
കാണാതായ തൻ്റെ ഏകമകനെത്തേടി ഒരായുസ്സു മുഴുവൻ അലഞ്ഞുനടന്ന് മണ്ണോടുമണ്ണടിഞ്ഞ ഒരു പിതാവിൻ്റെ തേങ്ങൽ കേരള മണ്ണിൽ ഇന്നുമുണ്ട്.
ഈയിടെ കടന്നുപോയത് ലോക പിതൃദിനം! ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച. ഇന്ത്യയുൾപ്പെടെയുള്ള ഭൂരിപക്ഷം രാജ്യങ്ങളിലും പിതൃദിനാചരണം ആവേശത്തോടെ അരങ്ങേറി.
അനാദി കാലം തൊട്ടേ കവികളും കലാകാരന്മാരും ആർദ്രമായ മാതൃത്വത്തെ സ്വാഭാവികമായ കാരണങ്ങളാൽ പ്രകീർത്തിച്ചുകൊണ്ടിരുന്നപ്പോൾ, പിതൃത്വവും അത്രമേൽ തന്നെ ആദരിക്കപ്പെടണമെന്ന അഭ്യർത്ഥനയുടെ പരിണിതഫലം.
1909-ൽ സ്പോകാൻ നഗരത്തിലെ (വാഷിങ്ടൺ സംസ്ഥാനം, അമേരിക്ക) ഒരു പ്രശസ്ത ആരാധനാലയത്തിൽ നിന്ന് എത്തിയ മാതൃദിന പ്രഭാഷണം കേൾക്കാനിടയായ സോനാര സ്മാർട്ട് ഡോഡ് എന്ന യുവതിയാണ് പിതാവിനെ ആദരിയ്ക്കാനും തക്കതായൊരു ദിനം വേണമെന്ന ആശയം ലോക സമക്ഷം ആദ്യമായി അവതരിപ്പിച്ചത്.
സോനാര സ്മാർട്ടിന് സ്തുതി ഉള്ളിൽ നിന്നെത്തുന്നു! സംശയമൊന്നുമില്ല, പിതാവെന്നത് അപരസാമ്യമില്ലാത്തൊരു പദമാണ്, സങ്കൽപമാണ്, യാഥാർത്ഥ്യമാണ്. 'പിതാ' എന്ന സംസ്കൃത വചനത്തിൽ നിന്ന് മലയാളത്തിൽ എത്തിയ ശബ്ദം. ഈ വാക്കിൻ്റെ ഉൽപത്തി അന്വേഷിച്ചു പോയാൽ ലോകത്തെ സകല ഭാഷകളിലും, അവയുടെ പ്രാചീന രൂപങ്ങളിലെങ്കിലും, ഇതിൻ്റെ വേരുകൾ ആഴത്തിൽ ഓടിയിട്ടുണ്ടെന്നു കാണാം.

പിതാവെന്ന പദത്തിൻ്റെ ഭാഷാശാസ്‌ത്രപരമായ സാർവലൗകികതയ്ക്കു കിടപിടിക്കുന്ന മറ്റൊരു വാക്ക് മാതാവ് മാത്രം! മാതാവില്ലാതെ പിതാവും, പിതാവില്ലാതെ മാതാവും സംഭവ്യമല്ലാത്തതിനാൽ, ഈ സാധർമ്മ്യം പ്രകൃതിനിയമം. പിതൃവെന്നാൽ പിതാവിനെ സംബന്ധിച്ചതെന്നാണ് അർത്ഥമെങ്കിലും, പിതൃക്കളെന്നാൽ പിതാവും മാതാവും ഉൾപ്പെടെയുള്ള പരേതരായ പൂർവികരാണ്.
ഒരാൾക്ക് തൻ്റെ പിതാവിനേക്കാളേറെ ഇഷ്ടം മാതാവിനോടാണ്, എന്നാൽ പിതാവിനെ പിന്തുടരാനും അനുസരിക്കാനുമാണ് ആ പുത്രനോ പുത്രിക്കോ കൂടുതൽ താൽപര്യം. പിതാവിനെ പൊതുവെ റോൾ മോഡലായി സങ്കൽപിയ്ക്കുന്ന മനോഭാവം ഒരു പ്രത്യേക തലമുറയുടെയൊ, സമൂഹത്തിൻ്റെയൊ, രാജ്യത്തിൻ്റെയൊ സവിശേഷതയല്ല, മറിച്ച് മാനവ സമൂഹശാസ്‌ത്രത്തിൽ പ്രാരംഭകാലം മുതലുള്ളൊരു രസതന്ത്രമാണ്. ലിംഗവിവേചനമെന്ന സിദ്ധാന്തം ലോകത്ത് ശബ്ദമുഖരിതമാകുന്നതിന് എത്രയോ മുന്നെ മുതൽ.
മാതാവിനോടാണ് കൂടുതൽ ഇഷ്ടമെങ്കിലും, എന്തുകൊണ്ട് പിതാവിൻ്റെ പാതയിലെന്നത് ഏറെ വിശകലനം ആവശ്യമുള്ള മറ്റൊരു പഠനവിഷയമാണ്. ലോക പിതൃദിനത്തിൻ്റെ പരിധിയിൽ നേരിട്ടിതു വരുന്നില്ല.

പിതാവിനെ ഓർക്കുമ്പോൾ ഏതൊരു കുട്ടിയുടെയും മനസ്സിൽ ആദ്യമായി തെളിഞ്ഞു വരുന്നത് ഉപദേശങ്ങളുമായെത്തുന്ന ഒരു മുഖമാണ്. തൻ്റെ മകളോ മകനോ സ്വയംപര്യാപ്തത നേടി ജീവിതവിജയം നേടണമെന്ന്, മാതാവിനേക്കാളേറെ, പിതാവിനു നിർബ്ബന്ധമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് കർക്കശക്കാരനാകേണ്ടിവന്നതെന്ന തിരിച്ചറിവ് കുട്ടിക്കാലത്തില്ലല്ലൊ.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത്, ഒരു കഥാപുസ്തകം വായിക്കുന്നതിനിടയിൽ ശ്രദ്ധയിൽപെട്ട 'മനനം' എന്ന പദത്തിൻ്റെ അർത്ഥം ഈ ലേഖകൻ അച്ഛനോടു ചോദിച്ചു. എനിക്കൊരു മലയാളം നിഘണ്ടു അച്ഛൻ വാങ്ങിതന്നിട്ടുണ്ടെന്നും, എന്തുകൊണ്ട് അതിൽ നോക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പിതാവിൻ്റെ സഹകരണക്കുറവിൽ അതൃപ്തി തോന്നിയ ഞാൻ വായന അവിടെവെച്ചു നിർത്തി. പക്ഷെ, അന്നു രാത്രി അച്ഛൻ വെളിയിൽ പോയ സമയത്ത് നിഘണ്ടു എടുത്തു തിരഞ്ഞു ഞാൻ 'മനനം' കണ്ടുപിടിച്ചു. ഈ പദത്തിൻ്റെ അർത്ഥം മാത്രമല്ല, സമീപങ്ങളിൽ കണ്ട 'മനസ്വിനി' മുതൽ 'മനീഷി' വരെയുള്ള നിരവധി പദങ്ങളുടെ സാരം ആദ്യമായറിഞ്ഞു അതിരറ്റ് ആനന്ദിച്ചു.

പിറ്റേന്ന് നിഘണ്ടുവിൽ 'മനനം' കണ്ടുപിടിച്ചോയെന്ന് അച്ഛൻ തിരക്കിയപ്പോൾ, ഒന്നു മൂളുകമാത്രം ചെയ്തു. എന്നാൽ, തുടർന്നുവന്ന ദിനങ്ങളിൽ പതിവായി നിഘണ്ടുവിൽ വ്യാപൃതനായിരിക്കുന്ന മകനെക്കണ്ട് അദ്ദേഹം സന്തുഷ്‌ടനായിക്കാണണം. തൻ്റെ ഉദ്ദേശ്യം സാഫല്യമായതിൻ്റെ സംതൃപ്തി ആ മുഖത്തു നിന്ന് വായിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നു.
നിർബ്ബന്ധപൂർവം പ്രവേശിപ്പിക്കപ്പെട്ട വാക്കുകളുടെ ലോകത്ത് പദാവലികൾ മാത്രമല്ല, അതിനോടനുബന്ധിച്ച പലവിധ സാഹിത്യ-സാംസ്കാരിക-ചരിത്ര വീഥികളും ആ അഞ്ചാം ക്ലാസ്സുകാരന് തുറന്നുകിട്ടാൻ കാരണം അവൻ്റെ പിതാവിന് മനനത്തിൻ്റെ നിർവചനം ശരിയ്ക്കും അറിയാവുന്നതുകൊണ്ടായിരുന്നു. വീട്ടുചിലവിനും, സ്കൂൾ പുസ്തകങ്ങൾ വാങ്ങിക്കാനും തന്നെ വളരെ കഷ്‌ടപ്പെട്ടിരുന്നതിനിടയിൽ, തൻ്റെ മകനൊരു കഥാപുസ്‌തകവും, ചെറുതെങ്കിലും ഒരു മലയാളം-മലയാളം നിഘണ്ടുവും വാങ്ങിക്കൊടുത്തതിനുള്ള കാരണവും മറ്റൊന്നായിരുന്നില്ലല്ലൊ!

പരാശ്രയം കൂടാതെ കഴിയണമെന്നതിൻ്റെ ബാലപാഠം ശബ്‌ദകോശം നോക്കുന്നതിലൂടെ ഞാനറിയാതെ എന്നെ പഠിപ്പിച്ച ധിഷണാശാലിയായ അച്ഛനോട് എനിക്കതിനകം ആരാധന തോന്നിത്തുടങ്ങിയിരുന്നു. സ്വയം പര്യാപ്‌തത നേടാൻ തന്നിൽനിന്ന് ജന്മംകൊണ്ടവരെ തയ്യാറാക്കിയെടുക്കുന്നതാണ് തൻ്റെ പരമപ്രധാനമായ കടമയായി ഒരു പിതാവ് എന്നും കരുതുന്നത്. വാത്സല്യത്തോടെ മനനത്തിൻ്റെ അർത്ഥം പെട്ടെന്ന് പറഞ്ഞുതന്ന് എന്നെ അന്ന് 'സഹായിച്ചിരുന്നുവെങ്കിൽ', ഈ കാണുന്നതുപോലെയുള്ള എന്തെങ്കിലും കുറിയ്ക്കാൻ താൽപര്യമുള്ള ഒരാളായി ഒരു പക്ഷേ ഈയുള്ളവൻ മാറുമായിരുന്നില്ല. പരിപോഷിപ്പിക്കപ്പെടാത്ത ജൻമവാസനകൾ വളർന്നു വലുതാവണമെന്നില്ലല്ലൊ.
സ്വപ്രയത്നം കൂടാതെ നേടിയതൊന്നും നിലനിൽക്കില്ലെന്നത് അച്ഛൻ്റെ ഒരനുബന്ധ മീമാംസയും ആയിരുന്നിരിക്കണം. മെനക്കേടില്ലാതെ മനനമറിയാൻ ശ്രമിച്ചപ്പോൾ അനുഭവപ്പെട്ട ബോധപൂർവമായ സ്നേഹനിഷേധത്തിന് മാനങ്ങളേറെയായിരുന്നു. യഥാർത്ഥത്തിൽ, ഇത്തരത്തിലുള്ള കാർക്കശ്യങ്ങൾ തന്നെയല്ലേ പിൽക്കാലത്ത് പ്രതികൂല സാഹചര്യങ്ങളിൽ തളർന്നുപോകാതെ പിടിച്ചുനിൽക്കാനുള്ള കരുത്ത് നൽകിയത്?

വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ കടുത്ത മത്സരം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് തൻ്റെ മക്കളെ അതിജീവനത്തിനു സന്നദ്ധരാക്കിയെടുക്കുന്നതിൻ്റെ തത്രപ്പാടിൽ, സ്വയമൊരു രസഹീനൻ്റെ വേഷം കെട്ടാൻ വിധിക്കപ്പെട്ടവനാണ് പിതാവ്. അയാളുടെ ഉള്ളുനിറയെ പ്രായോഗിക ജീവിതത്തിൽ തൻ്റെ കുട്ടികൾ പരാജയപ്പെടരുതെന്ന പ്രാരബ്ധ ചിന്തകളാണ്. നല്ലതുകളെപ്പോലെ ചീത്തകൾക്കും പൊതുസ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന കാലപ്രവാഹത്തിലെ 'ടിക് ടോക്' താളമേളത്തിന് അടിമപ്പെട്ടു തൻ്റെ പുത്രിയും പുത്രനും നേർവഴി മറക്കരുതേയെന്ന ആധിയിലാണിന്ന് അയാൾ.
ഇതു നിമിത്തം പിതാവിന് തൻ്റെ മക്കളോടുള്ള സ്നേഹവും അവരെ ഓമനിക്കാനുള്ള അഭിനിവേശവുമെല്ലാം ഗൗരവത്തിൻ്റെയും മൗനത്തിൻ്റെയും മേൽക്കുപ്പായത്തിനുള്ളിൽ ഒളിപ്പിക്കേണ്ടിവരുന്നു. ഭാരിച്ച ചുമതലകളിൽ പിതാവ് സ്വമേധയാ നിയുക്തനാകയാൽ, മാതാവിന് സ്വാഭാവികമായും തൻ്റെ മക്കളോട് അളവറ്റ വാത്സല്യം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരം ലഭിയ്ക്കുന്നു. ഭക്ഷണത്തിന് അമ്മയും ശിക്ഷണത്തിന് അച്ഛനുമാണെന്നാണല്ലൊ കീഴ്വഴക്കം! എന്നാൽ, മാതാപിതാക്കളിൽ ഒരാളുടെ മാത്രം സംരക്ഷണത്തിൽ കഴിയുന്ന കുട്ടികളാണെങ്കിൽ അവർക്കുവേണ്ടി ഇപ്പറഞ്ഞതെല്ലാം പുനഃവ്യാഖ്യാനം ചെയ്യേണ്ടിയുമിരിക്കുന്നു. ഭക്ഷണത്തിനും ശിക്ഷണത്തിനും ഒരാൾ മാത്രമുള്ള ലോലമായ അവസ്ഥയാണിത്.

തൻ്റെ മാതാവിൻ്റെ മരണശേഷം കൊച്ചനിയന്മാരെ ഒറ്റയ്ക്കു വളർത്തികൊണ്ടുവന്ന പിതാവ് വില്യം സ്മാർട്ടിനെ ഏറെ ആദരവോടുകൂടിയാണ് ലോക പിതൃദിനത്തിൻ്റെ ഉപജ്ഞാതാവ് സോനാര സ്മാർട്ട് വീക്ഷിച്ചിരുന്നത്. ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടയിലായിരുന്നു സോനാരയുടെ മാതാവിന് ചേതനയറ്റത്. ഈ ചോരക്കുഞ്ഞു ഉൾപ്പെടെയുള്ള അഞ്ച് ഇളംപ്രായക്കാരെ ലാളിച്ചു സംരക്ഷിച്ച പിതാവിനോട് മൂത്തവളായ സോനാരക്ക് മതിപ്പ് തോന്നിയത് തികച്ചും സ്വാഭാവികം.
പിതാക്കളെ വണങ്ങാനും, പിതൃബന്ധത്തെ ഉയർത്തിക്കാട്ടാനും തൻ്റെ പിതാവിൻ്റെ ജന്മദിനമായ ജൂൺ അഞ്ചാം തിയ്യതിയായിരുന്നു സോനാര സൂചിപ്പിച്ചതെങ്കിലും, സ്പോകാൻ ഭരാണാധികാരികൾ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ് പിതൃദിനമായി അംഗീകരിച്ചത്.
തുടർന്ന് 1910, ജൂൺ 19-ന് ലോകത്തെ പ്രഥമ പിതൃദിനം സ്പോകാനിൽ ആഘോഷിക്കപ്പെട്ടു. 1913-ൽ പിതൃദിനം ഒരു ദേശീയ ഒഴിവു ദിവസമായി അംഗീകരിക്കപ്പെടാൻ അമേരിക്കൻ കോൺഗ്രസ്സിൽ ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു. പ്രസിഡൻ്റുമാരായിരുന്ന തോമസ് വുഡ്രൊ വിൽസണും, കാൽവിൻ കൂളിഡ്ജും ഇതിനായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തി.
എന്നാൽ, 1966-ൽ പ്രസിഡൻ്റ് ലിൻഡൻ ബി. ജോൺസൺ പുറപ്പെടുവിപ്പിച്ച ഉത്തരവിനാലാണ് പിതൃദിനത്തിന് ആദ്യമായി ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത്. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച ആഘോഷിക്കുന്ന പിതൃദിനം സ്ഥിരമായുള്ളൊരു ദേശീയ ഒഴിവു ദിവസമായി പ്രഖ്യാപിക്കുന്ന നിയമം പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ 1972-ൽ ഒപ്പിടുകയും ചെയ്തു.

ഇതിനകം തന്നെ പിതൃദിന സന്ദേശം അമേരിക്കയുടെ അതിർത്തികൾ താണ്ടി മറ്റു ഭൂഖണ്‌ഡങ്ങളിലും എത്തിയിരുന്നു. വൻകരയും, രാജ്യവും, പൈതൃകവും മാറുമ്പോൾ, ആഘോഷ തീയതിയിലും രീതിയിലും വ്യത്യാസങ്ങളുണ്ടാകാമെങ്കിലും, ഏകസ്വഭാവമാണ് എവിടെയും ലോക പിതൃദിനത്തിൻ്റെ ഉദ്ദേശ്യത്തിന്.
ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ, പിതൃദിനാചരണത്തിൻ്റെ സ്പന്ദനമായി ഇന്നു കരുതപ്പെടുന്നത് ഈച്ചര വാര്യരെന്ന പിതാവിൻ്റെയും രാജനെന്ന മകൻ്റെയും കരളലിയിപ്പിക്കുന്ന കഥയാണ്. കാലമെത്ര കഴിഞ്ഞാലും, അച്ഛൻ-മകൻ ബന്ധത്തിൻ്റെ വികാര തീവ്രത ഒട്ടും ചോർന്നു പോകാതെ നിലനിൽക്കുന്ന ഇതുപോലെയൊരു ഇതിഹാസ-ചരിത്രം ഈ ഭൂമുഖത്ത് മറ്റൊരു പ്രദേശത്തുമുള്ളതായി അറിവില്ല.
പുത്രദുഃഖമാണ് ദുഖങ്ങളിൽ ഏറ്റവും അഗാധമായതെന്ന് മുതിർന്നവർ പറയാറുണ്ട്. കാണാതായ തൻ്റെ ഏകമകനെത്തേടി ഒരായുസ്സു മുഴുവൻ അലഞ്ഞുനടന്ന് മണ്ണോടുമണ്ണടിഞ്ഞ ഒരു പിതാവിൻ്റെ തേങ്ങൽ ഈ മണ്ണിൽ ഇന്നുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് (1975 to 77), കോഴിക്കോടുള്ള റീജിനൽ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥിയായിരുന്ന പി. രാജൻ വാര്യരെ നക്സലാക്രമണ കുറ്റം ചുമത്തി ഹോസ്റ്റലിൽ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയി. എന്നാൽ, രാജൻ തങ്ങളുടെ കസ്റ്റഡിയിലില്ലെന്നായിരുന്നു ആദ്യം പോലീസിൻ്റെ നിലപാട്. തുടർന്ന്, രാജൻ്റെ തിരോധാനം സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ചു. സ്വാഭാവികമായും, രാജ്യത്ത് ആദ്യമായി സമർപ്പിക്കപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി രാജനെവിടെ എന്ന ചോദ്യം ഉയർത്തിക്കൊണ്ടായിരുന്നു. വിശേഷാധികാരമായ ഈ റിട്ട് ഹർജി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ഒരു മൗലികാവകാശമാണ്.
നക്സൽ തീവ്രവാദികളുടെ കുതിച്ചുകയറ്റം അമർച്ച ചെയ്യാൻ ആരംഭിച്ച കക്കയം പോലീസ് കേമ്പിൽ വെച്ച് രാജൻ കൊല്ലപ്പെട്ടുവെന്ന് ഗത്യന്തരമില്ലാതെ വന്നപ്പോൾ പോലീസിന് സമ്മതിക്കേണ്ടിവന്നു. പൈശാചികമായ മൂന്നാംമുറ പീഡനങ്ങൾക്കിടയിൽ അന്ത്യശ്വാസം വലിച്ച രാജൻ്റെ മൃതദേഹം എവിടെയെന്ന് ഇന്നും ആർക്കും അറിയില്ല! ലാറ്റിൻ സംജ്ഞയായ 'ഹേബിയസ് കോർപ്പസ്' എന്നതിൻ്റെ അർത്ഥം 'ശരീരം ഹാജരാക്കുക' എന്നതാണ്. പക്ഷേ, അതു സംഭവിച്ചില്ല.
രാജൻ ജീവിച്ചിരിപ്പില്ലെന്നു വിശ്വസിക്കാൻ അവൻ്റെ പിതാവിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. മകൻ ഒരിക്കൽ തിരിച്ചുവരുമെന്നു തന്നെ മരണം വരെ വിശ്വസിച്ച ഈച്ചര വാര്യർ രചിച്ച 'ഒരച്ഛൻ്റെ ഓർമക്കുറിപ്പുകൾ' വായിച്ചു കണ്ണു നിറയാത്തവരുണ്ടോ?
"രാധേ, ഒരു പാത്രം ചോറും ഒരു വാഴയിലയും ഊൺമേശയിൽ എന്നും കരുതണം. ഏതു സമയവും രാജൻ പടി കയറി വരാം. അവൻ വിശന്നായിരിക്കാം വരുന്നത്. തീർച്ചയായും അവൻ വരും," ഈച്ചര വാര്യർ പതിവായി പത്നിയോട് പറയുമായിരുന്നു.
കഷ്ടം, കോഴിക്കോടു നിന്നു തെക്കൻ തൃശ്ശൂരിലെ തിരുവുള്ളക്കാവു വരെയുള്ള യാത്ര കഴിഞ്ഞു ക്ഷീണിച്ചു വാര്യത്തെത്തുന്ന പ്രിയ പുത്രനായിരുന്നു ആ പാവം പിതാവിൻ്റെ ഉള്ളിലെന്നും...
ദീപ്‌തമായ പിതൃപുത്ര ബന്ധത്തിൻ്റെ ആഴമറിയാൻ ഇതിൽപരമൊരു ദൃഷ്ടാന്തമുണ്ടോ? ഇതാ, നൂറ്റിപ്പതിമൂന്നു വർഷത്തെ ലോക പിതൃദിനാചരണത്തിൻ്റെ അന്തഃസ്സത്തയത്രയും കേരളമണ്ണിലേയ്ക്ക് ആത്മാവോടെ ആവാഹിക്കപ്പെട്ടിരിക്കുന്നു!
മക്കളുടെ സ്വപ്നങ്ങൾക്കു തൻ്റേതിനേക്കാൾ നിറമുണ്ടെന്നു കരുതിയ പിതാവിന്ന് വൃദ്ധനാണ്. 'Happy Dad Day' സന്ദേശം സ്വർണ ലിപികളിൽ അച്ചടിച്ചു കൊടുത്തില്ലെങ്കിലും, ബ്രാൻഡഡ് ഷർട്ടും, ഇലക്ട്രോണിണിക് ഷേവറുമൊന്നും സമ്മാനിച്ചില്ലെങ്കിലും, നമുക്ക് അദ്ദേഹത്തെ വൃദ്ധസദനത്തിൽ ഏൽപിക്കാതിരിക്കാം.
പിതാവിനുള്ള ഉപഹാരാങ്ങൾ എന്നതിൻ്റെ വൈകാരിക സ്വഭാവം മുതലെടുത്ത് ഗിഫ്റ്റ് ഷോപ്പുകൾ ഇവിടെ തഴച്ചുവളരേണ്ട. ഓണത്തിന് പൂ കിറ്റുകളും, വിഷുവിന് പടക്കവും, ക്രിസ്തുമസിനും പെരുനാളിനും ഗ്രീറ്റിംങ് കാർഡും വിറ്റു ശീലിച്ചവർക്ക് പിതൃദിനം ലാഭം കൊയ്യാനുള്ള മറ്റൊരവസരം മാത്രം. വർണശബളമായ ആചാരങ്ങളേക്കാൾ നാം മാനിക്കേണ്ടത് അവയുടെ ധാർമിക മാനങ്ങളെയാണ്. മകനിൽനിന്നോ മകളിൽനിന്നോ ഒരു പിതാവ് പ്രതീക്ഷിക്കുന്നത് ഒരു പക്ഷേ ഒരു സാന്ത്വന വാക്ക് മാത്രമായിരിയ്ക്കാം!
പിതാവ് ആയകാലത്തെടുത്ത ഫോട്ടോകളിലെല്ലാം മാതാവും മക്കളുമായിരുന്നു. കാരണം, അദ്ദേഹം ഫോക്കസ്സ് ചെയ്ത ഫ്രെയ്മുകളിൽ അവരേ ഉണ്ടായിരുന്നുള്ളു. പടങ്ങളിലൊന്നിലും തന്നെക്കാണാതിരുന്നതിൽ പിതാവിന് പരിഭവവുമില്ലായിരുന്നു. നമ്മളെ കൈപിടിച്ചു നടത്തിയ വഴികളിലൂടെ നമുക്കിന്ന് പച്ചപ്പിൻ്റെ പുതിയൊരു ഫ്രെയ്ം ഫോക്കസ് ചെയ്തു പിതാവിനെ അതിലേയ്ക്ക് കൈപിടിച്ചു നടത്താം. സംശയമില്ല, സായംസന്ധ്യയിലും പിതാവിൽ പ്രഭാതശോഭ കാണാം!
കൗമാരം കഴിയുന്നതോടെ മക്കൾ പിതാവിൽനിന്ന് അകന്നകന്ന് പോകുന്നത് വേദനാജനകമാണ്. തങ്ങളുടെ ലോകത്ത് സമപ്രായക്കാരല്ലാത്തവർ വേണ്ടെന്ന ചിന്ത പിതാവിൻ്റെ ജീവിതം ശുഷ്‌ക്കമാക്കുന്നു. നാം കുഞ്ഞുങ്ങളായിരുന്നപ്പോൾ പ്രായം നോക്കാതെ നമ്മോട് കൂട്ടുകൂടിയ ചങ്ങാതിയായിരുന്നില്ലേ പിതാവ്? അദ്ദേഹത്തിൽ നിന്ന് മറച്ചുവെയ്ക്കാനായി മക്കളിൽ എന്തെങ്കിലുമുണ്ടോ? എല്ലാം അച്ഛനറിയാം! അടുപ്പം കാണിക്കാനും അടുത്ത് മക്കളെ കാണാനും ആഗ്രഹമില്ലാത്തവരായി ആരുണ്ടിവിടെ?