Image

ആണത്തങ്ങളും ആൺകോയ്മകളും ( ജെ എസ് അടൂർ)

Published on 18 June, 2023
ആണത്തങ്ങളും ആൺകോയ്മകളും ( ജെ എസ് അടൂർ)

കേരളത്തിലെ നവോത്ഥാന ചരിത്രമെന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തും അവിടയായി നടന്ന ചില സാമൂഹിക പരിവർത്തന ശ്രമങ്ങളുടെ സാമാന്യവൽക്കരണമാണ്. മിഷനരിമാരുടെ ഭാഷ, വിദ്യാഭ്യാസ, പ്രസിദ്ധീകരണ ശ്രമങ്ങൾ. ആധുനിക ആശയങ്ങളുടെ പ്രചാരത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും അവിടെവാടയായി വിവരവും വിദ്യാഭ്യാസവൂമുള്ളവരുടെ സാമൂഹിക പരിവർത്തന- പരിഷ്ക്കര- മാധ്യമ ഇടപെടലുകൾ.
ഇതൊക്കെ പിന്നീട് സാമാന്യവൽക്കരിച്ചു കേരള  നവോത്ഥാന ചരിത്രമായി കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അധികാര തണലിൽ വ്യവസ്ഥാപിത ചരിത്രമാക്കി  നവോത്ഥാന നരേറ്റിവൂണ്ടാക്കി.
എന്നാൽ തൊലിപ്പുറത്തുള്ള നവോത്ഥാന വചോടപത്തിനപ്പുറം എത്ര മാത്രം അത് നമ്മുടെ സാമൂഹിക മനസ്‌ഥിതികളെ മാറ്റി?
 ഈ നിർമ്മിത് നരേട്ടിവിന് അപ്പുറം എന്താണ് സംഭവിക്കുന്നത്?
വീട്ടിലും നാട്ടിലും സമൂഹത്തിലും രാഷ്ട്രീയത്തിലും  ആണത്തങ്ങളും ആൺകൊയ്മകളുമാണ് നടമാടുന്നത്. വാചക കസർത്തുകൾക്ക് അപ്പുറമുള്ള സ്ത്രീ ശക്തികരണം എത്രമാത്രം വീട്ടിലും സ്ഥാപങ്ങളിലുമുണ്ട്?
പഞ്ചായത്ത്‌ രാജ് വന്നത് മുതൽ അടിസ്ഥാന തലത്തിൽ സ്ത്രീകൾക്ക് ജനപ്രാധിനിത്യം കൂടി . പക്ഷെ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലോ അസമ്പ്ളിയിലോ, പാർലിമെന്റിലോ, മന്ത്രി സഭയിലോ നാമമാത്രമായ സാനിധ്യം മാത്രം.
സ്ത്രീ ശക്തികരണം നാട്ടിൽ പറയുന്നവരിൽ ഒരുപാടു പെർ വീട്ടിൽ അങ്ങനെയായിരിക്കില്ല എന്നതാണ് അത് തൊലിപ്പുറ നരേറ്റിവിന് അപ്പുറം പോകുന്നില്ല എന്നത്.
കേരളത്തിൽ ഏതെങ്കിലും ഒരു വിവാദവാർത്തയിൽ സ്ത്രീയുണ്ടോ അവിടെ മസാല കൂട്ടി വാർത്തകൾ വന്നു കൊണ്ടേയിരിക്കും. അതിൽ പലതും സ്ത്രീ വിരുദ്ധ മനസ്‌ഥിതി ഉള്ളതായിരിക്കും.
'ആണത്ത ' പ്രസ്ഥാവനകൾ നൽകുന്നതിൽ പല രാഷ്ട്രീയ നേതാക്കൾക്കും ഒരു പ്രശ്നവും ഇല്ല.
കഴിഞ്ഞ ചില ദിവസങ്ങൾക്കു മുമ്പ് പൊതു പ്രവർത്തന രംഗത്തുള്ള സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും സ്ത്രീപക്ഷ നിലപാടുകളും ആരും കേട്ടില്ല. ചർച്ചകൾ ചെയ്തില്ല. ബിന്ദു പറഞ്ഞ നിലപാടുകൾ ചർച്ചയായില്ല. ഭൂതകണ്ണാടി ഉപയോഗിച്ച് അവർ പറഞ്ഞ ഒരു വാചകത്തിലെ ഫിഗർ ഓഫ് സ്പീച് പോലും മനസിലാക്കാൻ ശ്രമിക്കാതെ അവർക്ക് ഇഗ്ളീഷ് അറിയില്ല. ഇവർ എന്ത് ഇഗ്ളീഷാണ് പഠിപ്പിച്ചത് എന്നൊക്കെ പറഞ്ഞു ട്രോൾ പ്രവഹിച്ചു
അവരെ ട്രോളിയവരിൽ ബഹു ഭൂരിപക്ഷം പേരും പുരുഷൻമാരയത് യാദൃച്ചികമല്ല. അവരെ ട്രോളിയ ഭൂരിപക്ഷം പുരുഷൻമാരും ഇഗ്ളീഷ് വിദ്വാൻമാരും അല്ല. അവരുടെ ചരിത്രം പ്രശ്നം അല്ല. അവർ പഠിക്കുന്ന കാലത്തു കലാ തിലകവും റാങ്ക് വാങ്ങി പഠിച്ചത് ആണെന്നുതും പ്രശ്നമല്ല. അവർ പൊതു പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും മുപ്പത് കൊല്ലം പ്രവർത്തിച്ചത് പ്രശ്നം അല്ല. പ്രശ്നം അവർ പറഞ്ഞ ഒരു വാചകത്തിൽ house എന്ന് ഉപയോഗിച്ചത് ചിലർക്ക് സുഖിച്ചില്ല എന്നതാണ്.
അവർ എതിർപാർട്ടിയിലായത് ന്യായമായും ട്രോൾ ചെയ്യപ്പെടേണ്ടത് എന്നത് മാത്രം അല്ല, അവർ രാഷ്ട്രീയമായി വിജയിച്ച ഒരു സ്ത്രീയാണ് എന്നതും പലരെയും അലോസരപെടുത്തും. അവർ പറഞ്ഞതും പുരുഷ മേധാവിത്ത സമൂഹത്തിൽ പലർക്കും ദഹിക്കില്ല.
ഇതു ഒരു ബിന്ദുവിന്റെ പ്രശ്നം അല്ല. ഇതു അവർ home ആണോ house ആണോ എന്ന് ഉപയോഗിക്കണ്ടത് എന്ന് ആഗോള വ്യാകരണ പ്രശ്നവും അല്ല. അവർ ഇഗ്ളീഷ് അധ്യാപകയായത് കൊണ്ട് എന്തോ വലിയ തെറ്റ് ചെയ്തു എന്നതും അല്ല.
ഇതു ഒരു മനസ്‌ഥിതിയുടെ പ്രശ്നമാണ്. അവരുടെ സ്ഥാനത്തു ഒരു പുരുഷ കേസരി ആണെങ്കിൽ ഇത്രയും ഇഴകീറി ചർച്ചയും ട്രോളുകളും ഉണ്ടാവില്ല
ആർ ബിന്ദുവിന്റെ സ്ഥാനത്തു ബിന്ദു കൃഷ്ണയാണങ്കിലും മറുപാർട്ടി പുരുഷ വിദ്വാൻമാർ അത് തന്നെ ചെയ്യും. രമ്യ ഹരിദാസിനെ മാത്രം ട്രോളിയത് അത് കൊണ്ടാണ്. ഇതൊക്കെ പറഞ്ഞാൽ ചില മഹാൻമാർ ഞാൻ പറയുന്നത് ' ഇരവാദ' മാണ് എന്ന് വച്ചു കാച്ചും
ഇവിടെ നവോത്ഥാനം തൊലിപ്പുറത്താണ് എന്ന് പറയുന്നത് ആണത്ത -ആൺ കൊയ്മ് മസ്നസ്‌ഥിതികൾ അന്നും മാറിയില്ല. ഇന്നും മാറിയില്ല.
സ്ത്രീകൾ എന്തെങ്കിലും സ്വന്തം കഴിവ് കൊണ്ട് നേടിയാലും അത് ഭർത്താവിന്റെ അകൗണ്ടിൽ കൂട്ടുന്നതാണു ടോക്സിക് മസ്കുലിനിറ്റിയുടെ വേറൊരു നരേറ്റിവ്.
ഇവിടെ ജാതിവാൽ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. ഇവിടെ എന്ത് പറയുന്നു എന്നതിനെക്കാൾ ആരു പറയുന്നു എന്നതായി മനസ്ഥിതി. ജാതിയും മതവും ലിംഗവും പാർട്ടിയും നോക്കിയാണ് എങ്ങനെ വായിക്കണമെന്നും എന്ത് വായിക്കണമെന്നും എങ്ങനെ പ്രതികരിക്കണമെന്നും തീരുമാനിക്കുന്നത്.
എല്ലാ പാർട്ടികൾ പോലും സ്ഥാനമാനങ്ങളും സീറ്റും എല്ലാം കൊടുക്കുന്നത് ജാതിയും മതവും നോക്കിയാണ്.
മതങ്ങൾ എല്ലാം പുരുഷ കേന്ദ്രീകൃത് ആൺകോയ്മ സംവിധാനങ്ങളാണ്.
ഇപ്പോഴും കല്യാണ കമ്പോളത്തിൽ നോക്കുന്നത് ' അടക്കവും ഒതുക്കവൂമുള്ള ' ശാലീന സുന്ദരികളെയാണ്.
നാട്ടിൽ മതേതരരും പുരോഗമന വാദികളുംവീട്ടിൽ കയറുമ്പോൾ അതൊക്കെ വെളിയിൽ വക്കും. നാട്ടിൽ ഫെമിനിസ്സം പ്രസംഗിച്ചു വീട്ടിൽ വരുമ്പോൾ ഭാര്യ ചായ സമയത്ത് കൊടുത്തില്ലങ്കിൽ വിധം മാറും.
ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ഹൌ ഓൾഡ് ആർ യു വിലെ ഭർത്താവ് കഥാപാത്രവൂമൊക്കെ കഥകൾ അല്ല വീട്ടിലും നാട്ടിലുമുള്ള അണത്ത ഇരട്ട താപ്പുകളുടെ നേർകാഴ്ചകൾ.
അതാണ് ചോദിച്ചത് എവിടെയാണ് നവോത്ഥാനം? നവോത്ഥാനം എന്നത് സ്ത്രീകളെ നിരത്തിപുരുഷ കേസരികൾ ' മതിൽ ' പണിതാൽ വരുന്ന സൂത്രപണിയല്ല.
ജെ എസ് അടൂർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക