Image

പിതൃത്വത്തിനു വന്ദനം (ജ്യോതിലക്ഷ്മി നമ്പ്യാർ)

Published on 18 June, 2023
പിതൃത്വത്തിനു വന്ദനം (ജ്യോതിലക്ഷ്മി നമ്പ്യാർ)

പിതൃദിനാചരണത്തെക്കുറിച്ച് ചിന്തിയ്ക്കുകയാണെങ്കിൽ അധ്യാപകദിനം, മാതൃദിനം തുടങ്ങി അനേകം ദിനങ്ങളെപോലെ പിതൃദിന ആചാരണവും അനിവാര്യം തന്നെ. അച്ഛന് സ്വന്തം മകളെയും, മകന് തന്റെ സ്വന്തം അമ്മയെയും, സഹോദരിമാരെയും തിരിച്ചറിയാതെ ലഹരിക്കടിമകളായി    വികാരവിചാരങ്ങൾക്കു മാത്രം പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ  ഓരോ പുരുഷനും തന്നിൽ ഒരു പിതൃഭാവം ഉണ്ട് എന്ന തിരിച്ചറിവു നൽകാൻ   ഈ പിതൃദിനത്തിനു കഴിയുന്നുവെങ്കിൽ ഇതിനു തീർത്തും പ്രാധാന്യം നൽകുകയും, മഹത്തായി ആഘോഷിയ്ക്കേണ്ടതുമാണ്.

മനുഷ്യജന്മത്തിൽ പിതൃത്വത്തിനും, മാതൃത്വത്തോളംതന്നെ പ്രാധാന്യമുണ്ട്. തന്റെ പിതാവാരെന്നറിയാതെ അല്ലെങ്കിൽ തന്റെ പിതാവിനെ സമൂഹത്തിനുമുന്നിൽ ചൂണ്ടികാണിയ്ക്കാൻ കഴിയാതെ മണ്ണിൽ ജന്മമെടുക്കേണ്ടി വരുന്ന മനുഷ്യജന്മം സമൂഹത്തിനുമുന്നിൽ ഒരു കളങ്കമാണെന്നതിൽ നിന്നുതന്നെ പിതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാണ്

പ്രകൃതി ഏല്പിച്ചിരിക്കുന്ന  കടമകൾ വ്യത്യസ്തമാണെങ്കിലും ഏതൊരാളുടെ ജീവിതത്തിലും മാതാവിനെന്നപ്പോലെ, പിതാവിനും പ്രാധാന്യമുണ്ട്. ഒരു ആൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവൻ കാണുന്ന  ജീവിതത്തിലെ ആദ്യത്തെ നായകൻ (hero)  അച്ഛൻ ആണ്.  ബാല്യകാലത്തിൽ അവന് പറയാനുള്ളത് അവന്റെ അച്ഛന്റെ ധീരതകളായിരിക്കും. അവനും അച്ഛനെപ്പോലെ ഒരു നായകനാകണമെന്ന് ആഗ്രഹിക്കും. ഒരു പെൺകുട്ടിയുടെ ജീവിതത്തിലാണെങ്കിൽ അവൾ ആദ്യം അടുത്തറിയുന്ന പുരുഷൻ, അമ്മ ആരാധിക്കുന്ന, ബഹുമാനിക്കുന്ന പുരുഷൻ എല്ലാം അച്ഛനാണ്. മറ്റു പുരുഷന്മാരിൽ നിന്നും അകറ്റപ്പെടുമ്പോഴും, അമ്മ തന്നെ ഏൽപ്പിക്കുന്ന സുരക്ഷിതമായ കൈകൾ അവൾക്ക് അച്ഛന്റേതാണ്. അപ്പോൾ ഒരു കുട്ടിയെ വളർത്തി വലുതാക്കി നാളത്തെ ഒരു പൗരനാക്കുന്നതിൽ മാതാപിതാക്കൾക്ക് തുല്യ പങ്കാണ്. 

ഒരു കുട്ടിയെ വേണ്ടുന്നത്ര പഠിപ്പിച്ച്  നാളത്തെ ഒരു ഉത്തമ പൗരനാക്കി വളർത്തുന്നതിൽ വിദ്യാഭ്യാസത്തിനു ഉത്തരവാദിത്വമുണ്ടങ്കിലും, ഒരു കുടുംബത്തിൽ നിന്നും കിട്ടേണ്ടുന്ന പ്രാഥമിക പാഠങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നത് അച്ഛനമ്മമാരിൽ നിന്നുമാണ്. ഒരു പൗരന്റെ വളർച്ചക്കായുള്ള അടിത്തറ പാകുന്നതിൽ പിതാവിന്റെ സ്വഭാവം വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് നടക്കുന്ന കുറ്റകൃത്യങ്ങളിൽ  മിക്കതിലും  20 വയസ്സുമുതൽ 35 വയസ്സിനിടയിലുള്ള ചെറുപ്പക്കാരുടെ പങ്കാളിത്തം നമുക്കൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കാം.  ഇതിന്റെ പ്രധാന കാരണം മാതാപിതാക്കൾക്കൊപ്പം കുട്ടികൾ ചെലവിടുന്ന സമയം വളരെ കുറവും, അതേസമയം സൈബറിടങ്ങളിലുള്ള കൂടുതൽ സഞ്ചാരവുമാണെന്ന് കാണാം. പണ്ടുകാലങ്ങളിൽ സ്‌കൂൾ സമയത്തിനുശേഷം കുട്ടികൾ വീട്ടിലെത്തിയാൽ കൂടുതൽ സമയം അച്ഛനമ്മമാർക്കൊപ്പം ചെലവഴിക്കുന്നു. അമ്മയോട് എല്ലാം പറയുമെങ്കിലും അച്ഛനോട് അവർക്ക് ഭയവും, ബഹുമാനവുമായിരുന്നു .അച്ഛന്റെ സമ്മതത്തോടെയല്ലാതെ ഒരു കാര്യങ്ങൾക്കും അവർ തീരുമാനമെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അച്ഛനോട് സമൂഹത്തിനുള്ള ബഹുമാനം നിലനിർത്താനും, സ്വയം സ്വഭാവഗുണങ്ങളാൽ ബഹുമാനിക്കപ്പെടാനും അവർ ശ്രദ്ധിക്കാറുണ്ട്. ഇന്ന് കാലത്ത് കുട്ടികൾ മാതാപിതാക്കളെ  അത്രമാത്രം അടുത്തറിയുന്നില്ല.  മാത്രമല്ല എന്തൊക്കെയോ വെട്ടിപ്പിടിക്കാൻ മാതാപിതാക്കൾ കാട്ടികൂട്ടുന്ന പ്രവർത്തികളും കുട്ടികളുടെ സ്വഭാവത്തെ ബാധിക്കുന്നു. പിതാവിനെ ഒരു മാതൃകയാക്കാനും, പിന്തുടരാനും പുതു തലമുറക്ക് കഴിയണമെങ്കിൽ ഒരച്ഛൻ കുട്ടികളിൽ ചെലുത്തപ്പെടുന്ന ഗുണപാഠങ്ങൾ  അത്രമാത്രം പ്രാധാന്യമുള്ളതാണ്.    

ഒരു പിതാവിന് മക്കൾക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കടമ അവരുടെ അമ്മയെ സ്നേഹിയ്ക്കുകയെന്നതാണ് (The most important thing a father can do for his children is to love their mother) എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞു. അതായത് ഒരു അമ്മയെ മതിവരുവോളം സ്നേഹിയ്ക്കുന്നതിൽ അവൾ സന്തോഷവതിയാകുന്നു. അമ്മ സന്തോഷവതിയായിരിയ്ക്കുമ്പോൾ  കുട്ടികളും മുഴുവൻ കുടുമ്പവും സന്തുഷ്ടമാകുന്നു. വേണ്ടുന്നത്ര ശ്രദ്ധയും, ബഹുമാനവും, പ്രാധാന്യവും ലഭിക്കുമ്പോൾ അമ്മ കുടുംബത്തിന്റെ മുഴുവൻ ഊർജ്ജമായി മാറുന്നു. അച്ഛനമ്മമാരുടെ പരസ്പര ബഹുമാനവും, സ്നേഹവും കണ്ടു വളരുന്ന കുട്ടികളിൽ തീർച്ചയായും ആ സ്വഭാവ സവിശേഷത പ്രകടമാകുന്നു.  അപ്പോൾ ഒരു സന്തുഷ്ട കുടുമ്പത്തിന്റെ ആദ്യ കണ്ണി അച്ഛൻ തന്നെ.

നൊന്തു പ്രസവിക്കുന്നു എന്നതുകൊണ്ടുതന്നെ അമ്മയ്ക്ക് ഓരോരുത്തരുടെയും ജീവിതത്തിൽ വളരെ പ്രാധാന്യം നൽകുന്നു. മാതൃത്വത്തെ ആദരിയ്ക്കപ്പെടുന്നു. എന്നാൽ ഒരു യഥാർത്ഥ  പിതാവ് മാതാവിന്റെ പേറ്റുനോവിന് തത്തുല്യമായ മാനസിക  സംഘർഷങ്ങൾ പലവിധത്തിലും അനുഭവിയ്ക്കുന്നു എന്നത് ഒരിക്കലും വിലകല്പിക്കപ്പെടാതെ   പോകുന്നു. ജീവിതത്തിലെ വിഷമഘട്ടങ്ങളെ തരണം ചെയ്യുമ്പോൾ പിതാവ് എപ്പോഴും മാതാവിനും കുട്ടികൾക്കും താങ്ങും തണലുമായി ഉണ്ടാകും.  എന്നാൽ ജീവിതഘട്ടങ്ങളെ അഭിമുഖീകരിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾക്ക് അച്ഛന് സാന്ത്വനമാകാൻ ദുർബലരായ പല അമ്മമാർക്കും കഴിയാറില്ല. മറിച്ച് അവൾ അയാളെ കുറ്റപ്പെടുത്താനുള്ള ഒരു പ്രവണത കാണിക്കുന്നു. ഇവിടെ അച്ഛൻ സ്വയം പര്യാപ്തത കൈവരുത്തുന്നു   

ഏതു വിഷമഘട്ടങ്ങളെയും തരണം ചെയ്യാൻ അച്ഛനും അമ്മക്കൊപ്പം ഉണ്ടാകുമെന്നു അറിയുന്നത് കുട്ടികൾക്കു കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അമ്മമാർ അവരുടെ മനോവിഷമങ്ങളെ കരഞ്ഞു ലഘൂകരിക്കുമെങ്കിലും,  ഈ സാഹചര്യങ്ങളിലൊക്കെ തന്റെ മനോവേദനയെ ഉള്ളിലൊതുക്കി മറ്റുള്ളവരെ സാന്ത്വനപ്പെടുത്തി സംയമനം പാലിയ്ക്കേണ്ട വലിയ ഒരു മഹത്തായ ഹൃദയം അച്ഛനുണ്ടാകണം.

ഒരു അമ്മ എപ്പോഴും  മക്കളെ വളർത്തുന്നത് വൈകാരികമായിരിയ്ക്കും. ഇത് അവരെ ജീവിതയാത്രയിൽ പലപ്പോഴും തളർത്തിയേയ്ക്കും.  എന്നാൽ ഒരു  പിതാവ് തന്റെ മക്കളെ പ്രായോഗികമായി വളർത്തുന്നു. ഒരു ദുർബല വികാരങ്ങൾക്കും അവിടെ സ്ഥാനമില്ല. ഒരു മാതൃകാപിതാവ് ഒരിയ്ക്കലും തന്റെ ഇഷ്ടാനിഷ്ടങ്ങൾ മക്കളിൽ അടിച്ചേൽപ്പിച്ച്  അവരുടെ അഭിരുചിയ്ക്ക് ഭംഗം വരുത്താറില്ല. അവർ നടക്കുന്ന വഴിയിലെ ദുര്ഘടങ്ങൾ മാറ്റികൊടുക്കാനും, തെറ്റായ വഴിയാണെങ്കിൽ അതിൽനിന്നും മക്കൾ പോകുന്ന വഴികൾ വ്യക്തമല്ലെങ്കിലും അവരെ അവിടെ നിന്നും പിന്തിരിപ്പിക്കാനുമാണ് ശ്രദ്ധിക്കാറുള്ളത്. 'അമ്മ പലപ്പോഴും മാതൃവാത്സല്യത്താൽ പ്രവൃത്തികളിലെ നന്മ-തിന്മകളെ വിലയിരുത്താതെ കുട്ടികൾക്കൊപ്പം നിൽക്കാറുണ്ട്   

എല്ലാ മക്കളെയും പോലെ പിതാവിനെക്കുറിച്ച് പറയുമ്പോൾ  വാചാലമാകുന്നു ഈ മകളുടെ മനസ്സും. ശാസനയും ശിക്ഷകളുമില്ലാതെ എന്നാൽ നല്ല ശിക്ഷണത്തിലൂടെ ജീവിതാനുഭവങ്ങളെ അടയിൽ ശർക്കരയും തേങ്ങയും എന്നോണം ദൈനംദിന ജീവിതത്തിൽ പറഞ്ഞുതന്നു ജീവിതമെന്തന്നു പഠിപ്പിച്ച കർഷകനായ, നാലുമക്കളുടെ പിതാവ്. ഞങ്ങളിലെ കഴിവുകളെയും, അഭിരുചികളെയും വളർത്തിയെടുക്കാൻ സ്വാതന്ത്രത്തിന്റെ പോർച്ചട്ട അണിയിച്ചുതന്ന, വിജയങ്ങളിൽ സന്തോഷത്തിന്റെ, പ്രോത്സാഹാഹനങ്ങളുടെ വാക്കാകുന്ന പൂച്ചെണ്ടുകളും, തോൽവികളിൽ സാന്ത്വനത്തിന്റെ  തലോടലുകളും നൽകി ഞങ്ങൾക്ക് താങ്ങും തണലുമായി  അച്ഛനെന്നും കൂടെയുണ്ട്. കഠിനാദ്ധ്വാനത്തിന്റെ തീയിൽ കുരുത്താൽ സാഹചര്യങ്ങളുടെ വെയിലിൽ ഒരിയ്ക്കലും വാടില്ലെന്നു  അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു.. തന്റെ മകൾ അല്ലെങ്കിൽ മകൻ താൻ നൽകുന്ന സ്നേഹത്തിനു പകരം തന്നെ അനുഭവങ്ങളുടെ കൈപ്പനീര് കുടിപ്പിയ്ക്കില്ല എന്ന അടിയുറച്ച വിശ്വാസത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത വഴിയിൽ കെടാവിളക്കായി  ഞങ്ങളുടെ പിതാവ്. ദൈനംദിന സംഭവവികാസങ്ങൾ പറക്കമുറ്റാത്ത  കുഞ്ഞുമനസ്സുകളുമായി പങ്കുവയ്ക്കുമ്പോൾ അതിൽനിന്നും ഒരാശയവും, അഭിപ്രായങ്ങളും ലഭിയ്ക്കാനില്ല അച്ഛന്  എന്നറിയാം. എന്നിരുന്നാലും അച്ഛന്റെ ജീവിതാനുഭവങ്ങൾ പങ്കിടുന്നതിലൂടെ ഞങ്ങളും ജീവിതത്തിന്റെ പല മുഖങ്ങളും മനസ്സിലാക്കണം എന്ന് അച്ഛൻ ആശിച്ചു. അതുകൊണ്ടുതന്നെ ദിവസവും കുറച്ചുനേരം ഞങ്ങളുമായി സംസാരിക്കാനും, ഞങ്ങൾക്കൊപ്പം പങ്കിടാനും അച്ഛൻ കണ്ടെത്തിയിരുന്നു.     ഓരോദിവസത്തെ സംഭവവികാസങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്യുമ്പോൾ   ജീവിതത്തിന്റെ പ്രായോഗിക വശങ്ങളെ ഞങ്ങൾക്കു മനസ്സിലാക്കിത്തരാനും, വിവേകമുള്ളവരാക്കാനും  അച്ഛന് കഴിഞ്ഞു

“പഠിയ്ക്ക്, പഠിയ്ക്ക്” എന്ന് പറഞ്ഞു നിലമുഴുന്ന കാളകളെപ്പോലെ  പഠനത്തിനുവേണ്ടി മാത്രം തള്ളിവിടാതെ,  വെറും പുസ്തകപ്പുഴുക്കളാക്കി വളർത്താതെ കൃഷിയിടങ്ങളിൽ ഞങ്ങളുടെ മൃദുലകരങ്ങൾക്ക്   ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ പങ്കാളികളാക്കി പ്രകൃതിയെ അറിഞ്ഞും, ഇഴുകിച്ചേർന്നു, മണ്ണിനെ അറിഞ്ഞും സന്തോഷിച്ച ഒരിക്കലും മറക്കാനാകാത്ത ഒരു    ബാല്യം ഞങ്ങൾക്കായി അച്ഛൻ ഒരുക്കി.  ഞങ്ങളെ സമൂഹത്തിൽ സ്വാഭിമാനമുള്ള വ്യക്തിത്വത്തിന് ഉടമകളാക്കി വളർത്തി വലുതാക്കിയ    എന്റെ പ്രിയപ്പെട്ട അച്ഛന്റെ പാദങ്ങളിൽ നമസ്കരിച്ച് അച്ഛന് പിതൃദിനം ആശംസിയ്ക്കുന്നതോടൊപ്പം ഈ വരികൾ അദ്ദേഹത്തിനു സമർപ്പിക്കുന്നു.  ഒപ്പം പിതാവെന്ന  മഹത്തായ സ്ഥാനം ജഗദീശ്വരൻ അനുഗ്രഹിച്ചുതന്ന എല്ലാ വർക്കും എന്റെ ഹൃദയം നിറഞ്ഞ  "പിതൃദിനാശംസകൾ".  

Join WhatsApp News
P.R. 2023-06-18 13:23:58
പിതൃദിനത്തെക്കുറിച്ച് പൊതുവായി എഴുതി അവസാനം ആ വരികൾ അച്ഛന് സമർപ്പിച്ചിരിക്കുന്നു എഴുത്തുകാരി ശ്രീമതി ജ്യോതിലക്ഷ്മി. വളരെ കുറച്ച് വരികളിലൂടെ അച്ഛനെപ്പറ്റി വളരെ അധികം പറഞ്ഞു. അച്ഛൻ നൽകിയ സ്നേഹം ആ വരികളിലൂടെ കിനിഞ്ഞു വന്നു. ജ്യോതിക്ക് നന്മകൾ നേരുമ്പോൾ അവരുടെ അച്ഛന് ആയുരാരോഗ്യങ്ങൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക