Image

ഇടവപ്പാതി മിഥുന മഴയ്ക്കു വഴിമാറിയോ? (ദുർഗ മനോജ്)

ദുർഗ മനോജ് Published on 04 July, 2023
ഇടവപ്പാതി മിഥുന മഴയ്ക്കു വഴിമാറിയോ? (ദുർഗ മനോജ്)

കുരുമുളകു കൊടി കൊണ്ടു പോകട്ടെ, നമ്മുടെ ഞാറ്റുവേല ആർക്കും കൊണ്ടുപോകാനാവില്ലല്ലോ എന്നു പറഞ്ഞ സാമൂതിരി ഇക്കൊല്ലത്തെ ഇടവപ്പാതിയുടെ പോക്ക് കണ്ടിരുന്നെങ്കിൽ എന്താവും പറയുക?
ഇടവം പാതി പിന്നിട്ടാൽ ഇടിച്ചു കുത്തി ചെയ്യുന്ന മഴ പാതിരാവു പിന്നിടുമ്പോഴാണ് ആരംഭിച്ചിരുന്നത്. പുലർച്ചെ കുളിരും കൊണ്ടു കടന്നു വന്നു ഓടിൻ മുകളിൽ ചരൽക്കല്ലു വീഴും പോലെ തുമ്പിക്കൈ വണ്ണത്തിൽ തകർത്തു പെയ്യുന്ന കാലവർഷം. തലേന്നു വൈകുന്നേരത്തും ഉണങ്ങിവരണ്ടു കിടന്നിരുന്ന മുറ്റവും തൊടിയും കുറച്ചു മണിക്കൂർ കൊണ്ട് നനഞ്ഞു കുതിർന്നു വെള്ളം കയറി, പുൽക്കൊടികൾ ഒടിഞ്ഞു മടങ്ങി വെള്ളമിറ്റിച്ചു നിൽക്കുന്നുണ്ടാവും. ഇതായിരുന്നു കാലവർഷത്തിൻ്റെ പൊതു കാഴ്ച്ച.
എന്നാൽ കുറച്ചു വർഷങ്ങളായി വേനൽ മഴയുടെ കെട്ടും മട്ടും മാറിത്തുടങ്ങിയിട്ട്. കേരളത്തിൽ കാലവർഷമെത്തി എന്ന വാർത്താ തലക്കെട്ട്, കേരളത്തിലെ ചില ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്തു എന്ന മട്ടിലേക്കു മാറി. സഹ്യനു പടിഞ്ഞാറ്, കണ്ണൂരും തിരുവനന്തപുരത്തും ഒക്കെ ഏതാണ്ട് ഒരു പോലെ പെയ്തിരുന്ന മഴയുടെ പാറ്റേൺ അപ്പാടെ മാറിമറിയുകയാണോ? ഇക്കുറി തിരുവനന്തപുരം ജില്ലയിൽ ജൂണിലെ ആദ്യ മൂന്നാഴ്ചയിലും കാര്യമായ മഴ കിട്ടിയിട്ടില്ല. ചില ഭാഗങ്ങളിൽ ഒന്നു പെയ്തു ചിതറിപ്പോയ മഴ മേഘങ്ങളെ നോക്കി, കഴിഞ്ഞോ കാലവർഷം എന്നു ചിന്തിക്കുമ്പോഴാണ് ഇപ്പോൾ, വൈകി ഓടുന്ന തീവണ്ടി പോലെ ജൂലൈ മാസത്തിൽ പുലർകാല മഴ ആരംഭിക്കുന്നത്.
ഡാമുകളുടെ വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തിലായിരുന്നു സംസ്ഥാനം. 47 വർഷത്തിനിടയിലെ ഏറ്റവും മഴ കുറഞ്ഞ ജൂൺ മാസമാണ് കടന്നു പോയത്. ഇന്നലെ ജൂലൈ മൂന്നിലെ കണക്കനുസരിച്ച് 30. 37 സെൻ്റിമീറ്റർ മഴ പെയ്തു. പല ജില്ലകളിലും റെഡ് അലർട്ട് ഉണ്ട് ഇന്ന്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്ങനെ വളരെ വൈകി  കൈവിട്ടു പോയെന്നു കരുതിയ  മഴക്കാലം സംസ്ഥാനത്തേക്കു മടങ്ങിയെത്തുകയാണ് മിഥുന മഴയിലൂടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക