Image

കർക്കടകം 2 : രാമായണകഥയിലൂടെ; ശ്രീ രാമാവതാരം (ദുർഗ മനോജ്)

Published on 18 July, 2023
കർക്കടകം 2 : രാമായണകഥയിലൂടെ; ശ്രീ രാമാവതാരം (ദുർഗ മനോജ്)

പുത്രകാമേഷ്ടി കഴിഞ്ഞ്, ദീക്ഷയും അവസാനിച്ചപ്പോൾ ദശരഥൻ ഭാര്യമാരോടൊത്ത് നഗരത്തിൽ പ്രവേശിച്ചു. യജ്ഞത്തിനു ശേഷം ആറ് ഋതുക്കൾ കടന്നുപോയി. പന്ത്രണ്ടാം മാസമായ ചൈത്രത്തിൽ നവമി തിഥിയിൽ പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥങ്ങളായിരിക്കേ കർക്കടക ലഗ്നത്തിൽ ബൃഹസ്പതിയും ചന്ദ്രനും ഒന്നിച്ചുദിക്കേ പുണർതം നക്ഷത്രത്തിൽ കൗസല്യ രാമനു ജന്മം നൽകി. വിഷ്ണുവിൻ്റെ ചതുർഭാഗനും സർവ ഗുണസമ്പന്നനുമായ ഭരതനെ കൈകേയിയും, വിഷ്ണ്വർധാംശസംഭൂതരായ ലക്ഷ്മണനും ശത്രുഘനനും സുമിത്രയുടെ പുത്രന്മാരായി ജനിച്ചു.ഭരതൻ പൂയം നാളിലും, ലക്ഷ്മണനും ശത്രുഘനനും ആയില്യം നാളിലുമാണ് പിറന്നു വീണത്. പുത്രശോകത്താൽ ജീവിതം ഇരുട്ടിലാണ്ട അയോധ്യയിൽ പൊടുന്നനെ നാലു നക്ഷത്രങ്ങൾ ഉദിച്ചുയർന്നു. നാലു പേരിൽ രാമൻ, കാർവർണൻ, ഏവർക്കും പ്രിയങ്കരൻ. ആ മുഖദർശനംപോലും പുണ്യമെന്നു കരുതി പ്രജകൾ. രാമനു നിഴലായി സദാ ലക്ഷ്മണൻ നിലകൊണ്ടു. ഭരതനോടൊപ്പം ശത്രുഘ്നനും. തുടർന്ന് കുട്ടികളുടെ ഉപയന കാലമായി. ഉപയനവും ധനുർവിദ്യാ പഠനവും കഴിഞ്ഞ്, രാജ്യകാര്യങ്ങളിലും വേണ്ട ശിക്ഷണം നൽകിയതോടെയാണ് ബാലകന്മാരുടെ വിവാഹത്തെക്കുറിച്ചുള്ള ചിന്ത ഏവരിലും ഉണ്ടായത്. ദശരഥൻ അതേക്കുറിച്ചു ചിന്തിക്കുന്ന വേളയിലാണ് തീർത്തും അപ്രതീക്ഷിതമായി വിശ്വാമിത്ര മഹർഷി കൊട്ടാരത്തിലേക്ക് ആഗതനായത്.
രണ്ടാം ദിവസം അവസാനിക്കുന്നത് മഹർഷിയെ സ്വീകരിച്ചാനയിക്കുന്നിടത്താണ്.
എഴുത്തച്ഛന്റെ കിളിപ്പാട്ടിൽ കൗസല്യ പുത്രനു ജന്മം നൽകിയ പാടെ അവർ കാണുന്നതു വിഷ്ണുചിഹ്നങ്ങൾ എല്ലാം ധരിച്ച ആ വിശ്വരൂപത്തെയാണ്.
"സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവി ബുധേന്ദ്രന്മാരാലും
വരുമായിരിപ്പൊരു നിർമ്മലമകുടവും
സുന്ദരചികുരവുമളകസുഷമയും
കാരുണ്യാമൃതര സസമ്പൂർണ്ണനയനവു
മാരുണ്യാംബരപരിശോഭിതജഘനവും
ശംഖചക്രാബ്ജഗദാ ശോഭിത ഭുജങ്ങളും 
ശംഖസന്നിഭശുരാജിതകൗസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും...."
എന്നു പാടുമ്പോൾ കൃത്യമായിപ്പറയുകയാണ് കൗസല്യാ തനയൻ മറ്റാരുമല്ല, സക്ഷാൽ മഹാവിഷ്ണു തന്നെയെന്ന്. തുടർന്ന്, ആ പരംപൊരുളിനെക്കണ്ടു തൊഴുതു സായൂജ്യമടഞ്ഞ കൗസല്യയുടെ അപേക്ഷയെ കൈക്കൊണ്ട് മഹാപ്രഭു കൈകാലിട്ടടിക്കുന്ന ശിശു രൂപം ധരിക്കുന്നു.
എന്നാൽ ആദി കാര്യത്തിൽ ഭക്തി പ്രസ്ഥാന കാലഘട്ടത്തിലെ രാമായണ ശീലുകൾ പോലെ മഹാവിഷ്ണുവിന്റെ അവതാരമായ രാമൻ എന്ന് പലവട്ടം പറഞ്ഞുറപ്പിക്കുന്നില്ല. എന്നിരുന്നാലും ദിവ്യലക്ഷണയുക്തനും വിഷ്ണ്വർധസംഭൂതനും എന്നു പറഞ്ഞുറപ്പിക്കുന്നുമുണ്ട്.
വാല്മീകി രാമന്റെ മനുഷ്യജീവിതത്തിനു കൂടുതൽ പ്രാധാന്യം നൽകി, അയോധ്യയെന്ന രാജ്യത്തെ മുൻനിർത്തി മനുഷ്യവംശം പാലിക്കേണ്ട ധർമത്തെക്കുറിച്ചു പറയാൻ ശ്രമിച്ചപ്പോൾ, കാലം ഏറെ പിന്നിട്ട് ഭക്തി പ്രസ്ഥാനനാളുകളിൽ, നിലയില്ലാക്കയത്തിൽപ്പെട്ട മനുഷ്യർക്കു പിടിവള്ളിയായി രാമനാമത്തെ നൽകി അവരെ ദുരിത ജീവിതത്തിൽ നിന്നും കരകയറ്റാനാണ് എഴുത്തച്ഛൻ ശ്രമിച്ചത്. രണ്ടാം ദിനം പൂർത്തിയാകുമ്പോൾ ഗുരുക്കന്മാർക്കും, ഒപ്പം ആദികവിക്കും തുഞ്ചത്ത് ആചാര്യനും പ്രണാമം അർപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക