അങ്ങനെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപ്‌തി കുറിച്ചു. ടൈംസ് സ്‌ക്വയറിൽ ഏതാണ്ട് അൻപതിനായിരം പേരെ സാക്ഷി നിർത്തി മുഖ്യമന്ത്രി പ്രസംഗിച്ചു. ഏതൊരു കേരളീയനും അഭിമാന മുഹൂർത്തം!
പരിപാടി 2 മണിക്കു തുടങ്ങുമെന്നറിയിച്ചതുകൊണ്ടു കൃത്യ സമയത്തു തന്നെ ഈ ലേഖകൻ അവിടെയെത്തി. അവിടെ ആരെയും കാണാനില്ലാത്തതുകൊണ്ടു വിളിച്ചന്വേഷിച്ചപ്പോൾ 6 മണിക്കു മാത്രമേ പരിപാടി തുടങ്ങുകയുള്ളൂ എന്നറിയിച്ചു. പക്ഷെ അപ്പോഴും മലയാളിയല്ലാത്ത ഒരു സ്ത്രീയുടെ 'ശുഭ മംഗല്യം' എന്ന പാട്ടു കേൾക്കാനായി. അതുകൊണ്ടു പരിപാടി നടക്കുന്ന സ്ഥലം അതുതന്നെ എന്നുറപ്പിച്ചു. അവിടെ സ്റ്റേജിനു മുൻപിലായി ഏതാണ്ട് 250 കസേരകൾ ഒഴിഞ്ഞു കിടന്നിരുന്നു. എന്നാൽ ചുറ്റുപാടുമായി അപ്പോൾ തന്നെ അവിടെ ഏകദേശം അൻപതിനായിരം പേരുണ്ടായിരുന്നു. അവർ മലയാളികളല്ലായിരുന്നു എന്നു മാത്രം. ഇടയ്ക്കു ചിലർ 'മലയാളികളുടെ ജനനായകന് ന്യൂയോർക്കിലേക്കു സ്വാഗതം' എന്ന് മലയാളത്തിലും 'New York Salute The Captain of Kerala' എന്ന് ഇംഗ്ലീഷിലും എഴുതിയ പ്ലാക്കാർഡുകൾ പിടിച്ചിട്ടുണ്ടായിരുന്നു. ഒരു മദാമ്മ ആ പ്ലാക്കാർഡ് വായിച്ചിട്ട്, "എന്താണ് കേരളാ? സോക്കർ ടീമാണോ?" എന്നു ചോദിച്ചത് ചിരിക്കാൻ വക നൽകി.
പിന്നീട് മുഖ്യമന്ത്രി പിണറായി എത്തിയത് ചുറ്റും നിരന്നു നിന്ന തോക്കേന്തിയ പോലീസുകാരുടെ മധ്യത്തിലൂടെയാണ്. സ്റ്റേജിൽ കലാപരിപാടികൾ തകർത്തു. ഏതാനും ചില 'മധ്യവയസ്സികൾ' ചെയ്‌ത യൂട്യൂബ് ഹോം എക്‌സർസൈസ് പ്രേക്ഷകരുടെ ക്ഷമയെ വല്ലാതെ പരീക്ഷിച്ചു. ഏതാണ്ട് 20 മിനിറ്റിലധികം അത് നീണ്ടു. ആ റൂംബാ ചാച്ചാ ഡാൻസിന് കേരള കലാരൂപവുമായി എന്തു ബന്ധമാണുള്ളത് എന്നെനിക്കു മനസ്സിലായില്ല. അതിനു പകരം നമ്മുടെ ഡാൻസ് സ്‌കൂളുകളിലെ കുട്ടികളുടെ സംഘ നൃത്തമായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയി. ടൈംസ് സ്‌ക്വയറിൽ പരിപാടി സംഘടിപ്പിച്ചതു തന്നെ കേരളത്തെപ്പറ്റി അവിടെ വരുന്നവരെ ഉത്ബോധിപ്പിക്കാനാണെന്നാണല്ലോ സംഘാടകർ വിവക്ഷിച്ചത്. എന്നാൽ പിന്നീട് വന്ന തിരുവാതിര ആ വിരസതയ്ക്കു കുറേയെങ്കിലും പരിഹാരമായി.
സ്വാഗത പ്രസംഗം നടത്തിയ മുഖ്യ സ്പോൺസർ പ്രസംഗം നടത്തിയെങ്കിലും 'സായിപ്പിനെ കണ്ടപ്പോൾ കവാത്തു മറന്ന പോലീസുകാരനെ' പോലെ സ്വാഗതം പറയാൻ മറന്നു പോയതു മനസ്സിലാക്കിയ നികേഷ് കുമാർ ആ ചുമതല കൂടി നിർവ്വഹിച്ചു മുഖ്യനെ സന്തോഷിപ്പിച്ചു. സ്‌പീക്കർ ഷംസീറിന്റെ പ്രസംഗം കേട്ടപ്പോൾ യേശു ക്രിസ്തുവിനു മുൻപേ നടന്ന സ്‌നാപക യോഹന്നാനെയാണ് ഓർമ്മ വന്നത്. ഒട്ടും മോശമായില്ല. അമേരിക്കൻ യാത്രയിൽ അദ്ദേഹത്തെ കൂടെ കൂട്ടിയതിൽ മുഖ്യന് തെറ്റ് പറ്റിയിട്ടില്ല.
പിന്നീട് മുഖ്യന്റെ പ്രസംഗമായിരുന്നു. അവിടെ കൂടെയിരുന്ന ലോക കേരള സഭയുടെ പ്രതിനിധികൾക്കിടയിലൂടെ സദസ്സിന്റെ മുൻപിലേക്ക് മുഖ്യനെ ആനയിച്ചത് അതീവ ജാഗ്രതയോടെ പോലീസിന്റെ നിറസാന്നിധ്യത്തിലായിരുന്നല്ലോ. അദ്ദേഹത്തിന് വല്ല സുരക്ഷാ ഭീഷണിയുമുണ്ടായിരുന്നോ എന്നറിയില്ല. അതോ, അതൊക്കെ വെറും 'ഷോ' ആയിരുന്നോ? കാരണം വിശാലമായ സ്റ്റേജിൽ മുഖ്യൻ പ്രസംഗിച്ചുകൊണ്ടു നിന്ന 45 മിനിറ്റു നേരവും ഒരു പോലീസുകാരനെയും അടുത്തെങ്ങും കണ്ടില്ല. എന്തു സുരക്ഷയാണ് മുഖ്യന് അവിടെ നൽകിയത്? ക്രിക്കറ്റ് മാച്ചിൽ ബോൾ എറിയുമ്പോൾ കിട്ടിയാൽ ചാടി പിടിക്കാനായി നിൽക്കുന്നവനെപ്പോലെ മുഖ്യൻ തള്ളി മറിക്കുമ്പോൾ വേണ്ടി വന്നാൽ പിടിക്കാൻ തയ്യാറായി ഷംസീർ തൊട്ടു പുറകിൽ ഒരു കസേരയിൽ ഇരിപ്പിണ്ടായിരുന്നു. അത്ര തന്നെ.
ഉള്ളത് പറയണമല്ലോ, ഇന്നലെവരെ കേരളം എല്ലാത്തിലും നമ്പർ വൺ ആണെന്ന് പറയുന്നത് വെറും തള്ളായിട്ടാണ് കരുതിയിരുന്നത്. എന്നാൽ മുഖ്യന്റെ പ്രസംഗം കഴിഞ്ഞപ്പോഴാണ് അതൊക്കെ സത്യമായിരുന്നല്ലോ എന്ന് തോന്നിയത്. എന്തെല്ലാം വികസനങ്ങളാണ് കേരളത്തിൽ ഈ കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ടുണ്ടായത്! ഇനി എന്തെല്ലാം വികസനങ്ങളും മോഹന പദ്ധതികളും പൈപ്പ് ലൈനിൽ കിടക്കുന്നു! ആരോ സെക്രട്ടറിമാർ എഴുതിക്കൊടുത്തത് മുഖ്യമായും മുഖ്യൻ നോക്കി വായിക്കുകയായിരുന്നെങ്കിലും മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടുള്ള ആ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ നമുക്കൊക്കെ ഇനി അമേരിക്കയിലെ താമസം മതിയാക്കി നാട്ടിൽ പോയാലോ എന്ന് പോലും ചിന്തിച്ചു പോയി.
അഴിമതി തീരെയില്ലാത്ത സംസ്ഥാനമാണ് നമ്മുടേത് എന്നദ്ദേഹം പറഞ്ഞു കേട്ടപ്പോൾ ദേഹത്ത് ഒരു രോമം പോലുമില്ലാത്തവർക്കും രോമാഞ്ചമുണ്ടായി. എന്നാൽ, സർക്കാർ തൊടുന്നതിലും പിടിക്കുന്നതിലുമെല്ലാം അഴിമതി കണ്ടെത്തുന്ന ഉത്തരവാദിത്ത ബോധമില്ലാത്ത പ്രതിപക്ഷം ഇനി എന്നു നന്നാകുമോ!
അത് പോകട്ടെ. ലോക കേരള സഭയുടെ സമാപന സമ്മേളനം ടൈംസ് സ്‌ക്വയറിൽ നടത്തിയതിന്റെ ചെലവ് ഒരാൾ തന്നെ കാൽ മില്യൺ ഡോളറാണ് നൽകിയത്. മുഖ്യ സംഘാടകനായ ശ്രീ മന്മഥൻ സാർ ഈ സമ്മേളന ചരിത്ര മുഹൂർത്തത്തെ ഉപമിച്ചത് അൽപ്പം കടന്നു പോയി. 1969 ജൂണിൽ അമേരിക്കയുടെ മൂന്നു ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ചന്ദ്രനിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ചതുപോലെയാണ് 2023 ജൂണിൽ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി ടൈംസ് സ്‌ക്വയറിൽ വന്നു പ്രസംഗിച്ചത് എന്നാണദ്ദേഹം പറഞ്ഞത്! ഏതായാലും രണ്ടു കൂട്ടരും സുരക്ഷിതമായി മടങ്ങി എന്നതാണ് പ്രധാനം.
ഇങ്ങനെ ചരിത്രം പൊട്ടി വീണ ഈ അപൂർവ്വ മുഹൂർത്തത്തിനു സാക്ഷിയാകാൻ പക്ഷേ മലയാളികൾ ആരുമില്ലാതെ പോയി എന്നതാണ് വിരോധാഭാസം. ഡെലിഗേറ്റുകളായി വേലിക്കുള്ളിൽ ഇരുന്നവരൊഴികെ ആ ടൈംസ് സ്‌ക്വയറിൽ കൂടിയവരിൽ 50 പേരു പോലും മലയാളികൾ ഇല്ലായിരുന്നു എന്നതാണ് സത്യം. സംശയമുള്ളവർ ജനക്കൂട്ടത്തിന്റെ വീഡിയോ എടുത്തിട്ടുള്ളതു സൂം ചെയ്‌തു നോക്കിയാൽ മനസ്സിലാകും. അവിടെയുണ്ടായിരുന്ന സാംസ്‌കാരിക നായകനായ ഒരു മലയാളി പറഞ്ഞത്, "മലയാളികളുടെ അഭിമാനമായ കേരളാ സെന്ററിലോ ക്വീൻസ് കോളേജിന്റെ കോൾഡൻ ഓഡിറ്റോറിയത്തിലോ വച്ചിരുന്നെങ്കിൽ ഹാൾ നിറച്ചു മലയാളികൾ വന്നേനെമായിരുന്നു" എന്നാണ്. ഇത്രയധികം പണം ചെലവാക്കി ടൈംസ് സ്‌ക്വയറിൽ ഇങ്ങനെയൊരു പരിപാടി നടത്തിയതു കൊണ്ട് മലയാളി സമൂഹത്തിന് എന്തു പ്രത്യേക ഗുണമുണ്ടായി എന്നൊരാൾ ചോദിച്ചപ്പോൾ "ചന്ദ്രനിൽ പോയി നോക്കിയെങ്കിലേ അതിന്റെ ഉത്തരം അറിയാൻ പറ്റൂ" എന്നായിരുന്നു അടുത്തുനിന്ന ആളിന്റെ മറുപടി.
എന്തായാലും ഇങ്ങനെ രോമാഞ്ചമണിയിച്ച സംഘാടകർക്കഭിനന്ദനം!