ലോക കേരള സഭ സമാപിച്ചു. ആഘോഷങ്ങളേക്കാള്‍ ആരോപണങ്ങള്‍ക്ക് മുന്നിലാണ് ലോക കേരളസഭയെന്ന ആര്‍ക്കും മനസ്സിലാകാത്ത ഒരു സഭ അരങ്ങേറിയത്. ലോക കേരള സഭയുടെ ആരവങ്ങളും അവസാനവും കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ എത്തിയത് ഒരു പഴമൊഴിയാണ് മലപോലെ വന്നത് എലിപോലെയായി എന്നത്. ആ പരിപാടിയില്‍ മുഖ്യ ആകര്‍ഷണകേന്ദ്രമായിരുന്ന മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തിയത് നാടോടിക്കാറ്റ് എന്ന സിനിമയില്‍ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ പവനായി എന്ന കഥാപാത്രത്തിന്റെ പതനത്തിനൊടുവില്‍ തിലകന്‍ പറയുന്ന ഒരു ഡയലോഗാണ് പവനായി ശവമായി.
കമ്മ്യൂണിസ്റ്റുകാര്‍ എന്നും അധിക്ഷേപിച്ചിരുന്ന അമേരിക്കയെന്ന സാമ്രാജ്യത്വ ശക്തിയില്‍ നടത്തപ്പെട്ട ലോക കേരളസഭ എന്തിനെന്ന ചോദ്യം ഒട്ടുമിക്ക മലയാളികളുടേയും മനസ്സില്‍ തോന്നുകയും പലരും അത് തുറന്ന് ചോദിക്കുകയും ചെയ്തിരുന്നു. ആര്‍ക്കുവേണ്ടിയാണ് ഈ ലോക കേരളസഭ അമേരിക്കയില്‍ അരങ്ങേറിയതെന്നതും ആരാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ എന്നും ആര്‍ക്കൊക്കെ ഇതില്‍ പങ്കെടുക്കാമെന്നതുള്‍പ്പെടെ ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്. പണ്ട് ബസ്സില്‍ കയറുമ്പോള്‍ സര്‍വ്വവിജ്ഞാനകോശം എന്ന ചെറിയ പുസ്തകം വില്‍ക്കുന്ന ആളെപ്പോലെ ചോദ്യങ്ങള്‍ മാത്രമായി ഒരു ചോദ്യചിഹ്നം പോലെ മലയാളികളുടെ മനസ്സില്‍ അത് നിലകൊണ്ടതല്ലാതെ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സംഘാടക സമിതിക്കോ പങ്കെടുത്തവര്‍ക്കോ ആര്‍ക്കും തന്നെ കഴിഞ്ഞില്ല. ചോദ്യങ്ങള്‍ ചോദിക്കുകയെന്നത് മലയാളികളുടെ പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ അവകാശമാണ്. അവര്‍ക്ക് അത് അറിയാനുള്ള അവകാശമുണ്ട്. കാരണം ഇത് ഒരു സര്‍ക്കാര്‍ നേതൃത്വത്തിലുള്ളതും പ്രവാസികള്‍ക്കുവേണ്ടിയുള്ളതുമായ പരിപാടിയായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ചോദ്യങ്ങള്‍ പ്രസക്തവുമായതാണ്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കഴിയണം. അത് അവരുടെ കടമയുമാണ്. അതില്‍ നിന്ന് മുഖം തിരിച്ച് നടക്കുന്ന മനോഭാവം ജനങ്ങളെ നോക്കി കൊഞ്ഞനം കാട്ടുന്നതിന് തുല്യമാണ്.
ഉത്തരവാദിത്വപ്പെട്ടവര്‍ ഉത്തരം പറയാതെ ഒഴിഞ്ഞു മാറുമ്പോള്‍ അതില്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത് വിവാദങ്ങളിലേക്കും മറ്റും വഴി മാറുകയെന്നത് യാദൃശ്ചികവും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വം സര്‍ക്കാര്‍ പരിപാടിയായി കൊട്ടിഘോഷിക്കുമ്പോള്‍ അതിന് വ്യക്തത നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്.
എന്നാല്‍ അമേരിക്കയില്‍ അരങ്ങേറിയ ലോക കേരള സഭ ഉത്തരവാദിത്വപ്പെട്ടവരുടെ ഉത്തരവാദിത്വമില്ലായ്മയില്‍ അരങ്ങേറിയെന്നുവേണം പറയാന്‍. ആര്‍ക്കോ വേണ്ടി ആരൊക്കെയോ പങ്കെടുത്ത അല്ലെങ്കില്‍ നടത്തപ്പെട്ട പരിപാടിയെന്ന് മാത്രമേ അതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ. ഇങ്ങനെയൊരു പരിപാടികൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കോ പ്രവാസി ഇന്ത്യാക്കാര്‍ക്കോ എന്തെങ്കിലും ഒരു പ്രയോജനം ഉണ്ടായോ എന്ന് ചോദിച്ചാല്‍ അതിനുത്തരം ഇല്ല എന്നു തന്നെ പറയാം. ഏതാണ്ട് മൂന്നാല് ലക്ഷം വരുന്ന മലയാളികള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഒരാള്‍ക്കുപോലും ഈ ലോക കേരള സഭ അമേരിക്കയില്‍ നടത്തിയതുകൊണ്ട് നേട്ടമുണ്ടായിട്ടുണ്ടോ? പോകട്ടെ, ഇതില്‍ പങ്കെടുത്തവര്‍ക്കോ സംഘാടകര്‍ക്കോ ഇതില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള നേട്ടമുണ്ടോ?
സാധാരണയായി ഇതേപോലെ ഒരു ബൃഹത്തായ പരിപാടി വിദേശത്ത് നടത്തപ്പെടുമ്പോള്‍ ആ സംസ്ഥാനത്തിനുവേണ്ടി ധനസമാഹരണം കിട്ടാറുണ്ട്. അത്തരത്തില്‍ ഒരു ധനസമാഹരണം കേരളത്തിന് കിട്ടിയിട്ടുണ്ടോ? മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഇവിടെയെത്തി എത്ര സംരംഭകരെയാണ് കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. ആരാണ് കേരളത്തിന്റെ മണ്ണില്‍ വലിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യം കാണിച്ചിട്ടുള്ളത്. ഒരാളുടെയെങ്കിലും പേര് പറയാന്‍ സംസ്ഥാന സര്‍ക്കാരിനോ സംഘാടകര്‍ക്കോ കഴിയുമോ.
പണ്ട് പട്ടി ചന്തക്കു പോകുന്നപോലെയെന്ന് പഴമക്കാര്‍ കളിയാക്കുമായിരുന്നു. യാതൊരു കാര്യവുമില്ലാതെ പോകുന്നവരെ. മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് ഈ വാക്യമാണ്. മുഖ്യമന്ത്രിയുടെ മേനിപറച്ചില്‍ ഒഴിച്ച് അവിടെ മഹാസംഭവമൊന്നും തന്നെ നടന്നില്ലായെന്നതാണ് അനുഭവസ്ഥര്‍ പോലും സാക്ഷ്യപ്പെടുത്തിയത്. വീട്ടില്‍ നിന്ന് മാറി നിന്ന് ജീവിതം അല്പമാഘോഷിക്കാന്‍ ചിലര്‍ കണ്ടെത്തിയ ഒരു പരിപാടിയെന്ന് വേണം ഇതിനെക്കുറിച്ച് പറയാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഇതൊരു ആഘോഷവേളകളും അതിനപ്പുറം ഇതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു നേട്ടമുണ്ടായിട്ടുണ്ടോ.
കേരളത്തിനകത്ത് എണ്ണിയാല്‍ തീരാത്തത്ര പോലീസ് സേനയുമായി നടക്കുന്ന മുഖ്യമന്ത്രി കേരളത്തിന് പുറത്ത് എണ്ണപ്പെട്ട വ്യവസായികളുമായി പര്യടനം നടത്തുന്നതെന്ന ആരോപണത്തിന് അടിവരയിടുന്ന ഒന്നാണ് അമേരിക്കയില്‍ അരങ്ങേറിയ ഈ ലോക കേരളസഭ. അമേരിക്കന്‍ റീജിയണല്‍ സമ്മേളനമായാണ് ഈ പരിപാടിക്ക് നാമകരണമിട്ടതെങ്കില്‍ ഇവിടെയുള്ള എത്ര വ്യവസായികള്‍ ആ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കയില്‍ മലയാളികളായ വ്യവസായികള്‍ ഇല്ലാഞ്ഞിട്ടാണ് അവിടെ കാര്യമായി വ്യവസായികളാരും തന്നെയില്ലാത്തത്. ഇവിടുത്തെ വ്യവസായികള്‍ക്ക് നിലവാരമില്ലാഞ്ഞിട്ടാണോ ഗള്‍ഫ് വ്യവസായിയായ രവി പിള്ള അമേരിക്കന്‍ റീജിയണല്‍ സമ്മേളനത്തിന് എത്തിയത്. അതോ കേരളത്തിലെ വ്യവസായ സംരംഭം അറിയാവുന്നവര്‍ ഗള്‍ഫിലുള്ള വ്യവസായികള്‍ മാത്രമോ.
ഇനിയും അതില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളും അത് ചര്‍ച്ച ചെയ്യപ്പെട്ടതുമെന്നു നോക്കാം. ഇതിനെക്കുറിച്ച് ഇതില്‍ പങ്കെടുത്ത ഒരു പ്രമുഖ വ്യക്തിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ആരൊക്കെയോ എന്തൊക്കെയോ വന്ന് പറഞ്ഞു എന്നാണ്. അതാണ് അവിടെ നടന്നത്. ഒരു മാധ്യമങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയ വിഷയത്തെക്കുറിച്ചും അതില്‍ ഉരുത്തിരിഞ്ഞ കാര്യത്തെക്കുറിച്ചും പ്രതിപാദിച്ച് കണ്ടില്ല. ആകെ കണ്ടത് കുറെ ഫോട്ടോകളും ഡാന്‍സുകളുടേയും മറ്റും വീഡിയോകള്‍.
ഏറെ വിവാദമായ ടൈം സ്‌ക്വയറിയില്‍ നടത്തപ്പെട്ട പൊതുചടങ്ങ്. അത് വിവാദമായത് മാത്രമല്ല അവിടെയും പ്രതീക്ഷിച്ച രീതിയില്‍ യാതൊന്നും നടന്നതായി തോന്നുന്നില്ല. ടൈം സ്‌ക്വയറില്‍ ഒരു സ്റ്റേജ് ഒരുക്കി മുഖ്യമന്ത്രിയെക്കൊണ്ട് ഒരു പ്രസംഗം ചെയ്യിപ്പിച്ചപ്പോള്‍ അത് ഒരു മഹത്തായ സംഭവമെന്ന് അതിന്റെ പിന്നില്‍ നിന്നവര്‍ ചിന്തിച്ചുകാണും. എന്നാല്‍ ഇത് അമേരിക്കയാണ്. കവല പ്രസംഗങ്ങള്‍ ഇവിടെ അത്യപൂര്‍വ്വമാണ്. അതില്‍ ആര്‍ക്കും താല്പര്യമില്ലെന്ന് മാത്രമല്ല ആരും അത് ശ്രദ്ധിക്കാറുമില്ല. തെരഞ്ഞെടുപ്പുകളില്‍ പോലും ഇവിടെ കവലപ്രസംഗങ്ങള്‍ എന്ന മൂന്നാംലോക രാഷ്ട്രങ്ങളുടെ കലാപരിപാടി നടത്താറില്ല. അപ്പോള്‍ മുഖ്യമന്ത്രി പോയ മലയാളത്തിലും ഇംഗ്ലീഷില്‍ എഴുതി വായിക്കുകയും ചെയ്ത ടൈം സ്‌ക്വയറിലെ പ്രസംഗം കേരളത്തിലെ നാല്‍ക്കവല പ്രസംഗം പോലെയായി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അമേരിക്കയില്‍ ഒരു കവലപ്രസംഗം നടത്തിയെന്ന തോന്നലുപോലുമുണ്ടായി. അവിടെ ആര്‍ക്കുവേണ്ടിയാണ് ആ പരിപാടി അരങ്ങേറിയത്. മലയാളികള്‍ക്കുവേണ്ടിയായിരുന്നെങ്കില്‍ ഒരു ഹാളില്‍ അവതരിപ്പിച്ചാല്‍ ഇതിനേക്കാള്‍ മികച്ചതാകുമായിരുന്നു. മലയാളികള്‍ ഒഴിച്ച് അവിടെ ഉണ്ടായിരുന്ന ആര്‍ക്കെങ്കിലും പിണറായി വിജയനെ അറിയുമായിരുന്നില്ല. ഇനിയും മുഖ്യമന്ത്രി അവിടെ പറഞ്ഞതോ തന്റെ ഏഴ് വര്‍ഷത്തെ ഭരണനേട്ടം. അതിനായി കടല്‍ കടന്ന് ഇത്രയും ദൂരം വരണമായിരുന്നോ.
അങ്ങനെ ബലൂണ്‍ വീര്‍പ്പിച്ചപോലെ ഒരു ലോക കേരളസഭ അമേരിക്കയുടെ മണ്ണില്‍ നടത്തപ്പെട്ടു. ആര്‍ക്കും യാതൊരു വ്യക്തതയുമില്ലാത്ത ഒരു പരിപാടി. ഇതുപോലെ ഒരു പരിപാടി അരങ്ങേറിയാലും ഇല്ലെങ്കിലും ഇവിടുത്തെ മലയാളികള്‍ക്ക് നഷ്ടപ്പെടാനും നേടാനും ഒന്നുമില്ല. കാരണം അത് അവരെ ബാധിക്കുന്നില്ല. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തുന്നവരാണ് അമേരിക്കന്‍ മലയാളികളില്‍ ഏറെപ്പേരും. അവിടെ സ്വത്തുള്ളവര്‍ പോലും അത് വില്‍ക്കാന്‍ മാര്‍ഗ്ഗം അന്വേഷിക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ക്ക് പട്ടര്‍ക്കെന്ന പടയില്‍ കാര്യമെന്നോ, പൂച്ചക്കെന്ന പൊന്നുരുക്കുന്നിടത്ത് കാര്യമെന്നോ ഉള്ള ചിന്താഗതിയാണ്. ആര്‍ക്കും ഇവിടെ പരിപാടികള്‍ നടത്താന്‍ ആവകാശമുണ്ട്. അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി മഹത്തായ കാര്യമാണ് ചെയ്യുന്നതെന്ന് വീമ്പിളക്കിക്കൊണ്ടാകരുത്. നാറാണത്തു ഭ്രാന്തന്റെ മുന്നില്‍ എന്ത് വരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഭദ്രകാളിയോട് എന്റെ കാലിലെ മന്ത് മാറ്റാന്‍ പറ്റുമോ എന്ന് ചോദിച്ച നാറാണത്ത് ഭ്രാന്തനോട് ഇല്ലയെന്നതുപോലെയാണ് ഇവരുടെ ഈ പരിപാടികള്‍.