Image

ഫോമയുടെ കേരള കൺവൻഷൻ രണ്ടാം ഘട്ടവും വൻവിജയം, ഇനി ശ്രദ്ധ ന്യൂയോർക്കിലേക്ക് : ഡോ. ജേക്കബ് തോമസ്

മീട്ടു റഹ്മത്ത് കലാം  Published on 06 July, 2023
ഫോമയുടെ കേരള കൺവൻഷൻ രണ്ടാം ഘട്ടവും വൻവിജയം, ഇനി ശ്രദ്ധ ന്യൂയോർക്കിലേക്ക് : ഡോ. ജേക്കബ് തോമസ്

രണ്ടു ഘട്ടങ്ങളായി നടത്തിയ ഫോമായുടെ കേരള കൺവൻഷൻ പ്രതീക്ഷയ്‌ക്കും അപ്പുറമായി വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് സംഘടനയുടെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്. 'സമ്മർ ടു കേരള' ശുഭപര്യവസായി ആക്കിത്തീർത്ത സംഘാംഗങ്ങളോട് നന്ദി അറിയിച്ചുകൊണ്ട് ഫോമാ പ്രസിഡന്റ് ഇ -മലയാളി വായനക്കാരോട് സംസാരിക്കുന്നു...


ജൂൺ മാസത്തിൽ കേരള കൺവൻഷന്റെ ആദ്യ ഘട്ടം വിജയിച്ചപ്പോൾ, അടുത്ത ഘട്ടം അത്രത്തോളം എത്തുമോ എന്ന് ആശങ്ക തോന്നിയിരുന്നോ?

അങ്ങനെ ആശങ്കപ്പെടുന്ന ആളല്ല ഞാൻ. ആദ്യ ഘട്ടം വിജയിച്ചപ്പോൾ ആത്മവിശ്വാസം വർദ്ധിക്കുകയാണ് ചെയ്തത്. കേരളത്തിലെ ജനങ്ങളുടെയും സാംസ്കാരിക പ്രമുഖരുടെയും ഇടയിൽ 'ഫോമാ' എന്ന സംഘടനയ്ക്ക് എത്ര വലിയ സ്ഥാനമുണ്ടെന്ന് ഇങ്ങനെയുള്ള അവസരങ്ങളിൽ കൂടുതൽ  വ്യക്തമാവുകയാണ്.അത്രത്തോളം സഹായസഹകരണങ്ങളാണ് ലഭിച്ചിട്ടുള്ളത്.മൂവാറ്റുപുഴയിലാണ് രണ്ടാം ഘട്ടത്തിന്റെ തിരി തെളിഞ്ഞത്.മാറാടി വജ്ര കൺവൻഷൻ സെന്ററായിരുന്നു വേദി.ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്.ഇടുക്കി ആദിവാസി മേഖലയിൽ ഫോമാ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.അദ്ദേഹത്തെ ഫോമായുടെ അംബാസഡർ എന്നാണ് ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്.


എക്സലൻസ് അവാർഡ്,കമ്മ്യൂണിറ്റി സർവീസ് അവാർഡ് എന്നിവയും തദവസരത്തിൽ വിതരണം ചെയ്തു. ഡെന്റ് കെയർ സ്ഥാപകൻ ജോൺ കുര്യാക്കോസും എൻജിനിയർ ഫിലിപ് മങ്കുഴിയും യഥാക്രമം അവാർഡുകൾ ഏറ്റുവാങ്ങി.
എംപിമാരായ ഡീൻ കുര്യാക്കോസ്,രമ്യ ഹരിദാസ്,എംഎൽഎ മാരായ മാത്യു കുഴൽനാടൻ,എൽദോസ് കുന്നപ്പിള്ളി,മുൻ മന്ത്രി  അനൂപ് ജേക്കബ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി,മുൻ എം.പി.ഫ്രാൻസിസ് ജോർജ്,മുൻ എംഎൽഎ മാരായ ജോസഫ് വാഴയ്ക്കൻ,എൽദോ എബ്രഹാം എന്നിവർ പങ്കെടുത്തു.
ഫോമാ ജനറൽ സെക്രട്ടറി ഓജസ് ജോൺ,കേരള കൺവൻഷൻ ചെയർമാൻ  തോമസ് ഒലിയാംകുന്നേൽ,കോ-ഓർഡിനേറ്റർ  ഡോ.ലൂക്കോസ് മന്നിയോട്ട്,ജെയിംസ് ജോർജ്,സാബു ജോൺ,തേജസ് ജോൺ,പി.പി.ജോളി,ജോയിന്റ് സെക്രട്ടറി  ഡോ.ജെയ്‌മോൾ ശ്രീധർ,വിമൻസ് ഫോറം നാഷണൽ കോ-ഓർഡിനേറ്റർ അമ്പിളി സജിമോൻ  തുടങ്ങിയവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.

രണ്ടാം ഘട്ടത്തിലും കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തിരുന്നല്ലോ?

 തീർച്ചയായും.നിർധനരായ 4 സ്ത്രീകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായം ഫോമായ്ക്കു വേണ്ടി വനിതാ ഫോറം നാഷണൽ കോ-ഓർഡിനേറ്റർ അമ്പിളി സജിമോന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.23 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകി.പുത്തൻകോട് എൽ.പി.സ്കൂൾ സന്ദർശിച്ച്,അവിടത്തെ ഹെഡ്മിസ്ട്രെസിന് സ്‌കൂളിന് ആവശ്യമായ പ്രിന്റർ /സ്കാനർ യൂണിറ്റും കൈമാറി.

രണ്ടാം ഘട്ടത്തിൽ ഏവരും ഉറ്റുനോക്കിയ 'സമ്മർ ടു കേരള ' യെക്കുറിച്ച്?

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തെ അറിയാൻ ഒരു അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് 'സമ്മർ ടു കേരള' നടപ്പാക്കിയത്.ജൂലൈ 2 മുതൽ 4
വരെ മുപ്പതോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.

ട്രിപ്പിൽ എന്തൊക്കെ കാഴ്ചകളാണ് കുട്ടികൾക്കായി കാത്തുവച്ചത്?

മസ്കറ്റ് ഹോട്ടലിൽ നിന്ന് ആദ്യമേ  തിരുവനന്തപുരം ലുലു മാളിലേക്കാണ്  കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്. അമേരിക്കയിൽ മാത്രമല്ല,ഇവിടെയും വലിയ മാളുകൾ ഉണ്ടെന്ന് അവർ അറിയണമല്ലോ. ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് സംവദിക്കാൻ അവസരം ലഭിച്ചതും കുട്ടികൾ ഏറെ ആസ്വദിച്ചു. ഇളനീർ നൽകിയാണ് ഞങ്ങളെ അദ്ദേഹം സ്വീകരിച്ചത്. അമേരിക്കയിൽ സ്റ്റേറ്റിന് ഗവർണർ ഉള്ളതുപോലെ ഇവിടെ  തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയാണ് മുഖ്യമന്ത്രി എന്ന് അവർക്ക് പറഞ്ഞുകൊടുത്തു.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഘട്ടം ഘട്ടമായുള്ള തന്റെ വളർച്ചയെക്കുറിച്ചും മുഖ്യമന്ത്രി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ശേഷം  മുൻ അംബാസഡർ ടി.പി.ശ്രീനിവാസന്റെ വസതിയിലും കുട്ടികൾക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു.26 രാജ്യങ്ങളിൽ നിന്നുള്ള ആനകളുടെയും പല നാടുകളിൽ നിന്നുള്ള ഗണപതി വിഗ്രഹങ്ങളുടെയും ശേഖരണമാണ് അവിടെ പ്രധാനമായും ആകർഷിച്ചത്. നയതന്ത്ര വിഷയത്തിൽ കുട്ടികൾ അദ്ദേഹത്തോട് സംശയങ്ങൾ ചോദിച്ച് കാര്യങ്ങൾ അറിഞ്ഞു. പിന്നീട് പത്മനാഭ സ്വാമി ക്ഷേത്രത്തിലും അശ്വതി തമ്പുരാട്ടി താമസിക്കുന്ന കൊട്ടാരത്തിലും ചെന്നു.കൊട്ടാരത്തിലെ  ഓരോ ഇരിപ്പിടങ്ങൾക്കും ഓരോ കഥ പറയാനുണ്ട്.നെഹ്‌റു ഇരുന്ന കസേര, ഗാന്ധി ഇരുന്ന കസേര എന്നിങ്ങനെ. ഒടുവിൽ, ഫോമാ പ്രസിഡന്റ്‌ ആയ എനിക്ക് നൽകിയ കസേരയിൽ മുൻപ് ആരാണ് ഇരുന്നിട്ടുള്ളതെന്ന് പറയാമോ എന്ന് തമ്പുരാട്ടി ചോദിച്ചത് കുട്ടികൾ ആവേശപൂർവം ഏറ്റെടുത്തു. പല പേരുകളും അവർ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നതായിരുന്നു ഉത്തരം. അങ്ങനെ മോദി ഇരുന്ന കസേരയിൽ ഇരിക്കാൻ അവസരം ലഭിച്ചു.


 മജീഷ്യൻ ഗോപിനാഥ് മുതുകാട് നടത്തുന്ന മാജിക് പ്ലാനറ്റ് സന്ദർശിച്ചത് വേറിട്ട അനുഭവമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ പാട്ടും നൃത്തവും മാജിക് ഷോയുമെല്ലാം അവർ ഒരുക്കിയിരുന്നു. കുറെയധികം അനുഭവങ്ങളുമായാണ് 'സമ്മർ ടു കേരള'യിൽ പങ്കെടുത്ത കുട്ടികൾ അമേരിക്കയിലേക്ക് മടങ്ങുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതവർക്ക് ജീവിതകാലം മുഴുവൻ മനസ്സിൽ ഒരു കുളിരോർമ്മയായി സൂക്ഷിക്കാം.

അമേരിക്കൻ കൺവൻഷനിലും ഈ വിജയം ആവർത്തിക്കുമോ?

ഇതിനേക്കാൾ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്.ഇനി മുഴുവൻ ശ്രദ്ധയും അതിലേക്കായിരിക്കും.ന്യൂയോർക്കിൽ
 വച്ച് അമേരിക്കൻ കൺവൻഷൻ ബ്രഹ്‌മാണ്ഡമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ന്യൂയോർക്ക് മെട്രോ റീജിയൻ ആർവിപി ജോസ് പോളിന്റെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാം.

നാഷണൽ കമ്മിറ്റി അംഗങ്ങളായ  ഷിബു ഉമ്മൻ, വിജി എബ്രഹാം എന്നിവരും സജീവമായി രംഗത്തുണ്ട്.

ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം   എന്നിവരും ഒന്നാം ഘട്ടത്തിൽ സജീവമായി  പങ്കെടുക്കുകയും രണ്ടാം ഘട്ടത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക