Image

ആ അഞ്ചു പേര്‍ ഇനി ഇല്ല; പക്ഷേ, ഗ്രീസ് തീരത്ത് മെഡിറ്ററേനിയനില്‍ പൊലിഞ്ഞ  ആ മനുഷ്യരെ ഇങ്ങനെ തമസ്‌കരിക്കുമോ ലോകം? (ദുര്‍ഗ മനോജ് )

(ദുര്‍ഗ മനോജ് ) Published on 23 June, 2023
ആ അഞ്ചു പേര്‍ ഇനി ഇല്ല; പക്ഷേ, ഗ്രീസ് തീരത്ത് മെഡിറ്ററേനിയനില്‍ പൊലിഞ്ഞ  ആ മനുഷ്യരെ ഇങ്ങനെ തമസ്‌കരിക്കുമോ ലോകം? (ദുര്‍ഗ മനോജ് )

മരണത്തിനു രണ്ടു നീതിയുണ്ടോ? കോടീശ്വരന്മാരവര്‍ അഞ്ചു പേര്‍ കടലിന്റെ അടിത്തട്ടില്‍ നിത്യതയിലേക്ക് ആണ്ടു പോയപ്പോള്‍ ലോകം ഉറ്റുനോക്കി. വിമാനങ്ങളും കപ്പലുകളും അറ്റ്‌ലാന്റിക് അരിച്ചുപെറുക്കി, അവരുടെ ജീവന്റെ സ്പന്ദനത്തിനായി കാതോര്‍ത്ത്. ചെറിയ തുകയല്ല ആ രക്ഷാപ്രവര്‍ത്തനത്തിന് ചെലവിട്ടത്. അതില്‍ രണ്ടു പാക്കിസ്ഥാന്‍ പൗരന്മാരും ഉണ്ടായിരുന്നു. ഇനി തൊട്ടടുത്ത്, ഒരു ചെറു മുനമ്പിനപ്പുറം മെഡിറ്ററേനിയനില്‍ എഴുന്നൂറ്റമ്പതു അനധികൃത കുടിയേറ്റക്കാര്‍ കയറിയ ബോട്ട് മറിഞ്ഞു. മരണ സംഖ്യയ്ക്കു വ്യക്തതയില്ല. ഇന്നലെ പാകിസ്ഥാനില്‍ ഔദ്യോഗിക ദുഃഖാചരണമായിരുന്നു. ആരറിഞ്ഞു ആ വാര്‍ത്ത?

BBC ഓരോ നിമിഷവും അറ്റ്‌ലാന്റിന്റെ അടിത്തട്ടിലെ ജീവനെ പ്രതി ആശങ്കപ്പെട്ടു. എന്നാല്‍ തൊട്ടപ്പുറം മുന്നൂറിനും മുകളില്‍ മനുഷ്യര്‍ ആഴക്കടലിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. നിങ്ങള്‍ കണ്ടോ ആ ചിത്രം? തിങ്ങിനിറഞ്ഞ അഭയാര്‍ത്ഥികള്‍. പലര്‍ക്കും ഭക്ഷണം ലഭിച്ചിരുന്നില്ല. 72 മണിക്കൂറിനു മുകളില്‍ ഒരു കഷണം റൊട്ടി പോലും കിട്ടാതെ തിങ്ങി ഞെരുങ്ങി, പ്രാണവായുവിനായി വിങ്ങി, കുറേ പട്ടിണിക്കോലങ്ങള്‍.അവര്‍ പാകിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, ഒരു പുതു ജീവിതം സ്വപ്നം കണ്ട്, ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല, ജീവനല്ലാതെ എന്ന ഘട്ടത്തില്‍ മനുഷ്യക്കടത്തുകാര്‍ക്ക് പണം നല്‍കി യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ചവരാണ്. അവര്‍ മനുഷ്യരുമാണ്.

നിലവില്‍ ഒമ്പത് ഈജിപ്തുകാരെ ഈ കേസില്‍ നേരിട്ടു പങ്കുണ്ടെന്നു കണ്ട് ഗ്രീക്ക് കോടതിയില്‍ എത്തിച്ചിട്ടുണ്ട്. 750 മനുഷ്യര്‍ കയറിയ ബോട്ട്, പഴക്കം ചെന്ന ഒരു മത്സ്യബന്ധന ബോട്ട് ആയിരുന്നു. കാശ് കുറച്ചു കൊടുത്തവരെ ബോട്ടിന്റെ അടിത്തട്ടില്‍ കുത്തിനിറച്ചു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടവരോടു കാശുവാങ്ങി ഡെക്കിലേക്കു പ്രവേശനം നല്‍കി. സ്വന്തം നാട്ടിലെ മതത്തിന്റെ പേരും പറഞ്ഞുള്ള പ്രാദേശിക ഗ്രൂപ്പുകളുടെ അധികാരത്തര്‍ക്കത്തില്‍ തോക്കിനിരയായോ കല്ലേറുകൊണ്ടുള്ള മരണം പോലുള്ള പ്രാകൃത ശിക്ഷാവിധികളോ ഭയന്ന്, പെണ്‍മക്കളെ കെട്ടിക്കാനും, സ്വയം ഒരു നേരം വയറുനിറച്ചുണ്ണാനും ആണാ മനുഷ്യര്‍ ഈ സാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത് എന്നറിയുക. ജൂണ്‍ പത്തിന് ലിബിയന്‍ തീരദേശ നഗരമായ ടോബ്രൂക്കില്‍ നിന്ന് യാത്രക്കാരുമായി ബോട്ട് പുറപ്പെട്ടതായി കരുതപ്പെടുന്നു. ഇറ്റലിയുടെ തീരത്തോട് അടുത്തപ്പോള്‍ അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനു ശേഷം പതിനഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബോട്ടിന്റെ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായി.തുടര്‍ന്ന് 25 മിനിറ്റില്‍ ബോട്ട് മറിഞ്ഞു. എന്നാല്‍ ഈ ബോട്ട് മുങ്ങുന്നതിന്റെ മുന്‍പ് മറ്റൊരു കപ്പല്‍ ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ഗ്രീസ് ശ്രമിച്ചു എന്നു പറയപ്പെടുന്നു. ഇപ്പോള്‍ ഗ്രീസിന്റെ തീരത്തോട് അടുത്തപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഇടപെടലില്‍ ബോട്ട് മറിയുകയായിരുന്നു എന്ന വിമര്‍ശനം ഗ്രീസിനെ പ്രതിക്കൂട്ടിലാക്കുന്നു.

പ്രിയപ്പെട്ട യൂറോപ്യന്‍ രാഷ്ട്രങ്ങളേ, ഒരിക്കല്‍ സമാധാനത്തോടെ ജീവിച്ചിരുന്ന ജനങ്ങളായിരുന്നു അവരും. അവരുടെ ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നു പറയാനാകുമോ?
ഇപ്പോള്‍ 81 മൃതദേഹങ്ങള്‍ കണ്ടെടുത്തു കഴിഞ്ഞു. മരണം അഞ്ഞൂറു കവിയുമെന്നു വാര്‍ത്തയുണ്ട്. എന്നിട്ടും ലോകം ഈ വാര്‍ത്തയോടു പ്രതികരിക്കുന്ന രീതി നോക്കുക. സത്യം... ലോകം ഇന്നൊരു കോര്‍പ്പറേറ്റ് കമ്പോളം മാത്രമാണ്. അവിടെ മനുഷ്യരില്ല, മനുഷ്യത്വവും.
ചോദ്യമിതാണ്, മരിച്ചതു മനുഷ്യര്‍.
വലുത് അഞ്ചോ അഞ്ഞൂറോ?

Will the world remember those people who perished in the Mediterranean on the coast of Greece?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക