അമേരിക്കന്‍ സന്ദര്‍ശ്ശനത്തിനുശേഷം പിണറായി വിജയനും പരിവാരങ്ങളും നേരെപോയത് ചങ്കിലെ ക്യൂബ സന്ദര്‍ശ്ശിക്കാനായിരുന്നു. കേരളത്തിലെ (അമേരിക്കയിലെയും) കമ്മ്യൂണിസ്റ്റുകാരുടെ ആരാധ്യപുരുഷന്മാരായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെയും എസ്സ് എഫ് ഐ ക്കാരടെ രക്തത്തിലെ തീപ്പന്തമായ ചെഗുവരെയുടെയും ഉച്ഛാസവായു വേണ്ടുവോളം ശ്വസിച്ച് മടങ്ങാമെന്നല്ലാതെ ഇന്നും പത്തൊന്‍പതാം നൂറ്റാണ്ടില്‍ കഴിയുന്ന ക്യൂബയില്‍നിന്ന് ഒന്നും നേടാനാവില്ലെന്ന് പിണറായിക്ക് അറിയാമായിരുന്നു. ക്യൂബയിലെ ഏകവ്യവസായമായ ചുരുട്ടുനിര്‍മ്മാണം കേരളത്തില്‍ പുകയിലകൃഷി ഇല്ലാത്തതിനാല്‍ സ്വീകാര്യവുമല്ല. പിന്നെ കണ്ണൂരിലെ ദിനേശ്ബീഡിയുടെ വലിപ്പംവര്‍ദ്ധിപ്പിച്ച് ചുരുട്ടിന്റെ രൂപത്തിലാക്കാമോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
ക്യൂബന്‍ പ്രസിഡണ്ടിന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് പിണറായിയെയും സഖാക്കളെയും കരിമ്പിന്‍നീരും ക്യൂബന്‍ പരിപ്പുവടയും നല്‍കി ആദരിച്ചിരുത്തി. ചത്തുകിടക്കുന്ന ക്യൂബന്‍ കമ്മ്യൂണിസം ജനങ്ങളില്‍ ആവേശം പരത്താതുകൊണ്ട് ഒരു ജാഥക്കുപോലും ആളെകിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് വിഷമിക്കേണ്ടന്നും കാസ്‌ട്രോയും ചെഗുവരെയും കേരള കമ്മ്യൂണിസ്റ്റുകളുടെ ആവേശമാണന്നും തങ്ങളുടെ വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐ അവര്‍ പഠിപ്പുമുടക്കുന്ന (പഠിക്കുന്നതല്ല) കോളജുകളിലെല്ലാം ഇവരുടെ ഫോട്ടോവച്ച് രാവിലെയും വൈകിട്ടും തിരികൊളുത്താറുണ്ടെന്നും പിണറായി പറഞ്ഞു.
പിണറായി സഖാവ് ഭരിച്ചുമുടിച്ച കേരളത്തില്‍നിന്നും വ്യവസായങ്ങള്‍ വല്ലതും ക്യൂബയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമോ എന്നായിരുന്നു പ്രസിഡണ്ട് ഡിയാഗോ കാനലിന് അറിയേണ്ടിയിരുന്നത്. പ്രസിഡണ്ടിന്റെ ചോദ്യംകേട്ട് പിണറായിയും പരിവാരങ്ങളും ആര്‍ത്ത് ചിരിച്ചു. നക്കാപ്പിച്ച വല്ലതും കിട്ടുമോന്ന് അറയാനാണ് തങ്ങള്‍ ബൂര്‍ഷ്വരാജ്യമായ അമേരിക്കമൊത്തം നിരങ്ങിയതെന്ന് പിണറായി ഉത്‌ബോധിപ്പിച്ചു. ഞങ്ങളുടെ ആളുകള്‍ ഗള്‍ഫുനാടുകളിലും അമേരിക്കയിലുംപോയി ഉണ്ടാക്കുന്നപണം കേരളത്തിലേക്ക് അയക്കുന്നതുകൊണ്ടാണ് കേരളീയര്‍ കഞ്ഞികുടിച്ചുപോകുന്നത്. ഞങ്ങടെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരല്ലേ പ്രസിഡണ്ടേയെന്ന് പിണാറായി പറഞ്ഞില്ല.ഞങ്ങള്‍ക്കുതരാന്‍ വിപ്‌ളവാശംസകള്‍ മാത്രമേയുള്ളുവെന്ന് പിണറായി വിജയന്‍. ആര്‍ക്കുവേണം അതെന്ന് പ്രസിഡണ്ടും പറഞ്ഞില്ല.
വിഢികളുടെ പ്രോട്ടോകോള്‍ ലംഘനം
കേരള മുഖ്യമന്ത്രിയും ക്യൂബന്‍ പ്രസിഡണ്ടും കൂടിയിരുന്ന് ചര്‍ച്ചചെയ്യുന്ന ഫോട്ടോ ആരെങ്കിലും ശ്രദ്ധിച്ചോ? പിണറായി ഇരിക്കുന്നത് ക്യൂബയുടെ പതാകയുടെ മുന്‍പിലും പ്രസിഡണ്ട് കാനല്‍ ഇന്‍ഡ്യന്‍ ദേശീയ പതാകയുടെ മുമ്പിലും.
പിണറായി വിജയന്റെ ടൈംസ്‌ക്വയറിലെ തള്ളലുകള്‍.
ന്യു യോര്‍ക്കിലെ ടൈംസ്‌ക്വയറില്‍നിന്ന് കേരളം എല്ലാംരംഗങ്ങളിലും ലോകോത്തരമായിതീര്‍ന്നു എന്ന് പ്രസംഗിച്ച ദിവസമാണ് കണ്ണൂരില്‍ പതിനൊന്ന് വയസുള്ള ബാലനെ തെരുവുനായക്കള്‍ കടിച്ചുകൊന്നത്. ഉന്നതവിദ്യാഭ്യാസനിലവാരം ലോകോത്തരമായത് പരീക്ഷ എഴുതാതെ ഗിഗ്രിനേടാമെന്ന് തെളിയിച്ചുകൊണ്ടാണ്. ബി കോം പാസ്സാകാതെ എം കോമിന് ചേരാമെന്നും കാണിച്ചുകൊടുത്തു ഒരു എസ് എഫ് ഐക്കാരന്‍. മഹാരാജാസ് കോളജില്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി മറ്റുകോളജുകളില്‍ ലക്ച്ചറര്‍ ആയിത്തീര്‍ന്ന ഒരു എസ് എഫ് ഐ ക്കാരി പിടികിട്ടാപ്പുള്ളിയായി പാര്‍ട്ടിഗ്രാമങ്ങളില്‍ ഒളിച്ചുകഴിയുന്നു. ഇതൊക്കെ ഒരു യൂണിവേഴ്‌സിറ്റിയിലും നടക്കാത്ത കാര്യമാണന്ന് കാണിച്ചുകൊടുത്തത് ലോകോത്തരമല്ലേ. ഇംഗ്‌ളീഷ് ലിറ്ററേച്ചറില്‍ എം എയും പി എച്ച് ഡിയും എടുത്ത ചിന്താ ജെറോമെന്ന കമ്മ്യൂണിസ്റ്റുകാരിയുടെ ഇംഗ്‌ളീഷ് പ്രസംഗം ഉയര്‍ത്തിയ ചിരിയുടെ മാലപ്പടക്കം ഇന്നും പൊട്ടിതീര്‍ന്നിട്ടില്ല. അതുപോലെ തൃശ്ശൂര്‍ കേരളവര്‍മ്മ കോളജ് പ്രിന്‍സിപ്പലായിരുന്ന ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയ ഇംഗ്‌ളീഷ് പ്രസംഗവും നര്‍മ്മബോധമുള്ളവര്‍ക്ക് വേണ്ടുവോളം ആസ്വദിക്കാന്‍ കഴിഞ്ഞു.അവരുടെ വിദ്യാഭ്യാസ യോഗ്യതയും സംശയം ഉയര്‍ത്തുന്നു.
അമേരിക്കയിലും യൂറോപ്പിലുമുള്ള സമ്പന്നരായ മലയാളികളെ കേരളത്തില്‍ മുതല്‍മുടക്കി വ്യവസായങ്ങള്‍ തുടങ്ങാന്‍ പിണറായി ക്ഷണിക്കയുണ്ടായി. നോക്കുകൂലിയെന്ന അത്ഭുതപ്രതിഭാസം അപ്രക്ഷമായെന്നും തൊഴിലാളി സമരങ്ങള്‍മുഖേന നിങ്ങളുടെ സംരഭങ്ങള്‍ പൂട്ടേണ്ടിവരികില്ലെന്നും അദ്ദേഹം പ്രലോഭിപ്പിച്ചു. ബാങ്കില്‍നിന്നും ലോണെടുത്ത് വ്യവസായംതുടങ്ങാന്‍ കെട്ടിടവും യന്ത്രസാമഗ്രികളും തയ്യാറാക്കി ഉദ്യോഗസ്ഥരുടെ കോഴക്കൊതിമൂലം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഒരു ഗള്‍ഫുമുതലാളിയുടെ കഥ കഴിഞ്ഞദിവസമാണ് മനോരമയില്‍ വായിച്ചത്. അതുപോലെ ഒരു ബസ്സുമുതലാളി തൊഴിലാളി സമരംമൂലം തന്റെബസ്സോടിക്കാന്‍ കഴിയാതെ പ്രതിക്ഷേധസൂചകമായി അതിന്റെ മുന്നില്‍ ലോട്ടറികച്ചവടം നടത്തുന്ന പടവും വാര്‍ത്തയും കണ്ടപ്പോള്‍ വരവേല്‍പ് എന്ന സിനിമയിലെ മോഹന്‍ലാലിന്റെ അവസ്ഥയാണ് ഓര്‍ത്തത്. റയില്‍പാളത്തില്‍ തലവെയ്ക്കാന്‍ കേരളത്തില്‍ മുതല്‍മുടക്കണോയെന്ന് പ്രവാസിമലയാളികള്‍ രണ്ടുവട്ടം ആലോചിക്കണം. പിണറായിയുടെ വാക്കുകേട്ട് കേരളത്തിലേക്ക് പോയാല്‍ അടുത്ത ഇലക്ഷനില്‍ സി പി എമ്മിന് അധികാരം നഷ്ടപ്പെട്ടാല്‍ നോക്കുകൂലിയും ചെങ്കൊടിനാട്ടലും പണിമുടക്കുകളും തിരികെവരും എന്നതില്‍ സംശയമില്ല. അന്നായിരിക്കും നിങ്ങള്‍ റയില്‍പാളത്തില്‍ തലവെയ്ക്കുന്നതിനെപറ്റി ആലോചിക്കുക.
പിണറായി തന്റെ ഭരണനേട്ടമായി അവകാശപ്പെട്ട നാഷണല്‍ ഹൈവേയും ഗെയില്‍ പൈപ്പുലൈനും കേന്ദ്രഗവണ്മെന്റ് പദ്ധതികളാണ്. കേരളസര്‍ക്കാര്‍ പത്തുപൈസപോലും മുടക്കിയിട്ടില്ലാത്ത പദ്ധതികള്‍ തന്റെഭരണത്തിന്റെ നേട്ടമാണന്ന് ഉളുപ്പില്ലതെ പറഞ്ഞ വിജയന്‍ എന്താണ് അമേരിക്കന്‍ മലയാളികളെപറ്റി വിചാരിച്ചത്., ഞങ്ങള്‍ ഒട്ടും വിവരമില്ലാത്തവരാണന്നോ?
samnilampallil@gmail.com