Read magazine format: https://profiles.emalayalee.com/us-profiles/reshma-renjan/#page=1
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=292589_Reshma%20Renjan.pdf
ഒരു കഥയ്ക്ക് ശുഭാന്ത്യം നൽകുന്നതും ദുരന്തപര്യവസായി ആക്കുന്നതും രചയിതാവിന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. നോവൽ വായിക്കുമ്പോഴും സിനിമ കാണുമ്പോഴും, പ്രിയപ്പെട്ട കഥാപാത്രങ്ങൾ മരിക്കുന്ന സന്ദർഭത്തിൽ അവർ രക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവരുണ്ടോ? സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ കഥകളെ മനസ്സിൽ തിരുത്തി എഴുതുന്ന വിചിത്രമായ ശീലമാണ് തന്നെ എഴുത്തുകാരിയാക്കിയതെന്ന് രേഷ്മ രഞ്ജൻ പറയുന്നു.
ആ തൂലികത്തുമ്പിൽ നിന്ന് 13 നോവലുകളാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായത്, രണ്ടെണ്ണത്തിന്റെ കൂടി പണിപ്പുരയിലാണ് കഥാകാരി. ഭർത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തുകയും, മക്കളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് വീട്ടമ്മയായി ഒതുങ്ങിക്കൂടുകയും ചെയ്ത വാർപ്പുമാതൃകയിലെ മലയാളി സ്ത്രീയുടെ സ്ഥാനത്തുനിന്ന് നോവലിസ്റ്റ് എന്ന മേൽവിലാസം നേടിയെടുത്ത രേഷ്മ, മോഹങ്ങൾ ഉള്ളിലടക്കി ജീവിക്കുന്നവർക്ക് പറന്നുയരാനുള്ള പ്രചോദനമാണ്. ഫോമാ വിമൻസ് ഫോറത്തിന്റെ സെക്രട്ടറി പദവിയും, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനുള്ള അവസരമായാണ് അവർ കണക്കാക്കുന്നത്.