ന്യൂയോർക്ക്: വസ്തുതയോട് പുലബന്ധമില്ലാത്ത ആക്ഷേപങ്ങൾ,ആധികാരികമെന്ന് തോന്നും വിധം അവതരിപ്പിച്ച മലയാള മനോരമ പത്രത്തിലെ മുഖപ്രസംഗത്തിനാണ് അക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കനത്തഭാഷയിൽ മറുപടി നൽകിയത്. ആഡംബര ഹോട്ടലുകളിൽ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തുന്നതിന്റെ വലിയ ചിലവ്, സ്പോൺസർഷിപ്പിന് നൽകിയ വാഗ്ദാനം എന്നിങ്ങനെയുള്ള തലക്കെട്ടുകളുടെ സത്യാവസ്ഥ വിവരിക്കുക എന്ന ഉദ്ദേശത്തോടെയാണ് താൻ സംസാരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്.
മറ്റു മേഖലാസമ്മേളനങ്ങൾക്ക് ഉണ്ടാകാത്ത വിവാദം,അമേരിക്കയിലെ സമ്മേളനത്തിന് ഉണ്ടാക്കിയത് ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അത് അമേരിക്കൻ മലയാളികളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.
സർക്കാരിന് പുറത്തുള്ളവർ പണംപിരിച്ച് നടത്തുന്ന ധൂർത്ത് എന്ന പേരിൽ പ്രതിപക്ഷം ലോകകേരള സഭ ബഹിഷ്കരിച്ചിരുന്നു. കേരളത്തിനുള്ളിൽ നടക്കുന്ന സമ്മേളനങ്ങളുടെ ചിലവുകൾ പൂർണമായും സർക്കാരാണ് വഹിച്ചതെന്നും, അവിടെ കേരളത്തിന്റെ അതിഥികളായി എത്തിച്ചേർന്നവർക്ക് അതറിയാമല്ലോ എന്നും സദസ്സിനോട് അദ്ദേഹം ചോദിച്ചു.എന്നാൽ, മേഖലാസമ്മേളനങ്ങൾ ആരംഭിച്ചതുമുതൽ അതാത് മേഖലയിൽ ഉള്ളവരാണ് അത് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.'ദുബൈയിലും ലണ്ടനിലും അങ്ങനെയാണ് നടത്തിയത്.
നോർക്ക റൂട്സിന്റെ ഡയറക്ടർമാർ സർക്കാരുമായി ബന്ധപ്പെട്ടവരല്ല, കേരളവുമായി സഹകരിച്ച് എല്ലാ നല്ല കാര്യങ്ങൾക്കും പ്രവർത്തിക്കുന്നവരാണ്.' അദ്ദേഹം പറഞ്ഞു.
വേദിയിലേക്ക് എത്തുമ്പോൾ തനിക്ക് ചുറ്റും നിന്നവർ,അതിനുവേണ്ടി എത്ര ലക്ഷം കൊടുത്തു എന്ന് തനിക്കറിയില്ല എന്നും സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിനൊരു കൊട്ടായി മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.തദവസരത്തിൽ സദസ്സിൽ നിന്ന് നിറഞ്ഞ കയ്യടി ഉയർന്നു.
നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിച്ച് തന്നെ ഇകഴ്ത്താൻ ശ്രമിക്കുമ്പോൾ,അത് ബാധിക്കുന്നത് കേരളമെന്ന സംസ്ഥാനത്തെയാണെന്നും പിണറായി തുറന്നടിച്ചു.നാടിന്റെ സംസ്കാരമാണ് അവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പല്ലിടകുത്തി മണപ്പിക്കുന്നു എന്ന നാടൻ പ്രയോഗമാണ് അത് വിശദീകരിക്കാൻ മുഖ്യമന്ത്രി പ്രയോഗിച്ചത്.
കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരും വലിയ ഹോട്ടലുകളുടെ ഭാഗമായുള്ള ഹാളുകളിൽ സമ്മേളനങ്ങൾ നടക്കാറുണ്ടെന്നും കാലം മാറിയെന്നും,ടൈംസ് സ്‌ക്വയറിനടുത്ത് സ്ഥിതിചെയ്യുന്ന രണ്ടായിരം മുറികളുള്ള ഒരു കെട്ടിടം, ന്യൂയോർക്കിൽ നടക്കുന്ന മേഖലാസമ്മേളനത്തിന് തിരഞ്ഞെടുത്തതിൽ എന്താണ് പുതുമയെന്നും അദ്ദേഹം ആരാഞ്ഞു. ഒരു സമ്മേളനത്തിന് സ്‌പോൺസർഷിപ്പ് ഇതാദ്യമായാണോ എന്നും ഈ വിവാദം അഴിച്ചുവിട്ടവർ നടത്തുന്ന പരിപാടികൾ റബറിന്റെ കാശെടുത്ത് നടത്തുകയാണോ,അതിനും സ്‌പോൺസർ ഇല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
'കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കൊപ്പം സമയം ചിലവഴിക്കാൻ, ഒരാൾ നൽകുന്ന പണം മാനദണ്ഡമാകുന്നത് എങ്ങനെ' എന്ന തലക്കെട്ടിന്റെ അടിസ്ഥാനം ആക്ഷേപിക്കുക എന്നത് മാത്രമാണെന്നും പിണറായി അഭിപ്രായപ്പെട്ടു.ഇല്ലാത്ത കാര്യം പടച്ചുണ്ടാക്കി ആളുകളോട് ആവർത്തിച്ച് പറഞ്ഞ് മോശമായ ചിത്രം ഉണ്ടാക്കാൻ കഴിയുമോ എന്ന് നോക്കുകയാണ് അവരെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊഴുപ്പുകൂടിയ സമ്മേളനം നടത്തി പ്രവാസികളുടെ പണം ധൂർത്തടിക്കരുതെന്ന് സർക്കാരിനെ മുഖപ്രസംഗത്തിൽ ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കളിയാക്കിക്കൊണ്ട് പറഞ്ഞു.താമസസൗകര്യം,ഭക്ഷണം,സമ്മേളനം നടത്താനൊരു വേദി എന്നതിൽ കവിഞ്ഞ് ഒരു ധൂർത്തും പ്രസ്തുത സമ്മേളനവുമായി ബന്ധപ്പെട്ട് തന്റെ കണ്ണിൽ കാണുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ലോകകേരളസഭയുടെ സാമ്പത്തിക ഇടപാടുകൾക്ക് സുതാര്യത ഉറപ്പാക്കണം എന്നുള്ള ആവശ്യത്തിന് 'സുതാര്യതയേ ഉള്ളൂ'എന്നാണ് പിണറായി മറുപടിയായി പറഞ്ഞത്.പ്രവാസികളുടെ അന്തസ്സിന് വിലയിട്ടുകൂടാ എന്നുള്ള പരാമർശത്തിന് പ്രവാസികളെ എല്ലാ മാന്യതയോടെയും ആദരവോടെയും മാത്രമേ സംസ്ഥാനം പരിഗണിച്ചിട്ടുള്ളു എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. മലയാള മനോരമയിലെ ലേഖകന്റെ അല്പത്തമാണ് എഴുത്തിലൂടെ വ്യക്തമാക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
പണത്തിന്റെ തുലാസുകൊണ്ട് തൂക്കുന്നത് മലയാളികൾക്ക് ആകെ അപമാനം എന്ന് എഴുതിയിരിക്കുന്നത് ഞരമ്പുരോഗത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പാണ് മലയാള മനോരമ കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കുശുമ്പ് ആ പത്രമാണ് തിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെ സദസ്സിന് മുന്നിൽ പറയുമ്പോൾ ഭാഷയ്ക്ക് മിതത്വം വേണമെന്നതുകൊണ്ടാണ് ഇത്തരത്തിൽ വാക്കുകൾ മയപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത് സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി
നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)
അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ഐ.എ.എസ്)
വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത്
മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)
ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി
ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ
വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം
ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(എ.എസ് ശ്രീകുമാര്‍)