Image

അരിക്കൊമ്പന്‍, കാട്ടുപോത്ത്, ഒന്നും പോരാഞ്ഞ് ഹനുമാന്‍ കുരങ്ങും ( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 14 June, 2023
അരിക്കൊമ്പന്‍, കാട്ടുപോത്ത്, ഒന്നും പോരാഞ്ഞ് ഹനുമാന്‍ കുരങ്ങും ( ദുര്‍ഗ മനോജ് )

ഏറ്റവും പെട്ടെന്നു ചീഞ്ഞു പോകുന്നതെന്ത് എന്നു ചോദിച്ചാല്‍ പ്രധാന വാര്‍ത്തകള്‍ എന്നാണ് ഉത്തരം. അനുനിമിഷമാണ് തലക്കെട്ടുകള്‍ പുതിയതിനു വഴിമാറുന്നത്. എന്നാല്‍ ചിലത് എത്ര ദിവസം കഴിഞ്ഞാലും മാറിയും മറിഞ്ഞും വാര്‍ത്താപ്രാധാന്യം നേടി സ്ഥിരമായി നില്‍ക്കും. അതില്‍ പ്രധാനിയാണ് അരിക്കൊമ്പന്‍. പി ടി സെവന്‍ എന്ന കൊലക്കൊമ്പനെ തളച്ച് തടിക്കൂട്ടിലാക്കിയ പോലെ സിംമ്പിളായിരുന്നില്ല അരിക്കൊമ്പന്റെ കാര്യം. അവന്‍ മനുഷ്യരെ രണ്ടു തട്ടിലാക്കി. ചില പ്രകൃതി എഴുത്തുകാര്‍ ഒറ്റ വെടിക്കവനെ കൊല്ലണം എന്ന് ആക്രോശിക്കുന്നതും, ചില ആനവാദികള്‍ തമിഴ്‌നാട്ടില്‍ ചെന്ന് അവനു വേണ്ടി കേസു കൊടുത്തതും നമ്മള്‍ കണ്ടു. എങ്ങാനും ബിരിയാണി കിട്ടിയെങ്കിലോ എന്നു കരുതി മാധ്യമങ്ങള്‍ ഇന്നും, കമ്പോള നിലവാരം കൊടുക്കുന്ന പോലെ 'അരിക്കൊമ്പന്‍ ഇന്ന് ' എന്ന തലക്കെട്ടില്‍ അവന്റെ സഞ്ചാരപഥം എഴുതി കോരിത്തരിക്കുന്നു.

അപ്പോഴാണ്, ആനകള്‍ക്കു മാത്രമല്ല, ഞങ്ങള്‍ക്കുമുണ്ട് ഹേ കൊമ്പുകള്‍ എന്ന വെല്ലുവിളിയുമായി കാട്ടുപോത്തുകള്‍ നാട്ടുപോത്തുകളെപ്പോലെ നാട്ടുകാരുടെ നെഞ്ച് വെട്ടിപ്പൊളിക്കാന്‍ റബര്‍ തോട്ടങ്ങളില്‍ ഗറില്ലായുദ്ധം നടത്താന്‍ തുടങ്ങിയത്. അരിക്കൊമ്പന്റെ പരിപാടികള്‍ക്കൊപ്പം കാട്ടുപോത്ത് ആക്രമണങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും മാധ്യമങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാതായിരിക്കുന്നു. പക്ഷേ, ഇടയ്ക്കു ചില കാട്ടുപന്നികള്‍ ഞങ്ങളും ഉണ്ടെന്നു പറഞ്ഞു മുന്നോട്ടു കുതിച്ച് ആരാന്റെ കിണറ്റില്‍ വീണപ്പോഴാണ് ഒരു കാര്യം തിരിച്ചറിഞ്ഞത്, കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ പഞ്ചായത്ത് വിചാരിച്ചാലും മതി. അതറിഞ്ഞതുകൊണ്ടാവും കാട്ടുപന്നികള്‍ ഇപ്പോള്‍ അല്പം സമാധാന പ്രിയരായിട്ടുണ്ട്.

എന്നാല്‍ ഇതൊന്നുമറിയാതെയാണ് തലസ്ഥാനത്തെ മൃഗശാലയില്‍ അങ്ങ് തിരുപ്പതിയില്‍ നിന്നും എത്തിച്ച ഹനുമാന്‍ കുരങ്ങ് കൂടു തുറന്നപ്പോള്‍ ആസാദി പ്രഖ്യാപിച്ച് ചാടിപ്പോയത്. പരീക്ഷണാര്‍ത്ഥം തുറന്നതാണ് പെണ്‍ കുരങ്ങിനെ. അതെന്താണെന്നു വെച്ചാല്‍ നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന പാഠം പെണ്‍വര്‍ഗത്തിന് മൊത്തത്തില്‍ ബാധകം എന്നു നിരൂപിച്ചതിലെ പിഴവാണോ എന്നും സംശയമില്ലാതില്ല. മൃഗശാലക്കാര്‍ പറയുന്നത് സാധാരണ പെണ്‍ കുരങ്ങുകള്‍ ഇണയെ വിട്ടു ദൂരേക്കു പോകില്ല എന്നതാണ്. പക്ഷേ, ഈ പെണ്‍ കുരങ്ങിനു പിന്നാലെ ഇണയായ ആണ്‍ കുരങ്ങിനെ ചുമന്ന് ഓടിയിട്ടും ടിയാത്തി കണ്ട ഭാവം വെച്ചില്ലത്രേ. ഇതില്‍ മൃഗശാല അധികൃതരുടെ കണക്കുകൂട്ടലില്‍ കാര്യമായ പാളിച്ച സംഭവിച്ചതായിക്കാണാം. കാരണം ഭര്‍തൃപീഡനം കൊണ്ടു കലിപ്പു പിടിച്ച ഭാര്യയാണോ ആ ചാടിപ്പോയ കുരങ്ങ് എന്നത് അധികൃതര്‍ക്ക് കണ്ടെത്താനാകാത്തതാണ് ഈ സംഭവത്തിനു കാരണമെന്നും സംശയിക്കാവുന്നതാണ്. ഏതായാലും രാത്രി മുഴുവന്‍ പരതിയിട്ടും കുരങ്ങിനെ പിടികൂടാനായിട്ടില്ല. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തുകാര്‍ക്ക് ടിക്കറ്റ് എടുക്കാതെ തന്നെ അപ്രതീക്ഷിതമായി ഹനുമാന്‍ കുരങ്ങിനെ കണ്ടാനന്ദിക്കാനുള്ള അവസരമൊരുങ്ങുന്നുവെന്നു സാരം. ഏതായാലും കാടേത് നാടേത് എന്നൊരു സംശയം പൊതുവില്‍ കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഏതു നിമിഷവും ഒരു പുള്ളിമാനോ കേഴയോ കാട്ടു പോത്തോ നഗര ഹൃദയത്തില്‍ കറങ്ങി നടക്കുന്നുവെന്നു കേട്ടാല്‍ അതിശയിക്കണ്ട, കാലം അങ്ങനാണ് ഇപ്പോള്‍.

ഇത്രയും പറയുമ്പോള്‍ ഒരു കാര്യം കൂടി പറയണമല്ലോ, നമ്മുടെ സ്വന്തം തെരുവുനായ്ക്കള്‍, അവറ്റ ഒരു കാലത്ത് ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കുകയും പിന്നെ നിഷ്‌കാസിതരാവുകയും ചെയ്തവരാണല്ലോ, അവറ്റ ഒരു കുഞ്ഞിന്റെ ജീവനെടുത്തു കൊണ്ട് പോയ പ്രതാപം തിരിച്ചുപിടിച്ചിട്ടുണ്ട്.

അതിനാല്‍, ഡെങ്കിപരത്തുന്ന കൊതുകിനെ മുതല്‍ നായ, കാട്ടുപന്നി, പോത്ത്, കുരങ്ങന്‍ എന്നു തുടങ്ങി ആനകളെ വരെ ഭയന്ന് നമുക്ക് ജീവിക്കാം. പിന്നൊന്നുണ്ട്, അതായത് ഭയം വേണ്ട, എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത ഒട്ടും കുറയ്ക്കുകയും വേണ്ട.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക