Image

വിശ്വവിഖ്യാതനായ സുൽത്താൻ (നൈന മണ്ണഞ്ചേരി)

നൈന മണ്ണഞ്ചേരി Published on 04 July, 2023
വിശ്വവിഖ്യാതനായ സുൽത്താൻ (നൈന മണ്ണഞ്ചേരി)

മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അവിസ്മരണീയമായ ഓർമ്മകളുമായി വീണ്ടും ജൂലൈ അഞ്ച്.1994 ജൂലൈ അഞ്ചിനാണ് ബഷീർ വിട വാങ്ങിയത്..നോവലിസ്റ്റും കഥാകൃത്തും മാത്രമല്ല അദ്ദേഹം സ്വതന്ത്ര്യ സമര പോരാളിയുമായിരുന്നു.1908 ജനുവരി 21 വൈക്കം തലയോലപ്പറമ്പിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിച്ചതുപോലെ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത അനുഭവകഥകൾ കൊണ്ട് വായനക്കാരെ കരയിക്കുകയും ചെയ്തു ബഷീർ.ബാല്യകാലസഖിയുടെ അവതാരികയിൽ പ്രശസ്ത നിരൂപകനായ എം.പി.പോൾ എഴുതിയതു പോലെ ‘’ ബാല്യകാല സഖി’’ ജീവിതത്തിൽ നിന്നു വലിച്ചു  ചീന്തിയ ഒരേടാണ്.വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു.’’

ബഷീറിന്റെ ഓരോ കൃതിയും വ്യത്യസ്ഥമായ വായനാനുഭവം പകർന്നു നൽകുന്നവയാണ്.ബാല്യകാലസഖിയാകട്ടെ എന്നും മലയാളികളുടെ മനസ്സിൽ നീറുന്ന നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന നോവലാണ്.മജീദും സുഹറയും ഇമ്മിണിബല്യ ഒന്നുമൊക്കെ മലയാളത്തിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.ഫിഫ്ത്ത് ഫോറത്തിൽ പഠിക്കുമ്പോൾ  സ്വാതന്ത്ര്യ സമരത്തിൽ ആവേശം കൊണ്ട് നാടു വിട്ട ബഷീർ പത്തു വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ദേശാടന വേളയിൽ കൽക്കത്തയിൽ താമസിക്കുമ്പോൾ സ്വപ്നത്തിൽ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ട് താൻ മരിച്ചു പോയതായി അറിയിക്കുന്നു.

 അങ്ങനെയാണ് തന്റെ കളിക്കൂട്ടുകാരിയുടെ വിയോഗം അദ്ദേഹം അറിയുന്നത്.അടുത്ത ദിവസം ഈ അനുഭവങ്ങളും ബാല്യകാല അനുഭവങ്ങളും ചേർത്ത് അദ്ദേഹം എഴുതിയ നോവലാണ് ബാല്യകാല സഖി.നായകനായ മജീദിൽ ബഷീറിന്റെ ആത്മാംശം കലർന്നിട്ടുണ്ട്.ഈ നോവൽ  ആദ്യം ശശികുമാറും അടുത്തിടെ പ്രമോദ് പയ്യന്നൂരും സംവിധാനം ചെയ്ത് ചലച്ചിത്രമായിട്ടുണ്ട്.

‘’പാത്തുമ്മയുടെആടി’’ൽ ബഷീറിന്റെ കുടുംബാംഗങ്ങളും കഥാപാത്രങ്ങളാണ്.തലയോലപ്പറമ്പിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് കഥ നടക്കുന്നത്. ബഷീറിന്റെ സഹോദരി ഫാത്തിമയുടെ ആട് ചെയ്യുന്ന കുസൃതികളാണ് ഈ നോവലിലെ പ്രമേയം 

തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ പഴയകാല പ്രതാപത്തിൽ ഊറ്റം കൊള്ളുന്നതിനെ പരിഹസിക്കുന്ന നോവലായ ‘’ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്’’ എന്നും പ്രസക്തമായ നോവലാണ്.മുമ്പുണ്ടായിരുന്ന ആന ഇപ്പോൾ കുയ്യാന ആയിരുന്നുവെന്ന് കുഞ്ഞുപാത്തുമ്മ തിരിച്ചറിയുമ്പോഴേയ്ക്കും അവർ അതിന്റെ പേരിൽ കെട്ടിപ്പൊക്കിയ മിഥ്യാധാരണകളും തകർന്നു വീഴുന്നു.

ബഷീറിന്റെ ഏതൊരു കൃതിയേയും പോലെ ആത്മകഥാപരമായ നോവലാണ് മതിലുകൾ.രാഷ്ട്രീയ തടവുകാരനായി ജയിലെത്തുന്ന ബഷീർ ഒരു മതിലിനപ്പുറമുള്ള സ്ത്രീ ജയിലിലെ തടവുകാരിയായ നാരായണിയുമായി പ്രണയത്തിലാവുകയും എന്നാൽ ആ പ്രണയം സഫലമാകാതെ പോകുകയും ചെയ്യുന്നു. നഷ്ടപ്രണയത്തിന്റെ വേദനയുമായി മതിലുകളും അനുവാചക മനസ്സിൽ അവിസ്മരണീയമായി നിറഞ്ഞു നിൽക്കുന്നു

ഇങ്ങനെ ബഷീറിന്റെ ഏതൊരു കൃതിയും എടുത്തു നോക്കിയാൽ എം.പി.പോൾ പറഞ്ഞതു പോലെ ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരേട് തന്നെയാണ് അതെന്ന് കാണാം.അതു കൊണ്ടു തന്നെയാണ് സുഹ്റയും മജീദും കുഞ്ഞുപാത്തുമ്മയും മണ്ടൻ മൂത്താപ്പയും ആനവാരിയും പൊൻ‍കുരിശുമെല്ലാം എന്നും മലയാളിമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്.

സുൽത്താന്റെ ജീവിതകാലത്ത് തന്നെ ബേപ്പൂർ പോയി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചുവെങ്കിലും നടന്നില്ല.പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം, ഗ്രന്ഥശാലാ സംഘത്തിന്റെ ലൈബ്രറി സയൻസ് കോഴ്സിന് കോഴിക്കോട് പഠിക്കുമ്പോഴാണ് സഹപാഠികൾക്കൊപ്പം അവിടെ പോകാൻ കഴിഞ്ഞത്..പഴയ വീട് പൊളിച്ച് പുതിയ വീട് പണിയാൻ തുടങ്ങുന്ന സമയമായിരുന്നു അത്.ഫാബി ബഷീറും മക്കളായ അനീസും ഷാഹിനയുമായി ഏറെ നേരം വിശേഷങ്ങൾ പങ്കിടാൻ കഴിഞ്ഞുവെന്നത് ഏറെ സന്തോഷകരമായ അനുഭവമായി. ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ എഴുത്തിന്റെ ചരിത്രവും സുലൈമാനിയുടെ വർത്തമാനവും മാങ്കോസ്റ്റിൻ മരവുമെല്ലാം കണ്ടും അറിഞ്ഞും ആ യാത്ര അവിസ്മരണീയ അനുഭവമായി.

 

The world famous Sultan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക