അബുദാബി: മാര്‍ത്തോമ്മാ യുവജനസഖ്യം പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മുസഫ ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ അബുദാബി മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി വാരാചരണ സന്ദേശം ഫാ. ബോബി ജോസ് കട്ടികാട് നല്‍കി. സഖ്യം ഭാരവാഹികള്‍ ചേര്‍ന്ന് ദേവാലയാങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേയുള്ള ബോധവത്കരണം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യുവജനസഖ്യത്തിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തെ പരിപാടികളുടെ ഉദ്ഘാടനം റവ. അജിത്ത് ഈപ്പന്‍ തോമസ് നിര്‍വഹിച്ചു. മുസഫ ദേവാലയ അങ്കണത്തില്‍ ഈ വര്‍ഷവും ജൈവ പച്ചക്കറി കൃഷി നടപ്പാക്കുവാനും കൃഷി ഉത്പന്നങ്ങള്‍ ഇടവക ജനങ്ങള്‍ക്ക് ലഭ്യമാക്കുവാനും ഉള്ള ക്രമീകരണങ്ങള്‍ ചെയ്യാനും തീരുമാനിച്ചു.
കൃഷിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനും പരിസ്ഥിതിയോട് കൂടുതല്‍ ഇണങ്ങി ജീവിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള വിവിധ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.
ജോബിന്‍ വര്‍ഗീസ്, സോണി വാളക്കുഴി, യുവജനസഖ്യം സെക്രട്ടറി അനില്‍ ബേബി, വൈസ് പ്രസിഡന്റ് രഞ്ജു വര്‍ഗീസ്, വനിതാ സെക്രട്ടറി മീനു രാജന്‍, ട്രഷറര്‍ ആശിഷ് ജോണ്‍ ശാമുവേല്‍, സിസിന്‍ മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അനില്‍ സി.ഇടിക്കുള