു സ്‌ക്കൂള്‍( ദുര്‍ഗ മനോജ് )

വിദ്യാലയം എന്നാല്‍ അജ്ഞാനാന്ധകാരം മാറ്റി വിജ്ഞാന പ്രകാശം വിദ്യാര്‍ത്ഥികളില്‍ നിറയ്ക്കുന്ന ഇടമെന്നാണ് സാമാന്യ ജനം മനസ്സിലാക്കുന്നത്. എന്നാല്‍ വികസനക്കുതിപ്പു കൊണ്ടു തളര്‍ന്ന ജനതയിപ്പോള്‍ അന്ധവിശ്വാസക്കൂരിരുട്ടില്‍ തപ്പുകയുമാണ്. ബാലസോര്‍, ഇന്ത്യന്‍ ജനമനസ്സില്‍ സൃഷ്ടിച്ച ഭീതിയുടെ ആഘാതം വളരെ വലുതാണ്. ഇപ്പോഴും മരണപ്പെട്ടവരുടെ കണക്കില്‍ കൃത്യത വന്നിട്ടില്ല. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ എയിംസിലേക്കു മാറ്റുകയുമാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നതിനാല്‍ത്തന്നെ മരണമടഞ്ഞവര്‍ക്ക് നല്ലൊരു വിടവാങ്ങല്‍ പോലും അസാധ്യമാക്കും വിധം തലങ്ങും വിലങ്ങും എടുത്തെറിയപ്പെട്ട അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍. എന്തിന്, മൃതദേഹങ്ങള്‍ കൂട്ടിയിട്ട ഇടത്തു നിന്നും രണ്ടു ദിവസത്തിനു ശേഷം അച്ഛന്‍ മകനെ കണ്ടെത്തിയ സംഭവവും ഉണ്ടായി. എന്നാല്‍ ഈ അപകടം, ബാലസോര്‍ എന്ന സ്ഥലത്തുണ്ടാക്കിയ മറ്റൊരു പ്രത്യാഘാതമുണ്ട്, ജനങ്ങള്‍ ഭയന്നിരിക്കുന്നു. ഭയം, കാട്ടുമൃഗങ്ങളേയോ കൊള്ളക്കാരേയോ അല്ല, ട്രെയിനപകടത്തില്‍ മരിച്ച മനുഷ്യരുടെ ആത്മാക്കളെ, അഥവാ പ്രേത പിശാചുകളേയാണ്.
ഇലക്ട്രിസിറ്റിയുടെ വരവോടെ കള്ളിയങ്കാട്ടു നീലി ഉള്‍പ്പടെയുള്ള യക്ഷിവംശങ്ങള്‍ കുറ്റിയറ്റു പോയ കേരളത്തിന് ഈ വാര്‍ത്ത തമാശയായിത്തോന്നാം, എന്നാല്‍ സംഗതിയുടെ ഗൗരവം ചെറുതല്ല.

ദുരന്തത്തെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ തൊട്ടടുത്ത ബഹനഗ സ്‌ക്കൂളിലേയ്ക്കാണ് എത്തിച്ചത്. അപകടം നടന്ന ഇടത്തു നിന്നും അഞ്ഞൂറു മീറ്റര്‍ മാറിയാണ് ഈ സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. പരിക്കേറ്റവരെ ഇവിടെ നിന്നാണ് ആശുപത്രികളിലേക്കു മാറ്റിയിരുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍, സ്‌കൂളിലെ പതിനാറു ക്ലാസ് മുറികളില്‍ ഏഴെണ്ണത്തിലായി കിടത്തിയിരിക്കുകയായിരുന്നു. മറ്റു മുറികളില്‍ പരിക്കേറ്റവര്‍ക്ക് താത്കാലിക ചികിത്സയും നല്‍കി. ഒറീസയില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ്, 19നാണ് സ്‌ക്കൂള്‍ തുറക്കേണ്ടത്. എന്നാല്‍ ഈ കെട്ടിടം തകര്‍ക്കാതെ കുട്ടികളെ അവിടേക്കു പഠിക്കാന്‍ അയക്കില്ലെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്. 67 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്. അതിനാല്‍ എന്തായാലും പുതിയ കെട്ടിടം പണിയണം എന്ന ആവശ്യമാണ് രക്ഷിതാക്കളുടേത്. മന്ത്രവാദത്തിലുള്ള വിശ്വാസം ഈ നാട്ടില്‍ അല്പം കടുത്തതാണ്. അതിനാല്‍ത്തന്നെ, അര്‍ദ്ധരാത്രി സ്‌ക്കൂളില്‍ നിന്നും പല ശബ്ദങ്ങളും കേട്ടു എന്ന മട്ടിലെ കഥകള്‍ ചിലര്‍ ധാരാളം പടച്ചു വിടുന്നുമുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നത് മറ്റൊന്നാണ്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിശ്വാസമില്ലെങ്കിലും, വിശ്വസികളായ നാട്ടുകാര്‍ ആവശ്യപ്പെടുമ്പോള്‍ മറ്റുവഴിയില്ല എന്നാണ് അവരുടെ പക്ഷം. എന്തായാലും, പ്രേതങ്ങളുടെ കാര്യത്തില്‍ റിസ്‌ക് എടുക്കാതെ ആ സ്‌ക്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റിക്കഴിഞ്ഞു.ഇനി പുതിയ കെട്ടിടം വരും വരെ താത്കാലികമായി മറ്റെവിടേക്കെങ്കിലും സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റേണ്ടി വരുമെന്നു മാത്രം. ബാലസോര്‍ ജില്ലാ കലക്ടര്‍ ദത്താത്രേയ ബാവു സാഹബ് ഷിന്‍ഡെ ഇക്കാര്യങ്ങള്‍ ഗവണ്‍മെന്റിനെ അറിയിച്ചിട്ടുമുണ്ട്. ശാസ്ത്രീയ ചിന്തകള്‍ വേണം കുട്ടികള്‍ക്കു പകരാന്‍ എന്ന അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ ചുറ്റും ആരെങ്കിലും ഉണ്ടായിരുന്നോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം.

മനുസ്മൃതിയും, പഴയ ഗോത്രാചാരങ്ങളും ഒക്കെ മടങ്ങി വരാന്‍ ആഹ്വാനം ചെയ്യുന്ന സമൂഹത്തിലെ ഉന്നതശ്രേണിക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ പുരോഗമന ചിന്തകളാണല്ലോ പ്രദാനം ചെയ്യുന്നത്.
എന്തു പറയാന്‍? ആത്മാക്കള്‍ വിചാരിച്ചാല്‍ ഇതിനപ്പുറവും നടക്കുമെന്നു മാത്രം കൂട്ടിയാല്‍ മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക