മുന്നിൽ കാണുന്ന മലയുടെ താഴ്വാരത്തുകൂടി തീവണ്ടി ചൂളമടിച്ചു കടന്നു പോയി. ഈ തീവണ്ടിപ്പാളത്തിന് ചേർന്നുണ്ടായിരുന്ന ഒരു വീട്ടിലെ യുവാവ് ഒരു രാത്രി കുടിച്ചു ബോധം പോയി പാളത്തിൽ കിടന്നുറങ്ങി പിറ്റേന്ന് തല വേറെ ഉടലു വേറെയായി മാറിയ ആ ഭീകര കാഴ്ച്ച കണ്ട് ഞങ്ങളോട് വന്നു പറഞ്ഞ ഭാരതി , മനുഷ്യർക്ക് പിടിതെരാതെ എന്നും രഹസ്യമായി നിലകൊള്ളുന്ന പ്രപഞ്ച രഹസ്യങ്ങൾ എല്ലാം ഒരു കുടത്തിൽ പേറി ഏണില്‍ വെച്ചുകൊണ്ട് ദിനരാത്രങ്ങൾ നടക്കുന്ന സുന്ദരിയായ വനിതയെപ്പോലെ തോന്നിച്ചിരുന്നു. അതിനുകാരണം ഭാരതി അറിയാത്ത കാണാത്ത കേൾക്കാത്ത ഒന്നും തന്നെ ഈ ദേശത്തില്ല എന്നതുകൊണ്ടുതന്നെ.
‘ആ തങ്കപ്പനെ ആരേലും തല്ലിക്കൊന്നേനെ , ഇതിപ്പൊ തീവണ്ടി കയറി ചത്തു ! ഒന്നേ നോക്കൂ. വീടിന് തൊട്ടടുത്ത് ! ഓരോ കാലക്കേട് !’
എന്റെ വീട്ടിൽ നിന്ന് നോക്കുമ്പോൾ മുന്നിലെ മലയുടെ വലതു ഭാഗത്തായി ഏഴെട്ട് തേക്ക് മരങ്ങൾ നിരന്നു നിൽക്കുന്നുണ്ട്. അവ പൂത്തുനില്ക്കുകയാണ്. അവിടെയായിരുന്നു ഭാരതിയുടെ വീട്. ഭാരതി ഞങ്ങളുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു. അവരുടെ അമ്മയുടെ കാലം മുതൽ ഇവിടെ ജോലിക്ക് വന്നിരുന്നു. പിന്നെ ആ ജോലി അമ്മയിൽനിന്നും അവർക്കുകിട്ടി. ഈ നാട്ടിലുള്ള ഓരോ ആൾക്കാരെക്കുറിച്ചും ഭാരതിക്ക് അറിവുണ്ടായിരുന്നു. നാട്ടിലുള്ള ചെടികൾ മരങ്ങൾ ഭംഗിയുള്ള പൂക്കൾ രുചിയുള്ള ഫലങ്ങൾ ഇവയൊക്കെ ഭാരതിക്ക് അറിയാവുന്നതുപോലെ ആർക്കും അറിയില്ല എന്ന് തോന്നിപ്പോകും.
കുറേ കുറേ വർഷങ്ങൾക്ക് മുൻപ് എനിക്ക് മുന്നിലുള്ള മലയിൽ ഒരു മലമ്പാമ്പ് ഉണ്ടായിരുന്നു എന്ന് ഭാരതിയോട് ഭാരതിയുടെ അമ്മ പറഞ്ഞിട്ടുണ്ട്. അവിടെ ഒരിക്കൽ ആടുകളെ മേയ്ക്കാൻ പോയ ഒരു ബാലൻ അവൻ ഉറങ്ങിക്കിടന്നപ്പോൾ അവനെ പകുതിയോളം ആ പെരുമ്പാമ്പ് വിഴുങിയെന്നും പിന്നെ അവൻ ഉണർന്നപ്പോൾ അവന്റെ അടുത്തുണ്ടായിരുന്ന കത്തികൊണ്ട് പാമ്പിന്റെ വാ പിളർത്തി ആ ധീരബാലൻ രക്ഷപ്പെട്ടു എന്നും ആ ഭീകര പാമ്പ് അതോടെ ചത്തു എന്നുമുള്ള കഥ ഭാരതി പറഞ്ഞു കേട്ടപ്പോൾ മുന്നിൽ കാണുന്നപോലെയായിരുന്നു.
ഭാരതി എല്ലാ വെള്ളിയാഴ്ച്ചയും അമ്പലത്തിൽ പോകും. കുളിച്ച് മുണ്ടും നേര്യതുമിട്ടു മുടി കോതിയൊതുക്കി കുളിപ്പിന്നലിട്ട് തുളസ്സിക്കതിർ ചൂടി കൈയ്യിൽ പ്രസാദവുമായി നടന്നു വരുന്നത് കാണുമ്പോൾ ഞങ്ങൾ നോക്കി നിൽക്കും. അല്പം കഴിഞ്ഞു വീട്ടിൽ വന്ന് മുറ്റം തൂത്ത് പാത്രം കഴുകി അങ്ങനെ ഓരോ പണികൾ കഴിയുന്തോറും രൂപം മാറി മാറി അവസാനം മേല് മുഴുവനും അഴുക്കും ചെളിയും പുരണ്ട വികൃതി പെണ്ണിനെപ്പോലെയായി രൂപം മാറിയിരുന്നു.
ഭാരതി അമ്പലത്തിൽ പോകുന്നതു കാണാൻ എന്ത് ഭംഗിയാ..! എന്ന് ആളുകള് പറയുന്നത് കേൾക്കുമ്പോൾ നാണിച്ചൊന്ന് ചിരിക്കും.
ഭാരതിയുടെ ഏഴാമത്തെ പ്രസവം ഒരു സംഭവമായിരുന്നു. അന്ന് ഭാരതിയുടെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പെട്ടെന്ന് നോവ് വന്നു. അവർ അപ്പോൾ ഭിത്തിയോട് ചാരി നിലത്തിരുന്നു. പ്ലും… കുഞ്ഞ് ദാ വന്നു കഴിഞ്ഞു. ഭാരതി കുഞ്ഞിനെയെടുത്തു. പിന്നെ പൊക്കിൾക്കൊടി മുറിച്ചു. ഭാരതി ഓരോ പ്രാവശ്യവും ആ പ്രസവം വിശദീകരിക്കുമ്പോൾ ആദ്യമായി കേൾക്കുമ്പോലെ പുതുമയുള്ളതായിരുന്നു.
പണ്ട് ഞങ്ങളുടെയും മറ്റുള്ളവരുടെയും പാടങ്ങളിൽ നെൽകൃഷി ഉണ്ടായിരുന്നു. അന്ന് പാടത്ത് നെല്ലു കൊയ്യാൻ കുറേ പെണ്ണുങ്ങൾ ഉണ്ടായിരുന്നു. മുണ്ടും ബ്ലൗസും ഇട്ട് തോർത്ത് തലയ്ക്കു മുകളിൽ അട്ട വട്ടം ചുറ്റി കിടക്കുന്നതുപോലെ ചുറ്റിച്ച് അതിന് മുകളിൽ കറ്റ കെട്ടിയത് വെച്ച് ഒരേ താളത്തിൽ അല്പം വേഗത്തിൽ ഇടത് കൈ ആട്ടി വലതു കൈ കറ്റക്ക് താങ്ങായി ഒരാൾക്ക് പുറകേ പുറകേയായി പാട്ടും പാടി പാടം കൊയ്ത് ഒരു വരവുണ്ട് പെണ്ണുങ്ങൾ . എന്റെ വീട്ടിലേക്കുള്ള വരവാണു ഞാൻ ഇപ്പോൾ ഓർക്കുന്നത്. എത്ര ദിവസത്തെ പണിയാണ് ഇതൊക്കെ ! പെണ്ണുങ്ങൾ കറ്റ ചവിട്ടി അതിൽനിന്ന് നെല്ല് വേർതിരിക്കും. നെല്ല് ഉണങും. പിന്നെ മുറത്തിലിട്ടു പാറ്റി നല്ല നെല്ല് വേർതിരിച്ചെടുക്കും. കറ്റ ഉണക്കാൻ മുറ്റത്ത് ഇടുമ്പോൾ അതിലേക്ക് കുട്ടിക്കൂട്ടങ്ങൾ ചാടും. അത് അന്നത്തെ ഞങ്ങളുടെ വിശേഷപ്പെട്ട കളികളിൽ ഒന്നായിരുന്നു. ദേഹമാകെ ചോറിയും. എങ്കിലും ആ കളി ഞങ്ങൾക്ക് പ്രിയങ്കരമായിരുന്നു. കച്ചിയാകുന്ന കറ്റ കച്ചിത്തുറുവാക്കി വെക്കും. പറയിൽ നെല്ലളന്നു പതം പെണ്ണുങ്ങൾക്ക് കൊടുക്കും. ഓരോ പെണ്ണുങ്ങളും നെല്ല് കൊയ്ത് കൊണ്ടുവെരുന്നത് അനുസരിച്ചായിരുന്നു പതം കൊടുക്കുന്നത് . ഏഴ് പറ അരിക്ക് ഒരു പറ നെല്ല് പതം എന്നായിരുന്നു കണക്ക്. പതം കൊടുത്തു കഴിഞ്ഞുള്ള നെല്ല് അളന്ന് പത്തായത്തിൽ ശേഖരിക്കും. കുട്ടകത്തിൽ നെല്ലു പുഴുങി ഉണങ്ങി ചാക്കിലാക്കും. പിന്നെ ആവശ്യത്തിന് നെല്ലു കുത്തി അരിയാക്കും. നെല്ല് കൊയ്യുന്ന ഓരോ സ്ത്രീകളും ഓരോശക്തികളായിരുന്നു. ശക്തരായ ഓരോ സ്ത്രീകൾ. അവരുടെ പ്രവർത്തിയിലെ ശക്തിയായിരുന്നു അവരുടെ ശക്തി. ഈ പെൺകൂട്ടത്തിൽ ഭാരതിയുണ്ട്. അന്ന് പണിക്ക് വന്ന പെണ്ണുങ്ങളിൽ ഉണ്ടായിരുന്ന ശുശീലയെ,’ കൊണ്ടോടി ശുശീലേ നിന്റെ പേര് എന്താ കൊണ്ടോടി എന്നായത് . നീ എന്ത് കൊണ്ടാ ഓടിയത് ?’എന്നുള്ള എന്റെ കുസൃതി ചോദ്യത്തിൽ ശുശീല ഭാരതിയെ തുറിച്ചൊന്ന് നോക്കി പിറുപിറുത്ത് പിണങ്ങി കുറേ നാൾ നടന്നിരുന്നു.
അക്കരെ പണിക്കരുടെ വീട്ടിലെ അമ്മ ഒരു ദിവസം കിടപ്പിലായി. പിന്നെ കുറേ നാൾ ഒരേ കിടപ്പ്. ആ അമ്മയുടെ മരുമകൾ ഡോക്ടർ ആണ് . കുറേ നാളുള്ള കിടപ്പ് കാരണം അവരുടെ പുറം പൊട്ടി അള്ളയായി*. അമ്മയെ ബെഞ്ചിൽ കിടത്തി അവരുടെ പുറത്തു ഹോസിൽ വെള്ളമടിച്ച് തുടച്ച് അള്ളയിൽ മരുന്നൊഴിച്ച് പഞ്ഞി വെച്ചു കെട്ടിയിട്ടായിരുന്നു മരുമകൾ ജോലിക്ക് പോയിരുന്നത് . ഭാരതി എന്നും അത് കാണാൻ പോകും. ‘കണ്ടു നിക്കത്തില്ല കുഞ്ഞേ’ എന്ന് പറഞ്ഞ് എന്നും അത് കണ്ട് നിന്നിട്ടേ പണിക്ക് വരൂ. ‘ഇങ്ങനെ ഒരു ദുരിതം ആർക്കും വരരുത് ‘ എന്നും പറയും. ഭാരതി നോക്കിനിന്ന് രസിക്കുന്നു എന്ന് ആ അമ്മ മനസ്സിലാക്കിയിട്ടാണോ എന്തോ ഒരു ശാപം പോലെ ഭാരതിക്കും ഒടുക്കം സ്ട്രോക്ക് വന്ന് കിടപ്പിലായി. കുറേ നാൾ കഴിഞ്ഞ് എഴുന്നേറ്റിരുന്നു. പിന്നെ പിടിച്ചു നടക്കാൻ തുടങ്ങി. മമ്മിയും ഡാഡിയും ഒരു ദിവസം ഭാരതിയെ കാണാൻ ചെന്നു. ‘ഇനിയും നടന്ന് വീട്ടിൽ വരണം’ എന്ന് പറഞ്ഞു.
‘ങാ.. വരാം കുഞ്ഞേ’, ഭാരതി മപ്പ് * പൊത്തി ചിരിച്ചു. അന്ന് ഭാരതി വലിയ സന്തോഷത്തിലായിരുന്നു. ഭാരതിയുടെ വീട്ടിൽ നിന്ന് റോഡ് വരെ കയർ കെട്ടിയിരുന്നു. അന്ന് ആ കയർ പിടിച്ചു ഭാരതി റോഡ് വരെ വന്ന് മമ്മിയെയും ഡാഡിയെയും യാത്രയാക്കി. പിന്നെഒരു ദിവസം ഭാരതി ടോയ്ലെറ്റിൽ തെന്നി വീണു. പിന്നെയും സ്ട്രോക്ക് വന്നു. അവർ പിന്നെ കട്ടിലിൽ നിന്ന് എഴുന്നേറ്റിട്ടില്ല. അവർക്കും പുറം പൊട്ടി. ദേഹമാസകലം പൊട്ടി ഒരേ കിടപ്പ്.
ഒരു രാത്രി അവർ മകളെ വിളിച്ച് എഴുനേൽപ്പിച്ചു. ‘അക്കരെ കുഞ്ഞിനോട് പറയണം എനിക്കൊരു മുണ്ടും നേര്യതും വാങ്ങി തരാൻ. അതിട്ട് വേണം എന്നെ യാത്രയാക്കാൻ’.
‘അമ്മ കിടന്നുറങ്ങു അതൊക്കെ പിന്നെപ്പറയാമല്ലോ ‘ മകൾ പറഞ്ഞു.
ഭാരതിക്ക് വെപ്രാളം ഉണ്ടായിരുന്നു അപ്പോൾ. ‘നീ കുഞ്ഞിനോട് പറയാൻ മറക്കരുത്’ , ഭാരതി ശാഠ്യം പിടിച്ചു.
‘മറക്കില്ല അമ്മേ, നാളെത്തന്നെ പറയാം ‘, മകൾ ഉറപ്പു കൊടുത്തു.
പിറ്റേന്ന് ഭാരതി ഉണർന്നില്ല. അവരുടെ ഏഴാമത്തെ മകൻ വന്ന് മരണവിവരം അറിയിച്ചു. അവരുടെ ആഗ്രഹപ്രകാരം മുണ്ടും നേര്യതും വാങ്ങിക്കൊടുത്തു. ദെഹിപ്പിക്കും മുൻപ് മുണ്ടും നേര്യതും ഇട്ട് നീണ്ട യാത്രക്ക് ഒരുങ്ങിക്കിടക്കുന്ന ഭാരതിയെ ഒരു നോക്ക് കണ്ടു.
‘കണ്ട് നിൽക്കാൻ പറ്റില്ല കുഞ്ഞേ! ഒന്നേ നോക്കൂ ‘ ഭാരതി പറയുംപോലെ ചെവിയിൽ ആരോ പറഞ്ഞിട്ട് പോയി.
അള്ള*=പൊനം, കുഴി
മപ്പ്*= മോണ