Image

കൂട്ടുകാരി  (ചെറുകഥ: ലൈലാ അലക്സ്) 

Published on 14 July, 2023
കൂട്ടുകാരി  (ചെറുകഥ: ലൈലാ അലക്സ്) 

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഞാൻ നന്നായി ഓർക്കുന്നുണ്ട്. ന്യൂ യോർക്കിൽ  ഭാര്യയുടെ സുഹൃത്തിൻറെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഞങ്ങൾ. ഭാര്യയുടെ കണ്ണിൽ നിന്നും ന്യൂയോർക്കിൽ വെച്ചു തുടങ്ങിയ കണ്ണീർപ്പാച്ചിൽ പെൻസിൽവാനിയ ടേൺപൈകിൽ എത്തിയിട്ടും ഒട്ടും കുറയാതെ തുടർന്നുകൊണ്ടിരിക്കയും. എനിക്ക് പ്രത്യേകിച്ച് സങ്കടം ഒന്നും തോന്നിയില്ല. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി കഠിന വേദന അനുഭവിച്ചു തളർന്ന ആ സഹോദരി വേദനകൾ ഇല്ലാത്ത നാട്ടിലേക്കു പോയത് അവരുടെ കുടുംബത്തിന് പോലും ആശ്വാസം നല്കിയിരിക്കും എന്നായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ട് ആ മരണത്തിൻറെ പേരിൽ അനവരതം, അനസ്യൂതം പ്രവഹിക്കുന്ന ഈ കണ്ണീർപ്പുഴയ്ക്ക് അത്ര വലിയ വിലയൊന്നും ഞാൻ കൊടുത്തില്ല. എന്നാലും, ഇടയ്ക്കിടെ അവളുടെ തോളിൽ തട്ടി 'പോട്ടെ' 'നീ ഒന്ന് സമാധാനിക്കു' 'അവരുടെ കഷ്ടപ്പാട് തീർന്നല്ലോ', 'നിനക്ക് കാപ്പിയോ മറ്റോ വേണോ' എന്നിങ്ങനെ ഉള്ള ഭർത്താവിന്റെ കടമയായ വാക്കുകൾ ഞാൻ കൃത്യമായി തന്നെ വിളമ്പുന്നുണ്ടായിരുന്നു.
ഒരു വിധത്തിൽ ടോൾ ഗേറ്റിൽ എത്തിയപ്പോൾ വാഹനങ്ങളുടെ നീണ്ട നിര ആയിരുന്നു ഞങ്ങളെ എതിരേറ്റത്... ഒച്ചിഴയുന്നതിലും സാവധാനമാണ് വാഹനങ്ങൾ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നത്... എന്തോ കൺസ്ട്രക്ക്ഷൻ കാരണം രണ്ടു ഗേറ്റുകൾ മാത്രമേ തുറന്നു പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. കാത്തു കിടക്കുന്ന കാറുകളുടെ എണ്ണം കണ്ടപ്പോൾ, ചുരുങ്ങിയത് മൂന്ന്  മണിക്കൂർ അവിടെ കിടന്നതു തന്നെ എന്ന് ഞാൻ കണക്കു കൂട്ടി
മറ്റു മാർഗം ഒന്നും ഇല്ലാതെ, എന്റെ കാറും ആ നീണ്ട നിരയിൽ സ്‌ഥാനം പിടിച്ചു. ഞാൻ തൊട്ടടുത്ത ലെയ്നിൽ നിർത്തിയിരുന്ന കാറിലേക്ക് വെറുതെ ഒന്ന് നോക്കി. സിൽവർ കളറിലുള്ള ഒരു ബെൻസ്. അതിൻറെ ഡ്രൈവിംഗ് സീറ്റിൽ ഒരു യുവതി. അവളും ഇടയ്ക്കിടെ എന്റെ കാറിലേക്ക് നോക്കുന്നുണ്ട്. 
എന്റെ ഭാര്യയുടെ മേക്അപ് പാടെ മാഞ്ഞ മുഖവും, കവിളിൽക്കൂടി അണപൊട്ടി ഒഴുകുന്ന നീർച്ചാലും, കറുത്ത വേഷവും കാറിൽ ഒട്ടിച്ചിരുന്ന ഫ്യൂണറൽ ഹോമിൽ നിന്നും കിട്ടിയ സ്റ്റിക്കറും എല്ലാം ഞങ്ങൾ ദുഖകരമായ അവസ്‌ഥയിൽ ആണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. കണ്ണുകൾ ഇടഞ്ഞാൽ 'സോറി' എന്ന അനുകമ്പാപൂർണമായ വാക്ക് മറ്റാരേയും പോലെ അവളും പറയും എന്ന് എനിക്ക് ഉറപ്പായിരുന്നു. 
എന്റെ വലതു വശത്തിരിക്കുന്ന ഭാര്യയുടെ അപ്പുറത്താണ് ആ യുവതി. അതുകൊണ്ടുതന്നെ അവളുടെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിയുന്നില്ലായിരുന്നു. കുറച്ചു കഴിഞ്ഞു എന്റെ നിരയിലെ കാറുകൾ അല്പം മുൻപോട്ടു നീങ്ങിയപ്പോൾ ഞാൻ ആ സൈഡിലെ മിറർ ഒന്ന് അഡ്ജസ്റ്റ്‌ ചെയ്തു. ഇപ്പോൾ എനിക്ക് അവളുടെ മുഖം കാണാം. അത്ര സൗന്ദര്യം ഒന്നും പറയാനില്ല, എന്നിരുന്നാലും ആകപ്പാടെ  ഒരു ചന്തമുണ്ട്. മാത്രമല്ല, ആ മുഖം എന്നെ ആരെയോ ഓർമപ്പെടുത്തി. ആരെയാണെന്നു വ്യക്തമായി ഓർത്തെടുക്കാൻ ആയില്ല എങ്കിലും 
എന്നാൽ ആ ഓർമപ്പെടുത്തലിനേക്കാൾ എന്റെ ശ്രദ്ധയിൽ ആഴ്ന്നിറങ്ങിയത് അവളുടെ മുഖഭാവം ആയിരുന്നു. സഹതാപം, കരുണ, എന്നിങ്ങനെയുള്ള ഭാവങ്ങൾ പ്രതീക്ഷിച്ച എന്നെ അമ്പേ അമ്പരപ്പിച്ചു കളയുന്നതായിരുന്നു അവളുടെ ഭാവം. അവജ്ഞ നിറഞ്ഞ ഒരു ചിരിയായിരുന്നു അവളുടെ ചുണ്ടുകളിൽ. കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നത് തികഞ്ഞ പുച്ഛവും. ഒരു 'സോറി' എങ്കിലും പ്രതീക്ഷിച്ച എന്റെ പ്രതീക്ഷകളെ പാടെ തകർത്തു കളഞ്ഞു അവൾ.  എനിക്ക് അദ്‌ഭുതവും ഒപ്പം കുറച്ചു ദേക്ഷ്യവും തോന്നി. ഒരാൾ, അപരിചിതയെങ്കിലും, എന്റെ ഭാര്യയുടെ, കണ്ണുനീരിനോട്  യാതൊരു അനുകമ്പയും കാണിക്കാത്തത് തികച്ചും അരോചകമായി എനിക്ക് തോന്നി. 'ഭയങ്കരി' എന്ന് മനസ്സിൽ പറയുകയും ചെയ്തു. അങ്ങനെയാണ് ഞാൻ അവളെ ശ്രദ്ധിച്ചത്. അതായിരുന്നു അവളുടെ മുഖം എന്റെ മനസ്സിൽ ഇടം നേടാൻ കാരണം. 
ആ തിരക്കിൽ നിന്നും രക്ഷപെട്ടു വീട്ടിൽ എത്തിയിട്ടും ആ മുഖം എന്റെ മനസ്സിൽ തറഞ്ഞു നിന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും മറക്കാൻ കഴിയാതെ. ഞാൻ അറിയാതെ പലപ്പോഴും ആൾക്കൂട്ടത്തിൽ അല്ലെങ്കിൽ എങ്ങോട്ടേക്കെങ്കിലും ഉള്ള യാത്രയിൽ ഏതെങ്കിലും ക്രോസ് റോഡിൽ സിഗ്നൽ  ലൈറ് കാത്തുകിടക്കുമ്പോൾ അതും അല്ലെങ്കിൽ ഷോപ്പിങ്ങിനു ഇടയിൽ ഒക്കെയും ഞാൻ ആ മുഖം തിരഞ്ഞു കൊണ്ടിരുന്നു.  എന്തുകൊണ്ടാണ് ഞാൻ അവളെ ഇങ്ങനെ ഓർക്കുന്നതെന്നോ, പ്രതീക്ഷിക്കുന്നതെന്നോ എനിക്ക് അറിഞ്ഞു കൂടായിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും, അദ്‌ഭുതം എന്ന് പറയട്ടെ അവളോട് ആദ്യം തോന്നിയ വെറുപ്പിന് ശക്തി കുറഞ്ഞു വന്നു. എന്തെങ്കിലും തിക്തമായ അനുഭവം പറയാനുണ്ടാവും അവൾക്കു: ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിക്കുന്ന, ആരെയും വെറുത്തുപോകുന്ന അനുഭവം. അല്ലാതെ, വെറുതെ ഉണ്ടായതാവില്ല ആ പ്രകൃതം. ജീവിതത്തിൽ അത്രയ്ക്കും കയ്പുനീർ കുടിച്ചിട്ടുണ്ടാവണം എന്നൊക്കെ ഞാൻ അവളെ ന്യായീകരിച്ചു തുടങ്ങി.       . 
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു. പെട്ടെന്ന്, യാതൊരു മുന്നറിയിപ്പുമില്ലാതെ വീണ്ടും അവൾ എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. ഓഫീസിലേക്കുള്ള യാത്രയിൽ, കാർ നിർത്തി സിഗ്നൽ കാത്തു കിടക്കുകയായിരുന്നു ഞാൻ. പെട്ടെന്ന്, എന്റെ അടുത്ത ലെയ്നിൽ ആ സിൽവർ ബെൻസ് വന്നു നിന്നു. അത് അവൾ ആയിരുന്നു. ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. തികഞ്ഞ അവജ്ഞയോടെ അവൾ മുഖം തിരിച്ചു. ജാള്യത തോന്നിയെങ്കിലും ഞാൻ കാര്യമാക്കിയില്ല. അവളെ കുറ്റപ്പെടുത്താൻ പറ്റില്ല: അവൾ എന്നെ എങ്ങനെ ഓർമിക്കാനാണ്? 
വീണ്ടും ഞാൻ അവളെ കണ്ടു. ഗ്രോസറി ഷോപ്പിങ്ങിനു ഇറങ്ങിയതായിരുന്നു അന്ന് ഞാൻ. മരണപ്പെട്ട കൂട്ടുകാരിയുടെ കുടുംബത്തെ സന്ദർശിക്കയും അന്വേഷിക്കയും ചെയ്യാൻ ഭാര്യക്ക് വലിയ ഉത്സാഹം ആണ്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും അവൾ ആ വീട്ടിൽ പോയിരിക്കും: പോകുമ്പോൾ ഒക്കെയും ആഹാരം ഉണ്ടാക്കി കൊണ്ടുപോകുകയും ചെയ്യും. ആ നാളുകളിലൊക്കെ എനിക്ക് ഭാര്യയുടെ ആത്മാർഥതയിൽ അല്പസ്വല്പം  അഭിമാനം തോന്നുകയും ചെയ്തിരുന്നു. ഭാര്യ നൽകിയ നീണ്ട ലിസ്റ്റുമായി സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു അന്നു.  തക്കാളിയും, സവാളയും തെരെഞ്ഞു പെറുക്കുന്നതിനിടയിൽ മിന്നൽപ്പിണർ പോലെ അവൾ!
ആദ്യമായി ആണ് ഞാൻ അവളെ നേരിൽ കണ്ടത്. ഞാൻ അവളെ തന്നെ നോക്കി നിന്നു. ആ മുഖം അന്നും എന്റെ ഓർമയിൽ കൊത്തിവലിച്ചു. അത് എനിക്ക് വേണ്ടപ്പെട്ട ആരുടെയോ മുഖമാണെന്നു എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ആരാണെന്നു എത്ര ആലോചിച്ചിട്ടും ഓർത്തെടുക്കാനും കഴിഞ്ഞില്ല. അന്നും അവൾ ഒരു പരിചയഭാവവും കാണിച്ചില്ല, പക്ഷേ, അവിചാരിതമായി കണ്ണുകൾ ഇടഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞത് ദേക്ഷ്യത്തിന്റെ ചുവപ്പു ആണെന്ന് എനിക്ക് തോന്നി. എന്തൊക്കെയോ പച്ചക്കറികൾ എടുത്തുകൊണ്ടു അവൾ നടന്നുപോയി…  
പിന്നെ അദ്‌ഭുതമെന്നു പറയട്ടെ, പലപ്പോഴും ഞാൻ അവളെ കാണാൻ തുടങ്ങി. ബാങ്കിൽ, എ.ടി.എം കൗണ്ടറിൽ, ഗ്യാസ് സ്റ്റേഷനിൽ, ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ ഏതെങ്കിലും സിഗ്നലിൽ കാത്തു കിടക്കുമ്പോൾ തൊട്ടടുത്ത ലെയ്നിൽ അല്ലെങ്കിൽ തൊട്ടുമുന്നിലോ, പിന്നിലോ ആയി...ഓരോ പ്രാവശ്യം കാണുമ്പോഴും അവൾ എന്റെ ആരോ ആണെന്ന തോന്നൽ ശക്തിപ്പെട്ടുകൊണ്ടിരുന്നു. എനിക്ക് വേണ്ടപ്പെട്ട ആരോ ഒരാൾ.  ഈ ജന്മത്തിൽ അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ …..    
ദിവസങ്ങൾ കഴിയുംതോറും അവളെ കണ്ടില്ലെങ്കിൽ എന്തെന്നില്ലാത്ത വീർപ്പുമുട്ടൽ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. അവൾ അറിയാതെ അവളെ പിന്തുടരുന്നത് ഞാൻ പതിവാക്കി. പിടിക്കപ്പെടാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചിരുന്നു, എന്നാലും, ഒന്ന് രണ്ടു പ്രാവശ്യമെങ്കിലും അവൾ എന്നെ കണ്ടിരിക്കണം. എന്റെ കാർ ശ്രദ്ധയിൽ പെടുമ്പോൾ അവളുടെ നെറ്റിയിൽ ചോദ്യത്തിന്റെ ചുളിവുകൾ വീഴുന്നത്‌ ഞാൻ കണ്ടു. പക്ഷെ, ഒരിക്കലും പരിചയത്തിന്റെ നേരിയ ലാഞ്ചന പോലും ആ മുഖത്ത് നിന്നും എന്റെ നേരെ നീണ്ടു വന്നില്ല. ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ എനിക്ക് വേറെ മാർഗം ഇല്ലായിരുന്നു.
ദിവസങ്ങൾ ആഴ്ചകൾ ആയും, മാസങ്ങൾ ആയും കടന്നുപോയ്ക്കൊണ്ടിരുന്നു. എന്റെ ഭാര്യ കൂട്ടുകാരിയുടെ ഭർത്താവിനും കുട്ടികൾക്കും ആഹാരം ഉണ്ടാക്കിക്കൊടുത്തും അവരുടെ കാര്യങ്ങൾ അന്വേഷിച്ചും സമയം കഴിച്ചു. ഇപ്പോൾ എനിക്ക് ആ ആത്മാര്ഥതയിൽ അത്ര വലിയ മതിപ്പൊന്നും ഇല്ല. സത്യം പറയട്ടെ, ഈർഷ്യയോ അസഹിഷ്ണുതയോ ഒക്കെ ആണ് എനിക്കിപ്പോൾ തോന്നുന്നത്. ഭാര്യയോട് എന്തെന്നില്ലാത്ത അകൽച്ചയും. ഒരു ദിവസം ആഹാരത്തോടൊപ്പം സ്വന്തം വസ്ത്രങ്ങളും വാരിക്കെട്ടി അവൾ യാത്ര ആയപ്പോൾ ഞാൻ ഒന്ന് പകെച്ചു. പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും കുറച്ചു ദിവസങ്ങളിലേക്ക് ഒരു മരവിപ്പ് തോന്നിയെന്ന് സമ്മതിക്കാതെ വയ്യ.
സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടേയും കുറ്റപ്പെടുത്തലുകളും സഹതാപവാക്കുകളും ഒരുപോലെ മനം മടുപ്പിക്കുന്നവ ആയിരുന്നു. ഭാര്യ പോയത് അത്ര വലിയ നഷ്ടം ഒന്നും ആയി തോന്നുന്നില്ല എന്നു അവരോടു പറയണം എന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ, അത് എങ്ങനെയാണ് വിശദീകരിക്കേണ്ടത്, എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് എങ്ങനെയാണു പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.  
കാരണം, ആ ദിവസങ്ങളിൽ എന്റെ മനസ്സിൽ അവളെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു. എന്റെ സ്വപ്‌നങ്ങൾ  അവളേക്കുറിച്ചു മാത്രമായിരുന്നു. ആ സ്വപ്നങ്ങളിൽ. ചെഞ്ചൊടികൾ  വിടർത്തി അവൾ എന്നോട് കിന്നാരം പറഞ്ഞു. കഴുത്തിൽ ചുറ്റിയ സ്കാർഫ് ഒന്ന് കൂടി മുറുക്കിചുറ്റിക്കൊണ്ടു 'എന്തൊരു തണുപ്പാണ് ഈ വർഷം' എന്ന് പരിഭവിച്ചു.
ഒന്ന് പരിചയപ്പെടാൻ, ഒരു ഹലോ പറയാൻ ആ ചുണ്ടുകളിൽ നിന്നും ഒരു പ്രത്യഭിവാദനം കേൾക്കാൻ ഞാൻ കൊതിച്ചു. തനിച്ചിരിക്കുമ്പോൾ എല്ലാം ഞാൻ അവളെ ഓർത്തു. ഉറങ്ങുമ്പോൾ, ആ ചെഞ്ചുണ്ടുകളും, മുടിയും ബ്രൗൺ കണ്ണുകളും എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു. അവളെ ഒപ്പമിരുത്തി, ആ സിൽവർ ബെൻസ് ഡ്രൈവ് ചെയ്യുന്നത് സങ്കല്പിച്ചുകൊണ്ടു ഞാൻ രാവിലെ ഉറക്കം വിട്ടെഴുന്നേറ്റു .
വിന്ററിന്റെ തണുപ്പ് മാറി വസന്തത്തിന്റെ പുതു നാമ്പുകൾ അവിടവിടെയായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്റെ നെഞ്ചിൽ മുള പൊട്ടിയ നാമ്പുകളും തളിർക്കുകയും പൂക്കുകയും ചെയ്യാൻ വസന്തത്തിന്റെ നിറവിനായി കാത്തിരുന്നു. എങ്ങനെയും അവളെ എന്റെ ഉള്ളിലെ ആഗ്രഹം അറിയിക്കാൻ ഞാൻ തീരുമാനിച്ചു
ഗ്രോസറി ഷോപ്പിംഗിനു ഇടയിൽ കാണുമ്പോൾ അങ്ങോട്ട് കയറി പരിചയപ്പെടുകയേ വേണ്ടൂ. ഒരുപക്ഷെ അവളും അങ്ങനെ ഒരു സന്ദർഭത്തിനായി കാത്തിരിക്കുക അല്ലെന്ന് ആര് കണ്ടു? സാധാരണ, വെള്ളിയാഴ്ചകളിലാണ് അവളെ കാണാറുള്ളത്. 
അന്ന് ഞാൻ  വളരെ ശ്രദ്ധയോടെ വസ്ത്രധാരണം ചെയ്‌തു. ഇന്ന് അവളെ  കാണണം. നേരിട്ട് ചെന്ന്, 'ഹലോ' പറയണം., ഒരു കോഫിയ്ക്കോ മറ്റോ ക്ഷണിക്കണം, പിന്നെ പതുക്കെ, പതുക്കെ ആ പരിചയം വളർത്തണം. ഒക്കെയും ആലോചിച്ചുറപ്പിച്ചാണ് ഞാൻ ഗ്രോസറി ഷോപ്പിലേക്ക് ഇറങ്ങിയത്. എന്നും പാർക്ക് ചെയ്യാറുള്ള  ഇടത്തു  തന്നെ കാർ പാർക്ക് ചെയ്യുമ്പോൾ ആ സിൽവർ ബെൻസ് എന്റെ തൊട്ടടുത്ത സ്ലോട്ടിൽ വന്നു നിന്നു .
ആ കാറിൽ നിന്നും അവൾ ഇറങ്ങി, എന്റെ കാറിനു നേരെ തിരിഞ്ഞു.. ആ മുഖത്ത് അവഞ്ജയുടെയോ പുച്ഛത്തിന്റേയോ നേരിയ നിഴൽ പോലും ഇല്ല എന്ന് ഞാൻ കണ്ടു. വഴിഞ്ഞൊഴുകുന്ന സൗഹാർദമോ, സ്നേഹമോ മാത്രമാണ് ആ മുഖത്ത്. കണ്ണുകളിൽ അലയടിക്കുന്നത് അഗാധമായ അനുകമ്പയും. ആശ്വാസത്തിന്റെ ഒരു ദീർഘ നിശ്വാസം എന്നിൽ നിന്നുയർന്നു.  
വർധിച്ച സന്തോഷത്തോടെ ഞാൻ കാറിൽ നിന്നുമിറങ്ങി എന്റെ നേരെ നടന്നടുക്കുന്ന അവളെ കണ്ണിമയ്ക്കാതെ നോക്കി. ആ മുഖം... എവിടെയോ ഞാൻ കണ്ടു മറന്ന ആ മുഖം… എന്റെ നേരെ നടന്നടുക്കുന്ന അവളുടെ മുഖം… അത് എന്റെ ഭാര്യയുടെ മരിച്ചുപോയ കൂട്ടുകാരിയുടേത് ആയിരുന്നു എന്ന് ആ നിമിഷാർദ്ധത്തിൽ ഞാൻ തിരിച്ചറിഞ്ഞു. എന്റെ പ്രജ്ഞയിൽ വെള്ളിടി വെട്ടി. ഞാൻ ഞെട്ടിത്തരിച്ചു, വിന്ററിലെ തണുപ്പുകൊണ്ടെന്നപോലെ വിറച്ചു തുടങ്ങി.  പുഞ്ചിരിക്കാൻ ആഞ്ഞ എന്റെ ചുണ്ടുകൾ ഭയത്താൽ കോടിപ്പോയി. 
'സർ, സർ, ആർ യു ഓൾ റൈറ്റ്?' എന്റെ പകച്ച മുഖം കാണ്ടാവണം അയാൾ അങ്ങനെ ചോദിച്ചത്.
'ദാറ്റ് ലേഡി ഗെറ്റിംഗ് ഔട്ട് ഓഫ് ദി സിൽവർ ബെൻസ് സ്‌കെയേർഡ്‌ മി ...' ഞാൻ വിക്കി
'വാട്ട് ലേഡി? വിച് സിൽവർ ബെൻസ്?' ചുറ്റും നോക്കികൊണ്ടു അയാൾ എന്നോട് ചോദിച്ചു. 
അവിടെ, ആ പാർക്കിംഗ് ലോട്ടിൽ ഞാനും അയാളും അല്ലാതെ മറ്റാരും അപ്പോൾ ഉണ്ടായിരുന്നില്ല. എന്റെ തൊട്ടടുത്ത സ്ലോട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് ഞാൻ നോക്കി. അത് ഒരു ചുവന്ന മസ്താങ് ആയിരുന്നു.  

Join WhatsApp News
Sudhir Panikkaveetil 2023-07-14 13:48:49
കൂട്ടുകാരി എന്ന കഥ ഉദ്വേഗപൂര്ണമായ വായന സമ്മാനിച്ചു. കഥയിലെ നായകൻറെ മിഥ്യാഭ്രമങ്ങളുടെ ക്രമക്കേടുകൾ (delusional disorder) അവസാനം വരെ വെളിപ്പെടുത്താതെ വിവരണത്തിൽ മികവ് പാലിച്ചു കഥാകാരി. ഭർത്താക്കന്മാരെ തീയോടുപമിക്കാം, ശ്രദ്ധിച്ചില്ലെങ്കിൽ രണ്ടും കെട്ടുപോകുമെന്ന ഉപദേശം ഈ കഥക്ക് അവലംബമായി നിൽക്കുന്നുവെന്ന് തോന്നി.മരിച്ചുപോയ കൂട്ടുകാരിക്ക് വേണ്ടി കരഞ്ഞും സങ്കടപ്പെട്ടും കഴിയുന്ന ഭാര്യയുടെ അവഗണനയിൽ നിന്നും രക്ഷപെടാൻ അയാൾ ഒരു സാങ്കല്പിക കാമുകിയെ (imaginary girl friend) സൃഷ്ടിക്കുന്നു ഇതിൽ കുഴപ്പമില്ല. പക്ഷെ അവളോട് യഥാർത്ഥമായി അടുക്കാൻ വെമ്പുമ്പോൾ മാനസിക നില തെറ്റിപ്പോകും. കഥയുടെ അന്ത്യത്തിൽ എല്ലാ ചുരുളഴിയുക എന്ന രചനാതന്ത്രങ്ങൾ പുതുമയല്ല. പക്ഷെ ശ്രീമതി ലൈല മാഡം അങ്ങനെ ഒരു സൂചന ആരംഭം മുതൽ തരുന്നില്ല. അതവരുടെ കഥാരചനയിലുള്ള കഴിവ് തന്നെ. എല്ലാം യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്നവിധത്തിൽ ആഖ്യാനം. ഇതിൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് നായകൻറെ കഥാപാത്രസൃഷ്ടിയിൽ കഥാകൃത്ത് വളരെ സൂക്ഷ്മത പാലിച്ചുവെന്നാണ്. സാങ്കൽപ്പിക കാമുകിമാരെ കണ്ടെത്തുന്നവർ (എല്ലാവരും മനോരോഗികൾ ആകണമെന്നില്ല) അവളെ സുന്ദരിയും സന്തുഷ്ഠയുമായിട്ടാണ് കാണുക.എന്നാൽ ഇവിടെ നായകൻ അവളെ കാണുന്നത് അങ്ങനെയല്ല അത് ഒരു പക്ഷെ അയാളുടെ കുറ്റബോധമായിരിക്കാം. ഭാര്യയുള്ള താൻ അന്യസ്ത്രീയെ നോക്കുന്നത് ശരിയോ എന്ന ചിന്ത. പാവം അങ്ങനെ ഒരു നന്മ അയാളുടെ മനസ്സിൽ കിടന്നതുകൊണ്ടാണ് അവസാനം യാഥാർഥ്യങ്ങളുടെ ചുഴലിക്കാറ്റിൽ പെട്ട് ആ പാവം പകച്ചുപോകുന്നത്.
ബെന്നി 2023-07-15 04:40:28
മനോഹരമായി കഥ പറഞ്ഞിരിക്കുന്നു. ശ്രീ സുധീർ ഭംഗിയായി കഥയുടെ ആസ്വാദനം എഴുതിയിരിക്കുന്നു.
കോരസൺ 2023-07-15 14:59:55
കഥപറച്ചിലും ആസ്വാദനവും നന്നായിരിക്കുന്നു. സുധീർസാറിന്റെ ആസ്വാദനത്തിലൂടെയാണ് കഥയിലേക്ക് ആഴത്തിൽ കടന്നുപോയത് എന്ന് പറയേണ്ടിയിരിക്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക