Image

സക്കർബർഗ്, ത്രെഡ്, ഒപ്പം നമ്മുടെ "ക്ര"യും (ദുർഗ മനോജ് ) 

Published on 09 July, 2023
സക്കർബർഗ്, ത്രെഡ്, ഒപ്പം നമ്മുടെ "ക്ര"യും (ദുർഗ മനോജ് ) 

ത്രെഡ് vs ട്വിറ്റർ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. എലോൻ മസ്ക്, ട്വിറ്റർ ഏറ്റെടുക്കുന്നു എന്നു തീരുമാനിച്ച നാൾ മുതൽ നിത്യവും മുടങ്ങാതോരോ വാർത്ത ആ നീലക്കിളിയുമായി ബന്ധപ്പെട്ടു പുറത്തു വരുന്നുണ്ട്. അപ്പോഴാണ് നീലക്കിളിക്കൊരു ബദലായി നമ്മുടെ സക്കർബർഗ് തീർത്തും അവിചാരിതമായി ഒരു നൂലുമായി വന്നത്. ശരിയാണ് കിളിയെ പിടിക്കാൻ വല വേണം. വല നെയ്യാൻ നൂലും വേണം. അപ്പോൾ നീലക്കിളിയെ വരുതിയിലാക്കാൻ നൂലിനേക്കാൾ മികച്ച ആയുധമില്ല വേറെ.കാര്യം ഇങ്ങനെയൊക്കെ മുന്നോട്ടു പോകുമ്പോഴാണ് എല്ലാവരും ത്രെഡിൻ്റെ എംബ്ലം ശ്രദ്ധിക്കുന്നത്. നോക്കുന്നതു മലയാളിയല്ലെങ്കിൽ ഉറപ്പായും പറയും അത് ഒരുണ്ട കമ്പിളി നൂൽ ആണെന്ന്. എന്നാൽ മലയാളി പറയും അല്ല അതു നമ്മുടെ പഴയ ലിപിയിലെ ''ക്ര" ആണെന്ന്. ചക്രത്തിലുണ്ട് വട്ടത്തിലില്ല. ക്രമത്തിലുണ്ട് വരിയിലില്ല എന്നൊക്കെ ഒരു കടങ്കഥ പോലും രൂപം കൊണ്ടു കഴിഞ്ഞു. ഇടയ്ക്ക് ഒരു കഥയും എഴുതിയതാരാണെന്നു പിടി തരാതെ പറന്നു നടക്കുന്നുണ്ട്. ആ കഥ ഇതാണ്. 2012 ൽ സുക്കർബർഗ് സസ്യകോമളശാന്തമായ കേരളത്തിൽ ആരോരുമറിയാതെ വന്നു പോയി. ആ വരവിൽ ഏതോ ഒരു ഉൾനാടൻ ഗ്രാമത്തിലൂടെ സഞ്ചരിക്കവേ അദ്ദേഹം ഒരു കാഴ്ച കണ്ടു. എന്താണാ കാഴ്ച?
പെട്ടെന്നു നല്ല മഴ പെയ്തു തുടങ്ങി. അദ്ദേഹം അടുത്തു കണ്ട ഒരു ചായക്കടയിലേക്ക് ഓടിക്കയറി. അവിടെ കുറേ പ്രായമായ ആളുകൾ ഇരിക്കുന്നുണ്ട്. കൂട്ടത്തിലുള്ള ഒരാളെ അദ്ദേഹം കൗതുകത്തോടെ നോക്കി. അയാൾ ഒരു ഇല കീശയിൽ നിന്നെടുത്തു. ഇലയുടെ തണ്ട് പൊട്ടിച്ച് അയാളത് ഉള്ളം കയ്യിൽ വെച്ചു. ശേഷം കീശയിൽ നിന്നും ചെറിയൊരു കുപ്പിയെടുത്തു. അതിൽ വെളുത്ത ക്രീമാണുള്ളത്. അയാളത് ഇലയിൽ തേച്ചു. ഇലയിൽ തേച്ചുപിടിപ്പിച്ച  ക്രീമിന് മുകളിലായി അല്പം കറുത്ത നിറത്തിലുള്ള ഔഷധ ഗുണമുണ്ടെന്ന് തോന്നിപ്പിക്കുന്ന മുറിച്ചെടുത്ത വള്ളി അയാൾ അതിലേക്ക് വെച്ചു. പിന്നെ കുറച്ച് സീഡ്സും ഇലയിൽ വിതറിയ ശേഷം അയാൾ ഇല നാല് ഭാഗത്ത് നിന്നും മടക്കുന്നുണ്ട്. അദ്ദേഹം ആ വൃദ്ധനെത്തന്നെ നോക്കി നിന്നു.  അയാൾ മടക്കിയ ഇല പതിയെ വായിലിട്ടു. പിന്നെ ചവക്കാൻ തുടങ്ങി. ദീർഘ നേരം ചവ തുടങ്ങി. ചവച്ചുചവച്ച് പത്തോ പതിനഞ്ചോ മിനിട്ട് കഴിഞ്ഞിരിക്കണം. അയാൾ ഒരു മന്ത്രം പോലെ " ക്ര.." എന്ന് ഉറക്കെ പറഞ്ഞു. ശേഷം ചുണ്ടിനിടയിൽ വിരള് വെച്ച് റോഡിലേക്ക് തുപ്പി. അത്ഭുതമെന്ന് തന്നെ പറയണം. അയാൾ ചവച്ച പച്ചയില ചുവപ്പ് നിറമായി മാറിയിരുന്നു. സുക്കർബർഗ് ഞെട്ടിത്തരിച്ചു. 
പച്ച നിറത്തിലുള്ള ഇല എങ്ങനൊണ് "ക്രാ" എന്ന് പറഞ്ഞപ്പോൾ ചുവപ്പ് നിറമായി മാറിയത് ! ആ രഹസ്യം പിടികിട്ടിയില്ലെങ്കിലും ഇനിയൊരു  ആപ് എന്നെങ്കിലും  നിർമ്മിക്കുന്നുണ്ടെങ്കിൽ ആ ആപിന് ക്ര എന്ന മന്ത്രമാണ് പേര് നൽകുക എന്നദ്ദേഹം തീരുമാനിച്ചു
 കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഒരു പുത്തൻ ആപ് നിർമ്മിച്ചു. ആപിന് " ക്ര " എന്ന പേരും നൽകി.

ആ ''ക്ര" ആണത്രേ ത്രെഡിൻ്റെ ലോഗോയിലെ ക്ര.
കഥകൾ സൃഷ്ടിക്കാൻ മലയാളി കഴിഞ്ഞേ ഉള്ളൂവെന്ന് ഇപ്പോൾ മനസ്സിലായല്ലോ. ഏതായാലും ഇനി ലോകം ആവേശത്തോടെ ഉറ്റുനോക്കുക നീലക്കിളിയേയും ഒപ്പം നൂലിനേയും ആകും. പറഞ്ഞു കേട്ടിടത്തോളം മസ്ക് കലിപ്പിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക