
നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഇടവഴികള്‍ തോറും ബ്യൂട്ടി പാര്‍ലറുകളും, ടാറ്റൂ സ്ഥാപനങ്ങളും പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു. വല്ലപ്പോഴും ഒരു ഫേഷ്യലോ ത്രെഡിങ്ങോ ചെയ്തിരുന്ന സ്ത്രീകളെപ്പോലും കളിയാക്കി കൊന്നിരുന്ന മനുഷ്യര്‍ ആണ്‍പെണ്‍ ഭേദമന്യേ ഇന്നു ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിക്കുന്നു. ഓരോ ഇവന്റിനും യോജിച്ച മേക്കപ്പ് തിരഞ്ഞെടുക്കുന്നു. എന്തിനു പറയാന്‍ പഴയ ബ്യൂട്ടി പാര്‍ലറുകള്‍ ഇന്ന് മേക്കപ്പ് സ്റ്റുഡിയോകളോ, സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനിക്കുകളോ ആയിക്കഴിഞ്ഞിരിക്കുന്നു. പുരികം കൊഴിഞ്ഞു നേര്‍ത്തു പോയെങ്കില്‍ മൈക്രോ ബ്ലേഡിങ് സര്‍വസാധാരണമാണ്. ഒരു കാലത്ത് പുരികം ബ്ലേഡുകൊണ്ടു ചുരണ്ടിനേര്‍പ്പിച്ച് കരി എഴുതിയിരുന്നപ്പോള്‍ ഇന്ന് മൈക്രോ ബ്ലേഡിങ് നടത്തി ശാശ്വതമായി കറുകറുത്ത കട്ടിപ്പുരികം നേടുകയാണ് യുവാക്കളും യുവതികളും. കാര്യം ഇത്രയൊക്കെ പുരോഗമിച്ചു നില്‍ക്കുമ്പോള്‍ ഒന്നറിയുക, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ കണ്‍പീലികള്‍ക്കും പുരികത്തിനും നിറം കൊടുക്കുന്നത് നിയമവിരുദ്ധമാണ്. 1994 മുതല്‍ ആണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. കണ്ണില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തില്‍ സംശയിച്ചാണ് നിരോധനം കൊണ്ടുവന്നത്. എന്നാല്‍ ഇന്ന് കൂടുതല്‍ സുരക്ഷിതമായ കെമിക്കലുകള്‍ ഉപയോഗിച്ചാണ് ഇത്തരം കളറിങ്ങുകള്‍ നടത്തുന്നത്. കണ്‍പീലികള്‍ക്കു നിറം നല്‍കുന്നത് നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും പുരികത്തിനു കളര്‍ നല്‍കുന്നതു സര്‍വസാധാരണമാണ്. പക്ഷേ, നമ്മള്‍ ഇതിനുപയോഗിക്കുന്ന കളറിനെക്കുറിച്ച് എത്രമാത്രം ധാരണയുള്ളവരാണെന്നു സംശയമുണ്ട്. ഏതായാലും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അധികാരികള്‍ ഈ മുപ്പതു വര്‍ഷം പഴയ നിയമം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.
വലിയ താമസമില്ലാതെ ന്യൂയോര്‍ക്കിലെ പാര്‍ലറുകള്‍ വീണ്ടും കണ്‍പീലിക്കും പുരികത്തിനും നിറം കൊടുത്തു തുടങ്ങുമെന്നു കരുതാം. ലോകവും മനുഷ്യരും കൂടുതല്‍ നിറമുള്ളവരാകട്ടെ.
Eyelash tinting is now illegal in New York State.