പിണറായി വിജയന്‍ രണ്ടാംപ്രാവശ്യവും അധികാരമേറ്റപ്പോള്‍ പറഞ്ഞ ഒരുകാര്യം വീണ്ടും ഓര്‍മ്മിപ്പിക്കയാണ്. അദ്ദേഹം പറഞ്ഞത് നവകേരളം സൃഷ്ടിക്കുമെന്നാണ്. ഇത് എല്ലാമലയാളികളെയുംപോലെ എന്നെയും ആവേശഭരിതനാക്കി. ക്യാപ്ടന്‍തന്നെ കേരളത്തെ നയിക്കട്ടെയെന്ന് ആശംസിച്ച് ഞാനെഴുതിയ ലേഖനം വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടെന്ന് കരുതട്ടെ. അദ്ദേഹം പിന്നെയുംചില വിലകൂടിയ വാഗദാനങ്ങള്‍ കേരളീയര്‍ക്ക് നല്‍കുകയുണ്ടായി. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മനസിലാക്കി സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കണമെന്നും എല്ലാം ശരിയാക്കാമെന്നും മുഖ്യമന്ത്രിയായി ചാര്‍ജെടുത്ത പിണറിയി വിജയന്‍ പറഞ്ഞു. ഇതെല്ലാം അദ്ദേഹം മറന്നെങ്കിലും ജനങ്ങള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു.
നവകേരളം അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ നരകകേരളമായി മാറിയിരിക്കുന്നു. വിലക്കയറ്റംമൂലം കേരളത്തിലെ സാധാരണക്കാരന്‍ ജീവിക്കാന്‍ പാടുപെടുന്നത് അമേരിക്കന്‍ മലയാളയായ എന്നെ സംബന്ധിച്ച വിഷയമല്ല. കാരണം ഇവിടെയും സാധനങ്ങളുടെ വില കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരട്ടിയിലും അധികമായി തീര്‍ന്നിരിക്കയാണ്. പണപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടെങ്കിലും അമേരിക്കന്‍ മലയാളി പരിഭവങ്ങളൊന്നും ഇല്ലാതെ ഇവിടെ ജീവിക്കുന്നു. ഇവിടെ നിയമവാഴ്ച്ചയുണ്ട്., നിയമത്തെ അനുസരിച്ച് ജീവിക്കുന്നവന് ഭയപ്പെടാനൊന്നുമില്ല. കേരളത്തിലെ സ്ഥിതി അതല്ലല്ലോ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നിത്യവും നടക്കുന്ന അതിക്രമങ്ങളെപറ്റിയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ മലയാളപത്രങ്ങളിലൂടെ വായിക്കുന്നുണ്ട്. കുറ്റവാളികള്‍ കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നില്ല. താങ്കളുടെ പാര്‍ട്ടിനേതാക്കന്മാര്‍ അവരെ സംരക്ഷിച്ചുകൊള്ളും. പിന്നെ അവര്‍ക്കെന്ത് പേടിക്കാന്‍?
താങ്കള്‍ക്കും പാര്‍ട്ടിക്കുമെതിരെ വരുന്ന അഴിമതി ആരോപണങ്ങളുടെ നിജസ്ഥിതി ഞങ്ങള്‍ക്കറിയില്ല. അത് അടിസ്ഥാനമില്ലാത്തത് ആണെങ്കില്‍ താങ്കള്‍ നിഷേധിക്കണമായിരുന്നു. അതുണ്ടായിട്ടില്ല. അപ്പോള്‍ ഞങ്ങള്‍ എന്താണ് വിചാരിക്കേണ്ടത്?
കേരളമിന്ന് ഒരു മാലിന്യക്കൂമ്പാരമാണ്. എവിടെയും പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍. മാലിന്യം സംസ്‌കരിക്കാന്‍ യാതൊരു പദ്ധതിയും താങ്കളുടെ സര്‍ക്കാരിനില്ല. ബ്രഹ്മപുരം മാലിന്യക്കൂമ്പാരം കത്തിയപ്പോള്‍, കൊച്ചിനിവാസികള്‍ വിഷപ്പുക ശ്വസിച്ചപ്പോള്‍ താങ്കളുടെ മന്ത്രിമാര്‍ അതിനെ അമേരിക്കയിലെ അലബാമയില്‍ സംഭവിച്ച തീപിടുത്തിനോട് ഉപമിച്ച് ന്യായീകരിക്കാനാണ് ശ്രമിച്ചത്. അമേരിക്കയില്‍ എങ്ങനെയാണ് മാലിന്യസംസ്‌കരണം നടത്തുന്നതെന്ന് പഠിക്കാന്‍ ഇപ്പോള്‍ ഇവിടെവന്ന അവസരം വിനിയോഗിക്കണമെന്ന് താത്പര്യപ്പെടുന്നു.
കേരളത്തിലെ തോടുകളും നദികളും മലീമസമാണ്. മാലിന്യം വലിച്ചെറിയുന്ന മലയാളികളുടെ സംസ്‌കാരത്തെ മാറ്റിപഠിപ്പിക്കാന്‍ താങ്കളുടെ പോലീസ് യാതൊന്നും ചെയ്യുന്നില്ല. കുറ്റം ചെയ്യുന്നവന്‍ എത്രവലിയവനായാലും ഏത് പാര്‍ട്ടിക്കാരനായാലും ഏത് മതസ്തനായാലും ശിക്ഷിക്കപ്പെടണം. അവിടെ വിട്ടുവീഴ്ച്ച പാടില്ല.
കഴിഞ്ഞ പ്രവശ്യം ഞാന്‍ കേരളത്തില്‍വന്നപ്പോള്‍ ശാസ്താംകോട്ടയില്‍ ഒരുവീട് വാടകക്കെടുത്താണ് താമസിച്ചത്. അതിന്റെ ചുറ്റുപാടിലുമായി മൂന്നോനാലോ ക്ഷേത്രങ്ങളും അഞ്ചാറ് മുസ്‌ളീം ദേവാലയങ്ങളും ഉണ്ടായിരുന്നു. അവയെല്ലാംകൂടി ലൗഡ്‌സ്പീക്കറിലൂടെ നടത്തുന്ന ശബ്ദകോലാഹലം എന്നെ ഭ്രാന്തിന്റെ അവസ്തയിലേക്കിത്തിച്ചു. രാവിലെ അഞ്ചുമണിക്ക് തുടങ്ങുന്ന ആക്രോശം അവസാനിക്കുന്നത് രാത്രി പത്തുമണിക്കാണ്. ഒരു പത്രംവായിക്കാന്‍പോലും എനിക്ക് സാധ്യമായിരുന്നില്ല.
ശബ്ദമലിനീകരണത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരുനിവേദനം അയച്ചു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ കൊല്ലം പി ഡബ്‌ളിയു ഡി ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍നിന്നും എനിക്കൊരു കത്തുവന്നു. അതില്‍ എഴുതിയിരുന്നത് ശബ്ദമലിനീകരണം അദ്ദേഹത്തിന്റെ ഓഫീസിന്റെ പരിധിയില്‍പെടുന്ന കാര്യമല്ലെന്നും റോഡുകളെപറ്റി എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ നടപടി എടുക്കാമെന്നുമാണ് .ചക്കിനുവെച്ചത് കൊക്കിനുകൊണ്ടു എന്നുപറയുന്നത് ഇതിനെയാണ്. അരിയെത്രയെന്ന് ചോദിച്ചാല്‍ പയറ് അഞ്ഞാഴി. ഇതൊക്കെയാണ് താങ്കളുടെ ഓഫീസിലെ സ്ഥിതി. പിന്നെങ്ങനെ മറ്റ് ഓഫീസുകള്‍ നന്നാവും.
ഞാനെഴുതിയ നിവേദനം താങ്കള്‍ വായിച്ചില്ല., അതില്‍ ഞാന്‍ തങ്കളെ കുറ്റപ്പെടുതതുന്നില്ല. വളരെയധികം തിരക്കുള്ള മുഖ്യമന്ത്രിക്ക് എങ്ങനെ ഒരുപൗരന്‍ എഴുതിയ നിവേദനം വായിക്കാന്‍ സമയംകിട്ടും? അദ്ദേഹത്തിന്റെ പി എ പോലും അത് വായിച്ചില്ല. ഒരു പീയൂണിനെ എല്‍പിച്ച് എതെങ്കിലും ഡിപ്പാര്‍ട്ടുമെന്റിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിച്ചുകാണും. അയാളത് പി ഡബ്‌ളിയു ഡി ഓഫീസിലേക്ക് അയച്ചതാകാം. ഇതൊക്കെയാണ് കേരളത്തിലെ ഓഫീസുകളിലെ അവസ്ഥ. എനിക്ക് പ്രത്യേകിച്ച് പരാതികളൊന്നും ഇല്ല. എതാനും ആഴ്ച്ചകള്‍കഴിഞ്ഞപ്പോള്‍ ഞാന്‍ അമേരിക്കയിലേക്ക് വണ്ടികയറി. ഈ ശബദകോലഹലങ്ങളുടെ മദ്ധ്യത്തിലിരുന്ന് കേരളത്തിലെ കുട്ടികള്‍ എങ്ങനെ പഠിക്കുന്നു എന്നാണ് പ്‌ളെയിനിലിരുന്ന് ഞാന്‍ ചിന്തിച്ചത്.
ഇതാണോ താങ്കള്‍ ഉദ്ദേശിച്ച നവകേരളം. താങ്കളും പാര്‍ട്ടിയുംകൂടി നരകമാറ്റിയ കേരളത്തിലേക്ക് വരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
മിസ്റ്റര്‍ പിണറായി വിജയന്‍. താങ്കള്‍ കേരളത്തിലിരുന്നുകൊണ്ട് അമേരിക്കയെ ഭര്‍ത്സിക്കയും ഇടക്കിടെ ഇവിടേക്ക് വിനോദയാത്ര വരികയും ചെയ്യുന്നതിലെ യുക്തി മനസിലാകുന്നില്ല. താങ്കള്‍ എന്തകൊണ്ട് ചങ്കിലെ ചൈനയിലേക്ക് പോകുന്നില്ല. ഇന്‍ഡ്യയില്‍ ജീവിക്കുകയും നമ്മുടെ ശത്രുരാജ്യമായ ചൈനയെ സ്‌നേഹിക്കുകയും ചെയ്യുന്ന താങ്കളുടെ നയത്തെ ആക്ഷേപിക്കാന്‍ വാക്കുകള്‍ ഇല്ലാഞ്ഞിട്ടല്ല മാന്യതയോര്‍ത്ത് പറയുന്നില്ലന്നേയുള്ളു.
മുറിവാല്.
കഴിഞ്ഞ ഏതാനും ദിസങ്ങളായി ഒരുതരം മന്ദതയിലായിരുന്നു ഞാന്‍. കട്ടപ്പാരക്ക് തലക്കടിയേറ്റപോലെ. ആലോചിച്ചിട്ട് ആദ്യം ഒന്നും പിടികിട്ടിയില്ല. പിന്നീടല്ലേ മനസിലായത് ചിന്താ ജെറോമിന്റെ ഇംഗ്‌ളീഷ് പ്രസംഗം കേട്ടതിന്റെ ആഫ്റ്റര്‍ ഇഫക്റ്റാണന്ന്. അതൊരു അത്ഭുതകരമായ പ്രസംഗമായിരുന്നു. ഷേക്‌സ്പിയറും ബര്‍ണാഡ്ഷായും അവരുടെ കുഴിമാടത്തില്‍കിടന്ന് വിറകൊണ്ടുകാണും.
ചിന്തയെക്കൂടി അമേരിക്കയിലേക്ക് കൊണ്ടുവരേണ്ടതായിരുന്നു. ടൈംസ്‌ക്വയറില്‍ പ്രസംഗിപ്പിക്കേണ്ടതായിരുന്നു. അമേരിക്കയിലെ സഖാക്കള്‍ക്ക് രോമാഞ്ചംകൊള്ളാനുള്ള അവസരമാണ് പിണറായിയും പരിവാരങ്ങളും നഷ്ടപ്പെടുത്തിയത്.
അമേരിക്കയിലെ പ്രാഞ്ചിയേട്ടന്മാരോട്. വെറുതെ എന്തിന് കാശുമുടക്കി പ്രാഞ്ചിയേട്ടന്‍ എന്ന ദുഷ്‌പേര് സമ്പാതിച്ചത്. അധികപ്പറ്റ് പണമുണ്ടെങ്കില്‍ എന്തെല്ലാം നല്ലകാര്യങ്ങള്‍ ചെയ്യാമായിരുന്നു. നാട്ടിലെ വീടില്ലാത്ത പാവങ്ങള്‍ക്ക് വീടുവച്ച് നല്‍കിയിരുന്നെങ്കില്‍ പുണ്യമെങ്കിലും കിട്ടിയേനെ. കഷ്ടം.
samnilampallil@gmail.com