ആര് എന്തൊക്കെ പറഞ്ഞാലും 'ലോക കേരള സഭയ്ക്ക്' ആകെപ്പാടെ ഒരോളമുണ്ടായിരുന്നു എന്നു സമ്മതിക്കാതെ തരമില്ല. ഡോ. അനിരുദ്ധന്റെ കൂര്‍മ്മബുദ്ധിയും, ശ്രീ മന്മഥന് നായരുടെ മികച്ച സംഘടനാ പാടവവും, ഡോ. ബാബു സ്റ്റീഫന്റെ 'ബി നിലവറ' തുറന്നുള്ള സംഭാവനയും ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍, സംഘാടകര്‍ ഉദ്ദേശിച്ചതുക്കും മീതെ, അവരെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, ഒരു മികച്ച 'ഷോ' നടത്തുവാന്‍ സാധിച്ചു എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.
ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ശുക്രദശയാണെന്നു മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമൊന്നുമില്ല. അല്ലാതെ ഇടംവലം നോക്കാതെ, വേണ്ട യാത്രാസൗകര്യങ്ങളെല്ലാം ഇന്ത്യന്‍ എംബസി മുഖേന കേന്ദ്ര ഗവണ്മെന്റ് ചെയ്തുകൊടുക്കുമോ? കാനഡായില്‍ നിന്നെത്തിയ പുകപടലങ്ങള്‍, അദ്ദേഹം ന്യൂയോര്‍ക്കില്‍ ലാന്‍ഡ് ചെയ്യുന്നതിനു മുമ്പുതന്നെ അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകുമോ? എതിരാളികളുടെ 'മാന്‍ഡ്രേക്ക് എഫക്ട്' എന്ന പരിഹാസത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് 'മാന്‍ഡ്രേക്ക്, ദ മജീഷ്യന്‍' എന്ന പ്രതിഭാസമാണ് ന്യൂയോര്‍ക്കില്‍ പിണറായി വിജയന് പ്രകടിപ്പിച്ചത്.
'ലോക കേരള സഭ'യില്‍ പല പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു. ഭാഷാഭംഗികൊണ്ടും, അവതരണശൈലി കൊണ്ടും അവ ശ്രദ്ധിക്കപ്പെട്ടു എന്നു വാര്‍ത്തകളില്‍ നിന്നു മനസിലായി. പ്രത്യേകിച്ചും ചീഫ് സെക്രട്ടറിയുടെ 'പുതു തലമുറ അമേരിക്കന്‍ മലയാളികളും, സാംസ്കാരിക പ്രചാരണ സാധ്യതകളും' എന്ന വിഷയം. ഇതുകൊണ്ട് ഒരു കാര്യവുമില്ലെന്നും, ഇതിന് ഒരു സാധ്യതയും ഇല്ലെന്നും അവതാരകന് അറിയില്ലെങ്കില്തന്നെയും, അമേരിക്കന്‍ മലയാളികള്‍ക്ക് നന്നായി അറിയാം.
അമേരിക്കയില്‍ ഇത്രയധികം കമ്യൂണിസ്റ്റ് അനുഭാവികളായ വമ്പന്‍ മുതലാളിമാരുണ്ടെന്ന്, ഈ സമ്മേളനത്തില്‍ പങ്കെടുത്ത് ആവേശഭരിതമായ മുദ്രാവാക്യം മുഴക്കുന്നവരുടെ ടി.വി ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് മനസിലായത്. സംഘടാകരെ പോലും പിന്നോട്ട് തള്ളി, ചിലര്‍ ഒരു കാര്യവുമില്ലാതെ മുഖ്യമന്ത്രിയുടെ ഫോട്ടോ ഫ്രെയിമില്‍ വരത്തക്കവിധം, സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഇടിച്ചുകയറി, മുഖ്യമന്ത്രിയുടെ തൊട്ടു പിന്നില്‍ നില്ക്കുവാന് തത്രപ്പെടുന്നത് കണ്ടപ്പോള്‍, സത്യത്തില്‍ അവരോട് സഹതാപം തോന്നി.
പല പ്രാഞ്ചികളുടേയും, വേഷവിധാനങ്ങള്‍ കണ്ടപ്പോള്‍, പഴയ 'ഇന്ത്യന്‍ കോഫി ഹൗസി'ലെ സപ്ലെയേഴ്സിന്റെ രൂപം ഓര്‍മ്മയില്‍ ഓടിയെത്തി.
ഈ സമ്മേളനംകൊണ്ട് അവനവന്റെ കാര്യംനോക്കി ജീവിക്കുന്ന സാധാരണ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു ഗുണവുമില്ല, ദോശഷവുമില്ല.
ഫൊക്കാന- ഫോമ സമ്മേളനം പോലെ, ഇതും അമേരിക്കന്‍ മലയാളികള്‍ക്ക് ഒരുമിച്ച് കൂടുവാനും, പരിചയം പുതുക്കുവാനും, സൗഹൃദം പങ്കിടാനുമുള്ള ഒരു വേദി. 'ലോക കേരള സഭാ സമ്മേളനം' എല്ലാവര്‍ഷവും അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ വച്ചു നടത്തണമെന്നുള്ള അഭിപ്രായമാണ് ഇപ്പോള്‍ എനിക്കുള്ളത്.
പ്രസംഗമാകുമ്പോള് പലതും പറയും; ചില അവകാശവാദങ്ങളും നടത്തും. അതിന്റെ മെറിറ്റിനെപ്പറ്റി നമ്മള് അധികം ആശങ്കപ്പെടേണ്ട കാര്യമില്ല. കാണികളുടെ കൂട്ടത്തിലിരുന്ന് വെറുതെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചാല്‍ മതി. ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ശൈലിയും, അവതരണവും വളരെ മികച്ചതായിരുന്നു.
മുഖ്യമന്ത്രിക്ക് ടൈംസ് സ്ക്വയറില്‍ ഇരിക്കുവാന് കൊടുത്ത കസേരയെപ്പറ്റി, ചിത്രങ്ങള്‍ സഹിതം പലരും ആക്ഷേപം ഉന്നയിക്കുന്നത് കണ്ടു.
ഒരുകാര്യം ഉറപ്പാണ്. കോണ്‍ഗ്രസിലെ ഈ തൊഴുത്തില്‍കുത്തും, തമ്മിലടിയും തുടരുന്നിടത്തോളം കാലം, ഏതു കസേരയില്‍ ഇരുന്നാലും, പിണറായി വിജയന്റെ അധികാര കസേര ഇളകുവാന്‍ പോകുന്നില്ല.
കേരളാ മുഖ്യമന്ത്രി ബഹുമാനപ്പെട്ട പിണറായി വിജയന്, സമുചിതമായ ഒരു സ്വീകരണം ഒരുക്കിയതില്‍ സംഘാടകര്‍- പ്രത്യേകിച്ച് ഡോ. അനിരുദ്ധന്, ശ്രീ മന്മഥന് നായര്‍, ഡോ. ബാബു സ്റ്റീഫന്‍ - വിജയിച്ചു എന്നുതന്നെ പറയാം.
അഭിനന്ദനങ്ങള്‍!
#lokakeralasabha