Image

ചിലനേരം ചില പോലീസുകാര്‍ ഇങ്ങനാണ് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 19 June, 2023
ചിലനേരം ചില പോലീസുകാര്‍ ഇങ്ങനാണ് (ദുര്‍ഗ മനോജ് )

പോലീസിന്റെ ജോലി എന്താണ് എന്നു ചോദിക്കുന്നില്ല, കാരണം പരാതി കിട്ടിയാല്‍ അന്വേഷിക്കാതിരിക്കാനോ നോക്കിനില്‍ക്കാനോ പോലീസിനു സാധിക്കില്ല. അതു സമ്മതിച്ചു. പക്ഷേ, ഇവിടെ നമ്മള്‍ വിമര്‍ശിച്ചു പോകുന്നത് ചില വിഷയങ്ങളില്‍ പോലീസ് നടത്തുന്ന അമിത പ്രതികരണവും, മറ്റു ചിലപ്പോള്‍ കൃത്യമായി പാലിക്കുന്ന നിസ്സംഗതയും കാണുമ്പോഴാണ്. കാരണം, കേരളത്തില്‍ അത്യാവശ്യം നന്നായി കത്തിനില്‍ക്കുന്ന വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയെ എത്ര തിരഞ്ഞിട്ടും പോലീസിനു കണ്ടെത്താനാകുന്നില്ല, എന്നാല്‍ അതേ സമയം വിവാഹവേഷത്തില്‍ കതിര്‍മണ്ഡപത്തിലേക്കു പ്രവേശിക്കുന്ന യുവതിയെ കൃത്യ സമയത്തു വന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കാണിച്ച ശുഷ്‌കാന്തിക്ക് എന്താ പറയുക?
കായംകുളം സ്വദേശിനിയായ ആല്‍ഫി എന്ന യുവതി കോവളം സ്വദേശിയായ അഖിലിനെ പ്രണയിച്ചു. അവര്‍ ഒന്നിച്ചു ജീവിക്കാന്‍ നിശ്ചയിച്ചു. ഈ മാസം 16 ന് യുവതി വീടുവിട്ട് ഇറങ്ങുകയും തുടര്‍ന്നു നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പോലീസ് സാന്നിദ്ധ്യത്തില്‍ യുവതിയുടെ താത്പര്യപ്രകാര്യം അഖിലുമൊത്തു ജീവിക്കുക എന്ന തീരുമാനം രണ്ടു പേരുടേയും വീട്ടുകാര്‍ അംഗീകരിച്ചതുമാണ്. എന്നിട്ടും കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന അഖിലിന്റേയും അല്‍ഫിയുടേയും വിവാഹപന്തലിലേക്ക് കായംകുളം പോലീസ് പാഞ്ഞെത്തി. ആദ്യം യുവതിയെ കോവളം പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് യുവതി തന്റെ നിലപാട് ആവര്‍ത്തിച്ചു. പക്ഷേ, കായംകുളത്തെ പോലീസിന് തൃപ്തി വന്നില്ല. അവര്‍
യുവതിയെ ബലം പ്രയോഗിച്ച് കായംകുളത്തേക്ക് കൊണ്ടുപോയി. അവിടെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ യുവതി തന്റെ പഴയ നിലപാടില്‍ ഉറച്ചു നിന്നു. ഇഷ്ടപ്പെട്ട് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച പ്രായപൂര്‍ത്തിയായ വ്യക്തികളോട് അതു പാടില്ലെന്ന് പറയാന്‍ കായംകുളം പോലീസ് അല്ലല്ലോ കോടതി. യുവതിയെ, അവളുടെ ഇഷ്ടാനുസരണം കഴിയാന്‍ കോടതി അനുവദിച്ചു. കായംകുളം തൊട്ട് കോവളം വരേയും, തിരിച്ചും പെട്രോളു കത്തിച്ച് പോലീസ് പാഞ്ഞത് ആര്‍ക്കു വേണ്ടി ആയിരുന്നു? കോവളം പോലീസിനു മുന്നില്‍ തീരുമാനിച്ച മധ്യസ്ഥ ചര്‍ച്ചയുടെ പരിസമാപ്തി എന്തേ കായംകുളം പോലീസിന് ബോധ്യപ്പെടാത്തത്? അപ്പോള്‍ അതു വെറും ഇടപെടലല്ല, പോലീസിനെ അങ്ങനെ ഓടിക്കാന്‍ പറ്റുന്ന ആരുടേയോ ഇടപെടല്‍ നടന്നിരിക്കുന്നു എന്നു വ്യക്തം.
ഇതാണ് പോലീസേ പ്രശ്‌നം, നിങ്ങള്‍ ചില വിഷയങ്ങളില്‍ കാട്ടുന്ന ഈ അമിത താത്പര്യം ദാ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആറാടുന്നുണ്ട്. കള്ളനെ വേണ്ട, സ്വന്തം താത്പര്യപ്രകാരം ജീവിക്കാന്‍ ഒരു യുവതി നിശ്ചയിച്ചാല്‍ അതില്‍ ഇടപെടും. കഷ്ടമാണ്! ഈ ആവേശം മറ്റ് കണ്ടുകിട്ടാപ്രതികളെ പിടിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ സത്യമായും കേരളം കുറച്ചൊക്കെ ദൈവത്തിന്റെ നാടായേനെ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക