Image

ചുഴി (ചെറുകഥ: ചിഞ്ചു തോമസ്)

Published on 17 July, 2023
ചുഴി (ചെറുകഥ: ചിഞ്ചു തോമസ്)

ഇരുൾ മൂടിയെങ്കിലും  മുന്നിൽ ചുഴിയായി ആഴിയായി അവൾ. അയാൾ ഒരടി മാറി നിൽക്കുകയാണ്. അവളുടെ അടുത്തു ചെല്ലുവാൻ  അവളെ കൈയിലെടുത്തു ചുംബിക്കുവാനുള്ള  ധൈര്യം ഇല്ല. 

എന്താ നിങ്ങൾ അടുത്തേക്ക് വരാത്തത് ? അവൾ ചോദിച്ചു.

എനിക്ക് സ്നേഹമില്ല. സ്നേഹമില്ലാത്ത എന്നെ നീ സ്വീകരിക്കുമോ ? അയാൾ ചോദിച്ചു.

സ്നേഹമില്ലാത്തവനെ സ്വീകരിക്കുന്നത് ആരാണ് ? വേശ്യ , അവൾ മറുപടി പറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞു.

അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു. 

നിങ്ങൾക്ക് വേണ്ടി ഞാൻ എന്തെല്ലാം കേട്ടു എന്നിട്ടും എനിക്ക് നിങ്ങളോടുള്ള സ്നേഹത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല.
അവൾ പിന്നെയും ചോദിച്ചു, എന്തിനാണ് എന്നോട് സ്നേഹമില്ല എന്ന് കള്ളം പറയുന്നത് ?

ഞാൻ ഒരു മുരടനാണ്. എന്നെ സ്നേഹിക്കാൻ ഞാൻ ആരേയും അനുവദിക്കില്ല , അയാൾ പറഞ്ഞു.

സ്നേഹിക്കാൻ അനുവാദം വേണോ ?

എന്നെ സ്നേഹിക്കാൻ വേണം. നീ എന്നെ വെറുക്കണം. വെറുത്തു വെറുത്തു എന്നെ മറക്കണം, അയാൾ പറഞ്ഞു. 

വെറുപ്പിക്കാൻ  ആയിരുന്നു എങ്കിൽ എന്തിന് പരിചയപ്പെട്ടു ? അവൾ ചോദിച്ചു.

നീ എന്നെ വെറുക്കണം  മറക്കണം, അയാൾ പിന്നെയും പറഞ്ഞു.

ഞാൻ സ്നേഹിക്കുന്നതിലും മുൻപേ എന്നെ സ്നേഹിച്ചത് നിങ്ങളല്ലേ ? പോകുകയാണ് എന്ന് പറഞ്ഞപ്പോൾ ‘നീ എങ്ങോട്ട് പോകുന്നു’ എന്ന് ചോദിച്ചു എന്റെ കൈ പിടിച്ചു നിർത്തിയത് നിങ്ങളല്ലേ ?
എനിക്കായി ഹൃദയത്തിൽ ക്ഷേത്രം ഒരുക്കി വെച്ചിട്ട് എന്നെ സ്നേഹിക്കുന്നില്ലെന്ന് കള്ളം പറയുന്നതെന്തിനാണ് ?
നിങ്ങളുടെ സ്ത്രീയായി എന്നെ മാത്രം പൂചിച്ചിട്ട് ! എന്നെ മനസ്സിൽ കൊണ്ട് നടന്നിട്ട് ! ആരെയാണ് കള്ളം പറഞ്ഞകറ്റുന്നത് ? നിങ്ങളെ മാത്രം ഓർത്തു കഴിയുന്ന എന്നെയോ ?

എന്നെ ആരും സ്നേഹിക്കേണ്ട.

ആരും സ്നേഹിക്കേണ്ട എന്നോ ഞാൻ സ്നേഹിക്കേണ്ട എന്നോ ?

നീ ഒരന്യ സ്ത്രീ. ഞാൻ ഒരന്യ പുരുഷൻ. 

നമ്മളെ ദൈവം കൂട്ടിച്ചേർത്തതല്ല എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ ?
നിങ്ങളുടെ മുന്നിലുള്ള ആഴിയിൽ വീണുപോയാൽ നിങ്ങളുടെ ചിന്താമണ്ഡലത്തിന്റെ വാതിൽ അടയും വരെ നിങ്ങളുടെ സ്‌മൃതിയിൽ  ഞാൻ മാത്രമായിരിക്കില്ലേ ?

അയാൾ മുന്നിലുള്ള ആഴക്കടലിലേക്ക് നോക്കി. ആഴി തന്നെയാണ് മുന്നിൽ. അവൾ എന്റെ ഹൃദയത്തിലിരുന്ന് എന്നോട് സംവാദിച്ചു കൊണ്ടിരിക്കുകയാണ്. ഭയങ്കരി. 

‘നീ പോ ‘ , അയാൾ സ്വയം പറഞ്ഞു.

ഞാൻ എവിടുന്ന് എങ്ങോട്ട്  പോകാൻ ? നിനക്കും എനിക്കും വേർപിരിഞ്ഞൊരു നിലനിൽപ്പുണ്ടോ ? 
രണ്ട് ഹൃദയങ്ങൾ തമ്മിൽ ചുറ്റിപ്പിണഞ്ഞ് അതങ്ങനെ കിടക്കുകയല്ലേ.. 

തിരിഞ്ഞു നിന്ന് ബലിതർപ്പണം  ഒഴുക്കുമ്പോൾ അയാളുടെ കണ്ണുകൾ നനഞ്ഞു. അവൾ ഈ ലോകം വിട്ട് പോയെങ്കിലും അവൾ പറഞ്ഞതെല്ലാം ചെവിയിൽ പിന്നെയും അശരീരി പോലെ. 

നീ പോകേണ്ട , അയാൾ പറഞ്ഞു. 

ഞാൻ എങ്ങും പോകുന്നില്ല.  
നിന്റെ ശ്വാസത്തിൽ വരെ നിന്റെ വിയർപ്പു പൊടിയിൽ വരെ. നിന്റെ കണ്ണിലെ തിളക്കമായി  ഞാൻ എന്നും കൂടെ.
 
കടൽക്കര പ്രാർത്ഥന ഉരുവിട്ടുകൊണ്ടിരിക്കുന്നു. തെളിഞ്ഞ കാലാവസ്ഥ. സംതൃപ്തമായ മനസ്സുകൾ. പിതൃക്കൾക്കും  വേണ്ടപ്പെട്ടവർക്കും  ബലി ഇടുന്നവർ. മരിച്ചുപോയവരുടെ അംശം ഉള്ളിലുള്ളവർ. അവർ ബലി ഇടുന്നത് തന്റെ ഉള്ളിലുള്ള മരണമില്ലാത്ത ആ അംശത്തിന് വേണ്ടിത്തന്നെയാണ്.

 ബലി സമർപ്പിച്ച ശേഷം കരയിലേക്ക് വന്ന അനുപമയെ കൂട്ടാൻ അടുത്തേക്ക് വന്ന കൂട്ടുകാരി ‘നിനക്ക് മനസ്സ് നിറഞ്ഞോ അനുപമേ?’ എന്ന് തിരക്കി.  

അനുപമയാണെങ്കിലും ചിത്തഭ്രമം കാരണം  മരിച്ചുപോയ അവളുടെ എല്ലാമെല്ലാമായിരുന്ന ഉമേഷായി  ജീവിക്കുന്ന അനുപമ മറുപടി നൽകി,  ‘ അവൾ എന്റെ ശബ്ദവും ശരീരവുമാണ് . അത് സത്യമാണ് . എങ്കിലും ഞാൻ ഉമേഷാണ്. അനുപമ എന്റെ ആത്മാവിന്റെ സൗരഭ്യവും’. 

ആരുടെയും അനുവാദത്തിന് കാത്തുനിൽക്കാതെ  ബലി അർപ്പിക്കാനുള്ള അനുപമയുടെ മോഹം പൂവണിയിച്ചു കൂട്ടുകാരി അവളുടെ  കൈയിൽ മുറുകെ പിടിച്ചു  അവളെയും കൊണ്ട് ഭ്രാന്താശുപത്രിയിലേക്ക് തിരികെ വണ്ടി കയറി. അനുപമ ഉമേഷായി അനുപമയോട് സംസാരിച്ചുകൊണ്ടിരുന്നു അപ്പോഴും.

#SHORTSTORY_BY_CHINCHUTHOAMAS

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക