Image

വായന ; സന്ദേഹങ്ങളോടെ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 16 June, 2023
വായന ; സന്ദേഹങ്ങളോടെ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

കഴിഞ്ഞ മൂന്നു നാല് മാസങ്ങളിൽ വായിച്ചു തീർത്ത പുസ്തകങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയെല്ലാം നല്ല വായനകൾ സമ്മാനിച്ച വയാണ്. ഓരോന്നിനെ കുറിച്ചും വിശദമായി എഴുതിയിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്. അപ്പോൾ ഇത്രയധികം വായന സംഭവിക്കില്ലായിരുന്നു. തന്നെയുമല്ല ഈയിടെ ഫ്രാൻസിസ് നെരോണ തന്റെ 'കക്കുകളി' എന്ന നാടകത്തെക്കുറിച്ചും 'മാസ്റ്റർ പീസ്' എന്ന നോവലിനെ കുറിച്ചും ഉണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള സംസാര മദ്ധ്യേ ഒരു അഭിപ്രായം പറഞ്ഞു.

വെറുതെ വിമർശക മനസ്സോടെ അല്ലാതെ എഴുതുന്ന ബുക്ക്‌ റിവ്യൂസ് നിരൂപണ ശാഖയ്ക്കോ, സാഹിത്യത്തിന് തന്നെയോ ഒരു ഗുണവും ചെയ്യുന്നില്ല എന്ന്.

സാഹിത്യത്തിൽ എന്തെങ്കിലും അടയാളപ്പെടുത്താൻ വേണ്ടിയൊന്നുമല്ല ഇത്തരം എഴുത്തുകൾ എനിക്ക്. ഒരു പുസ്തകം വായിച്ചു, നമ്മൾ ആസ്വദിച്ചത് എഴുതി. ആരെങ്കിലും ഈ പുസ്തകത്തെക്കുറിച്ച് അറിയട്ടെ, വായിക്കുന്നെങ്കിൽ വായിക്കട്ടെ അത്രയുമേ ഉള്ളൂ.അതവിടെ നിൽക്കട്ടെ.

സൂര്യൻ അസ്‌തമിക്കാൻ തുടങ്ങിയ ഒരു പ്രാർത്ഥനാ വേളയിൽ നാഥുറാം ഗോഡ്സെ ഗാന്ധിജിക്ക് നേരെ വെടിയുണ്ടകൾ ഉതിർത്തു.. ആ ജീവൻ പൊലിഞ്ഞു..വളരെ സിമ്പിൾ ആയ ഒരു കാര്യം, എന്നാണ് ഞാൻ ധരിച്ചു വെച്ചിരുന്നത്. ഏതാണ്ട് 500 പേജുകൾ ഉള്ള വിനോദ് കൃഷ്ണയുടെ  '90 എം എം ബെരേറ്റ' വായിച്ചപ്പോഴാണ് മനസ്സിലാവുന്നത്, മൂന്നാമത്തെ ശ്രമത്തിൽ എത്ര വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ്, എത്രമാത്രം പ്ലാനിങ്ങുകൾക്കൊടുവിലാണ് ഈ ക്രൂര സംരംഭം  വിജയകരമാകുന്നത് എന്ന്. ആകർഷകമായ ഒരു ഭാഷയുണ്ട് ഈ പുസ്തകത്തിൽ ഉടനീളം. അതാണ് ഇത് വായിച്ചു തീർക്കുവാൻ എനിക്ക് പ്രേരണയായത്.

നന്ദിനി മേനോന്റെ 'ആം ചൊ ബസ്തർ' ഭാരതത്തിലെ ഏറ്റവും വലിയ ആദിവാസ  മേഖലയിലൂടെയുള്ള എഴുത്തുകാരിയുടെ യാത്രാവിവരണമാണ്. ബസ്തറിനെ പറ്റി ഒക്കെ കേട്ടിട്ടേയുള്ളൂ. ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസ മേഖലയാണിത്. ഈ യാത്രയിൽ ഉടനീളം ദണ്ഡകാരുണ്യം എന്ന് പേരുള്ള ഈ ഐതിഹാസിക ഭൂമിശാസ്ത്രം, അവിടുത്തെ ചോരപ്പാടുകൾ, ജനങ്ങളുടെ ജീവിത രീതി, ഭൂമിശാസ്ത്രം, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവശതകൾ, അവർ അനുഭവിക്കുന്ന വെല്ലുവിളികൾ എല്ലാം അവരോടൊപ്പം നടന്നു എഴുത്തുകാരി വായനക്കാരുടെ ഹൃദയത്തിലാണ് ഇവയെല്ലാം അ ടയാളപ്പെടുത്തുന്നത്. മറക്കാനാവാത്ത ഒരു വായന അനുഭവം.

സുധാ മേനോന്റെ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' വല്ലാത്തൊരു വായന അനുഭവമാണ്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ചോരപ്പാടുകൾ, സ്ത്രീകളും കുട്ടികളും അനുഭവിച്ച യാതനകൾ എല്ലാം ഇപ്പോൾ ജീവിച്ചിരിക്കുന്ന, അതിജീവിത സ്ത്രീകളുടെ വാമൊഴികൾ ആയി ഇവ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അനാദിയായ ദുഃഖം,സുധാമേനോന്റെ വാക്കുകളിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു. " പിന്നിട്ട ഈ ഔദ്യോഗിക യാത്രയിൽ ഞാൻ കണ്ടുമുട്ടിയ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അനുഭവ കഥകൾ പറയേണ്ടത് കേരളത്തിൽ ജീവിക്കുന്ന ഭാഗ്യം ചെയ്ത മനുഷ്യരോടാണ് ".  ഈ പുസ്തകം, നമ്മൾ ഒന്നും അനുഭവിച്ചിട്ടില്ല, ഇനി ഉണ്ടെങ്കിൽത്ത ന്നെ ഇവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നുമല്ല എന്നു പറയാതെ പറയുന്നു. കണ്ണിൽ നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞ ജീവിതങ്ങളുടെ കഥ, അങ്ങനെ ആറ് രാജ്യങ്ങൾ, ആറു സ്ത്രീകൾ. ഈ സ്ത്രീകളുടെ ദാരുണ കഥകളെ കുറിച്ചുള്ള മഹാ മൗനം ഒരു സ്റ്റേറ്റിനും ഭൂഷണം അല്ല എന്ന് സുധാമേനോൻ. വ്യക്തിപരമായി ഈ പുസ്തകം എന്റെ പല സംശയങ്ങൾക്കും സന്ദേഹങ്ങൾക്കും ഉത്തരമായി. ഭാരതമെന്ന ഇന്ത്യ മഹാരാജ്യത്ത് ഇത്രയധികം ഭരണാധികാരികൾ, ഇത്രയധികം സംസ്കാരങ്ങൾ ഇത്രയധികം യുദ്ധങ്ങൾ എങ്ങനെ വന്നു എന്ന എന്റെ സംശയങ്ങൾക്ക് നല്ല രീതിയിൽ ഉത്തരം ആകുന്നുണ്ട് ഈ പുസ്തകം. തുറന്നു കിടക്കുന്ന ഇന്ത്യ മഹാരാജ്യത്തിന്റെ ബൗണ്ടറികൾ അന്യ രാജ്യക്കാരെ എങ്ങനെയാണ് ഈ ധന്യ ഭൂമിയിലേക്ക് അതിക്രമിച്ചു കയറാൻ സഹായിച്ചതെന്നും ഇപ്പോൾ വെളിവാകു ന്നു. ഹൃദയമുള്ള ഒരാൾക്കും നൊമ്പര പ്പെടാതെ ഈ പുസ്തകം താഴെ വയ്ക്കുവാൻ സാധിക്കില്ല. എഴുത്തുകാരിയുടെ യാത്രകളും വായനകളും അനുഭവങ്ങളും ഈ പുസ്തകത്തെ കൂടുതൽ ധന്യമാക്കുന്നുണ്ട്. ബിഗ് സല്യൂട്ട്  സുധാ മേനോൻ.

കെ എൻ പ്രശാന്തിന്റെ 'പൊനം' എന്ന നോവൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. കാടിന്റെ കഥയാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ ഭാഷയും കാടിന്റേതാണ്. കാടിന്റെ നിയമവും. വേറിട്ട ഭാഷയും ശൈലിയും വായനക്കാർക്ക് ഒരു വേള ഇഷ്ടപ്പെട്ടേക്കാം, ഒരു വേള അലോസരം ഉണ്ടാക്കിയേക്കാം. പകയും, പകരം വീട്ടലും ഈ നോവലിന്റെ പ്രധാന ത്രെഡ് ആവുന്നുണ്ട്. പ്രണയവും, കാമവും, പ്രണയ പകയും നാടിന്റെ പശ്ചാത്തലത്തിൽ കാടിന്റെ നിയമങ്ങളിൽ തന്നെ എഴുതപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ  ഒന്ന് നാം മുമ്പ് വായിച്ചിട്ടില്ലല്ലോ എന്ന് തോന്നിപ്പിക്കുമാറ് എഴുത്തിലേക്ക് രൂപകൽപ്പന ചെയ്തിരിക്കുകയാണ് കെ എൻ പ്രശാന്ത്.

ഖാലിദ് ഹുസൈനിയുടെ A Thousand Splendid Suns 2007ൽ രചിക്കപ്പെട്ടതാണ്. 2003 എഴുതപ്പെട്ട Kite Runners എന്ന ആദ്യ നോവലിന്റെ തുടർച്ച പോലെ തോന്നും വായനയിൽ. മറിയം, ലൈല എന്ന രണ്ട് സ്ത്രീകളുടെ കഠിനകാല ജീവിതം വരച്ചുകാട്ടുന്നു നോവലിസ്റ്റ് ഈ പുസ്തകത്തിൽ.ഈ കഥയിൽ നോവൽ എന്ന നിലയിൽ വല്ലാത്തൊരു ട്വിസ്റ്റ് ഉണ്ട്. നോവലിന്റെ ആദ്യം പരിചയപ്പെടുന്ന മറിയം എന്ന കഥാപാത്രത്തിന്റെ ഭർത്താവ്  റഷീദ്  തന്നെയാണ് വർഷങ്ങൾക്ക് ശേഷം ലൈലയെയും ഭാര്യയാക്കുന്നത് എന്ന അറിവ്. മറിയം എവിടെപ്പോയി എന്ന് മുന്നോട്ടുള്ള കുറെ വായനയിൽ നമ്മൾ അന്വേഷിക്കുന്നുണ്ട്.. അഫ്ഗാൻ യുദ്ധവും താലിബാന്റെ ഉദയാസ്തമന ങ്ങളും ആണ് ഈ നോവലിന്റെ പശ്ചാത്തലം.കുടുംബ പശ്ചാത്തലവും രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ തന്റെ അസാധാരണ ആവിഷ്കാര വൈഭ കൊണ്ട് അടയാളപ്പെടുത്തുന്നു. രക്ത പങ്കിലമായ ഒരു കാലഘട്ടത്തെ-(1960-2003 )അഫ്ഗാൻ താലിബാൻ കാബൂൾ എന്നീ രാജ്യങ്ങൾക്കിടയിൽ ഉണ്ടായ യുദ്ധങ്ങളുടെയും മുന്നേറ്റങ്ങളുടെയും വിവരണങ്ങളിലൂടെ ഈ രാജ്യങ്ങളിലെ ജനതകൾ അനുഭവിച്ച അസാധാരണമായ യാതനകളും വേദനകളും  അസ്സ മാധാനങ്ങളും നമുക്ക് വായനയിൽ തൊട്ടറിയാം. വായിക്കേണ്ട ഒരു പുസ്തകം തന്നെ.

റിനി രവീന്ദ്രൻ എഡിറ്ററായ പെണ്ണുങ്ങളുടെ പ്രേമ വിചാരങ്ങൾ ഒരു ലൈറ്റ് റീഡിങ്ങിനു എടുത്തതാണ്.പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ പ്രേമവിചാരങ്ങൾ തന്നെ. നളിനി ജമീല മുതൽ വിധു വിൻസെന്റ് ഉൾപ്പെടെ 27 സ്ത്രീകളുടെ  27 വ്യത്യസ്തമായ അഭിപ്രായങ്ങളുടെ, സരളമായ പ്രേമവിചാരങ്ങളുടെ collection ആണീ പുസ്തകം. കൗതുകത്തോടെ തന്നെ വായിക്കാനായി. ഓരോരുത്തർക്കും അവരവരുടെതായ വിചാരങ്ങൾ ഓർമ്മകൾ....

Stefan zweig ന്റെ The Royal Game എന്ന പുസ്തകം എ കെ അബ്ദുൽ മജീദ് 'ഉന്മാദിയുടെ കരുനീക്കങ്ങൾ' എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. Letter from an unknown woman, സുൽഫി 'അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത് ' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. രണ്ടു പുസ്തകങ്ങളും എനിക്ക് വളരെയധികം വായന സുഖം തന്നു. Stefan Zwaig വലിയൊരു എഴുത്തുകാരനാണ്. ഞാൻ ഇനിയും അദ്ദേഹത്തെ കൂടുതൽ വായിക്കേണ്ടിയിരിക്കുന്നു.

കെ വി മോഹന്‍ കുമാറിന്റെ 'പ്രണയത്തിന്റെ മൂന്നാം കണ്ണ് '  അതാണ് ഞാൻ അവസാനം വായിച്ചു തീർത്തത്.  ഈ പുസ്തകം എനിക്ക് കാര്യമായി പിടികിട്ടിയില്ല.എല്ലാ ബുദ്ധവായനകളും ബുദ്ധനെ എനിക്കൊരു ബാധ്യതയാക്കി തീർക്കാറുണ്ട്. ഇതു ഞാൻ ഡോക്ടർ റോസി തമ്പിയുമായി പങ്കുവെച്ചതാണ്. എന്റെ ആന്തരിക ആത്മീയതയുടെ, പ്രണയങ്ങളുടെ, ബോധ്യങ്ങളുടെ, ബുദ്ധ ബോധങ്ങളുടെ, താന്ത്രിക  യോഗകളുടെ പരിമിതവും, പക്വമല്ലാത്തതുമായ അറിവുകൾ കൊണ്ടായിരിക്കും അത്. ബുദ്ധ ബോധത്തിൽ ഊന്നിയ ഒരു വായന ഇതിന് ആവശ്യമുണ്ട്. ഇതിന് അനുബന്ധം എഴുതിയിരിക്കുന്നവർ ബഹുമാന്യരും ഉന്നത ശീർഷരും ആണ്. അവർ ഫാദർ ബോബി ജോസ് കട്ടിക്കാട്, സേതു, കെ ബി പ്രസന്നകുമാർ എന്നിവരാണ്.

ഇവരെയും വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് ഈ പുസ്തകം ഉന്നത ശീർഷികളായ, മൂന്നാം കണ്ണുള്ള,അതീന്ദ്ര ജ്ഞാനം ഉള്ള, രഹസ്യ ഇന്ദ്രിയങ്ങൾ ഉള്ള, ശാക്ക്യ ദേവനെ മനസ്സിലാകുന്ന മലയാള ഭാഷ മാസ്റ്ററത്തികൾ വായിക്കുകയും, പുനർവായിക്കുകയും പുതിയ അനുബന്ധങ്ങൾ ഈ പുസ്തകത്തിന് എഴുതി ചേർക്കുകയും വേണം എന്നാണ്.
      സന്ദേഹങ്ങളോടെ,
      Dr. Kunjamma George.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക