
ഹരിയാനക്കല്യാണം ഉത്തരകേരളത്തിലെ ഒട്ടേറെ നിർധനരായ പെൺകുട്ടികളുടെ ജീവിതം എരിച്ചു കളഞ്ഞിട്ടുണ്ട്. പെൺഭ്രൂണഹത്യ കാരണം പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിലുണ്ടായ കുറവാണ് അവിടെ യുവാക്കൾക്കു പെണ്ണു കിട്ടാതിരിക്കാനുള്ള പ്രധാന കാരണമായതെങ്കിൽ ഇപ്പോൾ കേരളത്തിൽ യുവാക്കൾ പുര നിറഞ്ഞു നിൽക്കാൻ കാരണം യുവതികളുടെ നിലപാടാണ്. കേരളത്തിൽ, നമ്മുടെ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും സാക്ഷരതയും ഉന്നത വിദ്യാഭ്യാസം ലഭിച്ച പെൺകുട്ടികളുടെ എണ്ണവും വളരെ കൂടുതലാണ്. പഠനം കഴിഞ്ഞ പെൺകുട്ടികൾ ജോലിക്കും പോകുന്നു. എന്നാൽ അവരോട് വിവാഹം എന്നു പറഞ്ഞാൽ അവർ താത്പര്യമില്ലായ്മ തുറന്നു പറയും. പഴയ കാലം പോലെ വീട്ടുപണിയും ഓഫീസ് പണിയും ചെയ്ത് ജീവിതം ഓടിത്തീർത്ത ഉദ്യോഗസ്ഥ- വീട്ടമ്മയാകാൻ ഇന്നത്തെ യുവതികൾക്കു താത്പര്യമില്ല. പിന്നെ, ഗർഭം, കുട്ടികളെ വളർത്താനുള്ള പ്രയത്നം, സാമ്പത്തിക സ്വാതന്ത്ര്യം കുറയുന്നത്, തനിച്ചുള്ള ജീവിതത്തിലെ സ്വാതന്ത്ര്യം എന്നീ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ അവർ തനിച്ചു ജീവിക്കുന്നതു കൂടുതൽ നല്ലതെന്നു ചിന്തിക്കുന്നതായി ക്കാണാം.
തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലെ ഡോ. നിതിൻ കേരളത്തിലെ പ്രമുഖ മാട്രിമോണിയൽ സ്ഥാപനങ്ങൾ, വെബ് സൈറ്റുകൾ, എന്നിവയെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തു വരുന്നത്. 31 % മുതൽ 98% വരെ പെൺകുട്ടികൾ വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നില്ല. വിവാഹവും കുടുംബ ജീവിതവും വലിയ ദുരന്തമാണെന്ന പ്രചരണം ഇവരെ സ്വാധീനിച്ചിട്ടുണ്ട്.കുടുംബ പ്രശ്നങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും സാമാന്യവത്കരിച്ചു കൊണ്ടുള്ള വാർത്തകളും, സിനിമകളും, ഇവരെ സ്വാധീനിക്കുന്നു. നല്ല ബന്ധങ്ങൾക്കായുള്ള കാത്തിരിപ്പും, വിവാഹം വൈകിക്കുന്നു. വിവാഹം കുറയുന്നതിലുടെ ഗർഭം ധരിക്കാനുള്ള സാധ്യതയും, കുട്ടികൾ ഉണ്ടാകുന്നതും കുറയുന്നതും സമൂഹ ഘടനയിലും കുടുംബഘടനയിലും വരും കാലത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
The number of unmarried men in Kerala is increasing