കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക്, കൊല്ലം വിട്ട് മറ്റ് ജില്ലകളിലേക്ക് പോകുമ്പോഴ്, "ഇന്ത്യൻ കോഫി ഹൗസ് " എന്ന ബോർഡ് കാണുന്നത് സ്വന്തം വീട് കാണുന്ന മാതിരിയാണ്. അറിയാവുന്ന ആരെയൊക്കെ പോലെ. ഒരുപാട് അടുപ്പമുള്ള ഒരു ഇടം പോലെ.
സ്വന്തം വീട്ടിലെ ഭക്ഷണം എന്തൊക്കെയാണെന്ന് അറിയാവുന്ന പോലെ തന്നെ, ഇന്ത്യയിലെ എവിടെയുള്ള കോഫി ഹൗസിലും എന്തൊക്കെ കിട്ടും എന്ന് നമുക്കറിയാം. പ്രതീക്ഷിക്കുന്നത് തന്നെ പ്രതീക്ഷിക്കുന്ന രുചിയിൽ. കൂടാതെ തൊപ്പിയൊക്കെ വെച്ച് അടിപൊളിയായി serve ചെയ്യുന്നവരും.
എങ്ങും കിട്ടാത്ത ബീട്രൂട്ട് മസാലദോശ ഇവിടെ കിട്ടും. മറ്റെവിടെയും ഇല്ലാത്ത ബീഫ് ഓംലെറ്റ് ചിക്കൻ ഓംലെറ്റും കിട്ടും. ബീട്രൂട്ടിട്ട കട്ട്ലറ്റ് കിട്ടും. ബീറ്റ്റൂട്ട് ഇല്ലാത്ത കോഫി ഹൗസ് ഇല്ല. അത് പൂരിമസാല ആയിക്കോട്ടെ, മറ്റെന്തും ആയിക്കോട്ടെ.
ഭക്ഷണം നന്നായി ഭക്ഷണം മോശമായി എന്നൊന്നും പറയാൻ ഇടവരാതെ പ്രതീക്ഷിക്കുന്ന ഭക്ഷണം കിട്ടുന്ന ഇടം. കൊല്ലത്തെ കോഫി ഹൗസ് അടച്ചു പൂട്ടുകയാണ്. ഈ മാസം അവസാനം വരെ മാത്രം. എന്തോ ഇന്ന് അവിടെ ചെന്നപ്പോൾ ആകെ ഒരു വല്ലായ്മ.
ഒരു കോഫി മേടിച്ച് എത്ര നേരം വേണമെങ്കിലും ഇരിക്കാൻ പറ്റിയ ഒരിടം കൊല്ലത്തിന് നഷ്ടമാവുകയാണ്.