Image

സ്വര്‍ണ്ണപ്പക്ഷി(ചെറുകഥ : ചിഞ്ചു തോമസ് )

ചിഞ്ചു തോമസ് Published on 11 July, 2023
സ്വര്‍ണ്ണപ്പക്ഷി(ചെറുകഥ : ചിഞ്ചു തോമസ് )

ആകാശത്തിനും ഭൂമിക്കും ഇടയ്ക്ക് ഒരു മനുഷ്യന്റെ ദൂരം മാത്രം  എന്ന പോലെ  എല്ലാം ഒന്നായി  അന്ന് ന്യൂയോര്‍ക്ക് നഗരം . കാഴ്ച്ചയില്‍ എങ്ങും മങ്ങിയ വെള്ള നിറം. ഇരുണ്ട് മങ്ങിയ വെള്ള ചുമരില്‍    ചലിക്കുന്ന വരകളായി പല നിറത്തില്‍  വേഷമണിഞ്ഞ മനുഷ്യര്‍. അവരൊക്കെ ഭക്ഷണ സാധനങ്ങള്‍ വാങ്ങി ശേഖരിച്ചുവെക്കാന്‍ പുറത്തേക്കിറങ്ങിയതാണ് . ആ മഹാനഗരിയില്‍ അന്ന് കനത്ത മഞ്ഞു വീഴ്ച്ചയാണ്.  ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെയാകും എന്ന് നിശ്ചയമില്ല. ആ മഞ്ഞു വീഴ്ച്ച കണ്ടാല്‍ അനന്തവിഹായസ്സില്‍ നിന്നും ആജ്ഞാതമായതെന്തോ  ഇടിഞ്ഞു പൊളിഞ്ഞു ഭൂമിയിലേക്ക് പതിക്കുകയാണ് എന്ന് തോന്നും. 

അന്ന്  അവളുടെ ശരീരം അവളുടെ വരിധിയില്‍ വന്നു. ബുദ്ധിക്ക് പാട കെട്ടിയതുപോലെയുള്ള  മൂടല്‍ മാറി. രണ്ട് ദിവസം അയാള്‍ കൊടുത്ത മരുന്ന് അവള്‍ തുപ്പിക്കളഞ്ഞിരുന്നു. മൂന്നാം ദിവസം, അന്നേ  ദിവസം  അവള്‍ക്ക് താഴെ  വീഴാതെ നടക്കാന്‍ കഴിയുന്ന രീതിയായി. അവള്‍ ഫോണ്‍ ബുക്കില്‍ അതിവേഗം ഒരു  ലാന്‍ഡ്‌നമ്പര്‍ പരതി. നാട്ടിലുള്ള അവളുടെ സാഹോദരന്റെ നമ്പറായിരുന്നു അത്. അയാള്‍ വീട്ടില്‍ ഇല്ലായിരുന്ന സമയത്തായിരുന്നു അവള്‍ സഹോദരന്റെ നമ്പര്‍ തിരഞ്ഞത്. നമ്പര്‍ കിട്ടിയപാടെ അവള്‍ ഫോണ്‍ എടുത്ത് കറക്കി.

'ഹലോ '
'മോനെ , ഇത് ചേച്ചിയാണ് '.

അവളുടെ സഹോദരന്  പ്രതീക്ഷിക്കാതെയുള്ള ആ ഫോണ്‍ വിളിയില്‍ ആയിരമായിരം സംശയങ്ങളും  ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

'ചേച്ചി , അസുഖം കുറഞ്ഞോ? ചേച്ചി ഇപ്പോള്‍ എഴുന്നേറ്റ് നടക്കുമോ ?  ചേച്ചിക്ക് സന്തോഷമാണോ ? എത്ര നാള്‍ ആയി ശബ്ദം കേട്ടിട്ട് ! ചേട്ടന്‍ എപ്പോഴും വിളിക്കും , ചേച്ചിയുടെ കാര്യങ്ങള്‍ പറയും. കരയും. ചേച്ചി അമേരിക്കയില്‍, ഞാന്‍ നാട്ടില്‍.. ഒന്ന് അന്വേഷിക്കാനോ കാണാനോ ഒന്നും കഴിയത്തില്ല'! അത് പറഞ്ഞതും അയാളുടെ ശബ്ദം ഇടറി.

'മോനെ , ഞാന്‍ പറയുന്നത് നീ  ശ്രദ്ധിച്ചു കേള്‍ക്ക് ... അയാള്‍ എനിക്ക് അസുഖം ആണെന്ന് വരുത്തിത്തീര്‍ത്ത്  എന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമെല്ലാം എടുത്ത് അയാളുടെ പേരില്‍ ആക്കി. എന്റെ ജോലിസ്ഥലത്തു നിന്ന് മാസം കിട്ടുന്ന പണമെല്ലാം അയാളാണ് കൈകാര്യം ചെയ്യുന്നത്. എന്നെ ഭ്രാന്തിയാക്കി മരുന്ന് കഴിപ്പിച്ച്  ഒന്നിനും കൊള്ളാത്തവളാക്കി. എന്നെ കൊല്ലാതെ ഇങ്ങനെ ഇട്ടേക്കുന്നത് ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ജോലി സ്ഥലത്തുനിന്ന് കിട്ടുന്ന പണത്തിനു വേണ്ടി  മാത്രമാണ് . അയാള്‍ എല്ലാവരേയും കള്ളങ്ങള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ്'. 

അവള്‍ ഇതൊക്കെ പറയുമ്പോള്‍ ഒന്നിനും കൊള്ളാത്ത ചത്തു ജീവിക്കുന്ന ഒരു ശരീരമായിരുന്നു.  കണ്ണുനീര്‍ വറ്റിയിരുന്നു. ശബ്ദം പഴയ പോലെ ആയിരുന്നില്ല. കിളിനാദം നഷ്ട്ടപ്പെട്ടിരുന്നു. പല വാക്കുകളും  പുറത്തേക്ക് വരാതെ തൊണ്ടയില്‍ തന്നെ ഉത്ഭവിക്കും മുന്നേ അവസാനിച്ചു പോകുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കാതെ അവള്‍ അസ്ഥിയായി. കാഴ്ച്ചയില്‍ ആണെന്നും പെണ്ണെന്നും വേര്‍തിരിവില്ലാത്ത ഒരു അസ്ഥിപഞ്ചരം.  അവളുടെ കരച്ചില്‍ ബുദ്ധി വളര്‍ച്ച ഇല്ലാത്ത മനുഷ്യരെപ്പോലെ ഉറക്കെയായിരുന്നു. അവളുടെ ശരീരം ചുക്കിച്ചുളുങ്ങി , നട്ടെല്ലു  വളഞ്ഞു തൊണ്ണൂറെത്തിയ പരുവത്തില്‍. അവളുടെ യഥാര്‍ത്ഥ പ്രായം നല്പ്പതുവയസ്സും. അവള്‍ക്ക് രക്ഷപെടാനുള്ള  സഹായം കിട്ടും  എന്ന് അവള്‍ വിശ്വസിച്ച അവളുടെ സഹോദരനെ അവള്‍ ആ വീണു കിട്ടിയ സമയം വിളിച്ചു.

അവളുടെ സഹോദരന്‍ അവള്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല. ചേച്ചിക്ക് വട്ട് മൂര്‍ച്ചിച്ചു എന്ന് അവന്‍ വിശ്വസിച്ചു  . 

' ചേച്ചി മരുന്ന് ശെരിയായി കഴിക്കുന്നില്ല എല്ലേ ?

'ഇങ്ങനെ സമയത്ത് മരുന്ന് കഴിക്കാതെ ഇരിക്കുന്നതു കൊണ്ടാണ് പിച്ചും പേയും പറയുന്നത് . കുറേ നാള്‍ മുന്‍പ് വിളിച്ചപ്പോഴും പറഞ്ഞത് ഇതു തന്നെയെല്ലേ ? '

'കുറേ നാള്‍ മുന്‍പോ ? ഞാന്‍ നിന്നെ വിളിച്ചു ഇതൊക്കെ മുന്‍പും പറഞ്ഞിട്ടുണ്ടോ ?'

'അത് ശെരി അപ്പോള്‍ അതൊന്നും ഓര്‍മ്മയില്ലേ !  ചേച്ചി ഇങ്ങനെ ആ മനുഷ്യനെ ബുദ്ധിമുട്ടിക്കരുത് ! ഭര്‍ത്താവാണ് എന്ന് കരുതി ഇങ്ങനൊക്കെ പറയാമോ ?  അത്രക്കു  പാവം മനുഷ്യനായതുകൊണ്ടാണ് ചേച്ചിയെ ഇട്ടേച്ച് പോകാത്തത് ! ആ മനുഷ്യന്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകള്‍ അത് കണ്ടു നില്‍ക്കുന്നവര്‍ക്കേ അറിയൂ'!

'ഞാന്‍ നിന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞിട്ടും നീ ഒന്നും ചെയ്തില്ലേ മോനെ ?' അവളുടെ  നെഞ്ച് പിടഞ്ഞു.

'ഞാന്‍ ചേട്ടനെ  വിളിച്ചു പറഞ്ഞു ചേച്ചിക്ക് സമയത്തു മരുന്നു കൊടുക്കാന്‍!'

'ചേച്ചി അന്ന് നാട്ടില്‍ വന്ന് വസ്ത്രമിടാതെ പുറത്തിറങ്ങി നടന്ന് ലെക്കു കെട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടി , നാട്ടുകാരും വീട്ടുകാരും പിടിച്ചു കൊണ്ട്  ഭ്രാന്താലയത്തില്‍ ആക്കിയത് എനിക്ക് മറക്കാന്‍ കഴിയുമോ ? ആ സംഭവം ഉണ്ടാക്കിവെച്ച നാണക്കേടില്‍നിന്നു കരകയറാന്‍ പറ്റുമോ ?'

'മോനെ അത് ഞാന്‍ ചെയ്തതല്ല ! അവരെല്ലാം കൂടി എനിക്ക് എന്തോ തന്ന് എന്നെ  ബോധം ഇല്ലാത്തവളാക്കി . 
അവര്‍ തന്നെ എന്നെ വിവസ്ത്രയാക്കി പുറത്തിറക്കിയതാണ് '.

'ചേച്ചി നിര്‍ത്തൂ..  എനിക്ക് സമയമില്ല. ചേച്ചി വിളിച്ചതില്‍ എനിക്ക് സന്തോഷമാണ്. ചേച്ചി സമയത്തു മരുന്ന് കഴിക്കണം. പഴയപോലെ മിടുക്കിയായി തിരിച്ചുവരണം. 
 ചേച്ചിക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ ?'

അവള്‍ അത് കേട്ടതും വേഗം  ഫോണ്‍ കട്ട് ചെയ്തു. ഒട്ടും താമസിക്കാതെ ഒരു ജാക്കറ്റ് തപ്പിയെടുത്തിട്ടു. പൊടിപിടിച്ചു കിടന്ന ബൂട്ട്‌സും കാലില്‍ വലിച്ചു കയറ്റി. അവള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി.അവളുടെ മുന്നിലുള്ളത് മഞ്ഞുവീണ് മൂടിയ വഴികള്‍! വിറങ്ങലിപ്പിക്കുന്ന കാറ്റ്. കൈവരിയില്‍ പിടിച്ചവള് പടികള്‍ ഇറങ്ങി. എങ്ങും  വിജനത.  മഴപോലെ പെയ്യുന്ന മഞ്ഞില്‍ അവള്‍ ആരെയോ  തേടി.  അകലെ നിന്ന് ആ വഴി നടന്നു വരുന്ന മനുഷ്യനെ അവള്‍ കണ്ടു. പ്രതീക്ഷകള്‍.. നെഞ്ചില്‍ ഇടിപ്പ് കൂടിയ നിമിഷങ്ങള്‍.. രക്ഷപെടും എന്ന തോന്നല്‍..  സഹായത്തിനായി അവളുടെ സര്‍വ്വ ശക്തിയും എടുത്ത് ഉറക്കെ വിളിച്ചു പറഞ്ഞു 'ഹെല്പ് ഹെല്പ് '. ജീവിക്കാനുള്ള ആഗ്രഹങ്ങള്‍.. അവള്‍ വേഗത്തില്‍ മുന്നോട്ട് കുതിച്ചു. അവളുടെ കാലിടറിവീണു.  അവളുടെ അടുത്തേക്ക് അയാള്‍ ഓടി വന്നു. അവളെ എടുത്തു പൊക്കി. അവളുടെ വീടിന്റെ ഉള്ളില്‍ കയറി. അവളുടെ കണ്ണുകള്‍ പുറത്തു പെയ്യുന്ന മഞ്ഞിലായിരുന്നു. അവള്‍ക്ക് ആ മഞ്ഞിലേക്ക് അയാള്‍ അവളെ എടുത്തുകൊണ്ട് പോകണം എന്നായിരുന്നു. അവള്‍ അവ്യതമായി അയാളോട് എന്തോ പറയുന്നുണ്ടായിരുന്നു. 

അയാള്‍ അവളെ സോഫായില്‍ കിടത്തി കതകടച്ചു. അവള്‍ അവളെ സഹായിക്കാനായി വന്ന മനുഷ്യനെ പ്രതീക്ഷയോടെ നോക്കി. അവള്‍ ആ മുഖം കണ്ട് അവള്‍ നടുങ്ങി.  അയാള്‍ അവളെ എടുത്ത് മുകളിലത്തെ നിലയിലേക്ക് നടന്നു. അയാള്‍ ചൂളമടിക്കുന്നുണ്ടായിരുന്നു. 
അവളെ കട്ടിലില്‍ കിടത്തി. അലമാരയില്‍ നിന്ന് ഏതോ മരുന്ന് സിറിഞ്ചിലാക്കി. അവളുടെ ദേഹത്ത് കുത്തി വെക്കും മുന്‍പ് അവളെ നോക്കിയൊന്ന് ചിരിച്ചു.


' എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത് '? അവള്‍ ചോദിച്ചു.
എന്നെ വെറുതേ വിട്ടൂടെ ? എന്റെ പണമെല്ലാം എടുത്തിട്ട് എന്നെ വെറുതേ വിട്ടൂടെ?

സ്വബോധത്തോടുകൂടിയുള്ള  അവസാന സമയങ്ങളാകും അത് എന്ന് അവള്‍ക്ക് അറിയാമായിരുന്നു. ഇനി ഒരിക്കലും ന്യൂയോര്‍ക്ക് നഗരത്തിലെ മഞ്ഞുവീഴ്ച്ച താന്‍ അറിയില്ലേ ? ഇനി ഒരിക്കലും ഈ മനോഹര നഗരം താന്‍ കാണില്ലേ ? അവള്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. സൂചി അവളുടെ കൈയില്‍ കുത്തിയിറങ്ങി. പുറത്തേ തണുപ്പ് താങ്ങാനാകാതെ ഒരു പക്ഷി വീടിന്റെ ഉള്ളില്‍ കയറാന്‍ ജനാലയില്‍ വന്നിടിച്ചു. പിന്നെ അത് എങ്ങോട്ടോ പറന്നു പോയി. അവളുടെ ദേഹം മരവിച്ചു. അവളുടെ മനസ്സില്‍ മൊട്ടിട്ടു വന്ന പ്രതീക്ഷകള്‍ കണ്ണുനീര്‍ തുള്ളികളായി പുറത്തേക്കൊഴുകിപ്പോയി.

Join WhatsApp News
niroopakan 2023-07-13 01:28:35
aareyaanu kollandathu?
Geevarghese, T.C. 2023-07-12 22:44:23
Kollam katha.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക