
സ്ത്രീകള്‍ക്കു പറഞ്ഞതല്ല ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്ന ചിന്തയില്‍ നിന്നും ഇറാനെപ്പോലൊരു തികച്ചും യാഥാസ്ഥിതിക രാജ്യം മാറ്റം വരുത്തുമ്പോള്‍ പെണ്ണുങ്ങള്‍ക്കു പ്രതീക്ഷിക്കാന്‍ ഏറെയുണ്ടെന്നു പറയേണ്ടി വരും. ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഇറാന്‍ പ്രോ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നുള്ളൂ. അല്ലെങ്കിലും പുരുഷന്മാര്‍ നിയന്ത്രിക്കുന്ന ലോകത്ത് കുട്ടികളെ ജനിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതിനപ്പുറം മറ്റൊരു ലോകമുണ്ടെന്നു സമ്മതിക്കാന്‍ ഇറാന്‍ ഭരണകൂടത്തിന് ആകുമായിരുന്നില്ലല്ലോ.
'സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം ലഭിക്കും. അതാണ് ഈ വര്‍ഷത്തെ ലീഗന്റെ പ്രധാന സവിശേഷത.' എന്നാണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി മെഹിദ് താജ് പ്രഖ്യാപിച്ചത്. ഇറാനിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗാണ് 16 ടീമുകള്‍ മത്സരിക്കുന്ന പ്രോ ലീഗ്.
1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇറാനിലെ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ അടക്കമുള്ള കായിക മത്സരങ്ങള്‍ കാണാന്‍ ഇറാനില്‍ അനുമതി നിഷേധിച്ചിരുന്നു. നിയമപരമായിട്ടുള്ള വിലക്കല്ല, മറിച്ച് മതപുരോഹിതന്മാരുടെ ഉന്നത സഭയാണ്, അര്‍ദ്ധ വസ്ത്രം ധരിച്ച പുരുഷന്മാര്‍ കളിക്കുന്ന ഫുട്‌ഫോള്‍ കാണാന്‍ സ്ത്രീകളെ അനുവദിക്കരുതെന്ന വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതു നടപ്പാകാന്‍ രഹസ്യ മത പോലീസിനേയും വിന്യസിച്ചിരുന്നു.
2019 ല്‍ പുരുഷ വേഷം ധരിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിച്ച സഫര്‍ക്ക ഖൊദയാരി എന്ന പെണ്‍കുട്ടി പിടിക്കപ്പെടുമെന്നായപ്പോള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് ധാരാളം പ്രക്ഷോഭങ്ങള്‍ ഉണ്ടായി.
ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം സ്ത്രീകള്‍ക്ക് മത്സരം കാണാന്‍ അവസരം ലഭിച്ചത്.2022 ലോകകപ്പിലെ ടെഹ്‌റാനില്‍ നടന്ന ഇറാന്‍ കംബോഡിയ യോഗ്യതാ റൗണ്ട്‌റൗണ്ട് മത്സരം കാണാന്‍ ഭരണകൂടം 4000 സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിരുന്നു.
മാറ്റങ്ങള്‍ വരട്ടെ തുല്യനീതിക്കായി.