Image

കറുത്തവർക്ക് സൗന്ദര്യമില്ലേ? (വിജയ് സി. എച്ച്)

Published on 13 June, 2023
കറുത്തവർക്ക് സൗന്ദര്യമില്ലേ? (വിജയ് സി. എച്ച്)

സൗന്ദര്യത്തിൻ്റെ പ്രധാന ഘടകം വെളുപ്പു നിറമെന്നു കരുതുന്ന സമൂഹത്തിൽ കറുത്തവർ വിവേചനം നേരിടുന്നുവെന്നതൊരു അപ്രിയസത്യം. സൗന്ദര്യത്തിന് വ്യക്തമായൊരു നിർവചനമില്ലെങ്കിലും, വ്യക്തികളുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചത് വ്യത്യാസപ്പെടുമെങ്കിലും, നിറം കുറഞ്ഞവർ പ്രകൃത്യാ ആരാലും ആകർഷിക്കപ്പെടാൻ സാധ്യതയില്ല. ആരെങ്കിലും വവ്വാൽപ്പൂച്ചെടി വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ടോ? മനോഹരമായ കുറേ കേസരങ്ങളോടെ, നീർമാതളത്തെ വെല്ലുന്ന ചന്തമുണ്ടെങ്കിലും, വവ്വാൽപ്പൂവിൻ്റെ വർണം കറുപ്പല്ലേ!
കരിദിനം, കരിനിയമം, കരിഞ്ചന്ത, കരിമ്പട്ടിക, കറുപ്പു പണം മുതലായവ പൊതുമാധ്യമങ്ങളിലെ മാന്യമായ പദങ്ങളായി തുടരുമ്പോൾ, കറുപ്പ് അഭംഗിയുടെയും, അവലക്ഷണത്തിൻ്റെയും, അവഗണയുടെയും, അല്ലലിൻ്റെയും അടയാളമായി സ്ഥാനം പിടിയ്ക്കുക തന്നെ ചെയ്യും. വെളുത്ത മുത്തിനേക്കാൾ പതിന്മടങ്ങ് വിലയുള്ളതാണ് കറുത്ത മുത്തെന്ന യാഥാർത്ഥ്യം ഒരു കാലഹരണപ്പെട്ട വിലവിവരപ്പട്ടികയായി ഇവിടെ മാറുന്നു.

നിയതി തനിയ്ക്കു നൽകിയത് ഇരുണ്ട ചർമമായതിനാൽ, കുഞ്ഞുന്നാൾ മുതൽ പലതരത്തിലുള്ള പരിഹാസങ്ങളും പിൻതള്ളലുകളും ഏറ്റുവാങ്ങേണ്ടിവന്ന എഴുത്തുകാരിയും, ഗായികയും, അധ്യാപികയുമായ നന്ദാദാസ് തൻ്റെ നിരീക്ഷണങ്ങൾക്കൊപ്പം അനുഭവങ്ങളും പങ്കുവെയ്ക്കുന്നു...
🟥 വെളുപ്പിൻ്റെ സൗന്ദര്യശാസ്ത്രം
വെളുപ്പാണ് മനോഹരമെന്നും, കറുപ്പിന് ചന്തമില്ലെന്നുമുള്ള വിലയിരുത്തലിന് മനുഷ്യന് കാഴ്ചശക്തി ലഭിച്ച നാളോളം പഴക്കമുണ്ട്. വെളുപ്പിനോടുള്ള പ്രണയത്തിൻ്റെ വേരുകൾ ആഴത്തിൽ ഓടിയിരിക്കുന്നതും പരമ്പരാഗതമായി നിലനിന്നുപോരുന്ന ഈ സൗന്ദര്യശാസ്ത്രത്തിലാണ്. സാധാരണക്കാരൻ്റെയും തൊഴിലാളിയുടെയും നിറം പൊതുവെ കറുപ്പായതിനാൽ, സ്വാഭാവികമായും അഭിജാതരുടെയും സമ്പന്നരുടെയും വർണം വെളുപ്പെന്നു വ്യാപകമായി കരുതപ്പെട്ടു. കറുപ്പിന് ഏഴഴകെന്ന് പറയുന്നവരാരും സ്വന്തം കാര്യം വരുമ്പോൾ, ഏഴില്ലെങ്കിലും ഒരഴകു പോലും കറുപ്പിനു നൽകിയിട്ടില്ലെന്നറിയാൻ, കാനേഷുമാരി കണക്കെടുപ്പൊന്നും വേണ്ട, ഈ അനുനയ പഴഞ്ചൊല്ല് പറയുന്നവരുടെ ഭവനങ്ങളിൽ മാത്രം പോയി ഒരു നിറപരിശോധന നടത്തിയാൽ മതി! ഓരോ നിറത്തിനും അതിൻ്റേതായ ഭംഗിയുണ്ടെന്നു പറയുന്നവർക്ക് മാന്യതയുണ്ട്. കാരണം, വെളുപ്പിന് അതിൻ്റെയും, കറുപ്പിന് അതിനുള്ളതുമായ ഭംഗിയേയുള്ളൂവെന്ന സത്യം മാത്രമല്ലേ അവർ പറഞ്ഞുള്ളൂ. എന്നാൽ, വെളുപ്പ് വിറ്റ് കോടികൾ വരുമാനമുണ്ടാക്കുന്ന സൗന്ദര്യവർധകവസ്‌തു നിർമ്മാതാക്കൾക്ക് വ്യാജവേഷങ്ങളൊന്നുമില്ല. കറുപ്പിനോടുള്ള വെറുപ്പ് വർദ്ധിപ്പിക്കുക, 'വെളുപ്പു വിപണി'യിൽ തങ്ങളുടെ കച്ചവടം നിലനിർത്തുക! സൗന്ദര്യവർധകവസ്തു വിപണിയിൽ ഏറ്റവുമധികം ഉപഭോക്താക്കളുള്ളത് ചർമം വെളുപ്പിക്കുവാനുള്ള ലേപനങ്ങൾക്കാണെന്നാണ് അസോഷ്യേറ്റഡ് ചേംബർ ഓഫ് കമേർസ് ഏൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. സമസ്ത മേഖലകളിലും കറുപ്പ് വൈരൂപ്യത്തിൻ്റെ അടയാളമായി ഇത്തരത്തിൽ നിലനിർത്തി കൊണ്ടുപോരുമ്പോൾ, വെളുപ്പിനു മാത്രം വർണത്തിൻ്റെ അഴകളവ് അനുവദിച്ചു നൽകുന്നതിൽ അത്ഭുതമുണ്ടോ? വ്യക്തം, കറുപ്പിൻ്റെ കരുത്തില്ലായ്മ മനുഷ്യ ജീവിതത്തിൻ്റെ സകല തുറകളിലും വാഴ്ത്തപ്പെടുന്നുവെന്ന യാഥാർത്ഥ്യം മറച്ചുവെയ്ക്കാൻ ഭംഗിവാക്കുകൾക്കാവില്ല. ഇരുണ്ട നിറം ഒരു ന്യൂനതയാകുന്നത് മാനസികമോ ശാരീരികമോ ആയി അതിലും വലിയൊരു ഊനം ഒരാൾക്ക് ഇല്ലാതിരിക്കുമ്പോഴാണെന്നും ഒപ്പം ഓർക്കേണ്ടതാണ്. ഓട്ടിസം ബാധിച്ച കറുത്ത കുഞ്ഞിൻ്റെ അമ്മ നിറത്തെക്കുറിച്ചു വേവലാതിപ്പെടാനിടയില്ല. വികലാംഗൻ്റെ ഏറ്റവും വലിയ മോഹം മറ്റുള്ളവരെപ്പോലെ ഒന്നിരിയ്ക്കാനോ നടക്കാനോ ആയിരിയ്ക്കും. നിറത്തെക്കുറിച്ചുള്ള അപകർഷ ചിന്തകളിലേയ്ക്കു വഴുതി വീഴാതെ, കഴിവുകളിൽ അഭിമാനം കൊള്ളുകയും, ഏറ്റവും സുന്ദരമായിരിക്കേണ്ട ഇടം ഹൃദയമാണെന്ന് തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.


🟥 കറുത്തമ്മ പോലും വെളുത്ത സുന്ദരി
ചലച്ചിത്രത്തെ 'ഷോ ബിസിനസ്സ്' എന്നു വിളിയ്ക്കാനാണ് അതിൻ്റെ നിർമാതാക്കൾക്കിഷ്ടം. ലക്ഷങ്ങൾ മുടക്കുന്നവർക്ക് ഇതൊരു പ്രദർശന വ്യാപാരം തന്നെയെന്നതിൽ സംശയമില്ല. മികച്ച ഫീച്ചർ ഫിലീമിനുള്ള പ്രഥമ ദേശീയ പുരസ്കാരം തെന്നിന്ത്യയിലേയ്ക്ക് 'ചെമ്മീൻ' കൊണ്ടുവന്നപ്പോൾ, അതിലെ നായിക മലയാള സിനിമ അതുവരെ ദർശിച്ച നായികമാരിൽ ഏറ്റവും വെളുത്തവളെന്ന് നാം തിരിച്ചറിഞ്ഞു. മലയാളത്തിലെ 'മാസ്റ്റർപീസ്' എന്നും, ഇന്ത്യൻ സിനിമയിലെ 'ക്ലാസ്സിക്' എന്നും ഇന്നും ലോകം വിശേഷിപ്പിയ്ക്കുന്ന പടത്തിലെ ഏക മുഴുനീള കഥാപാത്രമാണ് ഷീല ജീവൻ നൽകിയ കറുത്തമ്മ. ആലപ്പുഴയിലെ ഒരു സാധാരണ മുക്കുവപ്പെണ്ണിന് ഷീലയോളം പളപളപ്പുണ്ടാകുമോയെന്ന് പടം കണ്ടവരിൽ ചിലരെങ്കിലും കുശുകുശുക്കിക്കാണും. സിനിമയ്ക്കാധാരമായ നോവലിൽ കറുത്തമ്മയുടെ യൗവനാംഗങ്ങളെക്കുറിച്ചേ തകഴിച്ചേട്ടൻ എഴുതിയിട്ടുള്ളൂ, കറുത്തമ്മ ഒരു വെളുത്തമ്മയാണെന്ന് എവിടെയും പരാമർശിച്ചിട്ടില്ല. ഇവിടെയാണ് ഷോ ബിസിനസ്സ് എന്ന പരമാർത്ഥത്തിൻ്റെ പ്രസക്തി! കറുത്തമ്മയുടെ നിറം പേരു പോലെ ആയിരുന്നുവെങ്കിൽ, കൊച്ചു മുതലാളിയുടെ പ്രണയത്തിൽ പോലും സൗന്ദര്യം കണ്ടെത്താൻ കഴിയാതെ നമ്മുടെ പ്രേക്ഷകർ ചക്രശ്വാസം വലിയ്ക്കുമെന്ന് 'ചെമ്മീ൯' സംവിധാനം ചെയ്ത രാമു കാര്യാട്ടിന് നന്നായി അറിയാമായിരുന്നിരിക്കണം!


🟥 നിറത്തിൽ കാര്യമില്ലെന്നു പറയുന്നതിലെ കാപട്യം
സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റിപ്പറയാവുന്ന ഒരു പ്രയോഗമാണ് നിറത്തിൽ കാര്യമില്ലയെന്നത്. ആത്മാർത്ഥമായി ഇങ്ങനെ കരുതുന്നവരുണ്ടാകാം, പക്ഷേ നിറത്തിന് മഹത്വം നൽകുന്നവർ തന്നെയാണ് ഏറിയകൂറും. കറുത്ത നിറമുള്ള ഒരാളെ ഗ്ലാമറുള്ള താരമെന്ന് വിശേഷിപ്പിക്കുന്നത് ഇതുവരെ കേരളത്തിൽ കേട്ടിട്ടുണ്ടോ? അല്ലങ്കിൽ, കറുത്തൊരാൾക്ക് നമ്മുടെ സംസ്ഥാനത്ത് ഒരു കരിസ്മാറ്റിക് താരമാകാൻ കഴിയുമോ? അയൽക്കാരൻ്റെ മകൻ കെട്ടിയ പെണ്ണ് ഒരല്പം കറുത്തിരുന്നാൽ, ഓഹ്, സാരമില്ല, മനുഷ്യർ കറുത്തിട്ടും വെളുത്തിട്ടും തന്നെയല്ലേയെന്ന് ആശ്വസിപ്പിയ്ക്കും. കറുപ്പിന് ഏഴഴകാണെന്ന ഭംഗിവാക്ക് ഒപ്പം എത്തുകയും ചെയ്യുന്നു. അതേസമയം സ്വന്തം മകനോ മകൾക്കോ വേണ്ടി തിരഞ്ഞെടുക്കുന്ന കുട്ടി വെളുത്തു തന്നെയിരിക്കണമെന്നാണ് രഹസ്യമായ അജണ്ട! 'കറുപ്പിന് ഏഴഴക്', 'കറുത്തത് കസ്തൂരി, വെളുത്തത് വെണ്ണീറ്' മുതലായ സമാശ്വാസ വാക്കുകളിൽ തൃപ്തിയടയുന്നവരായിരിക്കില്ല കറുപ്പു നിറത്തിൽ പിറന്നവരാരുമെന്നത് തീർച്ചയാണ്. ചൊല്ലുകളുടെയും ഉപമാലങ്കാരങ്ങളുടെയും മേമ്പൊടി ചേർത്ത്, കറുത്തതിനാൽ വിഷമിക്കേണ്ടതില്ലയെന്നു പറഞ്ഞതു കൊണ്ടു മാത്രം സമൂഹം പ്രകടിപ്പിയ്ക്കുന്ന വിവേചനത്തിന് അയവ് വരുമോ? പതിവു രീതി അൽപം പരിഷ്കരിച്ചു, 'കൊക്കിനും തൻ കുഞ്ഞ് പൊൻ കുഞ്ഞ്' എന്നു പറയുന്ന ഒരാളെങ്കിലും നമ്മുടെ നാട്ടിലുണ്ടെങ്കിൽ, ഇപ്പറയുന്ന പദസമുച്ചയങ്ങളിൽ അത്ര കാപട്യമില്ലെന്ന് കരുതാമായിരുന്നു! എന്നാൽ, കറുത്ത കുട്ടിയ്ക്ക് അഭംഗിയുണ്ടായാലും പെറ്റമ്മ അതിനെ കളയില്ലയെന്ന കാക്കയുടെ ഉപമ ജീവിതത്തിൻ്റെ സകല തുറകളിലും നാഴികയ്ക്ക് നാൽപതു വട്ടം ആവർത്തിക്കപ്പെടുമ്പോൾ, ഇളകിയൊലിയ്ക്കുന്നത് ആ കാപട്യത്തിൻ്റെ 'കറുത്ത' മേൽച്ചായമല്ലേ?


🟥 'ബ്ലേക് ബ്യൂട്ടി' പറയുന്നത്
കറുത്ത പെണ്ണുങ്ങൾക്ക് അപൂർവമായി ലഭിയ്ക്കുന്നതാണ് 'ബ്ലേക് ബ്യൂട്ടി' എന്ന പദവി. കറുത്താലും സുന്ദരിയാണെന്നാണ് ഈ ആകർഷക വാക്യത്തിൻ്റെ ലളിതമായ പൊരുൾ. ഇവിടെയും കറുപ്പ് മോശം തന്നെയാണ്; അതിനാലല്ലേ സുന്ദരിയെന്ന പദത്തിനു മുന്നെ ഇങ്ങനെയൊരു ഉപസർഗം നൽകുന്നത്! എന്തുകൊണ്ട് 'വൈറ്റ് ബ്യൂട്ടി' എന്നൊരു സംജ്ഞ പ്രയോഗത്തിലില്ല? വൈറ്റ് എന്നാൽ സുന്ദരി തന്നെ, പിന്നെയെന്തിനാ ബ്യൂട്ടിയുടെ മുന്നെ ഒരു ആവർത്തന ഉപസർഗം, അല്ലേ? മുഖലക്ഷണത്താലും സ്ത്രൈണവ ശരീരാവയവങ്ങളാലും താൻ സുന്ദരിയെന്നു സ്ഥാപിക്കേണ്ട ചുമതല കറുത്തവർക്കേയുള്ളൂ, വെളുത്തവർക്കില്ല. കേവലം നിറം മാത്രം വെളുത്ത സുന്ദരിയുടെ അഴകളവായി കരുതപ്പെടുമ്പോൾ, അവർക്കു തീറെഴുതിയ ആ വർണപ്പകിട്ട് ബ്ലേക് ബ്യൂട്ടിയുടെ സുന്ദരമായ പല്ലുകൾക്കെങ്കിലുമുണ്ടെന്ന യാഥാർത്ഥ്യം വെളുപ്പിൻ്റെ ഷോവനിസ്റ്റുകൾ അറിയുന്നുണ്ടോ? എണ്ണക്കറുപ്പിൻ്റെ ഏഴല്ല, എഴുനൂറ് അഴകുകളും തന്നിലേയ്ക്ക് ആവാഹിച്ചെടുത്തിട്ടുള്ള ആഫ്രിക്കൻ സുന്ദരി ന്യാകിം ഗേറ്റുവച്ച് ലോകസുന്ദരിപ്പട്ടം അണിഞ്ഞതും, വെളുവെളുത്ത മോഡലുകളെ പിന്നിലാക്കി ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങി വാർത്തകളിൽ നിറയുന്നതും വെളുപ്പിൻ്റെ ആരാധകർ അറിയാതെ പോകരുതേ! കറുത്തു പോയതിനാൽ മാത്രം ഒട്ടേറെ കഷ്ടപ്പാടുകൾ നേരിടേണ്ടിവന്ന അവർ സ്വന്തം ഇച്ഛാശക്തിയും അർപ്പണ മനോഭാവവും കൈമുതലാക്കിയാണ് ഉയരങ്ങൾ കീഴടക്കിയത്. നിറം കറുപ്പായതിനാൽ ഇപ്പൊഴുമവർ പല വേദികളിൽവെച്ചും അവഹേളിക്കപ്പെടുന്നുണ്ടാകാം. കാരണം, ഉള്ളുകൊണ്ടു കറുപ്പിനെ അംഗീകരിക്കുവാൻ ഇന്നും ചിലർക്ക് വൈമുഖ്യമാണ്. അമാവാസിയിൽ പൗർണമിയുടെ ചന്തമത്രയും ചാലിച്ചു സ്വയം അതിൽ ലയിച്ച 'കറുത്ത മുത്തേ', നീയാണ് എന്നെപ്പോലെയുള്ളവരുടെ പ്രചോദന സ്രോതസ്സ്‌!


🟥 നിറം നാം തിരഞ്ഞെടുത്തതല്ല
ഒരു കുഞ്ഞിന് ലഭിയ്ക്കുന്ന നിറത്തിന് ജനിതക സ്വഭാവമാണുള്ളത്. മാതാപിതാക്കളുടെയോ അവരുടെ പൂർവീകരുടെയോ പൈതൃകം പുതിയ തലമുറ ആർജിയ്ക്കുന്നു. ഉഷ്ണമേഖലയിൽ ജീവിക്കുന്നവർക്ക് സൂര്യരശ്മിയിൽ അടങ്ങിയിരിയ്ക്കുന്ന അൾട്ര വൈലറ്റ് പ്രസരണം അധികം ഏൽക്കേണ്ടി വരുന്നു. എക്സ്റേയ്‌ക്കും വയലറ്റ്‌ രശ്മികൾക്കും ഇടയിലുള്ള ഈ കിരണങ്ങളുടെ ആഘാതം കുറയ്ക്കാൻ, ശരീരത്തിലെ മെലമോസൈറ്റ് കോശങ്ങൾ മെലാനിൻ എന്നൊരു പദാർത്ഥത്തെ ഉൽപാദിപ്പിയ്ക്കുന്നു. ഒരു പ്രതിരോധ പ്രവർത്തനമെന്നോണം ഉൽപാദിപ്പിയ്ക്കപ്പെടുന്ന മെലാനിൻ്റെ അളവും സ്വഭാവവും എല്ലാവരിലും ഒരുപോലെ ആയിക്കൊള്ളണമെന്നില്ല എന്നതാണ് നിറ വ്യത്യാസത്തിനു നിദാനം. കാരണം, ചർമത്തിനും തലമുടിയ്ക്കും നേത്രങ്ങൾക്കും നിറം നൽകുന്ന വർണവസ്തുവും കൂടിയാണ് മെലാനിൻ. ഈ വസ്തു കൂടുതൽ നിർമിക്കപ്പെട്ട ശരീരം തദനുസൃതമായി കറുത്തിരിയ്ക്കും. അയാളിൽ നിന്നു ജന്മമെടുക്കുന്നൊരാൾക്ക് ഇതേ പാരമ്പര്യം ലഭിയ്ക്കുകയും ചെയ്യുന്നു. തികച്ചും സ്വാഭാവികമായി മനുഷ്യ ശരീരത്തിൽ നടക്കുന്ന ഈ പ്രക്രിയയിൽ ഒരണു വ്യത്യാസം വരുത്താൻ ഒരു ആരോഗ്യ വിദഗ്ദ്ധനോ ഔഷധത്തിനോ കഴിയില്ല. അൾട്ര വൈലറ്റ് രശ്മികൾക്ക് വീര്യം കുറഞ്ഞ ഉത്തരാർധഗോളത്തിലെ രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്ത് പൈതൃകം മാറുന്നത്രയും തലമുറകൾ കാത്തിരിയ്ക്കുകയെന്നതു മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ! കുങ്കുമപ്പൂവിൻ്റെ (സഫ്റോൺ ക്രോക്കസ്) പരാഗണ ഭാഗങ്ങൾ പാലിലിട്ടു കുടിച്ചാൽ ഗർഭസ്ഥ ശിശു വെളുക്കുമെന്നും, ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയുടെ അഴകിനാധാരം ഈ പുഷ്പമായിരുന്നെന്നുമുള്ള ചരിതങ്ങൾ ശരിയെന്നു കരുതാൻ കാരണങ്ങളൊന്നുമില്ല. വാസ്തവവും ശാസ്ത്രവും ഇങ്ങനെയാണെന്നിരിക്കെ, അശ്രദ്ധകൊണ്ടു പറ്റിപ്പോയൊരു മഹാപരാധം പോലെ, കറുത്തവർക്കു നേരെ അപഹാസ, പരിഹാസ ശരങ്ങൾ തൊടുത്തു വിടുന്നത് അത്യന്തം ഹീനമായൊരു പ്രവർത്തിയല്ലേ?


🟥 കറുത്തവരോടെന്തേ പ്രിയക്കുറവ്?
ജനമദ്ധ്യേ ആകർഷക രൂപം പ്രദർശിപ്പിക്കേണ്ടി വരുന്ന എയർഹോസ്റ്റസ്, റിസപ്ഷനിസ്റ്റ്, ഫ്രൻ്റ് ഡെസ്ക് സ്റ്റാഫ്, പബ്ലിക് റിലേഷൻ ഓഫീസർ, കോർഡിനേറ്റർ, ന്യൂസ്കാസ്റ്റർ, പ്രെസൻ്റർ മുതലായ ജോലികളിൽ നിയമനം നിഷേധിക്കപ്പെടുന്നവരാണ് ഇരുണ്ട നിറമുള്ളവർ. ജില്ലാതല വേദികളിൽ തകർത്താടി തൻ്റെ പ്രതിഭ തെളിയിച്ചൊരു വിദ്യാർത്ഥിനിയെ കറുത്തുപോയതുകൊണ്ടു മാത്രം ഒന്നാം സ്ഥാനത്തേക്ക് പരിഗണിക്കാതെപോയ നിർഭാഗ്യകരമായൊരു സംഭവത്തിന് ഈയുള്ളവൾ സാക്ഷിയാണ്. വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ലഭിച്ച പ്രതികരണം, സംസ്ഥാന തലത്തിൽ ആ കുട്ടി തഴയപ്പെടുമെന്നും നർത്തകിമാർ 'ഫെയർ' തന്നെ ആയിരിക്കണമെന്നുമാണ്! ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിൻ്റെ (അപാർത്തീഡ്) അലിഖിത രൂപം സാക്ഷര കേരളത്തിൽ ഇന്നുമുണ്ടെന്നോ? കണ്ണൂർകാരിയായ സയനോര ഫിലിപ്പിനെ മറന്നുവോ? കറുത്തവളായതിനാൽ സകല വേദികളിലും ക്രൂരമായ അവഗണന ബാല്യം മുതൽ ഈ കലാകാരിയ്ക്കു നേരിടേണ്ടിവന്നു. മധുരമായി പാടിയിട്ടും മുഖ്യമായ അവസരങ്ങളെല്ലാം അവർക്ക് നിഷേധിക്കപ്പെട്ടു. വിദ്യാലയത്തിലെ സാധാരണ നൃത്ത സംഘത്തിൽ പോലും സയനോരയെ പ്രവേശിപ്പിച്ചില്ല. ആത്മവിശ്വാസം നൽകി മാതാപിതാക്കളും കുറച്ചു നല്ലവരും അന്ന് അവരുടെ കൂടെ നിന്നതിനാൽ സയനോരയെന്നൊരു പിന്നണിഗായികയും സംഗീത സംവിധായികയുമുണ്ടെന്ന് ഇന്നു നാം അറിയുന്നു! കഴിവിനെ കറുപ്പ് നിർവീര്യമാക്കുന്ന 'പ്രബുദ്ധ കേരളത്തിൽ' മൊട്ടിടാൻ വെമ്പുന്ന എത്രയെത്ര പ്രതിഭകളെ ഇതിനകം തന്നെ നാം മുളയിലേ നുള്ളിക്കളഞ്ഞുകാണും? കഴുത്തറ്റം അപകീർത്തികരമായ ഈ പക്ഷഭേദം ഇനിയും ആവർത്തിച്ചുകൂടാ. മാറേണ്ടത് സമൂഹത്തിൻ്റെ മനോഭാവമാണ്.


🟥 എൻ്റെ അനുഭവങ്ങൾ
ഞാനെത്ര പൗഡർ പൂശിയാലും വെളുക്കുവാൻ പോകുന്നില്ലെന്നു വിധിയെഴുതിയവരും, കറുത്താലും ഞാൻ സുന്ദരിയാണെന്ന് സാന്ത്വനിപ്പിച്ചവരും ഉള്ളിലങ്ങനെ ഉറഞ്ഞു തുള്ളുമ്പോൾ, എൻ്റെ നിറത്തെക്കുറിച്ചു ഞാനെങ്ങനെ എഴുതാതിരിയ്ക്കും? കറുപ്പ് എനിയ്ക്കു നൽകിയ കയ്പ്പുകൾ മുമ്പു പങ്കുവച്ചപ്പോഴൊക്കെയും, ലോകം വർണ്ണവിവേചനം നേരിട്ടിരുന്ന കാലത്തു മാത്രമേ ഈ വിഷയത്തിന് പ്രസക്തി ഉണ്ടായിരുന്നുള്ളൂവെന്നാണ് എന്നോടിഷ്ടമുള്ള ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, ഇന്നലെകളിൽ മാത്രമല്ല ഇന്നും കറുത്തത് കസ്തൂരി ആയിട്ടേയില്ലെന്ന യാഥാർത്ഥ്യം ഈ വിഷയം തുടർന്നുമെഴുതുവാൻ എനിയ്ക്ക് ഇന്ധനം നൽകുന്നു. മറക്കാൻ ശ്രമിക്കുന്തോറും ചൈതന്യം വർദ്ധിക്കുന്നവയാണ് സ്മരണകൾ! ''നീ കറുത്തിട്ടല്ലേ, ഞങ്ങളുടെ അടുത്തിരിക്കേണ്ടാ''എന്നു മുഖത്തു നോക്കി പറഞ്ഞ കൂട്ടുകാരികളാണ് എൻ്റെ സ്കൂൾ ഓർമ്മകൾക്ക് ചുക്കാൻ പിടിയ്ക്കുന്നത്. ക്ഷേത്രങ്ങളിലും വിവാഹച്ചടങ്ങുകളിലും വെളുത്ത പെൺകുട്ടികൾ പൂത്താലം കൈയ്യിലേന്തി ശോഭിച്ചു നിൽക്കുമ്പോൾ, അതിന് അവസരം നിഷേധിക്കപ്പെട്ടു കുറച്ചു പേർ പുറകിലേയ്ക്കു തള്ളിമാറ്റപ്പെട്ടു. കണ്ണീരൊഴുക്കി നിന്ന ആ കറുത്ത പെൺകുട്ടികളിൽ ഒരാൾ ഞാനായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഒരു ചെറിയ ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു. ഷൂട്ടിന് ഒരുങ്ങി വരണമെന്ന നിർദ്ദേശം ലഭിച്ചപ്പോൾ, മേക്കപ്പ് റൂമിലേയ്ക്കു ചെന്നു. പക്ഷെ, എത്ര പുട്ടിയിട്ടാലും വെളുക്കുന്നതല്ല എൻ്റെ നിറമെന്നായിരുന്നു ബ്യൂട്ടീഷ്യൻ്റെ കൊള്ളിവാക്ക്. മിഴിനീർവാർത്തു വീട്ടിലേയ്ക്കു മടങ്ങാനേ എനിയ്ക്കു കഴിഞ്ഞുള്ളൂ. കാട്ടുചേമ്പിൻ്റെ കരിംതാൾ പോലെ കറുത്തവളെന്ന വിശേഷണം എനിയ്ക്ക് അനുവദിച്ചു കിട്ടിയത് വിവാഹാനന്തരമാണ്. വെളുത്ത നിറമുള്ളൊരു സ്ത്രീ തൻ്റെ കൈത്തണ്ട എൻ്റേതിനോടു ചേർത്തുവച്ചു താരതമ്യപ്പെടുത്തി വ്യംഗ്യാർത്ഥത്തിൽ ചിരിച്ചതും എൻ്റെ ഹൃദയത്തിൽ തുളച്ചുകയറിയ മറ്റൊരു കൂരമ്പാണ്. നിറലാവണ്യം ചിലർക്കു മാത്രം നൽകിയ അതേ നിയതിയുടെ കാരുണ്യമാണ് എൻ്റെയും രൂപം. നമുക്കൊന്നും തിരഞ്ഞെടുക്കുവാൻ കഴിയില്ലല്ലൊ. എൻ്റേതല്ലാത്ത അപരാധത്തിന് എനിക്കെതിരെ തൊടുത്തുവിടപ്പെട്ട ആയിരം ആഗ്നേയാസ്ത്രങ്ങൾ എൻ്റെ മനസ്സിനേൽപിച്ച പൊള്ളലുകളിൽ നിന്ന് മോചനം ലഭിയ്ക്കണമെങ്കിൽ ഈ കറുത്ത മേനി തന്നെ മണ്ണോടു മണ്ണടിയണം!
------------------------------------- 

കറുത്തവർക്ക് സൗന്ദര്യമില്ലേ? (വിജയ് സി. എച്ച്)
കറുത്തവർക്ക് സൗന്ദര്യമില്ലേ? (വിജയ് സി. എച്ച്)

കറുത്തവർക്ക് സൗന്ദര്യമില്ലേ? (വിജയ് സി. എച്ച്)

Join WhatsApp News
Tom 2023-06-13 12:08:43
WH press secretary a cute,smart black lady in my opinion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക