
തലക്കെട്ടിലെ ചോദ്യം കണ്ടാൽ ആർക്കും ഉത്തരം പറയാനാകും, കഴിയുന്നതും അന്നാട്ടിലെ പോലീസ് സ്റ്റേഷനിൽ എത്തുക. അവർ സഹായിക്കും. എന്നാൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാതെ പോലീസ് ഈ വ്യക്തിയെ മനോരോഗിയെന്നു തെറ്റിദ്ധരിച്ച് മാനസികരോഗാശുപത്രിയിൽ എത്തിച്ചാലോ? രോഗിയുടെ ഭാഷ തിരിച്ചറിയാൻ കഴിയാത്ത ഡോക്ടർമാർ മാനസികവിഭ്രാന്തിക്കു മരുന്നു നൽകി സെല്ലിൽ ഇട്ടാലോ? ബോധം വരുമ്പോൾ, തന്റെ പ്രശ്നം പറഞ്ഞു മനസ്സിലാക്കാനാകാതെ കരയുന്ന ആ വ്യക്തിക്ക് വീണ്ടും മരുന്നു കൊടുത്തു മയക്കിയാലോ, അതും ഒരു മാസത്തിലേറെക്കാലം? എന്തൊരു ദുരവസ്ഥ അല്ലേ! ഇതു സംഭവിച്ചത് അങ്ങ് ആഫ്രിക്കയിലോ നിക്കരാഗ്വയിലോ അല്ല. ഇവിടെ കേരളത്തിലാണ്.
അസം സ്വദേശിനിയായ ആസിയയുടെ മകൻ ജോലി അന്വേഷിച്ചാണ് തൃശ്ശൂരിൽ എത്തുന്നത്. അഞ്ചുമാസം മുൻപ് കേരളത്തിൽ എത്തിയ ആ മകനെ ആസിയയുടെ സഹോദരൻ ജോലിക്കായി തന്റെ ഒപ്പം തമിഴ്നാട്ടിലെ ട്രിച്ചിയിലേക്കു കൂട്ടി. സഹോദരനും സഹോദരിയും തമ്മിൽ അത്ര സ്വരച്ചേർച്ചയിൽ അല്ലാത്തതിനാൽ സഹോദരിയുടെ മകൻ തന്റെ കൂടെയുണ്ടെന്നുള്ള വിവരം സഹോദരി ആസിയയെ അയാൾ അറിയിച്ചതുമില്ല. അംബാനിയാകട്ടെ, അദാനിയാകട്ടെ, ഇങ്ങറ്റം ചെറ്റക്കുടിയിൽ അന്തിയുറങ്ങുന്നവർക്കാകട്ടെ, സ്വന്തം കുഞ്ഞ് പൊൻകുഞ്ഞല്ല, മറിച്ച് പ്രാണനാണ്. നിവൃത്തികേടുകൊണ്ട് ജോലിക്കായി അന്യനാട്ടിലേക്ക് അയക്കുമ്പോൾ ആ അമ്മയും കരഞ്ഞിരിക്കും, രാത്രി ഉറങ്ങാതെ മകനെ ഓർത്തു കിടന്നിരിക്കും. അതുകൊണ്ടാണ്, മകനെക്കുറിച്ചുള്ള ഒരു വിവരവും കിട്ടാതെ തകർന്ന അവൾ അറിയാത്ത നാട്ടിലേക്കു പത്തു വയസ്സുള്ള മകളുമായി ഇറങ്ങിത്തിരിച്ചത്. മലയാളിക്ക് ഗോഹട്ടിയും ജോർഹട്ടും ആസാമിലാണ്. ആ സ്ഥലങ്ങൾക്കിടയിലെ ദൂരം വലിയ വിഷയമല്ല. അതു തന്നെയാണ് തൃശ്ശൂരും തിരുവനന്തപുരവും ആസിയയിൽ സൃഷ്ടിച്ച ചിന്ത. തൃശ്ശൂരിനു പകരം തിരുവനന്തപുരത്തു വന്നിറങ്ങിയ ആസിയയെ കാത്തു നിന്നത് അടുത്ത ദുരന്തം. പത്തു വയസ്സുകാരി മകൾ കൂട്ടം തെറ്റിപ്പോയി! ഇതിനിടയിൽ ആസിയയുടെ ബാഗും ഫോണും നഷ്ടമായി. ഉടുതുണി മാത്രം ബാക്കിയായി.
മകനെ തിരക്കിയിറങ്ങി ഒടുവിൽമകളും നഷ്ടപ്പെട്ടപ്പോൾ ആ അമ്മ വഴി വക്കിലിരുന്നു കരഞ്ഞു. ഒരു സ്ത്രീ വഴിവക്കിലിരുന്നു കരയുന്നത് മാനസിക പ്രശ്നം കൊണ്ടാണ് എന്നു ധരിച്ച പിങ്ക് പോലീസ് ഒട്ടും സമയം കളയാതെ അവളെ മാനസികാശുപത്രിയിൽ എത്തിച്ചു. ഒരു സ്ത്രീ റോഡരികിൽ ഇരുന്നു കരയുന്നത് മാനസികനില തെറ്റിയിട്ടാണെന്ന് മനസ്സിലാക്കാൻ മനഃശാസ്ത്രവിദഗ്ദനൊന്നുമാകണ്ട, ഡോക്ടർ രോഗിക്ക് മരുന്നു നൽകി. മയക്കി. അല്ലാതെ ഭ്രാന്ത് വന്നാൽ ചികിത്സിക്കാതെ പറ്റുമോ? ബോധം വരുമ്പോൾ, അവൾ മക്കളെ വിളിച്ച് കരയുമ്പോൾ മരുന്നു കൊടുത്തു മയക്കും. അതല്ലേ വേണ്ടത്? അങ്ങനെ മയക്കി മയങ്ങി ഒരു മാസം കടന്നുപോയി. ഭാഗ്യത്തിന് (വേറെ വാക്കൊന്നും ഈ ഘട്ടത്തിൽ പ്രയോഗിക്കാനാവില്ല) ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ അഭിഭാഷക പാനലിലെ അഡ്വ സി.ആർ രഞ്ജിനി ആശുപത്രിയിൽ എത്തി. പിങ്ക് പോലീസിനും, ഒരു മാസം ചികിത്സിച്ച ഡോക്ടർമാർക്കും തോന്നാത്തത് അവർക്കു തോന്നി. ആ അമ്മയിൽ നിന്നും അവർ കാര്യം മനസ്സിലാക്കി. രണ്ടു മക്കളെ കൈവിട്ടു പോയ ഒരമ്മയാണവൾ. അവൾ മരിച്ചതിനൊപ്പം ജീവിക്കുന്ന ഒരമ്മ.അവളുടെ മനസ്സു കാണാൻ, മറ്റാർക്കും തോന്നിയില്ല. ഏതായാലും അഡ്വ. സി.ആർ രഞ്ജിനിയുടെ ആ ഇടപെടൽ ഫലപ്രദമായി. തൃശൂരിലെ അന്വേഷണത്തിൽ ആസിയയുടെ മകൻ അബു തൃച്ചിയിൽ ഉണ്ടെന്നു കണ്ടത്തി. തൃശ്ശൂരിലേക്കു പോയ പാര ലീഗൽ വോളൻ്റിയർ തമീസയുടെ ഇടപെടലാണ് അബുവിനെ കണ്ടെത്താൻ സഹായിച്ചത്.
പത്തു വയസ്സുകാരിയായ ആസിയയുടെ മകൾ ഷാജിതയെ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതു വലിയ രക്ഷയായി. ആ കുഞ്ഞ്, അമ്മയ്ക്ക് എന്തു പറ്റിയെന്നറിയാതെ, എന്നാൽ സുരക്ഷിതയായി കുന്നുകുഴി നിർമലാ ശിശുഭവനിൽ കഴിയുന്നുണ്ടായിരുന്നു. അമ്മയെ മകൾ തിരിച്ചറിഞ്ഞു. അപ്പോഴേക്കും മകനും അമ്മയുടെ അടുത്തെത്തി. കഥ ശുഭമായി.
കഥ തീരുമ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാകുന്നു.
പത്തു വയസ്സുകാരി പെൺകുട്ടി അന്യനാട്ടിൽ ഒറ്റപ്പെട്ടു പോയപ്പോഴും ഒരു പോറൽ പോലുമേൽക്കാതെ അവളെ സുരക്ഷിതമായി താമസിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്തും സംഭവിക്കാം എന്ന അപകടത്തിൽ നിന്നും അവൾ സുരക്ഷിതയായി എന്നതു ചെറിയ കാര്യമല്ല. അതിൽ റെയിൽവേ പോലീസും നമ്മുടെ പോലീസും ഉത്തരവാദിത്തബോധത്തോടെ പെരുമാറിയെന്നു തന്നെ ഞാൻ കരുതുന്നു. എന്നാൽ, ഒരു സ്ത്രീ കരഞ്ഞാൽ അവൾക്കു വിഭ്രാന്തിയാണ് എന്നു തെറ്റിദ്ധരിച്ച് മരുന്നിൽ മയക്കാൻ തക്കവിധം മാത്രമാണോ നമ്മുടെ മനോരോഗ ചികിത്സ പുരോഗമിച്ചത്? രോഗി പറയുന്നതു മനസ്സിലാകുന്നില്ലെങ്കിൽ എന്തുകൊണ്ടാണവർ ഒരു ദ്വിഭാഷിയെ തേടാതിരുന്നത്?
ഇന്നും കേരളം മലയാളികളുടേതു മാത്രമാണെന്നു തെറ്റിദ്ധരിക്കുന്നവരാണോ ഈ മേഖലയിൽ പണിയെടുക്കുന്നത്? അതോ അലഞ്ഞു നടക്കുന്നവർക്കിത്രയൊക്കെ മതിയെന്ന ചിന്തയോ?
പിങ്ക് പോലീസിനും അതു ചെയ്യാമായിരുന്നു. ഒരു സ്ത്രീ കരഞ്ഞാൽ അതിനൊരു കാരണം കാണുമെന്ന് പിങ്ക് ലേഡീസിനും തിരിച്ചറിയാനായില്ല.
ഒരു നിമിഷത്തെ അശ്രദ്ധമായ, അലക്ഷ്യമായ തീരുമാനം, ആസിയ എന്ന അമ്മയെ ഒരു മാസം നരകത്തിൽ എറിഞ്ഞുകൊണ്ട് കടന്നുപോയി. ഇന്ന് അതിഥി തൊഴിലാളികൾ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ്. കെട്ടിട നിർമാണത്തിൽ, ഹോട്ടലിൽ എന്നു വേണ്ട എന്തു മേലനങ്ങും പണിക്കും അവർ വേണം. അപ്പോൾ അവരുടെ പ്രശ്നങ്ങൾക്കു നമ്മൾ പരിഹാരം കാണേണ്ടതായും വരും. അവിടെ ഇത്തരത്തിലുള്ള ജാഗ്രതക്കുറവ് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.
പതിവുപോലെ വകുപ്പുതല അന്വേഷണങ്ങൾ നടക്കും. അതിന്റെ ഫലമൊന്നും പൊതുജനം അറിയില്ല. പരസ്പരം കുറ്റം ചാർത്തി അതൊക്കെ അതിന്റെ വഴിക്കു പോകും. ഒരു പ്രാർത്ഥന, ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.