Image

ഷാജൻ സ്കറിയ പത്രരംഗത്തെ   മിത്രമാണ് (കാരൂർ സോമൻ, ലണ്ടൻ)

Published on 09 July, 2023
ഷാജൻ സ്കറിയ പത്രരംഗത്തെ   മിത്രമാണ് (കാരൂർ സോമൻ, ലണ്ടൻ)

എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും  പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ  ജീവന്റെ തുടിപ്പുകൾ നൽകുന്നത്. അവർക്ക് മിത്രങ്ങളും ശത്രുക്കളും ധാരാളമായിട്ടുണ്ട്.   ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകന്റെ നാവിൽ നിന്ന് വന്നിട്ടുള്ളത് പുകയല്ല അതിലുപരി തീയാണ്. അത് ഒരുപറ്റം മനുഷ്യർക്ക് ആവേശവും ഒരു പറ്റമാളുകൾക്ക് നിരാശയുമാണ് നൽകിയത്. ഇവിടെ വിലയിരുത്തേണ്ടത് ഒരു പത്രപ്രവർത്തകന്റെ സദാചാര ബോധവും മൂല്യബോധവുമാണ്. ഒരു പത്രപ്രവർത്തകൻ അതിശക്തമായി തന്റെ നിലപാടുകൾ വെളിപ്പെടുത്തുന്നതിൽ എന്ത് തെറ്റാണുള്ളത്? കേരളത്തിലെ   പല മാധ്യമ സ്ഥാപനങ്ങളും  സോഷ്യൽ മീഡിയയിലെ സ്തുതിപാഠകരെപോലെ  ഒന്നുകിൽ കാക്ക അല്ലെങ്കിൽ കുയിൽ-പ്രാവുകളായി ജീവിക്കണമെന്നാണോ?  

കഴിഞ്ഞ കുറെ ദിവസങ്ങളായി ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടാൽ  ആരൊക്കെയോ ഗാഢമായി പര്യാലോചിച്ചു നടത്തിയ നാടകമായിട്ടാണ് തോന്നുക. ഷാജനെതിരെ ഉയർത്തിയിരിക്കുന്ന വാദമുഖങ്ങൾ ജാതീയമായ വാദങ്ങളാണ്.  അനേകം ഭിന്നവർഗ്ഗക്കാരുടെയിടയിൽ ഒരു ജാതിമാത്രം എങ്ങനെയാണ് പ്രസക്തമാകുന്നത്?  മാധ്യമ വാർത്തകളിൽ നിന്നറിഞ്ഞത്  ഷാജന്റെ ഓഫീസിൽ ജോലി ചെയ്യുന്നവർ അവിടെ കയറിപോകരുതെന്നുള്ള  പൊലീസിന്റെ താക്കീത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. ഇതിലൂടെ മനസ്സിലാക്കുന്നത്    ആരോ എന്തൊക്കയോ മറച്ചുവെക്കുന്നുവെന്നാണ്. ഷാജൻ കുറ്റവാളിയെങ്കിൽ തുറുങ്കിലടക്കു.  അവിടുത്തെ ജോലിക്കാരുടെ കഞ്ഞി മുട്ടിക്കുന്നത് എന്തിനാണ്?   ഇതൊക്കെ കാണുമ്പൊൾ സാംസ്കാരിക രംഗം സ്വതന്ത്രരാക്കപ്പെട്ട അടിമകളോ മാധ്യമ പ്രവർത്തകർ കുടിയേറിപ്പാർത്തവരോ അല്ലെന്ന് നാം ഓർക്കണം. ഇത് തുടർന്നാൽ നമ്മൾ എത്തിനിൽക്കുക  ശ്മശാന മണ്ണിലാണ്. അങ്ങനെ സംഭവിച്ചാൽ നമ്മുടെ മുകളിലൂടെ പറക്കുന്നത് കഴുകന്മാരായിരിക്കും. 

ഏത് രാഷ്ട്രീയ പാർട്ടികൾ  ഭരണത്തിൽ വന്നാലും അവർ ഭരണത്തിൽ കൂടുതൽ ശക്തിയാർജിക്കയും സമ്പത്തു് വർദ്ധിപ്പിക്കാൻ  മാടമ്പികളുമായി വാണിജ്യബന്ധങ്ങൾ വർദ്ധിപ്പിക്കയും ചെയ്യാറുണ്ട്. പല ജാതി മത രാഷ്ട്രീയ മാടമ്പികളുടെ ഒളിത്താവളങ്ങളിലേക്ക് ഷാജൻ സ്‌കറിയ നുഴഞ്ഞുകയറിയതാണ് വിനയായത്. അതിന്റെ ഭവിഷ്യത്തുകളാണ്  സാജൻ ഒളിവിൽ കഴിയേണ്ടിവന്നത്. നികുതികൊടുക്കുന്നവന്റെ സിംഹഭാവവും അടിച്ചുമാറ്റുന്നവരുടെ ഉള്ളറകൾ ഒളിഞ്ഞോ തെളിഞ്ഞോ ഒരാൾ പുറത്തുവിട്ടാൽ ആ വ്യക്തി എങ്ങനെയാണ് നാടിന് ഭീഷണിയാകുന്നത്?

സർക്കാരുകളിൽ നിന്ന്  ലക്ഷങ്ങൾ വാങ്ങി പരസ്യങ്ങൾ നൽകുന്ന ഏതെങ്കിലും മാധ്യമങ്ങൾ അവരുടെ അഴിമതി കഥകൾ പുറത്തുകൊണ്ടുവരാറുണ്ടോ? ഈ മുതലാളിത്വ ബൂർഷ്വ ഉത്പാദകർ അവർക്കെതിരെ വരുന്നവരെ വരുതിക്ക് വരുത്തുക തന്നെ ചെയ്യും. ഷാജൻ സ്‌കറിയയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുമോ എന്നറിയില്ല. ജനാധിപത്യ  അഭിപ്രായ സ്വാതന്ത്യ്രം,  മാധ്യമ ധർമ്മങ്ങളുടെ ചുറ്റിനും സർക്കാരുകൾ ഭിന്നതയുടെ മതിൽക്കെട്ടുകൾ തീർത്തുകൊണ്ടിരിക്കുന്നു.   അതിൽ നിന്ന് വേറിട്ടുനിൽക്കുന്നവരെ കഴുകനെപോലെ കൊത്തിവലിക്കുന്ന കാഴ്ചകളാണ് ഇന്ത്യയിൽ കാണുന്നത്. ഇന്ത്യയിലെ മതേതര വിശ്വാസികൾ കണ്ണും കാതും അടച്ചുപൂട്ടി ശ്മശാന മണ്ണിൽ കിടക്കുന്നവരല്ല. ലോകത്തുള്ള ഏകാധിപതികളെ ചോദ്യം ചെയ്യുകയും ന്യായസനങ്ങളെ വലിച്ചെറിയുകയും ചെയ്തിട്ടുള്ള ചരിത്രമാണ് മാനവജാതിക്കുള്ളത്. ഇന്ത്യയി ലുള്ളവർ അധികാരം നിലനിർത്താൻ ജാതി മതങ്ങളെ കുട്ടുപിടിക്കാറുണ്ട്. സംസ്കാരമുള്ളവർ ഒരിക്കലും ഈ ജാതിക്കോമരങ്ങളെ എല്ലാക്കാലവും ലാളിച്ചു വളർത്തില്ലെന്ന് ഓർക്കുക. ചരിത്രത്തിൽ   ഈ കൂട്ടർ  പൊടിഞ്ഞരഞ്ഞു കിടക്കുന്നത് ഇന്നുള്ളവർ ഓർക്കുന്നുണ്ടോ? 

നമ്മൾ മനസ്സിലാക്കേണ്ടത് ഇന്ത്യയിൽ വിഭിന്നാചാരങ്ങളും വിശ്വാസങ്ങളും ഉള്ളതുപോലെ ഏതൊരു പൗരനും ഒരു സംസ്കാര സമ്പത്തുണ്ട്. അവിടെ അഭിപ്രായ സംഘട്ടനങ്ങൾ നടക്കാറുണ്ട്. ആ സംഘട്ടനങ്ങളിൽ നിന്നാണ് ചരിത്ര വസ്തുതകൾ പിറക്കുന്നത്. മനുഷ്യന് ലഭിച്ചിരിക്കുന്ന ആ സൗന്ദര്യചഷകമാണ് അഭിപ്രായ സ്വാതന്ത്ര്യം. അവിടെ മൃഗങ്ങളെ വേട്ടയാടുന്നതുപോലെ മനുഷ്യരെ  വേട്ടയാടാൻ ശ്രമിക്കരുത്. ഇന്ത്യയിലെ മണിപ്പുർ ഏറ്റവും വലിയ ഉദാഹരണം. ഒരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല ഇന്ന് കാണുന്ന കാഴ്ചകൾ. 

എന്റെ ഒരുനുഭവം പറഞ്ഞാൽ 2017 ൽ ഒരാളുടെ ബ്ലോഗിൽ നിന്ന് നാലര പേജ് ഇന്റർനെറ്റ് എടുത്തുവെന്ന് പറഞ്ഞിട്ട് എന്നോട് ചോദിച്ചത് ഒരു കോടി രൂപയാണ്. കൊടുക്കാതെ വന്നപ്പോൾ കൊച്ചിയിലെ ഒരു മഞ്ഞപത്രം കൊടുത്ത വാർത്ത എന്റെ മുപ്പത്തിരണ്ട് പുസ്തകങ്ങൾ കോപ്പിയടിച്ചുവെന്നാണ്. . അത് വായിച്ചിട്ട് ഞാൻ മാത്രമല്ല അമ്പരന്നത് എന്നെ അറിയുന്നവരും അമ്പരന്നു.  അതിലൂടെ ആ പത്രത്തിന്റെ വിശ്വരൂപം ഞാൻ കണ്ടു. പല എഴുത്തുകാരും പറഞ്ഞു. ഒരുകോടിക്ക് മാനഹാനിക്ക് കേസ് കൊടുക്കാൻ. കള്ളും കാശു൦ വാങ്ങി എന്തും പടച്ചിറക്കുന്ന കേരളത്തിലെ മാധ്യമ രംഗം വഷളായിക്കൊണ്ടിരിക്കുന്നു.  ഇങ്ങനെ മാധ്യമ രംഗത്തുള്ളവർ തീണ്ടലും തോടിലും പലർക്കും കൽപ്പിച്ചു നൽകിയിട്ടുണ്ട്.  ഒരു കോടിക്ക്  മാനഹാനിക്ക്   കേസ് കൊടുക്കാൻ ഞാൻ പോയില്ല. അതിൽ പല പ്രമുഖ എഴുത്തുകാരും എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്.   അന്ന് ഞാൻ പഠിച്ച പാഠമാണ് മരക്കൊമ്പിൽ കഴുകനും മണ്ണിലെ  ഗുഹയിൽ സിംഹമുണ്ടെന്ന്. ഇങ്ങനെ എല്ലാം രംഗങ്ങളിലും മുഖംമൂടി ധരിച്ചവർ സമൂഹത്തിലുണ്ട്. 

അധികാരവ്യത്തിപോലെ  മാധ്യമ പ്രവർത്തകർ അവരുടെ പ്രവർത്തി ചെയ്യുന്നു. മറ്റുള്ളവരെ ആകർഷിക്കാൻ എന്തും എഴുതി വിടുന്ന ഒരു ദുഷിച്ച മാധ്യമ സംസ്കാരം കേരളത്തിലുണ്ട്.   എഴുത്തുകാരെപോലെ പത്രങ്ങളും തിരുത്തൽ ശക്തികളാണ്. വാർത്തകൾ കൊടുക്കുമ്പോൾ സത്യസന്ധമായിരിക്കണം. മറ്റുള്ളവരെ  ചുഷണം ചെയ്യുന്ന, വ്യക്തിഹത്യ നടത്തുന്ന  മാധ്യമ പ്രവർത്തകരുണ്ടെങ്കിൽ  താക്കിത് കൊടുത്തുകൊണ്ട് അവരെ നേർവഴിക്ക് നടത്തുകയാണ് വേണ്ടത്.  ആ പേരിൽ   ഞെരിച്ചുകൊല്ലരുത്. അവരെ ജീവിക്കാൻ അനുവദിക്കുക.   ആ  സ്വാതന്ത്യ സമത്വബോധം നമ്മിൽ ഊർജ്ജമായി നിറയട്ടെ. 

സമൂഹത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അനീതി, അഴിമതി ഒരാൾ ചൂണ്ടിക്കാട്ടിയാൽ അവരെ കുറ്റവാളിയായി കോടതിപോലും കാണില്ല. ഒരാളെ കുറ്റവാളിയായി മുദ്രകുത്താൻ പൊലീസിനോ മാധ്യമങ്ങൾക്കോ അവകാശമില്ല.  പൊലീസിന് ആ വ്യക്തിയെ പിടികൂടി കോടതിയിൽ തെളിവുകൾ സഹിതം ഹാജരാക്കാൻ മാത്രമേ അവകാശമുള്ളൂ.   എന്നെപറ്റിപോലും എത്രയോ നിറംപിടിപ്പിച്ച കള്ളക്കഥകൾ സോഷ്യൽ മീഡിയയിൽ തല്പര കക്ഷികൾ എഴുതുന്നു.  ആരൊക്കെ എന്തെഴുതിയാലും കുറച്ചുപേർ വായിക്കും. അറിവുള്ളവർ അതിന്റെ ഗുഢലക്ഷ്യം തിരിച്ചറിയും.  പലപ്പോഴും പത്രക്കാരുടെ സത്യാന്യേഷണം തിരിച്ചടി നേരിടാറുണ്ട്. അതിനുള്ള ഉദ്. ഞാൻ  സൂചിപ്പിച്ച മുപ്പത്തിരണ്ട് പുസ്തകങ്ങൾ കോപ്പിയടിച്ചുവെന്ന് എഴുതിവിട്ടത്. കോടതിയിൽ ഒരു പുസ്തകംപോലും തെളിയിക്കാൻ സാധിക്കില്ലെന്ന് എനിക്കറിയാം. ഇങ്ങനെ കല്ലുവെച്ച നുണകൾ എത്രയോ പേര് എഴുതുന്നു. എത്രയോ പേരെ ഇവർ മാനസിക രോഗികളാക്കി മാറ്റുന്നു.   സോഷ്യൽ മീഡിയയ്ക്ക് ഇന്ന് നല്ല കച്ചവടമാണ്. വ്യാജ വാർത്തകൾ നൽകി കാശുണ്ടാക്കാം.  യഥാർത്ഥ സംഭവത്തിന്റെ ചുരുൾ നിവർത്തി കാണിക്കേണ്ടത് കോടതിയാണ്.  ഇന്ന് കാണുന്ന  ഓരോ വാർത്തകളും അഴിമതികളും  പുലർച്ച ഉദിച്ചു് രാത്രിയിൽ അസ്തമിക്കുന്നു. ഷാജൻ സക്കറിയെ മാധ്യമ രംഗത്തെ ഇത്തിൾകണ്ണിയായി ആരും കാണേണ്ടയാവശ്യമില്ല. അവരുടെ സ്ഥാപന സ്വകാര്യതയിലേക്ക് കടന്നുകയറുക എന്നതും കുറ്റകരമായ വാർത്തയാണ്. 
......................................

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക