
പണ്ട് പുഴയിലൂടൊരു ശവം കരയ്ക്കടിഞ്ഞതായി വിവരം കിട്ടിയാൽ ഒരു കമ്പു കൊണ്ട് ഉന്തി തൊട്ടടുത്ത പോലീസ് സ്റ്റേഷൻ അതിർത്തിയിലേക്കു കടത്തിവിട്ടിരുന്ന ചില പോലീസ് കഥകൾ കേട്ടിട്ടുണ്ട്. അതിനു സമാനമായ സംഭവങ്ങൾ കെട്ടും മട്ടും മാറി ഇപ്പോഴും ഉണ്ടാകുന്നുണ്ട്. സത്യത്തിൽ വലിയ പ്രശ്നമൊന്നുമില്ലാതെ കാര്യങ്ങൾ പോകുകയായിരുന്നു. അപ്പോഴാണല്ലോ എഐക്യാമറ റോഡിൽ മിഴി തുറന്നത്. അങ്ങനെയാണ് ജീപ്പിന്റെപുറത്ത് തോട്ടിവെച്ചുകെട്ടിയ കെ എസ് ഇ ബി ജീപ്പിന് തോട്ടി വെച്ചുകെട്ടിയ വക 20000 രൂപ പിഴ അടക്കാൻ എം വി ഡി നോട്ടീസു കൊടുത്തത്. സംഗതി രണ്ടു പേരും സർക്കാരിന്റെ ഭാഗമാണ്. അപ്പോഴാ പിഴ അടിച്ചു കൊടുത്തതു ശരിയാണോ? കെ എസ് ഇ ബിക്കു നൊന്തു. അതോടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കണ്ടകശനി തുടങ്ങി. കുടിശികയുള്ള എം വി ഡി ഓഫീസുകളുടെ ഫ്യൂസ് കെ എസ് ഇ ബി ഊരിത്തുടങ്ങി. എം വി ഡി ഓഫീസ് ഇരുട്ടിലാണ്ടു. പകരത്തിനു പകരം, ഒന്നിന് ഒന്ന്. കളി സമനിലയിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കെ എസ് ഇ ബി കളി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ എന്നാരു കണ്ടു? ഉറങ്ങിക്കിടന്ന സിംഹത്തിനെ ഉണർത്തി വിട്ട ചേലായി. ഏതായാലും ഇപ്പോൾ എം വി ഡി ഓഫീസുകളിൽ കെ എസ് ഇ ബി ക്കാർ കൃത്യമായിക്കേറി കുടിശികയുള്ള ഇടത്തെ ഫ്യൂസ് ഊരുന്നുണ്ട്. എന്നാൽ ഇതിൽ വനം വകുപ്പ് എന്തു പിഴച്ചു?
എന്നിട്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു എന്നു കുഞ്ചൻ നമ്പ്യാർ പാടിയ പോലെ, കെ എസ് ഇ ബി വനംവകുപ്പിനിട്ടും ഒരു പണി കൊടുത്തു. ആ സംഭവം ഇങ്ങനെ, കോഴിക്കോട് ചേവായൂർകാവ് സ്റ്റോപ്പിനു സമീപം കൊള്ളങ്കോട് ക്ഷേത്രത്തിനു മുൻപിലെ ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കമ്പിയിൽ കുടുങ്ങിക്കിടക്കുന്ന എട്ടടി നീളമുള്ള ഒരു ചത്ത പെരുമ്പാമ്പിനെയാണ് ചൊവ്വാഴ്ച രാവിലെ അവിടത്തുകാർ കണി കണ്ടത്. സ്വാഭാവികമായും ഇലക്ട്രിസിറ്റിബോർഡുകാരെ വിളിച്ചു പറഞ്ഞു. എല്ലാം ചട്ടപ്പടിയാക്കാൻ കെ എസ് ഇ ബി തീരുമാനിച്ചത് ആരും അറിഞ്ഞില്ല. പെരുമ്പാമ്പ് വന്യ ജീവിയാണ്. ഈ പെരുമ്പാമ്പ് ചത്തതിനാൽ പോസ്റ്റ്മോർട്ടം വേണം. അതു കൊണ്ട് ലൈനിൽ കിടക്കുന്ന പെരുമ്പാമ്പിനെ വനം വകുപ്പുകാർ വന്നു മാറ്റണം. ഏതായാലും സംഗതി വാർത്തയായതോടെ വനം വകുപ്പ് എത്തി. കനത്ത മഴയിൽ പലവട്ടം വിളിച്ചിട്ടും കെ എസ് ഇ ബി ക്കാർ ഫോൺ എടുത്തില്ല. ആ ലൈനിലെ സപ്ലെ ഓഫാക്കിയതുമില്ല.ഒടുവിൽ ജീവിൻ പണയം വെച്ച് വൈദ്യുതി പ്രവഹിക്കുന്ന ലൈനിൽ നിന്നും വനം വകുപ്പ് ജീവനക്കാർ പാമ്പിന്റെ ദേഹം താഴെ എത്തിച്ചു.
ഡി എഫ് ഒ, സി അബുദുൾ ലത്തീഫിന്റെ മേൽനോട്ടത്തിൽ മാത്തോട്ടം വനശ്രീ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി വി ഷൈരാജിന്റെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ താഴെയിറക്കിയത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു.
ഇത് അല്പം തീക്കളിയായില്ലേ കെ എസ് ഇ ബി? വനം വകുപ്പുകാരും മനുഷ്യരല്ലേ? ആ ലൈൻ ഒന്ന് ഓഫാക്കി കൊടുക്കാമായിരുന്നില്ലേ? അതല്ലേ മര്യാദ? എങ്ങാനും ഒരു അപകടം സംഭവിച്ചിരുന്നെങ്കിൽ?
ചട്ടപ്പടി കാര്യങ്ങൾ നീക്കുന്നത് നല്ലതു തന്നെ, എന്നാലത് മനുഷ്യ ജീവൻ വെച്ചു പന്താടിക്കൊണ്ടാകരുത് എന്നു മാത്രം.
Who will take the corpse of the python? KSEB can be a little humane