Image

മൃദുലമാം നിസ്വനം പോലെ...ഓ.എൻ.വി ഓർമ്മകൾ (വിജയ് സി. എച്ച്)

Published on 18 June, 2023
മൃദുലമാം നിസ്വനം പോലെ...ഓ.എൻ.വി ഓർമ്മകൾ (വിജയ് സി. എച്ച്)

ജീവിച്ചിരുന്നുവെങ്കിൽ 92 വയസ്സ്
തികയുമായിരുന്ന ഒ.എൻ.വി. കുറുപ്പിൻ്റെ
ഓർമകൾക്ക് മരണമില്ല!


'പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളേ... ആ മരത്തിൻ പൂന്തണലിൽ വാടിനിൽക്കുന്നോളേ...' എന്ന ഗാനം സ്കൂൾ കലോത്സവങ്ങളിൽ പതിവായി കേട്ടപ്പോൾ, ഈ വരികളെക്കുറിച്ചു എൻ്റെ മലയാളം അദ്ധ്യാപകനോടു ഒരിക്കൽ ചോദിച്ചു. വാര്യർ മാഷിനെ കുട്ടികൾക്ക് പൊതുവെ ഭയമായിരുന്നുവെങ്കിലും, മലയാളം പ്രബന്ധ മത്സരങ്ങളിൽ ഒന്നാമനാകുന്ന കുട്ടിയായതിനാൽ, അദ്ദേഹത്തോട് എനിയ്ക്ക് അൽപ്പം സ്വാതന്ത്യ്രമെടുക്കാൻ കഴിഞ്ഞിരുന്നു.
ഒ.എൻ.വി. കുറുപ്പ് എന്ന പേര് ആദ്യമായി ഞാൻ വാര്യർ മാഷിൽ നിന്നു കേട്ടു. കെ.പി.എ.സി-യുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനുവേണ്ടി ഒഎൻവി സാർ എഴുതിയ ഗാനമാണിതെന്നും, ചന്ദ്രക്കല അരിവാളുപോലെയാണിരിക്കുന്നതെന്നും, പാടത്തു പണിയെടുത്തു വാടിനിൽക്കുന്ന പാവം പെണ്ണുങ്ങൾക്ക് എത്രകണ്ടത് സാന്ത്വനമേകുന്നുവെന്നും മറ്റും വാര്യർ മാഷ് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ വിവരിച്ചു തന്നത് ഇന്നലെയെന്നപോലെ ഞാൻ ഇന്നുമോർക്കുന്നു!
ഒഎൻവി സാറാണ് എൻ്റെ മനസ്സിൽ പതിഞ്ഞ ആദ്യത്തെ ഗാനരചയിതാവ്! അന്നു മുതൽ ഇന്നു വരെ അദ്ദേഹമാണ് എനിയ്ക്ക് എല്ലാം തികഞ്ഞൊരു പാട്ടെഴുത്തുകാരൻ! ആറു പതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിനൊടുവിലും അദ്ദേഹം എനിക്കൊരു ഗാനരചയിതാവായിരുന്നു.


കണ്ടപ്പോഴൊക്കെയും ചോദിച്ചറിഞ്ഞതും എന്നെ ഏറെ ആകർഷിച്ച അദ്ദേഹമെഴുതിയ ഗാനങ്ങളെക്കുറിച്ചായിരുന്നു. 'അഗ്നിശലഭങ്ങളും', 'ഭൂമിക്കൊരു ചരമഗീത'വും, 'ഉജ്ജയിനി'യും, 'സൂര്യൻ്റെ മരണവും' അദ്ദേഹം രചിച്ച ആത്മാവുള്ള കവിതകളോ കവിതാ സമാഹാരങ്ങളോ ആണെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ, 'എൻ്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺ‍കൊടീ, നിന്നെയും തേടി...' എന്നതു പോലെയൊ, 'ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെൻ്റെ മുന്നിൽ നിന്നു...' എന്നതു പോലെയൊയുള്ള വരികളെഴുതിയ പാട്ടെഴുത്തുകാരനാണ് ഒഎൻവി സാർ എനിക്കെന്നും.
'തോന്ന്യാക്ഷരങ്ങ'ളും, 'ശാര്ങ്ഗകപ്പക്ഷികളും', 'കറുത്ത പക്ഷിയുടെ പാട്ടും', അദ്ദേഹമെനിയ്ക്കു സമ്മാനമായിത്തന്നത് (Author's Copy) മുഴുവനായി ഇപ്പോഴും വായിച്ചു തീർന്നില്ലയെന്നത് ഒഎൻവിയെന്ന മഹാകവിയോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല, മറിച്ചു അദ്ദേഹത്തെ ഒരു ഗാനരചയിതാവായേ എനിയ്ക്കു തിരിച്ചറിയുവാൻ കഴിഞ്ഞുള്ളൂവെന്ന എൻ്റെ പരിമിതികൊണ്ടാണ്. ഞാൻ അദ്ദേഹത്തെ ആദ്യമായി അറിഞ്ഞതു തന്നെ ആത്മാവുള്ള വരികളെഴുതുന്നയാൾ എന്ന വാസ്തവം, ഈ കാഴ്ചപ്പാട് രൂപപ്പടുത്തിയെടുക്കാൻ എൻ്റെയുള്ളിൽ തകിലു കൊട്ടിയിട്ടുമുണ്ടാകാം. എന്നിരുന്നാലും, ഭാവനാസമ്പന്നനായ ഒരു കവിയ്ക്കുമാത്രമേ ഗാനങ്ങളുടെ അക്ഷരങ്ങളിൽ സുന്ദരമായ ദൃശ്യബിംബങ്ങൾ സൃഷ്ടിക്കാൻ കഴിയൂയെന്ന വസ്‌തുത വിസ്‌മരിക്കപ്പട്ടത് കാവ്യോചിതമല്ലെന്നു സമ്മതിക്കാതെ വയ്യ.
ജീവിതത്തിൽ ഏറെ കാലം മലയാള മണ്ണിൽനിന്നു അകന്നു കഴിയേണ്ടിവന്ന എനിയ്ക്കു കാൽ നൂറ്റാണ്ടു കാലമെങ്കിലും കൂട്ടിരുന്നത് ഒഎൻവി സാർ 'ചില്ല്' എന്ന സിനിമക്കുവേണ്ടി 1981-ൽ എഴുതിയ 'ഒരു വട്ടം കൂടി എൻ ഓർ‍മ്മകൾ‍ മേയുന്ന തിരുമുറ്റത്തെത്തുവാൻ‍ മോഹം...' എന്നു തുടങ്ങുന്ന ഗാനമാണ്. തീവ്രമായ ഗൃഹാതുരത്വം ഉണർത്തുമ്പോഴും ശ്രോതാവിനെ അയാളുടെ പുരയിലും പുരയിടത്തിലും തന്നെ നിർത്തി, നെല്ലിയ്ക്കയും, അടരുന്ന കായ് മണികളും, കിണർവെള്ളവും, ഉച്ചത്തിൽ‍ കൂകുന്ന കുയിലിനെയും യഥേഷ്ടം നൽകി ഒന്നും നഷ്ടമായില്ലെന്നു ഉള്ളറിഞ്ഞു ബോധ്യപ്പെടുത്താൻ ഒഎൻവി സാറിനല്ലാതെ മറ്റാർക്കാണു കഴിയുക? ഞാൻ ഏറ്റവുമധികം തവണ ശ്രവിച്ച ഗാനമാണിത്!
എല്ലാവരും എന്നും പാടുന്ന ആയിരം ഗാനമെങ്കിലും രചിച്ച ഒഎൻവി സാറിൻ്റെ ഏറ്റവും മികവുറ്റ സൃഷ്ടി ഏതെന്നു ചോദിക്കുന്നത് ശ്രോതാക്കളിൽ അമ്പരപ്പുണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും, ഭാഷാലാളിത്യവും, കാവ്യഭംഗിയും, ദൃശ്യചാരുതയും, പ്രകൃതിഔപമ്യവും പരാമർശ ഉരക്കല്ലുകളായെടുത്ത്, ഞാനൊരിക്കൽ ഈ ചോദ്യത്തിന് ഉത്തരമന്വേഷിച്ചിട്ടുണ്ട്.


'വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ...
അതിലോലമെൻ ഇടനാഴിയിൽ നിൻ
കളമധുരമാം കാലൊച്ച കേട്ടു...
മധുരമാം കാലൊച്ച കേട്ടു.
ഹൃദയത്തിൻ തന്തിയിൽ ആരോ വിരൽ തൊടും
മൃദുലമാം നിസ്വനം പോലെ...
ഇലകളിൽ ജലകണം ഇറ്റു വീഴുമ്പോലെൻ
ഉയിരിൽ അമൃതം തളിച്ച പോലെ...
തരളവിലോലം നിൻ കാലൊച്ച കേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി.
ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
മധുകരം മുകരാതെ ഉഴറും പോലെ...
അരിയ നിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
പൊരുളറിയാതെ ഞാൻ നിന്നു.
നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ
മറ്റൊരു സന്ധ്യയായ് നീ വന്നു...
മറ്റൊരു സന്ധ്യയായ് നീ വന്നു.'


1987-ൽ, 'ഇടനാഴിയിൽ ഒരു കാലൊച്ച'യ്ക്കുവേണ്ടി ഒഎൻവി സാർ എഴുതിയ വരികളാണിവ. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ദാസേട്ടനും ചിത്രയും ആലപിയ്ക്കുന്നത് വെവ്വേറെ. ഈ ഗാനം മൊത്തത്തിൽ ഭാഷാലാളിത്യത്തിന് ദൃഷ്ടാന്തമാണെങ്കിലും, ഒരു പദപ്രയോഗം മാത്രം എടുത്തു പറയട്ടെ. ഹൃദയത്തിൻ 'തന്തി'യിൽ എന്ന് അദ്ദേഹമെഴുതിയത്, 'തന്തി' എന്ന പദത്തിന് ഒരർത്ഥം മാത്രമേയുള്ളൂവെന്നതിനാലും, അതു തന്നെയാണ് അദ്ദേഹം ഉദ്ദേശിക്കുന്ന പദമെന്നതുകൊണ്ടുമാണ്. വീണയുടെ കമ്പിപോലെ, ഹൃദയത്തിൻ്റെ കമ്പി. അതിൽ വിരൽ ‍ തൊടുമ്പോഴുള്ള മൃദുലമായ നിസ്വനം. 'തന്ത്രി'യെന്നാൽ, രണ്ടർത്ഥമുണ്ട്. രണ്ടാമത്തെ അർത്ഥമായ ക്ഷേത്രത്തിൽ തന്ത്രംകഴിക്കുന്ന പൂജാരിയായി ഇതു ശ്രോതാക്കൾ തെറ്റിദ്ധരിക്കരുതെന്ന് ഒഎൻവി സാറിനു നിർബന്ധമുണ്ടായിരുന്നു. ഹൃദയത്തിനും ഒരു പൂജാരി ഉണ്ടാകാമല്ലൊ. ഒഎൻവി സാർ ഏറെ ശ്രദ്ധിച്ചു തിരഞ്ഞെടുത്തു ഉപയോഗിച്ച 'തന്തി'യെ 'തന്ത്രി'യെന്നു പലരും തെറ്റി മനസ്സിലാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദാസേട്ടനും ചിത്രയും അക്ഷര സ്ഫുടതയോടെ 'തന്തി'യെന്നു പാടുന്നത് ഏറെ തൻമയത്തത്തോടെയാണ്.


ഈ പാട്ടിലെ ഓരോ സൗമ്യമധുരമായ വരിയും അതു കേൾക്കുന്നവൻ്റെ ഉള്ളിൽ കാവ്യഭംഗികൊണ്ടു കുളിരു കോരിയിടുന്നതാണെങ്കിൽ, വാതിൽപ്പഴുതിലൂടെ കുങ്കുമം വിതറുന്ന ത്രിസന്ധ്യയും, ഇറ്റു വീഴുന്ന ജലകണം ഇലകളിൽ മനോഹരമായി ചിന്നിച്ചിതറുന്നതും, ഹിമബിന്ദുവാൽ മൂടപ്പെട്ട പൂവിനെ പുണരാൻ മല്ലിടുന്ന മധുപനും, കളമെഴുതുന്ന നിഴലുകളും ഒഎൻവി സാറിനു മാത്രം വരച്ചിടാൻ കഴിയുന്ന ചില ദൃശ്യചാരുതകളാണ്!


കാട്ടുപൂക്കളിലെ 'മാണിക്യവീണയും', മദനോത്സവത്തിലെ 'സാഗരമേ ശാന്തമാകു നീ'യും, നീയെത്ര ധന്യയിലെ 'അരികിൽ നീയുണ്ടായിരുന്നെങ്കി'ലും, ആരണ്യകത്തിലെ 'ആത്മാവിൽ മുട്ടിവിളിച്ചതും', നഖക്ഷതങ്ങളിലെ 'മഞ്ഞൾ പ്രസാദവും', വൈശാലിയിലെ 'ഇന്ദുപുഷ്പ'വും കാലത്തിൻ്റെ പരീക്ഷണങ്ങളെ അതിജീവിച്ചു ശ്രോതാവിൻ്റെ കൂടെ എന്നുമുണ്ടാകുമെന്നുറപ്പുള്ള ചില രചനകളാണ്. മികച്ച ഗാനരചയിതാവിനുള്ള പതിനാലു സംസ്ഥാന പുരസ്കാരങ്ങളും, ഒരു നേഷനൽ അവാർഡും അതിനാൽ തികച്ചും സ്വാഭാവികം!


ഗാനാസ്വാദകനുമേൽ ഒഎൻവി സാർ ആധിപത്യം സ്ഥാപിച്ചത് കവിത്വംകൊണ്ടു മാത്രമായിരുന്നു. അക്ഷരങ്ങൾക്ക് അവാച്യമായ അർത്ഥങ്ങളുണ്ടെന്ന് അദ്ദേഹം അനുവാചകനെ സദാ ബോധ്യപ്പെടുത്തി. കടുപ്പമുളള ഒരു പദവും എവിടെയും ഉപയോഗിച്ചില്ലതാനും. പ്രകൃതിയിൽ നാം നിത്യേനെ കാണുന്നതിലെല്ലാം ഇത്രയും കാവ്യസൗന്ദര്യമുണ്ടെന്ന് നമ്മുടെ ശ്രദ്ധയിൽപ്പെടുത്തിയ മറ്റൊരു കവിയുണ്ടോ? അദ്ദേഹത്തിൻറെ ചിരിപോലെ, വരികളും ജനപ്രിയമാകാനുള്ള കാരണവും മറ്റൊന്നല്ല!
ഗാനങ്ങളെപ്പോലെ അദ്ദേഹത്തിൻ്റെ സംഭാഷണ രീതിയും വളരെ സരളവും മനം കവരുന്നതുമായിരുന്നു. എല്ലാം ലളിതം, പ്രകൃതി പോലെ സുതാര്യം! ഒന്നര മണിക്കൂറിനുശേഷം ഞങ്ങളുടെ ആദ്യ അഭിമുഖം മറ്റൊരു തിരക്കുമൂലം അദ്ദേഹം അവസാനിപ്പിച്ചപ്പോൾ, കുടിച്ചുകൊണ്ടിരുന്ന പാൽപായസം പെട്ടെന്നു തീർന്നുപോയ നിരാശയായിരുന്നു എനിയ്ക്ക്!


രണ്ടാം തവണ കണ്ടപ്പോൾ കൊതിതീരെ കേട്ടിരിക്കാൻ സാധിച്ചു. കൂടാതെ, കോട്ടൺ ഹില്ലിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് ഞങ്ങൾ കാൽനടയായി സഞ്ചരിച്ചു തലസ്ഥാന നഗരിയിലെ പല പുസ്തകക്കടകളും സന്ദർശിച്ചു. പോകുന്നിടത്തെല്ലാം ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ ഞാൻ സാറിനെ എൻ്റെ ചോദ്യങ്ങളിലും, സംശയങ്ങളിലും, അന്വേഷണങ്ങളിലും പൂർണ്ണമായും വ്യാപൃതനാക്കി. എന്തൊരു ആവേശമായിരുന്നെന്നോ നാലാളു കാൺകെ ഒരു ജ്ഞാനപീഠ ജേതാവിനോടങ്ങനെ സംസാരിച്ചു നടക്കാൻ!
ഈ ഓർമയും, ഒരു 'മൃദുലമാം നിസ്വനം പോലെ' മനസ്സിലങ്ങനെ മാറ്റൊലികൊള്ളുന്നു... 

#ONV_kurup

 

Join WhatsApp News
Santhosh Pillai 2023-06-19 04:11:32
ഈ ഓർമ്മകുറുപ്പ്, അങ്ങയുടെ ഹൃദയത്തിൻ തന്തിയിൽ കാവ്യ ദേവതയുടെ വിരൽതൊട്ടപ്പോൾ ഉയർന്ന മൃദുലമാം നിസ്വനം പോലെ അനുഭവപ്പെടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക