ജോയിക്കുട്ടി മരിച്ചു.
അത് അത്ര വലിയ കാര്യമൊന്നുമല്ല. ജനിച്ചാല്‍ മരിക്കും. എങ്കിലും അപ്രതീക്ഷിതമായി ആ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരു വിഷമം.
ജോയിക്കുട്ടിയുടെ ജീവിതത്തില്‍ ആര്‍ക്കും വലിയ സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. അതുപോലെ മറ്റാരുടേയും ജീവിതത്തില്‍ അയാള്‍ക്കും വലിയ വിലയൊന്നുമുണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ അടച്ചുറപ്പില്ലാത്ത ഒറ്റമുറിയില്‍ താമസിച്ചിരുന്ന ജോയിക്കുട്ടിയുടെ മരണ വിവരം മൂന്നാലു ദിവസം കഴിഞ്ഞാണ് നാട്ടുകര്‍ അറിഞ്ഞത്.
'അല്പം ലൂസായിരുന്നെങ്കിലും അവനൊരു പാവമായിരുന്നു' എന്ന ഒറ്റവാചകത്തില്‍ നാട്ടുകാര്‍ അയാളുടെ ജീവിതത്തെ വിലയിരുത്താനാണ് സാധ്യത.
'ജോയിക്കുട്ടി ഉണ്ടായിരുന്നെങ്കില്‍ -' എന്നൊര്‍ത്ത് പറയത്തക്കവിധം അയാള്‍ക്കാരുമില്ല.
'അയാള്‍ ഉണ്ടായിരുന്നെങ്കില്‍....' എന്നു നമ്മുടെ മരണശേഷം ആരെങ്കിലുമൊക്കെ പറയുവാനുണ്ടെങ്കില്‍ നമ്മുടെ പ്രവര്‍ത്തികള്‍ ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടു എന്നു കരുതാം.
അവധിക്കാലത്ത് നാട്ടിലെത്തുമ്പോള്‍ ഞങ്ങളുടെ വീട്ടിലെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു ജോയിക്കുട്ടി. ഇടയ്ക്കിടെ പാട്ടും പ്രാര്‍ത്ഥനയുമുണ്ട്- അതിനു പ്രത്യേക നേരവും കാലവുമൊന്നുമില്ല. അതുകൊണ്ടുതന്നെ ആളൊരു അരവട്ടനാണെന്നാണ് നാട്ടുകാരുടെ വിചാരം.
അല്ലെങ്കില്‍തന്നെ കൂടെക്കൂടെ പാട്ടുപാടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് എന്തോ കാര്യമായ തകരാറുണ്ടെന്നാണല്ലോ പൊതുജനാഭിപ്രായം.
പാട്ടും പ്രാര്‍ത്ഥനയുമുള്ളതുകൊണ്ട് എന്റെ ഭാര്യയുടെ ഗുഡ് ലിസ്റ്റിലാണ് ജോയിക്കുട്ടി. മദ്യപാനമില്ല, പുകവലിയില്ല. മദ്യപാനികളെല്ലാം മോശക്കാരാണെന്നാണ് എന്റെ സഹധര്‍മ്മിണിയുടെ വിചാരംച അവരിങ്ങനെ മത്സരിച്ച് കുടിച്ചില്ലെങ്കില്‍ കേരള സര്‍ക്കാരിന്റെ ഖജനാവ് കാലിയാകുമെന്നുള്ള കാര്യമൊന്നും അവള്‍ക്ക് വിഷയമല്ല.
'വല്ലതും കഴിച്ചതായിരുന്നോ ജോയിക്കുട്ടി?' ഇതാണ് അവളുടെ പ്രാഥമീകാന്വേഷണം.
'അമ്മാമ്മേ, സത്യം പറഞ്ഞാല്‍ രാവിലത്തെ ഒരു കട്ടനേല്‍ നില്‍ക്കുവാ'.
അതിനിടയില്‍ അയാള്‍ തന്റെ ആഹാര ആഗ്രഹങ്ങളെപ്പറ്റി വിശദീകരിക്കും. രാവിലെ പരുത്തീലെ കുഞ്ഞുമോന്റെ കടയിലാണ് കാപ്പികുടി. രണ്ടു പൊറോട്ടയും കറിയുമാണ് പതിവ്. കാശിന്റെ കുറവുകൊണ്ട് ചാറ് മാത്രമേ വാങ്ങിക്കാറുള്ളൂ. ലക്കുണ്ടെങ്കില്‍ കുഞ്ഞുമോനറിയാതെ ഒരു കഷണം ചാറില്‍ വീഴും. വല്ലപ്പോഴും രണ്ട് ബോണ്ടാ വാങ്ങിച്ച് പാന്റിന്റെ പോക്കറ്റില്‍ ഇടും. രണ്ടു മൂന്നു ദിവസം പഴകിയതിനു ശേഷമേ അതു കഴിക്കുകയുള്ളൂ. അതിനാണ് കൂടുതല്‍ മണവും ഗുണവുമെന്നാണ് ജോയിക്കുട്ടിയുടെ കണ്ടുപിടിത്തം.
കാക്കിപ്പാന്റും, വള്ളിച്ചെരുപ്പും, വരയന്‍ ടീഷര്‍ട്ടുമാണ് വേഷം. മുഖകാന്തിയിലൊന്നും അത്ര വലിയ ശ്രദ്ധയില്ല. മുന്‍നിരയിലെ ഒരു പല്ലില്ല. ആരോ കള്ളുകുടിയന്മാര്‍, കൈയ്യുടെ തരിപ്പ് തീര്‍ക്കാന്‍ കാരണമൊന്നുമില്ലാതെ കരണത്തൊന്നു പൊട്ടിച്ചപ്പോള്‍ ഇളകിപ്പോയതാണ്. 'എന്നെ കണ്ടപ്പോള്‍ അവന് എന്നെ ഒന്നു തല്ലണമെന്നു തോന്നി. അവന്‍ തല്ലി. ഞാനെന്തു ചെയ്യാനാ?' നടന്ന സംഭവത്തില്‍ നിസ്സംഗത.
അല്ലെങ്കില്‍തന്നെ തിരിച്ചുതല്ലാത്തവനെ തല്ലിച്ചതയ്ക്കുന്നത് നമ്മുടെ കേരളീയ സംസ്കാരത്തിന്റെ ഒരു ഭാഗമാണല്ലോ!
ഇരുപത്തിരണ്ടാമത്തെ വയസില്‍ ജോയിക്കുട്ടിയുടെ കല്യാണം, സദ്യ ഉള്‍പ്പടെ, വീട്ടുകാര്‍ ആലോചിച്ചു നടത്തിക്കൊടുത്തതാണ്. ഗവണ്‍മെന്റ് ആശുപത്രയിലെ സ്വീപ്പര്‍ തസ്തികയില്‍ ജോലിയുള്ള 'പുതുക്രിസ്ത്യാനി' ചിന്നക്കുട്ടിയുമായി. വിവാഹദിനം വൈകുന്നേരമായപ്പോള്‍ ചിന്നക്കുട്ടിക്ക് കലശലായ വയറുവേദന. അപ്പോള്‍ തന്നെ ഒരു ഓട്ടോയില്‍ കയറ്റി ഗവണ്‍മെന്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. നടക്കാതെ പോയ മധുവിധു രാത്രിയെപ്പറ്റി മധുര സ്വപ്നങ്ങളും കണ്ട് മയങ്ങിപ്പോയ ജോയിക്കുട്ടി മയക്കമുണര്‍ന്നപ്പോള്‍ ചിന്നക്കുട്ടി മിസ്സിംഗ്. ആശുപത്രി സെക്യൂരിറ്റിക്കാരനായിരുന്ന ശിവരാമന്റെ കൂടെ ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടവരുണ്ട്. അങ്ങിനെ കല്യാണം കഴിഞ്ഞിട്ടും ജോയിക്കുട്ടി ഇന്നും കന്യകനാണ്.
ചിന്നക്കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ജോയിക്കുട്ടിയുടെ വിശ്വാസം. ലോക്കല്‍ പോലീസില്‍ പരാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ല. കാര്യമില്ലാതെ നല്ല നാടന്‍ ഇടി കിട്ടിയെന്നു വരും. വാദിയെ പ്രതിയാക്കുന്ന സംവിധാനമാണല്ലോ പലപ്പോഴും നമ്മുടെ നാട്ടില്‍ നടക്കാറുള്ളത്. അതുകൊണ്ട് വിശദ വിവരങ്ങള്‍ കാണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഒരു കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ട്രംപിന് മുന്‍പരിചയമുണ്ടല്ലോ. മാത്രവുമല്ല മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് പ്രത്യേക താത്പര്യമുണ്ടെന്ന് ജോയിക്കുട്ടിക്ക് അറിയാം. ഇക്കാര്യം ഒന്നു ഫോളോ അപ്പ് ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത തവണ വൈറ്റ് ഹൗസില്‍ ട്രംപിനോടൊപ്പമുള്ള ഡിന്നറിനു പോകുമ്പോള്‍ ഇക്കാര്യം അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താമെന്ന് ഞാന്‍ ഉറപ്പുനല്‍കി.
ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരിക്കല്‍ ജോയിക്കുട്ടിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുരുങ്ങി. ആ മുള്ള് താഴോട്ട് പോകുവാന്‍വേണ്ടി മറ്റൊരു മുള്ള് ക്രോസായിട്ട് വിഴുങ്ങി. പിറകെ ഒരുരുള ചോറും. പക്ഷെ സയന്റിഫിക്കായുള്ള ആ പരീക്ഷണം വിജയിച്ചില്ല. ഒന്നു രണ്ടാഴ്ച തൊണ്ടയില്‍ നീരുമായി നടക്കേണ്ടിവന്നു.
അങ്ങിനെ ജോയിക്കുട്ടിയും ഈ ലോകത്തോട് വിടപറഞ്ഞു. നമുക്ക് പ്രിയപ്പെട്ടവരായ എത്രയോ പേരാണ് നമ്മുടെ കണ്‍മുന്നില്‍ കൂടി അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാവുന്നത്.
അതുകൊണ്ട് ഈ ഭൂമിയില്‍ നമുക്കനുവദിച്ച് കിട്ടിയിട്ടുള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് പാര പണിയുവാനുള്ള ഒരവസരവും പാഴാക്കരുത്!