Image

തുരുത്തിലേക്കാണല്ലേ ..? ( യാത്ര ; സ്വപ്നം : ജാസ്മിൻ ജോയ് )

Published on 10 June, 2023
തുരുത്തിലേക്കാണല്ലേ ..? ( യാത്ര ; സ്വപ്നം : ജാസ്മിൻ ജോയ് )

പരിചിതമായ ഗ്രാമവഴികളും പുരയിടങ്ങളും കഴിഞ്ഞു.
ഇപ്പോൾ പാതകൾ പിടികിട്ടാത്തയിടങ്ങളിലേക്ക് നീണ്ടുപോകുന്നു.

മുന്നിൽ ഒരു കൈതത്തോട് പ്രത്യക്ഷപ്പെട്ടു.
സ്വപ്നാടകരായ മാനത്തുകണ്ണികളും നീർമാണിക്യൻമാരും നീന്തുന്ന തോട് പുഴയിലേക്ക്  ധൃതി കൂട്ടുന്നുണ്ട്.
തോടിനു കുറുകെയുള്ള ചെറിയ പാലത്തിൻ്റെ കെട്ടിലിരുന്ന് ഒരാൾ പിറുപിറുക്കുന്നു.
അയാളുടെ അരികിലൂടെ കടന്നുപോയപ്പോൾ വ്യക്തമായി കേട്ടു:

" അരുവിയുടെ നാദം ശ്രവിക്കൂ.. "

അല്പം ഭ്രാന്തുള്ളവൻ കവിയാകും കുറച്ചു കൂടി ഭ്രാന്തുള്ളവൻ തത്ത്വചിന്തകനാവും... എവിടെയോ കേട്ടത് ഓർമിച്ചു.
ഈ അരുവിയുടെ നാദം കേട്ട് ബോധോദയം ലഭിച്ച ഒരു സെൻഗുരുവായിരിക്കാം അയാൾ.

'ഭ്രാന്താനാവുന്നതുകൊണ്ട് നഷ്ടമൊന്നുമില്ല, ഭവനം നശിച്ചാലെന്ത് മരുഭൂമി ഒന്നാകെ ലഭിച്ചില്ലേ?"

ആരോ പാടിയതുപോലെ..
ചുറ്റും നോക്കി. പാലത്തിലെ സെൻ ഗുരു അല്ലാതെ മറ്റാരേയും കണ്ടില്ല.

തോട് കടന്നപ്പോൾ വഴി രണ്ടായി പിരിഞ്ഞു.
ഇടത്തോട്ട് തിരിയുന്ന പാതയുടെ തുടക്കത്തിൽ ഒരു ബോർഡ് കണ്ടു - 

കടവിലേക്കുള്ള വഴി

അപ്പോൾ, സമീപത്ത് ഒരു പുഴയുണ്ട് ,കടവും.
ഒരു പുഴയുടെ അരികിൽ പോയിട്ടും പുഴമേനിയിൽ സ്പർശിച്ചിട്ടും കുറച്ചുനാളുകളായി.

കടവിലേക്കുള്ള വഴി വിജനസുന്ദരമായി നീണ്ടു കിടക്കുന്നു... വഴിയോരപ്പച്ചകൾ,
പുല്ലാങ്കുഴൽ വിളിക്കുന്ന മുളംകൂട്ടങ്ങൾ, ചോലത്തുമ്പികൾ, പ്രാചീന കാലത്തിൽ  നിന്നും  നോക്കുന്ന ചിന്തകനായ  ഓന്ത് , കാട്ടുകല്ലുകൊണ്ടുണ്ടാക്കിയ ഈടിലെ പൊത്തുകൾ, സർപ്പഗന്ധങ്ങൾ..

ഒരു സൈക്കിൾകാരൻ ബെല്ലടിച്ചുകൊണ്ട് കടന്നു പോയി.. പരിചിതനെപ്പോലെ അയാൾ മന്ദഹസിച്ചു.

കുറച്ചു നടന്നപ്പോൾ ഒരു  വീട് കണ്ടു. ആരും ശ്രദ്ധിക്കുന്ന ,ഓടുമേഞ്ഞ രണ്ടുനിലകളുള്ള പഴയൊരു വീട്.  നിറയെ പൂക്കൾ, പച്ചകൾ,   നിഴലുകൾ, പക്ഷിഗീതങ്ങൾ, സൗരഭ്യങ്ങൾ..
മുകളിലെ നിലയിൽ ഭൂതകാലം തുറന്നിട്ട പോലെ ഒരു ജാലകം.
ആ വീടിനു ചുറ്റും മങ്ങിയ ഏതോ ഓർമകൾ കറങ്ങുന്നു.  ഏറെ ഇഷ്ടമായ ഒരു  കാല്പനിക കഥയിലെ വീടിനെ ഇങ്ങനെയാണ് സങ്കൽപ്പിച്ചത്.   
കണ്ണെടുക്കാതെ നോക്കി നിൽക്കാൻ തോന്നുന്ന വീട്.
ഏകാന്തത അവിടെ ഇഴയുന്നത് കാണാം. 
തുറന്നിട്ട ആ ജാലകത്തിനു പിന്നിൽ  ഒരാൾ നിൽപ്പുണ്ട്. അതോ .. ചുമരിലെ ഛായാചിത്രമോ?
     
കടവിൽ ഇളംമഞ്ഞ സായന്തനം പടർന്നു കിടന്നിരുന്നു.
വിഷാദനിറത്തിൽ പുഴ മന്ദമായി ഒഴുകുന്നു.
അകലെ ഒരു തുരുത്ത് കാണാം. അതിനുമുകളിൽ ഒരു പക്ഷി ആകാശം മുറിച്ചു കടക്കുന്നു.

സായാഹ്നവ്യഥ അനുഭവിച്ചുകൊണ്ട് നിശ്ശബ്ദമായ കടവിലിരുന്നു.പുഴയെ സ്പർശിച്ചു.. തണുത്ത അനുഭൂതി.. പുഴയിലൂടെ നീന്തിവന്ന ഇളംകാറ്റിൻ്റെ തഴുകലിൽ കണ്ണടഞ്ഞുപോകുന്നു..
              
                     
"തുരുത്തിലേയ്ക്കാണല്ലേ?"
ചോദ്യം കേട്ട് ഞെട്ടി. 
ഒരാൾ തോണി  കടവിലേയ്ക്കടുപ്പിക്കുന്നു.

" വരൂ .." അയാൾ ക്ഷണിച്ചു.
അയാളുടെ ശബ്ദത്തിന് എന്തോ മാന്ത്രിക ശക്തിയുണ്ടായിരുന്നു. വേഗം എണീറ്റു.
തോണിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ അയാൾ കൈ നീട്ടി 
സഹായിച്ചു.
പുഴയിലെ ജലപാതയിലൂടെ ഓളങ്ങളെ മുറിച്ചു കൊണ്ട് തോണി പതുക്കെ നീങ്ങി.

"ഞാനൊരു കടത്തുകാരൻ.  ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേക്ക്   ജീവിതമന്വേഷിച്ചുകൊണ്ട് ഈ പുഴയിലൂടെ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു."

ഞാനയാളുടെ വിശദാംശങ്ങളിലേക്ക് കടന്നു..  ദൃഢശരീരമുള്ള ഒരു മധ്യവയസ്കൻ.
ജ്ഞാനിയുടെ കണ്ണുകൾ.
ഏതൊരു കടത്തുകാരൻ്റെയും  പോലെ അനുഭവങ്ങളും അറിവുകളും സങ്കടങ്ങളും അയാളിൽ പാർക്കുന്നുണ്ടായിരുന്നു.
അയാൾ പിന്നെയൊന്നും പറഞ്ഞില്ല . ഞാനൊന്നും ചോദിച്ചതുമില്ല.
നിശ്ശബ്ദതയാണ്  ഈ ദൃശ്യത്തിൻ്റെ ഭാഷയ്ക്ക് നല്ലതെന്ന് തോന്നി.
ജലയാത്ര, പുഴയുടെ ഞൊറിവുകൾ, നീലാകാശപ്പടർപ്പ്,
അടുത്തടുത്ത് വരുന്ന നിഗൂഢതയുടെ ദ്വീപ്...

ദ്വീപിൽ  ചില  അവ്യക്തരുപങ്ങളെ കണ്ടു.  മെല്ലെ അവരുടെ മുഖങ്ങൾ തെളിഞ്ഞു വന്നു..
അവരെ കണ്ടപ്പോൾ എന്നിൽ  അതിശയത്തേക്കാൾ 
ആനന്ദമാണ് ഉണ്ടായത്.

ആദ്യം കണ്ടത് കണ്ണുവിനെയാണ് .പിന്നെ ചാക്കപ്പനേയും .രണ്ടു പേരും ഒരു മരച്ചുവട്ടിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നു. ഞാൻ അടുത്ത് ചെന്നെങ്കിലും അവർ എന്നെ കണ്ടതായി തോന്നിയില്ല. എനിയ്ക്കതിൽ അസ്വഭാവികത  തോന്നിയതുമില്ല.
അവരുടെ ചുണ്ടുകൾ അനങ്ങുന്നത് കാണാം പക്ഷെ, ശബ്ദം പുറത്തേക്ക് വരുന്നില്ല.
ഇത് നിശ്ശബ്ദതയുടെ തുരുത്താണെന്ന് തോന്നുന്നു. പക്ഷിമൊഴികൾ പോലും ഇവിടെ കേൾക്കാനില്ല.

സാന്ധ്യപ്രകാശത്തിൻ്റെ മായികഭംഗിയിലൂടെ നടന്നു. 
കാണാനാഗ്രഹിച്ചവരെല്ലാം ഇവിടെയുണ്ടെന്ന് തോന്നുന്നു. എല്ലാവരെയും കാണാൻ സമയമില്ല.
സമയത്തെക്കുറിച്ച് കടത്തുകാരൻ്റെ മുന്നറിയിപ്പുണ്ട്.

അമ്മാമ്മയെ കണ്ടപ്പോൾ  പഴയ ബാലികയെപ്പോലെ ഓടിച്ചെന്നു. അമ്മാമ്മ ഒന്നു ചുഴിഞ്ഞ് നോക്കിയതിനുശേഷം കൂടെയുളള ചങ്ങാതിമാരുടെ വർത്തമാനത്തിലേക്ക് ശ്രദ്ധിച്ചു. 
അമ്മാമ്മയുടെ കൂട്ടുകാരികളെല്ലാം വട്ടം കൂടിയിട്ടുണ്ട്. നാരായണി, കുഞ്ഞിലക്കുട്ടി, അന്നംകുട്ടി, മറിയംകുട്ടി, കുട്ടിയമ്മ, ശോശന്ന..
അവരു നടുവിൽ വെള്ളിനിറമുള്ള വെറ്റിലചെല്ലം.
മുറുക്കി ചുവപ്പിച്ച് ,പതം വരുത്തി നാരായണി സംസാരിക്കുന്നു. എല്ലാവരും കേട്ടു രസിക്കുന്നു.
നാരായണിയും കുഞ്ഞിലയും കഥപറച്ചിലുകാരാണ്. മുറുക്കാൻ രസികൻ വെറ്റിലയും ഉശിരൻ
പുകയിലയും കേൾക്കാൻ ആളും  ഉണ്ടെങ്കിൽ കുഞ്ഞിലയും നാരായണിയും ദിവസം മുഴുവൻ കഥ പറഞ്ഞുകൊണ്ടിരിക്കും.
കുറച്ചു മാറി ത്രേസ്യത്തള്ള ഒറ്റയ്ക്കിരുന്ന് പിറുപിറുക്കുന്നുണ്ട്. മങ്ങനാടിയിൽ പിറന്ന കുഞ്ഞുങ്ങളെല്ലാം ആ  കൈകളിലൂടെയാണ് വളർന്നത്, ആ താരാട്ട് കേട്ടാണ് ഉറങ്ങിയത്.

പത്രോസിൻ്റെ കൂടെ പതിവു പോലെ പൗലോസുമുണ്ടായിരുന്നു. 
പത്രോസിൻ്റെ ചുണ്ടിൽ ബീഡി എരിയുന്നു.
എസ്തപ്പാനേയും കൊച്ചുവർക്കിയേയും കണ്ടു.

അപ്പനെവിടെ?

കുറച്ചുമാറി മങ്ങിയ വെളിച്ചത്തിൽ നീണ്ട ഒരു രൂപം..   അപ്പനെ പോലെ എന്നാൽ അവ്യക്തമായി.
ഞാൻ അവിടെയ്ക്ക് നടന്നു.
പക്ഷെ.. കടത്തുകാരൻ്റെ മുന്നറിയിപ്പുണ്ട്. അയാൾ തോണിയുമായി കടവിൽ കാത്തിരിക്കുന്നു.
തുരുത്തിലെ ചലനങ്ങളിലേക്ക്  നോക്കിക്കൊണ്ട് ,കാറ്റും നിലാവും വിടർന്ന ദ്വീപിൽ ഏതോ കാലത്തിൽ ഞാൻ സ്തംഭിച്ചു നിന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക