Image

എന്താണ് ഇടതുപക്ഷം? 1 (ജെ എസ്‌ അടൂർ)

Published on 15 June, 2023
എന്താണ് ഇടതുപക്ഷം? 1 (ജെ എസ്‌ അടൂർ)

ഭാഷയിലെ വാക്കുകൾ അതാതു സാമൂഹിക സാഹചര്യങ്ങളിൽ ഉരുത്തിരിയുന്നതാണ്.  നൂറു വർഷങ്ങൾ മുമ്പ് കേരളത്തിൽ ഇടതു പക്ഷം എന്ന വാക്ക് പ്രചാരത്തിൽ ഇല്ലായിരുന്നത് അന്നത്തെ ഭാഷാ പ്രയോഗങ്ങൾ ആ സാമൂഹിക പരിസരത്തിൽ നിന്നായത് കൊണ്ടാണ്.
ഒരു നൂറു കൊല്ലം കഴിഞ്ഞു ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പല വാക്കുകൾക്കും അർത്ഥമില്ലതയാകും. അമ്പത് കൊല്ലം മുമ്പ് ഇടതുപക്ഷം എന്നതിന്റ അർത്ഥം അല്ല ഇന്നുള്ളത്. വാക്കുകൾ മാത്രം അല്ല കാലദേശങ്ങൾക്കനുസരിച്ചു മാറുന്നത്. ഒരേ വാക്കിന്റെ അർത്ഥ തലങ്ങളും കാല ദേശങ്ങൾക്കനുസരിച്ചു മാറും.
'ഇടതുപക്ഷം ' 'വലതു പക്ഷം  " എന്നതൊക്കെ താരതമ്യ ദിശസൂചകങ്ങളായ പദങ്ങളാണ്. അല്ലാതെ നിയത അർത്ഥംമുള്ള  നിശ്ചല അർത്ഥമുള്ള വാക്കുകൾ അല്ല.   ഇങ്ങനെ താരതമ്യ ദിശ സൂചകങ്ങളായ പദങ്ങൾ  ഫ്രഞ്ച് വിപ്ലവാനാന്തരം അവിടുത്തെ പാർലിമെന്റിൽ ഉള്ള ഇരിപ്പ് സംവിധാനത്തെ അടയാളപെടുത്തിയ പദങ്ങളാണ്.
അന്ന് ഇടതുവശത്തിരുന്നവർ രാജാവിന്റെ വീറ്റോ അധികാരത്തെ എതിർത്തവരും പൂർണ റിപ്പബ്ലിക് ഭരണം വരണമെന്ന് വാദിച്ചവരും വലതു ഭാഗത്തു ഇരുന്നവർ രാജാവിന് വീറ്റോ അധികാരം കൊടുക്കുന്ന കോൺസ്റ്റിട്യൂഷനൽ സംവിധാനം വേണമെന്നും വാദിച്ചവരാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റ ആദ്യ സമയത്തു ഉപയോഗിച്ച ഈ പദങ്ങൾ ' സോഷ്യലിസം ' ' കമ്മ്യുണിസം ' മുതലായ ആശയങ്ങൾക്ക് മുമ്പേ പ്രചാരത്തിലുള്ളതാണ്
' ഇടതു പക്ഷം ' വലതുപക്ഷം ' എന്ന പദങ്ങൾ പിന്നീട് പ്രചുര പ്രചാരത്തിലായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് വിവിധ ഭരണ -അധികാര ആശയ. രൂപങ്ങൾ പ്രചരിക്കുവാൻ തുടങ്ങിയതോടെയാണ്.
 രാജാഭരണത്തിനെതിരായ ജനായത്ത സെക്കുലർ പ്രസ്ഥാനങ്ങൾ തൊട്ട് മനുഷ്യ അവകാശം  അനാർക്കിസം സോഷ്യലിസം കമ്മ്യൂണിസം മുതലായ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നവരെ വിശേഷിപ്പാൻ പൊതുവെ പറഞ്ഞിരുന്ന പദമാണ് ഇടതുപക്ഷം എന്നത്.
പൊതുവേ സമൂഹത്തിൽ നിലവിലിരുന്ന സമൂഹിക സാമ്പത്തിക വ്യവസ്ഥകളെ മാറ്റണം എന്ന് വാദിച്ചിരിന്ന എല്ലാവരെയും അടയാളപെടുത്തുന്ന നിയത അർത്ഥം ഇല്ലാത്ത പൊതു അടയാളമായ പദം.
 നിലവിലുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ നില നിർത്തണം എന്ന് കരുതുന്നുവരെ പലപ്പോഴും വലത് പക്ഷം എന്ന് ചിലർ വിശേഷിപ്പിക്കും.
പക്ഷെ ഈ താരതമ്യ ദിശാ സൂചക പ്രയോഗങ്ങളുടെ ചരിത്രവും ജ്യോഗ്രഫിയും കാല ദേശങ്ങൾക്ക് അനുസരിച്ചു മാറി.
ഉദാഹരണത്തിന് ഹിറ്റ്‌ലർ പോലും ദേശീയ സോഷ്യലിസം പ്രസങ്ങിച്ച 'ഇടതുപക്ഷ' ക്കാരനും 'റാഡിക്കൽ ' മാറ്റം പ്രസംഗിച്ചു തുടങ്ങി വംശ ഹത്യയിൽ ചോരപ്പുഴ ഒഴുക്കി യുദ്ധം ചെയ്തു നാശം വിതച്ചയാളാണ്. . നാസി പാർട്ടിയുടെ മുഴുവൻ പേര്   നാഷണൽ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി എന്നായിരുന്നു. മുസ്സോളിനി തുടങ്ങിയത് 'റാഡിക്കൽ' മാറ്റം പ്രസംഗിച്ച സോഷ്യലിസ്‌റ്റാശയങ്ങളുടെ വക്താവായാണ്
 അതു പോലെ സയോനിസം യൂറോപ്പിൽ തുടങ്ങിയത് 'സോഷ്യലിസ്റ്റ് /കമ്മ്യുണിസ്റ്റ് ധാരയിലാണ് . പിന്നീട് ഇതിനൊക്കെ എന്ത് സംഭവിച്ചു എന്നത് ചരിത്രം.
ഒക്ടോബർ വിപ്ലവത്തിലൂടെ റഷ്യയിൽ ഭരണം പിടിച്ചെടുത്തു അധികാരത്തിൽ ഏറിയ സ്റ്റാലിൻ തുടങ്ങിയത് ഇടതുപക്ഷം എന്ന പേരിൽ. പക്ഷെ  പിന്നീട് അതു സ്റ്റാലിനിസമായി പരിണമിച്ചപ്പോൾ അതിന്റ രൂപവും ഭാവവും മാറി.
 പോൾപൊട്ടിന്റ കമ്പോഡിയ ഇടതുപക്ഷമാണ് എന്ന് അവിടുത്തുകാർ വിശ്വസിക്കുന്നില്ല.  ഇപ്പോഴത്തെ ഏകാധിപതി പഴയ കമ്മ്യുണിസ്റ്റ്കാരനും ഇടതുപക്ഷം എന്ന് അവകാശപെട്ടയാളുമാണ്
പണ്ട് തായ്‌ലൻഡിൽ ഇടതുപക്ഷമെന്നത് രാജഭരണത്തിന് ബദലായി ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ യുവാക്കളെയും വിദ്യാർത്ഥികളെയുമാണ്‌.
സാമൂഹിക -രാഷ്ട്രീയ മാറ്റങ്ങൾക്ക് വേണ്ടിയുള്ള പ്രതിപക്ഷരാഷ്ട്രീയം ഭരണത്തിൽ കയറി അധികാരമുറപ്പിച്ചാൽ അതു ഭരണ അധികാര ലോജിക്കിലുള്ള സ്റ്റാറ്റസ് ക്വോയുടെ ഭരണതുടർച്ചയാകുമ്പോൾ  അധികാര യാഥാസ്ഥികത്വ മനസ്ഥിതിയായി പരിണമിക്കും. ഹൂൻസെൻ കമ്പോഡിയയിൽ ചെയ്യുന്നതും ചൈനയിൽ സംഭവിക്കുന്നതും അതാണ്.
ശ്രീലങ്കിയിൽ ഇടതുപക്ഷമായി തുടങ്ങിയ  ജെ വി പി പിന്നീട് സിംഹള വംശീയതയുടെ വക്താക്കളായി പരിണമിച്ചു തീവ്ര വലതുപക്ഷത്തെക്ക് പോയി.
ചുരുക്കത്തിൽ കാല കാലങ്ങളിൽ പല ദേശത്തു പല അധികാര ആശയ രൂപങ്ങളുടെ അടയാളപ്പെടുത്തലായാണ് ഈ പദങ്ങൾ ഉപയോഗിച്ചത്. പഴയ ഇടതുപക്ഷം പിന്നീട് വലതുപക്ഷമായ ചരിത്രം പല രാജ്യങ്ങളിലുമുണ്ട്.
അമേരിക്കയിൽ ഇപ്പോൾ റിപ്ബ്ലിക്കൻ പാർട്ടിക്കാർ ഡെമോക്രറ്റുകളെ വിളിക്കുന്നത് ' ഇടതു പക്ഷമെന്നാണ് ' ഒബാമയെയും ജോ ബൈടനെയും കമല ഹാരിസ്സിനെയുമൊക്കെ വിളിക്കുന്നത് അങ്ങനെയാണ്. അതു പോലെ ഇന്ന് ഫെമിനിസം /എൽ ജി ബി ടി അവകാശങ്ങൾ, മനുഷ്യ അവകാശങ്ങൾ, സാമൂഹിക നീതി  എന്നിവക്ക് വേണ്ടി നിലകൊള്ളുന്നവരെയും ഇടതുപക്ഷമെന്നാണ് വിളിക്കുന്നത്.

(തുടരും)

opposition_JS_ADOOR

Join WhatsApp News
Rightist 2023-06-15 01:30:22
Pinarayism is now Rightist
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക