Image

നൂലറ്റു പോയൊരു താരാട്ട് ( കവിത : ഷലീർ അലി )

Published on 09 June, 2023
നൂലറ്റു പോയൊരു താരാട്ട് ( കവിത : ഷലീർ അലി )

ഒരു കുഞ്ഞ് മരിക്കുന്നുവെന്നാൽ
ഒഴുക്കിൽ ഒരു പുഴ ശിലപോൽ 
ഉറഞ്ഞുപോവുന്നു എന്നാണ് ..

അടിമുതൽ അലവരെ 
ആകാശം പോലെ
വിളറിപ്പോവുന്നു എന്നാണ്....

ഒരു നേർത്ത പിണക്കത്തിന്റെ 
മണൽത്തരി മുതൽ 
ആശയുടെ ആകാശക്കോട്ട കെട്ടിയ 
കപ്പലുകൾ വരെ സകലതും 
നിശ്ചലമായിത്തീരുന്നു എന്നാണ്...

നൂലറ്റു പോയൊരു താരാട്ട്
കാറ്റ് പോലെ അലഞ്ഞു തളർന്നാ
തണുത്ത കല്ലിൽ തലതല്ലി വീണേക്കും..

പൊട്ടിയുടഞ്ഞാൽ പിന്നെ 
പിടിച്ചു നിർത്താനാവാത്തോരു ചിരിയൊച്ച 
കണ്ണിലെ കൊത്തിയടച്ച ഉറവകളെ
പിന്നെയും പിന്നെയും കുത്തിത്തുളച്ചേക്കും

തല്ലിപ്പോയ കൈകളെ..
പിച്ചിപ്പോയ വിരലുകളെ..
കടിച്ചെടുത്ത് തുപ്പിക്കളയാൻ
ഉള്ളറിയാതെ തുനിഞ്ഞു പോയേക്കും..

എന്തെന്നാൽ.....
ഇളംമിഴിയൊന്നടയുന്നുവെന്നാൽ
ഇരുളിലൊരു കൈത്തിരി 
കരിഞ്ഞു വീഴുന്നു എന്നാണ്...

ഒരു വീട് മരുഭൂമിയുടെ ഭിത്തികൾ മാത്രമായിപ്പോവുന്നു എന്നാണ്.. !

തിരഞ്ഞാൽ കാണാത്തൊരു 
കുഞ്ഞു ഖബറിലേക്ക്
വെളുത്ത രക്തത്തിന്റെ മുലാ ധമനികൾ
നേരം തെറ്റാതെ ചുരത്തിക്കൊണ്ടിരിക്കുന്നു 
എന്നതാണ്...

ഒരു കുഞ്ഞ് മരിച്ചു കിടക്കുന്നുവെന്നാൽ
ചുറ്റുമൊരായിരം ശവങ്ങൾ 
ചലിച്ചു കൊണ്ടിരിക്കുന്നുവെന്നായിരിക്കെ
എങ്ങനെയാണ് 
തളിരിലച്ചിരികളെ പൊട്ടിച്ചെറിയാൻ തോന്നുന്നതെന്നാണ്,
മനുഷ്യനാണെന്നതിന് 
മനം തികട്ടുന്നത്...!_

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക