
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമകൾക്ക് ജൂലൈ 5-ന് 29 വയസ്സ്.
തൻ്റെ ഓരോ കഥാപാത്രത്തെയും നാമെന്നും കാണുന്നവരിൽ ഒരാളുടെ പ്രതിനിധിയാക്കി, നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്ത ബഷീറിൻ്റെ വിയോഗത്തിന് ജൂലൈ 5-ന് 29 വർഷം തികയുന്നു.
സൂഫിമാരുടെയും, സന്ന്യാസിമാരുടെയും കൂടെ ഹിമാലയ സാനുക്കളിൽ ധ്യാനമിരുന്ന ബഷീർ, വെപ്പുകാരനും മാജിക്കുകാരനും മുതൽ ഒരേ സമയത്ത് മൂന്നു പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചു തൻ്റെ ആർജ്ജവത്തിനും വിചക്ഷണതയ്ക്കും അതിരുകൾ ആകാശമെന്നു തെളിയിച്ചു.
അനുഭവങ്ങളുടെ ആഴക്കടലുകളാണ് ഒരാൾക്ക് ആത്മാവുള്ള കഥകളെഴുതാൻ ദ്രവ്യം നൽകുന്നതെങ്കിൽ, ബഷീറിന് അതിൻ്റെ കൂടെ ഏറെ അനുപമമായ ജീവിത വീക്ഷണങ്ങളുമുണ്ടായിരുന്നു. സംശയമില്ലാതെ പറയാം, ഇതുപോലെ മറ്റൊരെഴുത്തുകാരനുണ്ടായിരുന്നില്ല മലയാളത്തിൽ!
കേട്ടറിഞ്ഞപ്പോൾ, വായിച്ചറിഞ്ഞപ്പോൾ, ഒരിക്കൽ കണ്ടറിയണമെന്നു തോന്നി, ഈ പച്ച മനുഷ്യനെ.

ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് അന്നു ഞങ്ങൾ പങ്കിട്ട വിഷയങ്ങൾ, അദ്ദേഹത്തിൻ്റെ ശബ്ദം, ആസ്ത്മയുടെ അസ്ക്യതയാൽ കൂടെക്കൂടെ വന്നിരുന്ന നീണ്ട ചുമകൾ, പൊട്ടിച്ചിരികൾ, പലപ്പോഴും എന്തെങ്കിലും സഹായങ്ങൾക്കായി പത്നി അടുത്തു വരാൻ 'ഫാബീ...' എന്ന നീണ്ട വിളികൾ, രുചിച്ചു കുടിച്ചിറക്കിയ സുലൈമാനി മുതലായവയൊന്നും അത്ര പഴക്കമുള്ള ഓർമ്മകളായി തോന്നുന്നേയില്ല.
'വൈലാലിൽ' വീട്ടുവളപ്പിലെ മാങ്കോസ്റ്റിനുമേൽ മാത്രമല്ല, സകല മരങ്ങളിലുമിരുന്ന് കിളികൾ തങ്ങളുടെ ജീവിതം ഉല്ലാസഭരിതമാണിവിടെയെന്ന് കൂവി അറിയിക്കുമ്പോൾ, ആ കറുത്തു തടിച്ച കണ്ണടയിലൂടെ മരത്തിൽ നിന്ന് മരത്തിലേക്ക് ദൃഷ്ടി മാറ്റിമാറ്റി അദ്ദേഹം നോക്കിക്കൊണ്ടിരുന്നത്, കുരുവിയോടും, കുയിലിനോടും, കാക്കയോടും, പേരറിയാത്ത കുറെ പറവകളോടും, അവയും ഈ 'ഭൂമിയുടെ അവകാശിക'ളാണെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കാനായിരിക്കും.
അണ്ണാനും, ആടും, ഓന്തും, ഉറുമ്പും, പാമ്പും, ചിത്രശലഭവുമടക്കം ഈ ഭൂമിയിലെ സകല ജീവജാലങ്ങളോടും കൂട്ടുകൂടിയ പ്രകൃതി സ്നേഹിയുടെയും, താൻ ഗാന്ധിജിയെ തൊട്ടെന്നു അഭിമാനത്തോടെ വിളിച്ചുപറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുടെയും, പട്ടിണിക്കാരുടെയും പണക്കാരുടെയും പൊങ്ങച്ചക്കാരുടെയും പോക്കറ്റടിക്കാരുടെയും കുറ്റവാളികളുടെയും കാമുകികാമുകന്മാരുടെയും കഥകളെഴുതിയ ബേപ്പൂർ സുൽത്താൻ്റെയും സ്വത്വമുറങ്ങുന്ന ഓർമ്മകൾക്കു പഴക്കം തോന്നുമോ?
ഇല്ല...

കാരണം, വൈക്കം മുഹമ്മദ് ബഷീർ തലയോലപ്പറമ്പുകാരനല്ല, ബേപ്പൂരുകാരനുമല്ല, ഈ പ്രപഞ്ചമത്രയും താനും തൻ്റെ തട്ടകവുമെന്നു കരുതിപ്പോന്ന ഒരു തത്ത്വജ്ഞാനിയായിരുന്നു. ഭാവബോധകമായ സാധാരണ കൃതികളാൽ കാലത്തിൻ്റെ പരിശോധനകളെ അതിജീവിച്ച ഒരു നാട്ടിൻപുറത്തുകാരൻ.
"പ്രിയ പ്രപഞ്ചമേ, ഞാനൊരു ചെറിയ ജീവിയാണ്, നിൻ്റെ അത്ഭുതങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ എനിയ്ക്കു കഴിയുന്നില്ല," എന്നു പറഞ്ഞ ഒരു വലിയ മനുഷ്യൻ.
ഷേക്സ്പീരിയൻ ഭാഷയുടെ വ്യാകരണ വേലികൾക്കകത്തുനിന്ന് ഇംഗ്ലീഷിനെ മോചിപ്പിച്ച്, ജനപ്രിയ രചനകൾ നടത്തിയ ചാൾസ് ഡിക്കെൻസിൻ്റെ നർമ്മോക്തിയും ലാളിത്യവും, 'ഇമ്മിണി ബല്ല്യേ' രൂപത്തിൽ സുൽത്താൻ്റെ കഥകളിൽ കണ്ടതിനാലാണല്ലൊ, ബ്രിട്ടീഷുകാരനായ ഡോ. റൊണാൾഡ് ആഷർ, ബഷീറിൻ്റെ ‘ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’, ‘ബാല്യകാലസഖി’, ‘പാത്തുമ്മയുടെ ആട്’ മുതലായവയൊക്കെ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തി പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയത്.
എന്നാൽ, ‘ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്നത് എന്താണെന്ന്, 'decipher' ചെയ്തു മനസ്സിലാക്കാൻ കോഴിക്കോട്ടുകാരല്ലാത്ത മലയാളികൾക്കുള്ള അതേ ബുദ്ധിമുട്ടു തന്നെ, ‘Me Grandad 'ad An Elephant’ എന്നു ഇംഗ്ലീഷിൽ വായിക്കുന്ന വെള്ളക്കാർക്കും ഉണ്ടാകുമെന്നത് തീർച്ച. ബഷീർ തൻ്റെ പുസ്തകത്തിനു നൽകിയ പേരിനു തുല്യമായ അനൗപചാരിക വാക്കുകൾ തന്നെയാണ് ഇംഗ്ലീഷ് നാമധേയത്തിലും. കഥയുടെ പരിഭാഷയും ശൈലിയിൽ വിഭിന്നമല്ല.

ഇവിടെയും ബഷീറിനൊരു പ്രാഥമ്യം ലഭിക്കുന്നുണ്ട്. ഇംഗ്ളീഷിൻ്റെ വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഡിക്കൻസിനു മാത്രമല്ല, ജോർജ് ഇലിയറ്റിനു പോലും, ബഷീറിൻ്റേതിനു കിടപിടിക്കാൻ പോന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണത്. സാഹിത്യവും കടന്ന് ഒരു സംസ്കൃതിയുടെ തന്നെ ഭാഗമായിത്തീർന്ന എട്ടുകാലി മമ്മൂഞ്ഞും, പൊൻകുരിശ് തോമയും, ആനവാരി രാമൻ നായരും, ബഷീറിനല്ലാതെ മറ്റേതൊരു വിശ്വസാഹിത്യകാരനാണ് സംഭവിക്കുക! എന്തിനേറെ, ശുദ്ധ ഫലിതം കൊണ്ട് അനുവാചകരെ ചിരിപ്പിക്കുന്നതുപോലെ കരയിപ്പിക്കുകയും ചെയ്ത മറ്റൊരു ആഖ്യായികാകാരനെ വായനക്കാർക്ക് അറിയുമോ?
ലോകം മുഴുവനുമുള്ള മനുഷ്യരുടെ പ്രതിനിധികളാണ് ബഷീറിൻ്റെ കഥാപാത്രങ്ങൾ. അദ്ദേഹമെഴുതിയ 'ബാല്യകാലസഖി'യിലെ യഥാക്രമം 9-ഉം, 7-ഉം വയസ്സുള്ള മജീദും സുഹറയും പോലും സന്ദേശങ്ങൾ നൽകുന്നതിൽ നിസ്സാരക്കാരായിരുന്നില്ലെന്നു വായനക്കാർ തിരിച്ചറിഞ്ഞിരുന്നു. മജീദും സുഹറയും ബാല്യകാലം തൊട്ടേ സുഹൃത്തുകളായിരുന്നു, അതേസമയം ബദ്ധശത്രുക്കളുമായിരുന്നു. ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന മജീദിൻ്റെ അവകാശവാദത്തെ 'കൂർത്ത നഖങ്ങളെക്കൊണ്ട് ഞാനിനിയും മാന്തും' എന്ന് ചെറുത്തു തോൽപ്പിച്ചവളാണ് സുഹറ! വയസ്സുകൊണ്ടു മുതിർന്നവനായിരുന്നുവെങ്കിലും കണക്ക് തലയിൽ കയറാത്ത മജീദും മിടുമിടുക്കിയായ സുഹറയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്ല്യേ ഒന്ന് എന്ന നൂതന 'ഗണിതശാസ്ത്ര തത്വം' കണ്ടുപിടിച്ചു ശിക്ഷയേറ്റു വാങ്ങിയ മജീദ്, സുഹറയുടെ അടുത്തായി ബഞ്ചിൽ സ്ഥാനം പിടിച്ചതോടെ കണക്കിൽ ഒന്നാമനായി! രണ്ടു പുഴകൾ സംഗമിച്ച് ഒന്നായി ഒഴുകുന്നതിൽ നിന്ന് മജീദ് ഉൾക്കൊള്ളുന്ന വലിയ യാഥാർത്ഥ്യത്തിന്, ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്ന അക്ഷരാർത്ഥ വിവരത്തോട് കലഹിക്കേണ്ട കാര്യമില്ല എന്നാണ് ബഷീറിൻ്റെ നിരീക്ഷണം. ജീവിത തത്ത്വശാസ്ത്രത്തിൽ വിജയിക്കണമെങ്കിൽ മജീദ് ഉൾക്കൊണ്ട യഥാർത്ഥ്യം നാമും ഉൾക്കൊണ്ടേ മതിയാകൂ എന്ന ദർശനമാണ് വിവേകിയായ കഥാകാരൻ ‘ബാല്യകാലസഖി’യിൽ ഉൽബോധിപ്പിക്കുന്നത്.
പ്രണയ സാഹിത്യത്തിലൊന്നാമത് മാധവിക്കുട്ടിയെന്നാണ് ചില വായനക്കാരുടെയും നിരൂപകരുടെയും വിശ്വാസം. ഭ്രമാത്മകതയാണ് അവരുടെ പ്രേമകഥകളുടെ ഉൾക്കാമ്പ്. അതിശയോക്തിയാണ് അവയുടെ ആകർഷണശക്തി. എന്നാൽ, വിചിത്രകൽപനയുടെ ആനുകൂല്യമില്ലാതെത്തന്നെ പ്രേമം വിജയകരമായി അവതരിപ്പിക്കാമെന്ന് വായനക്കാരെ ബോദ്ധ്യപ്പെടുത്തിയത് ബഷീർ കൃതികളാണ്. ഉള്ളിൽത്തട്ടി പ്രേമിക്കാൻ അന്യോന്യം കാണുക പോലും വേണ്ടെന്നല്ലേ അദ്ദേഹത്തിൻ്റെ 'മതിലുകൾ' തെളിയിച്ചത്!
സ്വാതന്ത്യ്രസമര ഉദ്ബോധന എഴുത്തുകൾക്ക് രണ്ടര കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് ബഷീർ ജെയിലിലെത്തിയത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും സെല്ലുകൾ ബഷീറിൻ്റെ ഭാഷയിൽ, 'ലോകം മുഴുവൻ ചുറ്റി പോകുന്ന' ഒരു മതിലിനാൽ വേർതിരിച്ചിരിക്കുന്നു!
വൻ വിഭജനഭിത്തിയുടെ അപ്പുറത്തും ഇപ്പുറത്തും കഴിയുന്ന രണ്ടു നിസ്സഹായരായ മനുഷ്യരുടെ ഹൃദ്യമായ വർത്തമാനങ്ങൾ:
"എൻ്റെ പേര് ബഷീർ. ഇപ്പോ, ഞാനിവിടെ തനിച്ചാണ്. കൂട്ടുകാരെല്ലാം ശിക്ഷ കഴിഞ്ഞു തിരികെ പോയി... പേര് പറഞ്ഞില്ലല്ലോ?"

''നാരായണി.''
''സുന്ദരമായ പേര്!"
"വയസ്സ്?''
''ഇരുപത്തിരണ്ട്.''
''സുന്ദരമായ വയസ്സ്!
"കഠിനതടവാണല്ലേ...?''
''അതേ, പതിനാല് കൊല്ലം.''
''വന്നിട്ടൊത്തിരിനാളായോ, നാരായണീ?''
''ഒരു കൊല്ലം."
''നാരായണീ, നമ്മൾ ഏതാണ്ടൊരുമിച്ചാണീ ജയിലിൽ വന്നത്.''
''എനിക്കൊരു റോസാച്ചെടി തരുമോ?''
''നാരായണി എങ്ങനെയറിഞ്ഞു എൻ്റെ ഭാഗത്ത് റോസാച്ചെടിയുണ്ടെന്ന്?''
''ജയിലല്ലേ... എല്ലാം എല്ലാവരുമറിയും. ഇവിടെ രഹസ്യങ്ങളൊന്നുമില്ല. റോസാച്ചെടി തരുമോ?''
''നാരായണീ, ഈ ഭുവനത്തിലുള്ള എല്ലാ പനിനീർച്ചെടികളും ഞാൻ നാരായണിക്കു തരും.''
"ബഷീറേ, ബഷീറേ... വിളിച്ചിട്ട് എന്താ വിളി കേൾക്കാത്തത്... റോസാച്ചെടി കൊണ്ടുവന്നോ?''
''ങേ...''
''ഹോ! ദൈവത്തിനെ ഇത്ര സ്നേഹത്തോടെ വിളിച്ചിരുന്നെങ്കിൽ...''
"വിളിച്ചിരുന്നെങ്കിൽ..."
''ദൈവം എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടുമായിരുന്നു!''
''ദൈവം ആരുടെ മുമ്പിലും പ്രത്യക്ഷപ്പെടുകയില്ല. ദൈവം നമ്മുടെ അടുത്തുണ്ട്. പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചം, ചൈതന്യം! നാരായണീ, പ്രത്യക്ഷപ്പെടാനുള്ളത് ഞാനല്ലേ?''
''ബഷീറേ... ബഷീറേ... വിളിച്ചിട്ട് എന്താ പിന്നെയും വിളി കേൾക്കാത്തത്?''
''ഞാൻ ചുംബിക്കുകയായിരുന്നു.''
''മതിലിലോ?''
''അല്ല..."
''പിന്നെ?''
''റോസാച്ചെടിയുടെ ഓരോ പൂവിലും, ഓരോ മൊട്ടിലും, ഓരോ ഇലയിലും...''
''ദൈവമേ... എനിക്ക് കരച്ചിൽ വരുന്നു, ബഷീർ..."
''നാരായണീ...''
''എന്തോ...?''
''എന്നാൽ, ദാ റോസാച്ചെടി വരുന്നു. ഒരു കുഴി കുഴിച്ച് അതിൽ ഈശ്വരനാമത്തിൽ നടുക. എന്നിട്ട് മണ്ണിട്ട്, വെള്ളം ഒഴിക്കണം, കേട്ടോ?''
ബഷീർ റോസാച്ചെടി മതിലിനു മുകളിലൂടെ നാരായണിയ്ക്ക് എറിഞ്ഞു കൊടുത്തു.
'മതിലുകൾ' ഇതേ പേരിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമാക്കിയ ആ സമയത്തായിരുന്നു (1989) ബേപ്പൂരുപോയി ഞാൻ സുൽത്താനെ കണ്ടത്. അന്നു നിലനിന്നിരുന്ന ചില വിവാദങ്ങളിൽ വിഷയമായിരുന്നൊരു ഗൗരവമേറിയ കാര്യം അഭിമുഖത്തിൻ്റെ ഭാഗമായി ഞാൻ അദ്ദേഹത്തോടു ചോദിച്ചു.
"അൽപം യാഥാർത്ഥ്യവും അൽപം ഭാവനയുമാണ് മതിലുകളുടെ കഥ. പിന്നെ, അനുകരണമെന്ന പരാതിയ്ക്ക് അനുഭവസാഹിത്യത്തിൽ പ്രസക്തിയില്ല. ഉൽപ്പത്തി മുതൽ മനുഷ്യൻ ചെയ്യുന്നതെല്ലാം ആവർത്തനങ്ങളാണ്. അപ്പൂപ്പൻ ചെയ്തത് അപ്പനും, അപ്പൻ ചെയ്തത് മക്കളും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് മനുഷ്യകുലം നിലനിൽക്കുന്നത്. ഇതിനെ അനുകരണമെന്ന് വിശേഷിപ്പിക്കാൻ കഴിയുമോ?" മറിച്ചൊന്നും ചോദിക്കാനില്ലാത്തത്രയും വ്യക്തമായ ഭാഷയിൽ ബഷീർ പ്രതികരിച്ചു.
സുൽത്താൻ തൻ്റെ 'മതിൽ' കെട്ടിയത് ഒരു പാശ്ചാത്യ നോവലിൽ നിന്ന് ഇഷ്ടികകൾ അടർത്തിയെടുത്താണെന്ന് ആരോപിച്ചവർക്ക് കിട്ടിയത്, സംശയമില്ല, ഉരുളയ്ക്കുപ്പേരിതന്നെ!

ലോകത്തെമ്പാടു നിന്നും നിരവധി കർക്കശക്കാരായ സിനിമാ നിരൂപകർ പങ്കെടുത്ത 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, മതിലിൻ്റെ മൗലികതയെക്കുറിച്ചാർക്കും ഒരു പരാതിയുമില്ലായിരുന്നു. മാത്രവുമല്ല, ഏറെ ശ്രദ്ധിക്കപ്പെട്ട അടൂരിൻ്റെ 'മതിലുകൾ' വെനീസിൽ International Federation of Film Critics (FIPRESCI) പുരസ്കാരം നേടുകയും ചെയ്തു! യൂണിസെഫ്, ഗ്രാന്റ് പ്രൈസ്, OCIC മുതലായവ 'മതിലുകൾ' നേടിയെടുത്ത മറ്റു അന്തർദേശീയ അവാർഡുകളാണ്.
ബഷീറിന് മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 1990-ൽ നേടിക്കൊടുത്ത 'മതിലുകൾ', സുവർണ്ണ കമലമുൾപ്പെടെ നാല് വിലപ്പെട്ട ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും കേരളത്തിലേയ്ക്കു കൊണ്ടുവന്നു.
'മതിലുകൾ'ക്കു പുറമെ, 'പ്രേമലേഖന'വും, 'ബാല്യകാലസഖി'യും, 'അനുരാഗത്തിൻ്റെ ദിനങ്ങ'ളും, 'മുച്ചീട്ടുകളിക്കാരൻ്റെ മകളു'മെഴുതിയ സുൽത്താനെ കുറ്റമറ്റൊരു റൊമാൻ്റിക് എഴുത്തുകാരനായിട്ടേ എനിയ്ക്കു കാണാൻ കഴിഞ്ഞിട്ടുള്ളൂ. പുസ്തക രൂപത്തിൽ വിപണിയിൽ ഇറങ്ങിയ ബഷീറിൻ്റെ പ്രഥമ കൃതിയായ ‘പ്രേമലേഖനം’ തന്നെയായിരുന്നു എഴുപതുകളിൽ ഞാൻ വായിച്ച അദ്ദേഹത്തിൻ്റെ ആദ്യത്തെ രചനയും.
യുവ ഹൃദയത്തിൻ്റെ ദൗർബല്യമാണോ, അതോ കേശവൻ നായരോടും സാറാമ്മയോടും തോന്നിയ മമതയാണോ, രണ്ടുമല്ലെങ്കിൽ, നിരോധിക്കപ്പെട്ടിരുന്നൊരു പുസ്തകം വാങ്ങി വായിച്ചതുകൊണ്ടുള്ള പ്രകമ്പനം കൊണ്ടായിരുന്നുവോ എന്നും അറിയില്ല, തിരുവനന്തപുരം സെൻട്രൽ ജയിലിൽ വെച്ച് ബഷീർ എഴുതിയ ഈ ചെറുകൃതി എൻ്റെ മനസ്സിൽ തീക്ഷ്ണമായ ചില പ്രണയ തരംഗങ്ങൾ തീർത്തിരുന്നു.
തന്നെ പ്രണയിക്കുന്നതിന്ന് കാമുകിയ്ക്ക് ശമ്പളം കൊടുക്കാമെന്നു ഹാസ്യാത്മകമായി പറയുന്ന കേശവൻ നായരും, ആ ഓഫർ സ്വീകരിക്കുന്ന സുന്ദരിയായ സാറാമ്മയും, 'അന്ന കരെനീന' ജീവിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയിലേക്കാണ് വായനക്കാരെ പറിച്ചു നടുക. വ്യാകരണം പോലുമില്ലാത്ത ഭാഷാസരണിയിൽ ചാലിച്ച ഈ നാട൯ കഥയിൽ, കരെനീനയും അതിനു മുന്നെ 'യുദ്ധവും സമാധാന'വും എഴുതിയ ലിയോ ടോൾസ്റ്റോയിയുടെ വശ്യമായ സർഗവൈഭവം കലർന്നിരുന്നു എന്നതു കൊണ്ടുതന്നെയാണ്, ബഷീർ മലയാള സാഹിത്യത്തിൻ്റെ പാരമ്പര്യമായി മാറിയത്.
കാലമെത്ര കഴിഞ്ഞാലും തലമുറകളെത്ര മാറിയാലും, ബഷീറിനെ അറിയാൻ ഇന്ന് വിശേഷണങ്ങളൊന്നും വേണ്ട. ആ പേരുതന്നെ ധാരാളം; 1987-ൽ മികച്ച ഡോക്യുമെൻ്റെറി ഫിലിമിനുള്ള സംസ്ഥാന പുരസ്കാരം നേടിയ എം.എ റഹ്മാൻ്റെ 'ബഷീർ ദ മാൻ' പോലെ!
തെക്കൻ കേരളത്തിൽ പിറന്ന്, വടക്കൻ മൊഴിയിലെഴുതി, മലയാളത്തിൻ്റെ ഇമ്മിണി ബല്ല്യേ സുൽത്താനായിത്തീർന്ന ബഷീറിന് ഹൃദയത്തിൻ ഗ്രാമ്യഭാഷയിൽ ആദരാഞ്ജലി!