Image

അതിവേഗം ബഹുദൂരം- കപ്പയും കാന്താരിയുമായി ഉറക്കമില്ലാത്ത ജീവിതം (കുര്യൻ പാമ്പാടി)

Published on 18 July, 2023
അതിവേഗം ബഹുദൂരം- കപ്പയും കാന്താരിയുമായി ഉറക്കമില്ലാത്ത ജീവിതം  (കുര്യൻ പാമ്പാടി)

"ഹാലോ, കാണാനില്ലല്ലോ? എന്തുണ്ട് വിശേഷം?' എന്നു കണ്ടാലും നിറഞ്ഞ മനസോടെ കുശലം ചോദിക്കുന്ന ഉമ്മൻ ചാണ്ടിയാണ് എന്നും എക്കാലവും എന്റെ മനസ്സിൽ ഓടിവരിക. അഖില കേരള ബാലജനസഖ്യം പ്രസിഡന്റ് ആയിരിക്കുമ്പോൾ മലയാള മനോരമയിലേക്ക് ഓടി വരാറുള്ള ആ ചെറുപ്പക്കാരന്റെ കൂടെ അന്നും കുറേപ്പേർ ഉണ്ടാവും.

 പുതുപ്പള്ളിയുടെ കിരീടം വച്ച രാജാവ്

അന്ന് ബാലജനസഖ്യത്തിന്റെ ചുമതലക്കാരനായിരുന്ന എന്റെ സീനിയർ സഹപ്രവർത്തനായ കെവി മാമ്മൻ പ്രസിഡന്റിനെ വിളിച്ച് കൊണ്ട് മനോരമയുടെ എതിർ വശമുള്ള പടിഞ്ഞാറേക്കര  ബിൽഡിങ്ങിന്റെ രണ്ടാം നിലയിലുള്ള സഖ്യം ഓഫീസിലേക്ക് കൊണ്ടു പോകും. അതായിരുന്നു ഞങ്ങൾ സ്ഥിരം കാണാറുള്ള കാഴ്ച.  

ജനം അദ്ദേഹത്തിന്റെ ജീവാമൃതം

എവിടെയായിരുന്നാലും  എപ്പോഴാണെണെങ്കിലും ഗ്രിഗോറിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഞായറാഴ്ച ആരാധനക്കെത്തുന്നത് ഉമ്മൻ ചാണ്ടിയുടെ ജീവിതവ്രതമായിരുന്നു. തന്മൂലം  തലേദിവസം മുതൽ പുതുപ്പള്ളി-ചങ്ങനാശ്ശേരി റോഡിലെ കുടുംബവീടായ കരോട്ടു വള്ളകാലിൽ  വീടിനു പരിസരത്ത് കേരളത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തിയ ജനം തടിച്ചു കൂടാറുണ്ടായിരുന്നു.

അച്ചു ഉമ്മന്റെ കുടുംബ ചിത്രം

ഒരിക്കൽ ചങ്ങനാശ്ശേരി എസ്ബി കോളജിൽ ബിഎ എക്കണോമിക്സിന് കൂടെ പഠിച്ച  വയനാട്ടിലെ ഒരു കാപ്പി കർഷകൻ  എന്നെ വിളിച്ചു. പിറ്റേന്നു ഞായറാഴ്ച്ച  വെളുപ്പിന് എത്തും. സതീർഥ്യനെ ഒന്ന് കാണണം. ഒന്നിച്ചു നിന്നൊരു പടം എടുക്കണം. ആത്മകഥയിൽ കൊടുക്കാനാണ്, അദ്ദേഹം പറഞ്ഞു.

ജീസസ്! ഉമ്മൻചാണ്ടിയെ വീട്ടിൽ ചെന്ന് കാണുകയോ! ഇമ്പോസിബിൾ! എന്നു പറയാനാണ് ആദ്യം തോന്നിയത്.  എങ്കിലും കാര്യം നടക്കുമോ എന്നറിയാൻ രംഗനിരീക്ഷണത്തിനായി ഞാൻ ശനിയാഴ്ച വൈകുന്നേരം അവിടം വരെ പോയി.

ആരാധകരുടെ രക്താഞ്ജനം

സൂചി കുത്താൻ ഇടമില്ലാതെ പെരുവഴിയിലേക്ക്  ജനങ്ങളുടെ നീണ്ട നിര. അതിനിടയിൽ മലബാറിൽ നിന്ന്  നിന്ന് വീൽ ചെയറിൽ എത്തിയ ഒരു കാൽ ഇല്ലാത്ത ഒരു മുസ്ലിം വൃദ്ധനെ കണ്ടു. ഇടുക്കിയിലെ പൈനാവിൽ നിന്ന് ഓട്ടോ റിക്ഷയിൽ വന്നു വടികുത്തി നടക്കുന്ന ഒരു പെൺകുട്ടിയെയെയും. അച്ഛനമ്മമാരൊപ്പം ആണ് അവളുടെ വരവ്.

കരോട്ടു വള്ളകാലിലേക്ക്  എങ്ങിനെ കയറിപ്പറ്റും?   ഞാൻ അയൽ വക്കത്തെ ഗേറ്റു വഴി അതിക്രമിച്ച് കടന്നു സാഹസപ്പെട്ടു ആ വീടിന്റെ മുറ്റത്തിനരികിലെ  മതിലുചാടി. ഉമ്മൻചാണ്ടിയുടെ  അനുജൻ അലക്‌സിനെ  പല തവണ വിളിച്ചുകൊണ്ടു ഞാൻ വീടിനു ചുറ്റും മണ്ടി  നടന്നു. ഒടുവിൽ പകുതി തുറന്ന ഒരു  ജനാലക്കു പിന്നിൽ വന്നു അനിയൻ എന്ന അലക്‌സ് പറഞ്ഞു. അദ്ദേഹം രാത്രിയേ  എത്തൂ.

രാട്രീയത്തിലെ ത്രിമൂർത്തികൾ

'ഇക്കണ്ട ജനമെല്ലാം അതുവരെ ഇവിടെ നിൽക്കുമോ?' 'കൊള്ളാം എത്ര വർഷമായി ജനം ഇങ്ങിനെ തടിച്ചു കൂടുന്നു!' അലക്സ് പറഞ്ഞു.   ഞങ്ങൾ ഇവിടെ ഇങ്ങിനെ കഴിച്ചു കൂട്ടുന്നു എന്നേയുള്ളു.  എങ്കിലും അച്ചാച്ചന്റെ ജനസമ്മതിയിൽ   ഞങ്ങൾ ഏറെ അഭിമാനിക്കുന്നു,' അനിയൻ  പറഞ്ഞു, നിറഞ്ഞ മനസോടെ.

കൽപ്പറ്റയിലെ വടുവഞ്ചാലിൽ ഞാൻ വിളിച്ചു പറഞ്ഞു. കോട്ടയത്തേക്ക് പോരേണ്ട. ഉമ്മൻചാണ്ടി വയനാട്ടിൽ   വരുമ്പോൾ നോക്കാം. ഞാൻ ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരികളെ അന്വേഷിച്ചു. പുതുപ്പള്ളിക്കാരനായ ഗൺമാനെ വരെ. പാർട്ടിയുടെ കണ്ണൂർ മേധാവി സിദ്ദിഖിനോട് പറഞ്ഞു. ഒരു പ്രശ്‌നവുമില്ല.   ഒന്ന് വന്നോട്ടെ എന്ന് സദയം മറുപടി.  

 ചാൾസ് രാജാവ് കൊച്ചിയിയിൽ വന്ന കാലം

രാഹുൽ കൽപ്പറ്റയിൽ  സ്വന്തം ഓഫീസ് തുറക്കാൻ വന്നപ്പോൾ  ക്ലാസ്സ്മേറ്റ്,  ഒരു ഫോട്ടോഗ്രാഫറുമായി കൽപ്പറ്റയിൽ ഹാജരായി. അവിടെയും നേതാക്കളെ പൊതിഞ്ഞു ആൾക്കൂട്ടം.  ചടങ്ങിനിടയിൽ മിന്നായം പോലെ ഉമ്മൻചാണ്ടിയെ കിട്ടി. ക്ലാസ്സ്‌മെറ്റിനോടൊപ്പം അദ്ദേഹം ഏതാനും സെക്കൻഡ് പോസ് ചെയ്തു. പക്ഷെ പടത്തിന്റെ പ്രിന്റ് വന്നപ്പോൾ  രണ്ടുപേരുടെയും മുഖത്തിനു മുകളിൽ ഏതോ ആരാധകന്റെ കൈ വന്നു.  എത്ര ശ്രമിച്ചാലും കൈ മാറ്റി മുഖം രക്ഷിക്കാൻ പറ്റില്ല.  

1970ൽ ആദ്യമായി പുതുപ്പള്ളിയിൽ  മത്സരിച്ച ഉമ്മൻ ചാണ്ടിയെ ജനം  തുടർച്ചയയായി12 തവണ നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുത്തയച്ചു. ആകെ 53 വർഷം സാമാജികനായി,. രണ്ടു തവണ മുഖ്യമന്ത്രി, രണ്ടു തവണ പ്രതിപക്ഷ നേതാവ്.

തോൽക്കാൻ ഞങ്ങൾക്കു മനസില്ല

കപ്പ പുഴുങ്ങിയതും കാന്താരിപൊട്ടിച്ചതുമാണ് ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ട വിഭവം. ഒരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ കണ്ട ഒരു കാഴച 53 വർഷമായി മലയാള മനോരമയിൽ സേവനം ചെയ്യുന്ന അയൽക്കാരൻ പിടി ഏലിയാസ് ഓർമ്മിക്കുന്നു.

ഉമ്മൻ‌ചാണ്ടി രാവിലെ പ്രചാരണത്തിന് പുറപ്പെടുകയാണ്. കാർ റെഡി. തിങ്ങി നിറഞ്ഞു യുവ നേതാക്കൾ. ഞാൻ‌ ഇതാ വരുന്നു എന്നു വിളിച്ച് പറഞ്ഞു കൊണ്ട് അദ്ദേഹം ഷർട്ടും ബനിയനും ധരിച്ച് ഷർട്ടിന്റെ ഒരു കൈ ഇട്ടു ഓടി വരുമ്പോൾ ബാവ എന്ന മറിയാമ്മ  അത് വേണ്ട കീറിയതാണ് എന്നു പറഞ്ഞു പിറകെ ഓടുന്നു.

ബാംഗളൂരിൽ ബാവയുടെ വിങ്ങൽ

കുഞ്ഞൂഞ്ഞു ഒരു നിമിഷം നിന്ന് പുതിയ ഷർട്ട് വലിച്ച് കയറ്റി. പോകല്ലേ എന്നു പറഞ്ഞു ഭാര്യ ബാവ എന്ന മറിയാമ്മ ഒരു പിഞ്ഞാണം നിറയെ കപ്പ പുഴുങ്ങിയതും മുളക് പൊട്ടിച്ചതുമായി ഓടി വന്നു കാറിനുള്ളിൽ കയറിയ ഭർത്താവിന്റെ കയ്യിലേക്ക് നീട്ടി. കാർ വിട്ടു പോയി.

ഉമ്മൻ‌ചാണ്ടി മടങ്ങി വന്നപ്പോൾ നട്ടപ്പാതിരായായി. ബാവേ നല്ല വിശപ്പ്. രാവിലെ തന്ന കപ്പ പോലും അവന്മ്മാർ പങ്കിട്ടടിച്ചു  എനിക്ക് കാന്താരി ചമ്മന്തിയും അരക്കുപ്പി വെള്ളവും  കിട്ടി. എന്നു പറഞ്ഞു ഒരു ചിരിപാസാക്കി.  

 ഒരുമെയ്യായി ആന്റണി, വയലാർ, ഉമ്മൻ

പൊത്തംപുറം ദയറാ പള്ളിയിൽ തങ്ങളുടെ കല്യാണത്തിന് വന്നവർക്ക്‌  വെറുമൊരു നാരങ്ങാ വെള്ളം  മാത്രം കൊടുത്ത ഓർമ്മയുള്ള ബാവ പൊട്ടിച്ചിരിച്ചു പോയി. അണികളുടെ പരിഭവം  ഇങ്ങിനെയല്ലേ തീർക്കാനൊക്കൂ.

ഉമ്മൻ‌ചാണ്ടി രാവിലെ ഏഴു മണിക്ക്  പുറത്തേക്കിറങ്ങുമ്പോൾ  അടുത്ത ഏതാനും പ്രവർത്തകർ മാത്രമേ കൂട്ടിനുണ്ടാവൂ. ഉച്ചയാവുമ്പോൾ ആൾക്കൂട്ടം പത്തിരുനൂറു പേരാകും. വൈകുന്നേരമാവുമ്പോൾ മൈതാനം നിറയാൻ വേണ്ട പുരുഷാരം.

പഠിപ്പിച്ച, പഠിപ്പിക്കാത്ത  ഗുരുക്കൾ തൊമ്മി, മാമ്മൻ

ജനസമ്പർക്ക പരിപാടിയിൽ ആളൊഴിയും വരെ ഒറ്റക്കാലിൽ നിന്നുകൊണ്ടാണ് ഉമ്മൻചാണ്ടി ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. അത് കഴിഞ്ഞു പാതിരാവാകുമ്പോൾ താമസസ്ഥലത്തു വന്നു രണ്ടുമൂന്നു  മണി വരെ ഫയലുകൾ നോക്കുമായിരുന്നുവെന്നു സെക്രട്ടറി ശ്രീകുമാർ ഓർമ്മിക്കുന്നു.

'പതിന്നാലു വയസുള്ളപ്പോൾ ഉമ്മൻചാണ്ടിയുടെ പിറകെ കൂടിയതാണ് ഞങ്ങൾ.  സ്‌കൂൾ കെട്ടിടത്തിൽ ബാലജന സഖ്യം മീറ്റിംഗിൽ തുടങ്ങി. പിനീട് കെഎസ്‌യു, യൂത്തുകോൺഗ്രസ് എന്നിങ്ങനെ പടിപടിയായി. ഒരിക്കൽ കളക്ട്രേറ്പിക്കറ്റു ചെയ്യാൻ പോയി പോലീസ് പിടിച്ച്അകത്തിട്ടു, വിട്ടയച്ചപ്പോൾ ഉച്ച തിരിഞ്ഞു. വിശന്നിട്ടു വയ്യ. കയ്യിൽ കാലണയില്ല. ആരുടെയോ പോക്കറ്റിൽ നിന്നു അരരൂപ തപ്പിയെടുത്ത അദ്ദേഹം ഞങ്ങൾക്ക് ചോറ് വാങ്ങിത്തന്നു. മറ്റാരിൽ നിന്നോ പൈസ വാങ്ങി വാങ്ങി ഞങ്ങളെ പുതുപ്പള്ളിക്ക് ബസ് കയറ്റി വിടുകയും ചെയ്തു,' പുതുപ്പള്ളിയുടെ ഇതിഹാസ പുത്രൻ' എന്നപേരിൽ എഴുതിയ ഓർമ്മകുറിപ്പിൽ ഏലിയാസ് പറയുന്നു.

ബാല്യകാലസ്മരണകൾ: പിടി ഏലിയാസും കുടുംബവും 

ഏലിയാസിനു 75 വയസായി. ക്ളർക് ആയി മനോരമയിൽ പ്രവേശിച്ച അദ്ദേഹം ഇപ്പോൾ ചീഫ് എഡിറ്ററുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയാണ്. ഏലിയാസിന്റെ  പിതാവ് പറപ്പള്ളിൽ സ്കറിയ തൊമ്മി സെന്റ് ജോർജ് സ്‌കൂളിൽ ഉമ്മൻ ചാണ്ടിയെ പഠിപ്പിച്ച ആളായിരുന്നു. അദ്ദേഹത്തോടൊപ്പം പള്ളയിൽ മെഴുകുതിരി കത്തിച്ചിട്ടേ ഉമ്മൻചാണ്ടി എക്കാലവും പ്രചാരണം ആരംഭിക്കാറുള്ളു.

ഇനി അതിന്റെ ആവശ്യമില്ല. തൊമ്മി സാർ 102ആം വയസിൽ രണ്ടു വർഷം മുമ്പ് അന്തരിച്ചു.  രണ്ടു വർഷം കഴിഞ്ഞപ്പോൾ  ശിഷ്യനും.

പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയുടെ സമയവും സൗകര്യവും നോക്കിയാണത്രെ വിവാഹം,  വിരുന്ന് മാമ്മോദീസ, പിറന്നാൾ മുതലായവ നിശ്ചയിക്കുന്നത്. മരണവും അങ്ങിനെ ആയിക്കൂടായെന്നില്ല!  യമസഭാന്ഗം ആയപ്പോൾ തിരുവനന്തപുരത്തു വീട് വച്ച്‌ അതിനു പുതുപ്പള്ളി ഹൗസ് പേരിട്ട അദ്ദേഹത്തിന്  പുതുപ്പള്ളിയിലെ ജനിച്ച വീടായിരുന്നു ഊണിലും ഉറക്കത്തിലും ശരണം.

Join WhatsApp News
Reader 2023-07-18 13:15:06
Today's Congress leaders must take Oommen Chandy's life as a text book and study.
Elcy Yohannan Sankarathil 2023-07-18 17:10:48
A great leader, an impeccable politician, a loving and a sincere humanitarian, a textbook to be studied, was Mr. Oommen Chandy. He will be missed by many for some time , but the loss is only for his wife and kids. He was a close friend to many and ours as well, he released one of my poetry books in 2014 with a short notice, a great person having no pomp and pride, he was a popular KSU leader in the 1960s, I was his contemporary at that time, all the youths adored him, our beloved OC, go in peace, our prayers are with you now, at the heat of this moment a big crowd is bidding farewell to this great person, his abode will sure be in the bosom of Abraham, Issac and Jacob, go in peace our beloved great leader!! Prayers, Elcy Yohannan Sankarathil, New York.
Abdul Punnayurkulam 2023-07-18 17:15:21
Kurian sir, good to know you had a warming friendship with our leader.
George mampara 2023-07-23 13:13:30
This is George mampara from USA O chandy was a contemporary of mine at cms college. His outside the classroom life, among the student Union activists, was noticeable even rambunctious. More an organizer than a docile classroom student, the desired norm for the typical college junior students of the 60s. For the good work you did to govern the people of Kerala my thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക