Image

അത്രമേൽ കാത്തിരുന്ന് ലൈസൻസ് കയ്യിൽ കിട്ടിയപ്പോൾ... (കഥ: ഷിജു കെ പി)

Published on 02 July, 2023
അത്രമേൽ കാത്തിരുന്ന് ലൈസൻസ് കയ്യിൽ കിട്ടിയപ്പോൾ... (കഥ: ഷിജു കെ പി)

ഞാൻ എത്ര നാളായി ആഗ്രഹിക്കുന്നു 18 വയസ്സാകുമ്പോൾ ലൈസൻസ് എടുക്കാൻ. ആ ദിവസം ഒന്നായെങ്കിൽ എന്ന് എത്ര കാലമായി കൊതിക്കുന്നു. ചേട്ടൻ സ്കൂട്ടറെടുത്ത് കറങ്ങുമ്പോൾ എനിക്കും കൊതിയാവും. പക്ഷേ വീട്ടിൽ അച്ഛൻ ഉണ്ടെങ്കിൽ സ്കൂട്ടറിൽ തൊടാൻ പോലും സമ്മതിക്കില്ല. അച്ഛൻ ഇല്ലാത്ത സമയങ്ങളിൽ ചേട്ടൻ എനിക്ക് സ്കൂട്ടർ ഓടിക്കാൻ തരാറുണ്ട്. ഞങ്ങളുടെ വഴിയുടെ അറ്റം വരെ പോകാനുള്ള ലൈസൻസ്. അത്രയേ ഉള്ളൂ. മെയിൻ റോഡിലേക്ക് എടുക്കാൻ എനിക്കും പേടിയാണ്. അച്ഛനെന്നും സാധനങ്ങൾ വാങ്ങുന്ന കടയുണ്ട് ആ വഴിയുടെ അറ്റത്ത്. ആ കടയിലെ ചേട്ടൻ മഹാപാരയാ. അച്ഛനോട് പറഞ്ഞുകൊടുക്കും മോള് സ്കൂട്ടറ് ഓടിക്കുന്നത് കണ്ടല്ലോ എന്ന്. അച്ഛൻ അറിഞ്ഞാൽ അന്ന് പുകിലാ. വൈകുന്നേരം 3 മണിക്ക് ശേഷമാണ് ആ ചേട്ടൻ കട തുറക്കുന്നത് ചേട്ടൻ അതിനുമുമ്പ് വന്നാൽ സ്കൂട്ടർ ഓടിക്കാൻ കിട്ടും. ഇല്ലെങ്കിൽ കാര്യം പോക്കാ.
വിനുവേട്ടന് പ്ലേസ്മെന്റ് ആയിട്ടുണ്ട് ബാംഗ്ലൂരിൽ. ചേട്ടൻ പോയി കഴിഞ്ഞാൽ ആ സ്കൂട്ടർ എന്നോട് എടുത്തോളാൻ പറഞ്ഞിട്ടുണ്ട്. ശമ്പളം കിട്ടിക്കഴിയുമ്പോൾ എനിക്ക് പുതിയൊരു സ്കൂട്ടർ വാങ്ങി തരണമെന്ന് ഞാനും പറഞ്ഞിട്ടുണ്ട്. എനിക്കാദ്യം നല്ല പേടിയായിരുന്നു സ്കൂട്ടർ ഓടിക്കാൻ. ഏട്ടനാണ് ധൈര്യം തന്നത്. നിനക്ക് പറ്റും എന്ന് പറഞ്ഞു. സൈക്കിൾ പഠിപ്പിച്ചു തന്നതും എൻ്റെ ചേട്ടൻ തന്നെയാണ്. എന്നെ എല്ലാ കുഴപ്പങ്ങളിൽ നിന്നും രക്ഷിക്കുന്ന എന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടുനിൽക്കുന്ന എൻറെ കാവൽ മാലാഖയാണ് എൻ്റെ ചേട്ടൻ. എൻ്റെ വിനുവേട്ടൻ.
18 വയസ്സു കഴിഞ്ഞ ഉടനെ ഞാൻ ലേണേഴ്സ് എടുത്തു. ഇനി ഡ്രൈവിംഗ് ടെസ്റ്റ് പാസ് ആവണം. എൻ്റെ ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഒരു ശനിയാഴ്ച ആയിരുന്നു. ഞാൻ കാത്തു കാത്തിരുന്ന ആ ഡ്രൈവിംഗ് ടെസ്റ്റ്. പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ എൻട്രൻസ് പരീക്ഷയുടെ പേപ്പർ ചോർന്നു പരീക്ഷ മാറ്റി. അത് മാറ്റിവെച്ചതാകട്ടെ ആ ശനിയാഴ്ചയിലേക്ക്. ഞാൻ ആകെ ആശയകുഴപ്പത്തിലായി. എന്നാൽ അച്ഛന് യാതൊരു സംശയം ഉണ്ടായിരുന്നില്ല ഡ്രൈവിംഗ് ടെസ്റ്റ് ഒക്കെ അടുത്ത മാസവും നടക്കും എന്നാൽ എൻട്രൻസ് അടുത്ത കൊല്ലമേ ഉണ്ടാവൂ. ഞാനാകെ പെട്ടു. ചേട്ടനും പറഞ്ഞു അടുത്ത പ്രാവശ്യത്തെ ടെസ്റ്റിൽ പങ്കെടുക്കാമെന്ന്. അങ്ങനെയാണ് ആ ജൂലൈ മാസത്തിൽ എൻ്റെ ടെസ്റ്റ് വരുന്നത്. ടെസ്റ്റ് നടക്കുന്ന ദിവസം വരെ നടക്കുമോ നടക്കുമോ എന്ന പേടിയായിരുന്നു. പക്ഷേ അന്നത്തെ ദിവസം അവിടെ പോയപ്പോൾ മനസ്സിലായി ഇന്ന് ടെസ്റ്റ് നടക്കില്ല എന്ന്. ഗ്രൗണ്ട് ആകെ ചെളി നിറഞ്ഞിരിക്കുന്നു. ഡ്രൈവിംഗ് സ്കൂളുകാർ ആകെ പ്രശ്നം ഉണ്ടാക്കുന്നു, ബഹളം വയ്ക്കുന്നു. ടെസ്റ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി. എനിക്കാകെ നിരാശയായി. ആറ്റുനോറ്റിരുന്നു ഒരു ലൈസൻസ് എടുക്കാൻ കൊതിച്ചിട്ട് ഇങ്ങനെ ആയല്ലോ.
ഒന്ന് പിഴച്ചാൽ മൂന്ന് എന്നാണല്ലോ. അങ്ങനെ എന്റെ മൂന്നാമത്തെ ചാൻസിൽ ഞാൻ എട്ടിൻ്റെ കമ്പികളെ തൊട്ടുരുമ്മാതെ ആർ ടി ഒ മാമന്മാരെ വണ്ടിയോടിച്ചു കാണിച്ചു. സന്തോഷം കൊണ്ടെന്ന് ഉറക്കം കൂടി വന്നില്ല. ചേട്ടനും ഞാനും കൂടെ അന്ന് രാത്രി പുറത്തുപോയി ഐസ്ക്രീം കഴിച്ചു ആ ദിവസം ആഘോഷിച്ചു. ഇനിയെന്നാ ഇതൊന്ന് കൈയ്യില് കിട്ടുക. പിന്നെയും തുടങ്ങി കാത്തിരിപ്പ്. ലൈസൻസ് കയ്യിൽ കിട്ടിയാലല്ലേ സ്കൂട്ടർ എടുക്കാൻ പറ്റുള്ളൂ. അങ്ങനെ ഒരാഴ്ചയ്ക്കുശേഷം എനിക്ക് ലൈസൻസ് കയ്യിൽ കിട്ടി. സന്തോഷം കൊണ്ട് തുള്ളിച്ചാടി ഞാൻ ചേട്ടന് വേണ്ടി കാത്തിരുന്നു.
ചേട്ടൻ അന്ന് കോളേജിൽ നിന്ന് വരാൻ ഒരുപാട് വൈകുന്നതു പോലെ തോന്നി. ഞാൻ ഉമ്മറത്തെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ സമയം നോക്കുന്നുണ്ടായിരുന്നു. അഞ്ചു മണിയും കഴിഞ്ഞു അഞ്ചരയും കഴിഞ്ഞു. ചേട്ടൻ എന്താ വരാത്തത്. ആകെ പരിഭ്രമമായി. അച്ഛൻ ജോലി കഴിഞ്ഞു വന്നു എന്നിട്ടും ചേട്ടൻ വന്നിട്ടില്ല. അച്ഛൻ വന്ന ഉടനെ ചേട്ടൻ വന്നില്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ല എന്ന്. വൈകുമെങ്കിൽ ഇവന് വീട്ടിൽ വിളിച്ചു പറഞ്ഞുകൂടെ എന്നു പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി. സമയം ഇരുട്ടി തുടങ്ങിയിരുന്നു. അപ്പോൾ വീട്ടിലേക്ക് ഒരു ഫോൺ വന്നു. ആശുപത്രിയിൽ നിന്നാണ് ഫോൺ വന്നത്. ചേട്ടന് ഒരു അപകടം സംഭവിച്ചിരിക്കുന്നു .സ്കൂട്ടർ ഓടിച്ചു വരുമ്പോൾ വണ്ടി റോഡിൽ നിന്ന് മറിഞ്ഞ് താഴെ പാടത്തേക്ക് പതിച്ചു. മഴയായതിനാൽ ആരും ശ്രദ്ധിച്ചില്ല. ചേട്ടൻ ചെളിയിൽ പൂണ്ട് വണ്ടി നേരെ വെക്കാൻ ശ്രമിച്ചപ്പോൾ തലകറങ്ങി വീണു പോയി. ചെളിയിൽ വീണു കിടക്കുന്ന ആളെ ആരും കണ്ടില്ല. കുറെ നേരത്തിനു ശേഷം ബോധം വന്നപ്പോൾ ചേട്ടൻ എണീറ്റ് റോഡിലേക്ക് കയറി വണ്ടിക്ക് കൈ കാണിച്ചു. കുറെ പേർ വണ്ടി നിർത്താതെ പോയി. ഒരു കാറുകാരനാണ് സമയത്തിന് സഹായിച്ചത്. അയാള് ചേട്ടനെ ഹോസ്പിറ്റലിൽ എത്തിച്ചു. ആ കാറുകാരനാണ് വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞത്.
രാത്രി തന്നെ ഞങ്ങളെല്ലാവരും കൂടെ ചേട്ടൻ്റെ അടുത്തേക്ക് പാഞ്ഞു. ചേട്ടൻ്റെ തലയിൽ ഒരു ചെറിയ മുറിവുണ്ടായിരുന്നു. ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു. എനിക്ക് ആകെ സങ്കടമായി ചേട്ടനെ കണ്ടപ്പോൾ. ചേട്ടനെ കെട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ ചേട്ടനോട് ലൈസൻസ് കിട്ടിയ കാര്യം പറഞ്ഞു. പക്ഷേ ആ ദിവസം തന്നെ ചേട്ടന് ഇങ്ങനെ ഒരു അപകടം സംഭവിച്ചല്ലോ. ചേട്ടൻ ഒന്നും മിണ്ടിയില്ല കുറെ നേരത്തിനു ശേഷം ചേട്ടൻ പറഞ്ഞു. ആ സ്കൂട്ടർ ഇനി നേരെയാക്കിയിട്ട് വേണ്ടേ നിനക്ക് ഓടിക്കാൻ. സമയമായിട്ടില്ല ലൈസൻസുകാരിക്ക് സ്കൂട്ടർ ഓടിക്കാൻ. ഞാനും അപ്പോളാണ് അങ്ങനെ ഒരു കാര്യം ഓർക്കുന്നത്. അങ്ങനെ ഒരു മാസം കഴിഞ്ഞു ചേട്ടൻ്റെ സ്കൂട്ടർ ശരിയാക്കി കൊണ്ടുവന്നിട്ടാണ് ഞാൻ ആദ്യമായി ഞങ്ങളുടെ മെയിൻ റോഡിലൂടെ സ്കൂട്ടറിൽ ചെത്തി പറന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക