
ലോകത്തെ ഏറ്റവും മികച്ച 150 റെസ്റ്ററൻ്റുകളുടേയും ഭക്ഷ്യവിഭവങ്ങളുടേയും റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററൻ്റ്. ക്രൊയേഷ്യ ആസ്ഥാനമായുള്ള ടേസ്റ്റ് അറ്റ്ലസിൻ്റെ റാങ്കിങ്ങിൽ പാരഗൺ ബിരിയാണി പതിനൊന്നാം സ്ഥാനം നേടി. ഇന്ത്യയിൽ നിന്നും ആദ്യ അമ്പതു സ്ഥാനങ്ങളിൽ രണ്ടു ഇന്ത്യൻ റസ്റ്ററൻ്റുകൾ ആണ് ഇടം പിടിച്ചത്. മുപ്പത്തി ഒമ്പതാം സ്ഥാനത്ത് ഇടം പിടിച്ചത് ബംഗളൂരു മാവേലി ടിഫിൻ റൂംസിൻ്റെ റവ ഇഡലിയാണ്.

വിയന്നയിലെ ഫിജിമുള്ളറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.ന്യൂയോർക്കിലെ കാറ്റ്സ്, മെക്സിക്കോ സിറ്റിയിലെ ലാ പോളാർ, നേപ്പിൾസിലെ പിസേറിയ, ചാൾസ്റ്റണിലെ ഹൈമൻസ് സീ ഫുഡ്, പ്രാഗിലെ യു ഫ്ലേക്കു തുടങ്ങിയ റസ്റ്ററൻ്റുകളാണ് പാരഗണിനു മുന്നിലുള്ളത്.
2013 ൽ ഇന്ത്യയിലെ ഏറ്റവും നല്ല തീരദേശ വിഭവങ്ങൾക്കുള്ള ടൈംസ് നൗ അവാർഡും അമേരിക്കൻ മാസികയായ ടൈം ഔട്ടിൻ്റെ 2014 ലേയും 2015ലേയും ബെസ്റ്റ് ബജറ്റ് റസ്റ്ററൻറ് ഇൻ ദുബായ് അവാർഡും പാരഗൺ നേടിയിട്ടുണ്ട്.
ക്രൊയേഷ്യ ആസ്ഥാനമാക്കി 2018ൽ ആരംഭിച്ച ടേസ്റ്റ് അറ്റ്ലസിൻ്റെ മുപ്പതു പേർ അടങ്ങിയ ഗവേഷണ വിഭാഗമാണ് രുചികരമായ ലോക ഭക്ഷണത്തെക്കുറിച്ചു വിശദപഠനം നടത്തി പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ മൂന്നു വർഷമായി പാരഗൺ ആണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. 1939 ൽ ഒരു ബേക്കിംഗ് കമ്പനിയായി ആരംഭിച്ച പാരഗണിന് ഇന്ന് കേരളത്തിലും ബെംഗളൂരുവിലും ഗൾഫ് മേഖലയിലുമടക്കം പാരഗൺ, സൽക്കാര, എം ഗ്രിൽ, ബ്രൗൺ ടൗൺ കഫേ എന്നീ ബ്രാൻഡുകളിലായി 25 സ്ഥാപനങ്ങളുണ്ട്.