നിശ്ചയം ... ഞാൻ...
നിന്റെ ഇരുണ്ട ഭൂമികയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാവുന്നു
പ്രണയത്തിന്റെ
വിശുദ്ധ പുസ്തകവുമായി
ഇറക്കപ്പെട്ടവൻ
പ്രിയപ്പെട്ട മഗ്‌ദലീനാ...
ഏതൊരു ഊഷരതയിലും
നിന്നിലേക്ക് സ്നിഗ്ദ്ധമായലിയുന്ന- താണെന്റെ ദിവ്യത്വം..
എന്തെന്നാൽ.. ഞാൻ
നിന്റെ ചുംബനങ്ങളിലൂടെ
ദൈവത്തെയറിയുകയും
നാഭിയിലൂടെ
സ്വർഗ്ഗസ്ഥനാവുകയും
വിയർപ്പു തുള്ളികളിൽ നിന്ന്
വീഞ്ഞു രുചിക്കുകയും ചെയ്യുന്നു..
എന്റെ രക്ഷിതാവേ...
അനുഭൂതികളുടെ മേച്ചിൽപ്പുറങ്ങളിൽ
പറുദീസയിലെ ആട്ടിൻ പറ്റങ്ങളെ
കളഞ്ഞു പോയെന്ന
കാരണത്താൽ നീയെന്നെ നക്ഷത്രങ്ങളെപ്പോലെ
പൊള്ളിക്കാതിരിക്കുക..
പ്രേമത്താൽ
ദുർബലമാക്കപ്പെട്ടവനോട്
കരുണ കാണിക്കുകയും
നിന്നെ മറന്നെന്ന പാപത്തെതൊട്ട്
പൊറുത്തു തരികയും ചെയ്യുക....!