Image

നീതി ദേവതയോട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 05 July, 2023
നീതി ദേവതയോട് (കവിത: മാര്‍ഗരറ്റ് ജോസഫ്)

നീതി ദേവതേ, നേത്രങ്ങളെപ്പോഴും,
മൂടിക്കെട്ടിയിരിക്കുവതെന്തിന്?
നേരിനായി നിരന്തരമാളുകള്‍,
ആ മുഖത്തു നോക്കുന്നു, കേഴുന്നു,
മാത്രതോറുമനീതിതന്‍ ഗര്‍ജ്ജനം,
മാത്രമായ് കാതില്‍ ഭീതിദമാം വിധം;
ആത്മവേദനയാര്‍ന്ന നിലവിളി,
മാറ്റൊലിയായ് നിലച്ചുപോകുന്നുവോ?
പോരടിക്കുന്നവരല്ലോ പരസ്പരം,
പാരിടമെങ്ങും മാനവര്‍, കേമന്മാര്‍;
സ്വത്തും സ്വാധീനശക്തിയുമൊന്നിച്ച്,
സത്യധര്‍മ്മങ്ങള്‍ മൂടിവയ്ക്കുന്നുവോ?
സ്‌നേഹവാത്സല്യ കാരുണ്യ ഭാവങ്ങള്‍,
ശൂന്യമായിരുള്‍ മൂടിയോ മാനസം?
കൃത്യമായ നിയമങ്ങളൊക്കെയും,
കൈക്കരുത്ത് വളച്ചൊടിക്കുന്നുവോ?
മന്നിലെത്രയോ ശൈശവ ബാല്യങ്ങള്‍,
അന്‍പിനായ് സദാ കൈക്കുമ്പിള്‍ നീട്ടുന്നു;
പെണ്ണായമ്പേ പിറന്നതുമൂലമോ,
കണ്ണീര്‍ക്കടല്‍ നീന്തുന്നബലകള്‍?
രക്ഷിതാക്കളാമച്ഛന്‍, സഹോദരന്‍,
രക്തബന്ധം സ്വയം വിസ്മരിക്കുന്നവര്‍;
ഉഗ്രമാം വിഷസര്‍പ്പങ്ങളെന്നപോല്‍, 
ചുറ്റിവരിഞ്ഞ് നിശ്ശബ്ദരാക്കുന്നു ഹാ!
പീഡിതരിവര്‍ ജന്മഗേഹത്തിലും,
പേടിയോ,ടാശയറ്റവരാകുന്നു;
ലിംഗനീതി കിട്ടാത്ത ഹതഭാഗ്യര്‍,
കണ്ണടച്ചിരുട്ടാക്കുന്നു മേലാളര്‍;
സ്ഥാനമാനങ്ങള്‍ നോക്കാതിരിക്കട്ടെ,
ന്യായാന്യായങ്ങള്‍ വേര്‍തിരിക്കുന്നവര്‍,
ചെയ്യാത്ത തെറ്റിന് ശിക്ഷ വിധിക്കുന്നവര്‍,
ആര്‍ക്കധികാരമെന്നോര്‍ക്കാമിടയ്ക്ക്,
പോര്‍ വിളിച്ച് കലഹം വിതയ്ക്കുന്നു,
നാശകാരികളാകുന്നു വേട്ടക്കാര്‍,
രക്ഷയ്ക്കിരകള്‍ പായുന്നു ദയയ്ക്കായ്, 
ചുറ്റും വിളയുന്നു രാക്ഷസരമ്പേ;
ആവൃതി വിട്ടിറങ്ങുന്നു വീഥിയില്‍,
സത്വം തിരിയുന്നു സന്യസ്തര്‍ പോലും,
ആരെയും മുഖംനോക്കാതെയാകട്ടെ,
നീതി ദേവതേ, നിന്‍ വിധിന്യായങ്ങള്‍. 

 

Join WhatsApp News
Jayan varghese 2023-07-05 16:11:03
‘ കേരളത്തിലെ സാംസ്കാരിക നായകന്മാർ വരട്ടു കിഴവന്മാരാണ് ‘ എന്ന പി. സി. ജോർജിന്റെ പ്രസ്താവന അന്വർത്ഥമാക്കിക്കൊണ്ട് പൊതുവിഷയങ്ങൾക്ക്‌ നേരെ അവർ വായിൽ പഴം തള്ളി നിശ്ശബ്ദരായിരിക്കുമ്പോൾ അമേരിക്കയിൽ ജീവിക്കുന്ന ഒരു മലയാള കവയത്രി നട്ടെല്ല്‌ നിവർത്തി നിന്ന് പ്രതികരിക്കുന്നു - അഭിവാദനങ്ങൾ !
നിരീശ്വരൻ 2023-07-05 20:38:31
മനുഷ്യർ ചെയ്യണ്ട കർത്തവ്യങ്ങൾ അവർ ചെയ്യാതെ, നീതിദേവതയോടോ ദേവനോടോ, ദൈവത്തോടോ, യെശു വിനോടോ, കൃഷ്ണനോടൊ,അള്ളായോടോ കിടന്നു നിലവിളിച്ചിട്ടു കാര്യമില്ല. കാരണം അവർ ശ്രവണശക്തിയോ, വിവേചിച്ചറിയാനുള്ള ബോധോമോ ഇല്ലാത്ത മരണത്തിന്റെ കാരങ്ങളിലാണ്. അവർ ആരും ജീവിച്ചിരിപ്പില്ല. പുനർജനനവും പുനരുദ്ധാനവും അവർക്കില്ല. നിങ്ങൾ പറഞ്ഞിരിക്കുന്നത് നൂറുശതമാനം ശരിയാണ് ; നീതിദേവത നേത്രങ്ങൾ മൂടി കെട്ടി ഇരിക്കയാണ്. അല്ല നമ്മൾ മൂടി കെട്ടിവച്ചിരിക്കയാണ്. കുറ്റബോധമുള്ള നമ്മളുടെ മനസ്സാണ് അതിന് കാരണം. അറിവില്ലാത്ത സാധാരണ ജനങ്ങളുടെ ശ്രദ്ധ, ഈ നോക്കുകുത്തികളായ ദൈവങ്ങളിലേക്ക് തിരിച്ചു വിട്ടിട്ട് ജനങ്ങളെ കൊള്ളയടിക്കുകയാണ് ഈ നീതിദൈവങ്ങളുടെ കർത്താക്കളായ മതങ്ങൾ. കവികളും കവയിത്രികളും ഈ വഞ്ചനക്ക് കൂട്ട് നിൽക്കരുത് . അവർ ഒരു നീതിയും ചുക്കും നടത്താൻ കഴിയാത്ത ദൈവങ്ങളെ ഉപേക്ഷിച്ച് പച്ച മനുഷ്യരോട് സംസാരിക്കൂ. മനുഷ്യർക്കായിരിക്കട്ടെ മുൻഗണന . അതിന് കഴിയുന്നില്ലെങ്കിൽ എഴുതാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾ എഴുതിയത് നിങ്ങൾ തന്നെ വായിച്ചു ആസ്വദിച്ചോളൂ . നിങ്ങൾക്ക് ഭാഷയുണ്ട്, ചുറ്റുപാടും നടക്കുന്ന അധർമ്മത്തെ കുറച്ച് അറിവുണ്ട് പക്ഷെ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം ദൈവങ്ങളെ ഏൽപ്പിച്ചു രക്ഷപ്പെടാൻ ശ്രമിക്കയാണ്. നിങ്ങൾ മാത്രമല്ല ഇമലയാളിൽ വരുന്ന പലരും ആ കഴിവുണ്ടായിട്ടു എഴുതുന്നില്ല . അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നപോലെ പിസി ജോർജിനെ ചീത്തവിളിക്കാതെ, മനുഷ്യരെ ഉദ്ബുദ്ധരാക്കൂ. ദൈവങ്ങളേയും അവരുടെ കാവൽ നായ്ക്കളെയും ആട്ടി ഓടിക്കു . സത്യത്തിന്റ താക്കോൽ കൊണ്ട് ബന്ധനങ്ങളുടെ പൂട്ടുകൾ തുറക്കൂ സ്വാതന്ത്ര്യം പ്രാപിക്കു .
വിദ്യാധരൻ 2023-07-06 04:11:26
ആയിരമായിരമാണ്ടുകൾക്കപ്പുറത്ത്- ത്താരോ വിരചിച്ച മുഗ്ദ്ധസങ്കല്പമേ ആ യുഗങ്ങൾക്കുള്ളിലത്ഭുതം സൃഷ്ടിച്ച മായിക ചൈതന്യ മണ്ഡലമാണ് നീ. പണ്ട് ചരിത്രം തുടങ്ങുന്നതിന്നു മുൻ - പുണ്ടായ ജീവിത സ്വപ്നമേ, ദൈവമേ നിന്നെന്വേഷിച്ചലഞ്ഞിരുന്നു ചിരം നിർമ്മലാത്മാക്കളാമെൻ പ്രപിതാമഹർ കാലഘട്ടങ്ങൾ തൻ സംഹാരനിർമ്മാണ ലീലകൾക്കുള്ളിൽ വിടർന്ന മൂല്യങ്ങളെ നിന്നർച്ചനാപുഷ്പഹാരങ്ങളാക്കിയ ധന്യമാം ഭാവനെക്കെൻ കൂപ്പുകയ്യകൾ ദേശകാലങ്ങൾക്കനുരൂപമായി, നിന്റ ഭാഷയും ഭാവവും മാറ്റിക്കുറിക്കവേ ധർമ്മപ്രവാചകർ , മാനവജീവിത - കർമ്മ കാണ്ഡങ്ങളെ ചിട്ടപ്പെടുത്തവേ നീ വളർന്നെത്തി , മനുഷ്യന്റെ സംസ്കാര- നീതി ശബ്‍ദംപോലെ കാലഘട്ടങ്ങളിൽ. ൯(ദൈവം യുഗങ്ങളിലൂടെ -വയലാർ) ആയിരമായിരമാണ്ടുകൾക്കപ്പുറത്ത്-ത്താരോ വിരചിച്ച മുഗ്ദ്ധസങ്കല്പമായ ദൈവത്തിന് ഒരിക്കലും നീതി നടപ്പാക്കാൻ കഴയില്ല. 'മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു, മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു " (വയലാർ ) വിദ്യാധരൻ
നിരീശ്വരൻ 2023-07-06 14:41:56
എത്ര ലളിതമായി വയലാർ ദൈവത്തെ കുറിച്ച് പറഞ്ഞു വച്ചിരിക്കുന്നു ഇതൊക്കെ തന്നെ ഞാനും പറയാൻ ശ്രമിക്കുന്നത്. പക്ഷെ ആര് കേൾക്കാനാണ്. എഴുത്തുകാർ ആത്മാർത്ഥതയോടെ എഴുതണം. എട്ട് ബില്യൺ ജനങ്ങൾ ദൈവം ഉണ്ടെന്ന് വിശ്വസിക്കുമ്പോൾ ഒരു കവി പറയണ്ടത് അത് മുഗ്ദ്ധ സങ്കല്പമെന്നാണ്. അല്ലാതെ നാട് ഓടുമ്പോൾ നടുവേ ഓടുകയല്ല വേണ്ടത്. വിദ്യാധരൻ മാസ്റ്റർക്ക് നമസ്കാരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക