ഇന്നലെ ഒരു മരണ വീട്ടിൽ പോയി. ആ വീടിന്റെ മുറ്റത്ത് ഒരു ഭാഗത്ത് കസേരകളിലായി ആളുകൾ ഇരുപ്പുണ്ട്. അവരുടെ തലമുകളിൽ വെള്ള പന്തൽ കെട്ടിയിട്ടുണ്ട്. വീടിന്റെ ഇടത് വശത്ത് നിന്ന വാഴകൾ മുറിച്ച് കമ്പിവടി കെട്ടി വേലി തീർത്തിട്ടുണ്ട്. പുതുതായി കയറി വന്ന ഞങ്ങളെ കസേരകളിൽ ഇരിക്കുന്നവർ നോക്കുന്നുണ്ട്. ഞാനും അവരെ പ്രസ്സന്നവതിയായി നോക്കി. വീടിന് ഉള്ളിലേക്കും പുറത്തേക്കും ആളുകളുടെ ഒഴുക്കുണ്ട്. മരിച്ചുപോയ ആ അപ്പച്ചൻ ജനസമ്മതനായിരുന്നു എന്ന് ആ കാഴ്ച്ചയിൽ തന്നെ എനിക്ക് മനസ്സിലായി. അടക്കം അടുത്ത ദിവസമാണെങ്കിലും ഈ ദിവസം തന്നെ നല്ല തിരക്ക്.
അപ്പച്ചൻ മൊബൈൽ മോർച്ചറിയിലാണ് കിടക്കുന്നത്. ശാന്തവും സമാധാനവുമായ നിദ്രയിലാണ്. ഞാൻ അടുത്തേക്ക് പോയില്ല. ആ അപ്പച്ചനെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. മരിച്ചു കിടക്കുന്ന ആളെ അടുത്തു പോയി കാണാൻ ധൈര്യക്കുറവുണ്ട്. ഇവൾ എന്ത് കാണാനാണ് ഈ നോക്കുന്നത് എന്ന് ആൾക്കാര് ചിന്തിച്ചാലോ ? ഇവൾ ഇങ്ങേരെ കണ്ടിട്ടുണ്ടോ എന്ന് ചിന്തിച്ചാലോ ! അതുമല്ലെങ്കിൽ മരിച്ചു കിടക്കുന്ന ആള് ‘നീ ഏതാ കൊച്ചേ എന്ന് ചിന്തിച്ചാലോ?’ ഏതായാലും എന്തായാലും ഞാൻ ആ അപ്പച്ചന്റെ ആരുമല്ല. അതുകൊണ്ട് ദൂരെ നിന്ന് ആ മുഖം കണ്ടു. അപ്പച്ചന്റെ വേണ്ടപ്പെട്ടവരെല്ലാം കരച്ചിൽ അടക്കിപ്പിടിക്കാതെ ഉള്ളു തുറന്ന് കണ്ണീർ ഒഴുക്കുകയാണ്. കരഞ്ഞു കരഞ്ഞു എല്ലാവരും ശാന്തരാണ്. അപ്പച്ചന്റെ മറ്റേ വശത്ത് അല്പം മാറി അച്ഛന്മാരും ഗായകസംഘവും ഉണ്ട്. കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും വരുന്നവരെയും കരയുന്നവരെയും മരിച്ചുകിടക്കുന്ന അപ്പച്ചനേയും മാറി മാറി വിരിഞ്ഞ കണ്ണുകളുമായി ആകാംഷയോടെ നോക്കുന്നുണ്ട്.
അതിൽ ഒരുത്തൻ ; എന്റെ മകൻ ചോദിച്ചു , ഇതാണോ സ്വർഗ്ഗത്തിൽ പോയ അപ്പച്ചൻ ?
അതെ.
എന്നിട്ടെന്താ ഈ പെട്ടിയിൽ കിടക്കുന്നത് ?
അപ്പച്ചന്റെ ആത്മാവ് പോയി. ശരീരം ഇവിടെ ബാക്കി.
അവന് ശരീരം ആത്മാവ് എന്നൊന്നും അറിഞ്ഞുകൂടാ. അവൻ പറഞ്ഞു, ‘ ഈ കിടക്കുന്നത് അപ്പച്ചൻ ആണെങ്കിലും അപ്പച്ചൻ ഇവിടെ ഇല്ല സ്വർഗ്ഗത്താണ് എല്ലേ ‘?
അതൊക്കെത്തന്നെ, ഞാൻ പറഞ്ഞു.
അവനും കൂട്ടുകാരും അവരുടെ കുഞ്ഞു തലയിൽ അപ്പച്ചൻ സ്വർഗ്ഗത്ത് പോയതും സങ്കല്പിച്ച് അപ്പച്ചൻ കടന്നുപോയ മരണം എന്ന പ്രതിഭാസത്തെ കൗതുകത്തോടെ നോക്കി കണ്ടു. മമ്മിയും ഡാഡിയും അപ്പച്ചനെ അടുത്തുപോയി കണ്ടു. ഞങ്ങളും ഇവിടെ വന്നു എന്ന് എല്ലാവരും കണ്ടു എന്ന് ഉറപ്പായതിനു ശേഷം ഞങ്ങൾ പുറത്തിറങ്ങി പുറത്തിട്ടിരുന്ന കസേരകളിൽ സ്ഥാനം പിടിച്ചു. മുൻപേ ആ കസേരയിൽ ഇരുന്നവർ ചെയ്തതുപോലെ വീട്ടിലേക്ക് വരുന്നവരെയും പോകുന്നവരെയും ഞങ്ങളും മൗനമായി നോക്കിയിരുന്നു.
ഇവിടെ എല്ലാവരെയും എല്ലാവർക്കും അറിയാം , ഞാൻ മമ്മിയോട് അവിടുത്തെ മനുഷ്യരെ പറ്റി ചെറിയ സമയത്തിനുള്ളിൽ മനസ്സിലാക്കിയപോലെ പറഞ്ഞു. എന്നാൽ അവിടെയുള്ളവരിൽ ഭൂരിഭാഗവും സ്വന്തക്കാരും ബന്ധുക്കാരും ഒക്കെ ആയിരുന്നു. ദൂരെ നിന്ന് വന്ന ഞങ്ങളെയും ഞങ്ങളുടെ ബന്ധക്കാര് എല്ലാവർക്കും പരിചയപ്പെടുത്തുകയും നിഷ്‌കളങ്കമായ സ്നേഹവും ഊഷ്മളതയും ഞങ്ങൾക്കും അവർ കൈമാറുകയും ചെയ്തു.
വിവിധ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ അനുസ്മരണ പ്രസംഗം നടത്തി. ഞങ്ങൾ വ്യത്യസ്ത പാർട്ടിക്കാർ ആയിരുന്നെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്ന് അർത്ഥം വരുന്ന പദങ്ങൾ ഉപയോഗിക്കാൻ എല്ലാവരും തന്നെ ശ്രദ്ധിച്ചു. മുൻപേ പോകുന്നവർ ഭാഗ്യം ചെയ്തവർ എന്നും പറയാൻ മറന്നില്ല. എന്നാൽ ആർക്കും ജീവിച്ചു കൊതി തീരുകയില്ല. ആഗ്രഹങ്ങൾ ഒടുങ്ങുകയുമില്ല എന്നതൊക്കെയാണ് പതപ്പിക്കാത്ത പച്ചയായ ജീവിതയാഥാർഥ്യം. പിണക്കം ഉണ്ടെങ്കിൽ എല്ലാം മറക്കാൻ മരണം എത്തണം എന്നത് വേറെ ഒരു സത്യവും.
കുട്ടികൾ ഓടിക്കളിക്കുന്നുണ്ട്. എന്റെ മകൻ ഇടക്കിടക്കു അപ്പച്ചൻ മരിച്ചു കിടക്കുന്നത് കാണാൻ അകത്തേക്ക് ഓടുന്നുണ്ട്. അപ്പച്ചൻ അവിടെ ഉണ്ടോ അതോ സ്വർഗ്ഗത്ത് മുഴുവനായി പോയോ എന്ന് കാണാനാണോ അവന്റെ ആ പോക്കിന്റെ ഉദ്ദേശം എന്നും അറിയില്ല. അവനും കൂട്ടുകാരും ലോലിപോപ് കഴിച്ച് നാക്കിൽ പറ്റിപ്പിടിച്ച പച്ച ചുമപ്പ് നിറങ്ങൾ പരസ്പരം കാണിക്കുന്നുണ്ട് . പൊങ്ങിച്ചാടുന്നുണ്ട് . ഒരു കുട്ടി തന്റെ വായിൽക്കിടക്കുന്ന പച്ച ലോലിപോപ് കൊടുത്ത് പകരം അടുത്തവന്റെ ചുവന്ന ലോലിപോപ് തരാൻ ആവശ്യപ്പെടുന്നുണ്ട്. ഇത്രെയും നിഷ്ക്കളങ്കത വേറെ എവിടെ ചെന്നാൽ കാണാൻ കഴിയും? ഏത് പ്രായക്കാരിൽ കാണാൻ കഴിയും?
അവിടെ വന്ന് ഇരുന്ന് എല്ലാവരുംകൂടെ കുറേ നേരം സംസാരിക്കുമ്പോൾ എല്ലാം സ്വന്തക്കാരും ബന്ധുക്കാരുമായി. ഈ ലോകത്ത് നമ്മൾ എല്ലാവരും ബന്ധുക്കൾ. പല ദിക്കിലേക്ക് അകന്നു പോകുന്ന ഒരേ മരത്തിന്റെ ശിഖരങ്ങൾ. ആ മരിച്ചുപോയ അപ്പച്ചൻ ശെരിക്കും ജനസമ്മതൻ തന്നെയായിരുന്നു. അപ്പച്ചന്റെ മരണംകൊണ്ട് കുറേ പേരെ കാണാനും സ്നേഹം പങ്കുവെക്കാനും എനിക്കും സാധിച്ചു. മരണവീട്ടിൽ നിന്ന് ചിരിച്ചു കൊണ്ടാണ് യാത്ര പറഞ്ഞിറങ്ങിയത്. സമാധാനപരമായ യാത്ര അപ്പച്ചനും കിട്ടിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. മരണവീട്ടിലാണ് വാശിയും പിണക്കവും ഇല്ലാതെ മനുഷ്യർ കുറച്ചു സമയം ചിലവഴിക്കുന്നത് എന്ന് തോന്നിപ്പോയി.
തിരിച്ചുപോകും വഴി എന്റെ മകൻ അവന്റെ അപ്പച്ചനോട് പറഞ്ഞു ‘ എനിക്ക് വിശക്കുന്നുണ്ട് , മരിച്ചുപോയ അപ്പച്ചന്റെ വീട്ടിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രേം നേരം ഞാൻ വെള്ളം മാത്രം കുടിച്ചാ ഇരുന്നത് അപ്പച്ചാ’! മരണവീട്ടിൽ ചിക്കൻ ബിരിയാണി പ്രതീക്ഷിച്ച കുഞ്ഞിന്റെ നിഷ്ക്കളങ്കത ലോകത്തിന്റെ ഏത് കോണിൽ ചെന്നാൽ കാണാം!