
ഇന്നലെ കെ.വിദ്യയെ പോലീസിനു കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വ്യാജരേഖക്കാരന്‍ ഒളിവില്‍ പോയിട്ടുണ്ട്. ഒപ്പം, കലിംഗ, കേരള എന്നൊക്കെ പറഞ്ഞുള്ള യൂണിവേഴ്‌സിറ്റി കെടുകാര്യസ്ഥപ്രശ്‌നങ്ങള്‍ കൊണ്ടു രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞിരിക്കവേയാണ്, പാര്‍ട്ടിസെക്രട്ടറിയാകട്ടെ ഈ നാണക്കേടുകള്‍ക്ക് മറുപടി എന്തു വേണ്ടൂ എന്ന് അന്തംവിട്ടു നില്‍ക്കുകയുമാണ്. ഇതിനിടയിലാണ് ഉന്തിനൊപ്പം ഒരു തള്ള് എന്ന മട്ടില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പേര് എഴുതാത്ത കുറേ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി എന്ന വാര്‍ത്ത വരുന്നത്. ആകെ 154 സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല. നൂറെണ്ണം ബിരുദ സര്‍ട്ടിഫിക്കറ്റ ആണ്. അമ്പത്തിനാലെണ്ണം പിജിയുടേതും. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ.സി. ടി.അരവിന്ദകുമാര്‍ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി എം ശ്രീജിത്ത് അറിയിച്ചു. ഇതിനിടയില്‍ രണ്ടുപി ജി സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു കിട്ടിയെന്നും അധികൃതര്‍ പറയുന്നു. ഈ സംഭവത്തില്‍ രണ്ടു സെക്ഷന്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു കഴിഞ്ഞു. നിലവിലുള്ള സെക്ഷന്‍ ഓഫീസര്‍ക്കും മുന്‍ സെക്ഷന്‍ ഓഫീസര്‍ക്കും എതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
ഇതിനിടയിലാണ് എം ജി സര്‍വകലാശാലയിലെ കോളേജുകളിലെ പ്രവേശനത്തിന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമില്ലെന്നുള്ള ഉത്തരവു പുറത്തു വരുന്നത്.കഴിഞ്ഞ ഏപ്രില്‍ പത്തിനു ചേര്‍ന്ന സിന്റിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. ഒരേ സമയം ഒന്നിലേറെ കോളേജുകളില്‍ പ്രവേശനം എടുക്കുന്നതു തടയാനാണ് ടി സി നിര്‍ബന്ധമാക്കിയിരുന്നത്. അതുപോലെ ക്രിമിനല്‍ സ്വഭാവമുള്ളവരെ തടയാനാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതൊക്കെ വേണ്ടെന്നു വയ്ക്കുമ്പോള്‍ ആകെയൊരു അസ്വഭാവികത മണക്കുന്നു. പുറത്തുചാടിയതിനേക്കാള്‍ വലുതാണ് അളയിലെന്ന് കരുതിയെന്നാകുമോ എം. ജി. സര്‍വകലാശാലയുടെ ഈ കരുതല്‍?